Saturday, October 14, 2017

ശ്രീ ബുദ്ധന്‍ മാംസം ഭക്ഷിച്ചിരുന്നുവോ?

ഭഗവാന്‍ ശ്രീ ബുദ്ധന്‍ സസ്യഭുക്കായിരുന്നോ,അതോ മാംസഭുക്കായിരുന്നോ?വിവാദങ്ങള്‍ ഇന്നും കെട്ടടങ്ങിയിട്ടില്ല.

ശ്രീ ബുദ്ധന്‍ മാംസം ഭക്ഷിച്ചിരുന്നുവെന്ന് നിരവധി തെളിവുകള്‍ ചൂണ്ടിക്കാണിച്ച് കൊണ്ട് പല പണ്ഡിതന്മാരും വാദിക്കുന്നു.ഇല്ലെന്നു സ്ഥാപിക്കുന്നതിനും ധാരാളം തെളിവുകള്‍ ഉണ്ട്.ബുദ്ധന്‍ പരിനിര്‍വാണ ദിവസം ഭക്ഷിച്ച പദാര്‍ത്ഥം സുകരമദ്ദവം ആയിരുന്നു.ബുദ്ധഘോഷാചാര്യന്‍ പറയുന്ന വ്യാഖ്യാനം:-

 ''സുകരമദ്ദവം തി നാതി തരുണസ്സ,നാതി ജിണ്ണസ്സ ഏക ജേട്ടകസുകരസ്സ പവക്തമംസം.തം കിര മൃദും ചേവ സിനിദ്ധം ച ഹോതി.തം പടിയാദാ പേത്വാ സാധുകം പചാപേത്വാ തി അത്ഥോ.ഏകേ ഭരന്തി,സുകരമദ്ദവം തി പന മൃദു ഓദനസ്സ പഞ്ചഗോരസയൂസപാചനവിധാനസ്സ നാമമേതം,യഥാ ഗവപാനം നാമ പാക നാമം തി.കേചി ഭണന്തി,സുകരമദ്ദവം നാമ രസായനവിധി,തം പന രസായനത്ഥേ ആഗച്ഛതി,തം ചുന്ദേന ഭവതോ മം പരിനിബ്ബാനം ന ഭവേയ്യോ,തി രസായനം പടിയത്തം തി.''

സുകരമദ്ദവം എന്നത് വളരെ ചെറുപ്പമോ വളരെ പ്രായം ചെന്നതോ അല്ലാത്ത മാംസളമായ മധ്യപ്രായത്തിലുള്ള സുകരത്തെ പാകം ചെയ്ത മാംസമാണ്.അത് മൃദുവും സ്‌നിഗ്ധവുമാണ്.അത് പാകപ്പെടുത്തുകയെന്നാല്‍ ഉത്തമമായ രീതിയില്‍ സേവിക്കുക എന്നര്‍ത്ഥമാക്കണം.

ചിലര്‍ പറയുന്നത് പഞ്ചഗോരസങ്ങള്‍ ചേര്‍ത്തു പാകം ചെയ്യുന്ന മൃദുവായ അന്നത്തിന്റെ പേരാണ് എന്നാകുന്നു.ഉദാഹരണമായി ഗവപാനം എന്നത് ഒരു വിശിഷ്ടമായ ഭക്ഷണ വിശേഷണമാണല്ലോ?ചിലര്‍ പറയുന്നു സുകരമദ്ദവം എന്നത് ഒരു രസായനമാണെന്നാകുന്നു.രസായനം എന്ന അര്‍ത്ഥത്തില്‍ ആ ശബ്ദം പ്രയോഗിക്കാറുണ്ട്.ഭഗവാന്‍ പരിനിര്‍വാണം പ്രാപിക്കരുത് എന്നു കരുതി ചുന്ദന്‍ ഈ രസായനം ഭഗവാന് കൊടുത്തതാണ്.

ഈ വ്യാഖ്യാനത്തില്‍ സുകരമദ്ദവ ശബ്ദത്തിന് മുഖ്യാര്‍ത്ഥമായി സുകരമാംസം എന്നു പറഞ്ഞിരിക്കുന്നു.എങ്കിലും ഈ അര്‍ത്ഥം ശരിയാണെന്ന് ബുദ്ധഘോഷാചാര്യന്‍ സമ്മതിക്കുന്നില്ല.ഉദാന അട്ട കഥയില്‍ ഇപ്രകാരം പറയുന്നു:-

"കേചി പന സുകരമദ്ദവം തി ന സുകരമംസം,സുകരേ ഹി മദ്ദിത വംസകളീരോ തി വദന്തി.അജത്‌ധേ സുകരേ ഹി മദ്ദിതപദേസേ ജാതം അഹിച്ഛത്തകം തി"

ചിലര്‍ പറയുന്നത് സുകരമദ്ദവം എന്നത് സുകരത്തിന്റെ മാംസമല്ല;സുകരങ്ങള്‍ മര്‍ദ്ദിച്ച മുളക്കഷണങ്ങളാണെന്നാണ്.മറ്റു ചിലരാകട്ടെ സുകരം മര്‍ദ്ദിച്ച പ്രദേശത്തില്‍ മുളക്കുന്ന കൂണ്‍ ആണ് സുകരമദ്ദവം എന്ന് പറയുന്നത്.

ഇങ്ങനെ സുകരമദ്ദവ ശബ്ദത്തിന്റെ അര്‍ത്ഥത്തെ സംബന്ധിച്ച അനേകം അഭിപ്രായ വ്യത്യാസം കാണുന്നുണ്ട്.എന്നാല്‍ ശ്രീ ബുദ്ധന്റെ ദിനചര്യകള്‍ സൂക്ഷ്മമായി പരിശോധിക്കുമ്പോഴും അദ്ദേഹത്തിന്റെ തത്വങ്ങള്‍ വ്യാഖ്യാനിക്കുമ്പോഴും അദ്ദേഹം മാംസം ഭക്ഷിച്ചിരുന്നുവെന്ന് സ്ഥാപിക്കുവാന്‍ നിര്‍വാഹമില്ല.

ശ്രീ ബുദ്ധന്റെ ദേഹവിയോഗവും സുകരമദ്ദവവും

ശ്രീ ബുദ്ധന്റെ വാര്‍ധക്യകാലത്ത്,ഒരു ദിവസം ഉത്തരേന്ത്യയിലെ ഒരു ഗ്രാമത്തില്‍ തന്റെ പൂര്‍വസുഹൃത്തായ ഒരു ശില്‍പ്പിയുടെ ഭവനത്തില്‍ അതിഥിയായി ചെന്നു.ശില്‍പ്പി വളരെ സന്തോഷപൂര്‍വം ബുദ്ധനും ശിഷ്യന്മാര്‍ക്കും നല്ലൊരു വിരുന്നു തയ്യാറാക്കി.വിരുന്നു നടന്നുകൊണ്ടിരുന്നപ്പോള്‍ ശില്‍പ്പി 'സുകരമാധവം'എന്ന മുഖവുരയോടുകൂടി ആദരപൂര്‍വം ഒരു വിഭവം വിരുന്നില്‍ വിളമ്പി.ശ്രീ ബുദ്ധനും അത് നല്‍കി.അത് മധുരക്കിഴങ്ങുകൊണ്ടുള്ള ഒരു വിശിഷ്ട ഭോജ്യമായിരുന്നു.മധുരക്കിഴങ്ങിന് അവിടെ സുകര്‍ കന്ദ് എന്നാണ് പേര്.സുകരം എന്ന വാക്കിന്റെ അര്‍ത്ഥം പന്നി എന്നാണല്ലോ.നല്ല മുഴുപ്പുള്ള ഒരു മധുരക്കിഴങ്ങിന്റെ ആകൃതി ഏതാണ്ട് പന്നിയെ പോലെ തോന്നിക്കും.അതിനാലാവാം അതിന് സുകര്‍ കന്ദ് എന്ന് പേര് സിദ്ധിച്ചത്.

മധുരക്കിഴങ്ങ് നല്ലവണ്ണം പാകം ചെയ്ത് നല്ല കുഴമ്പ് പാകത്തില്‍ തയ്യാറാക്കിയ ഭോജ്യമായതിനാലാണ് ശില്‍പ്പി അതിനെ "സുകര മാധവം" എന്ന് വിശേഷിപ്പിച്ചത്.വളരെ രുചികരമായ ഈ ഭോജ്യം ശ്രീ ബുദ്ധന് വളരെ ഇഷ്ടമായി തോന്നിയതിനാല്‍ അല്‍പ്പം കൂടുതല്‍ കഴിച്ചു.തളര്‍ച്ച ഉണ്ടാക്കുന്നതും അധികമായാല്‍ ജീര്‍ണത ഉണ്ടാകാന്‍ ഇടയുള്ളതുമാണ് ഈ ഭോജ്യ വസ്തു.പ്രായാധിക്യമേറിയ ശ്രീ ബുദ്ധന് ഇത് രോഗകാരണമായി ഭവിച്ചു.അവസാനം അത് അദ്ദേഹത്തിന്റെ ദേഹവിയോഗത്തിന് ഇടയാക്കുകയും ചെയ്തു.

സുകരമാധവം എന്ന ഈ ഭോജ്യവസ്തുവാണ് പല പാശ്ചാത്യ ഗ്രന്ഥകാരന്മാരേയും തെറ്റിധരിപ്പിച്ചത്.ജീവിതകാലം മുഴുവന്‍ അഹിംസ ഉപദേശിക്കുകയും മാംസാഹാരം വര്‍ജിക്കുകയും ചെയ്തിരുന്ന ശ്രീ ബുദ്ധന്‍ അവസാനം പന്നിമാംസം ഭക്ഷിച്ചു കാലധര്‍മ്മം പ്രാപിക്കാന്‍ ഇടയായി എന്ന അപവാദത്തിന് അത് ഇടയാക്കുകയും ചെയ്തു.

വി.എന്‍.എസ്.കടുത്തുരുത്തി.



No comments:

Post a Comment