Sunday, October 15, 2017

മാംസാഹാരം : ചില തെറ്റിദ്ധാരണകൾ

മത്സ്യമാംസാദികൾ മനുഷ്യർ കഴിക്കുന്നത് ചില തെറ്റിദ്ധാരണകൾക്ക് അടിമപ്പെട്ടുകഴിഞ്ഞാലാണ്. (1) ഇവ രുചികരമാണ്. (2) ഇവ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. പ്രത്യേകിച്ചും ആധുനികശാസ്ത്രം നിഷ്കർഷിക്കുന്നതുപോലെ ഒന്നാംതരം മാംസ്യം ലഭിക്കാൻ ഈ വസ്തുക്കൾ കഴിക്കണം. (3) ശീലമായിക്കഴിഞ്ഞതിനാലുള്ള സാമൂഹിക സമ്മർദ്ദം. ശരിയായ വികസനത്തിലൂടെ മേൽപറഞ്ഞതെല്ലാം വാസ്തവവിരുദ്ധങ്ങളും, മറികടക്കാനാവുന്നതും ആണെന്നു കാണാം. 

             മത്സ്യ മാംസാദികൾ ഏറെ സ്വാദിഷ്‌ഠവും വൈവിധ്യമാർന്നതുമാണ് എന്ന ചിന്ത പലരിലും കാണുന്നുണ്ട്. എന്നാൽ മനുഷ്യഭക്ഷണം വിശകലനം ചെയ്തപ്പോൾ നാം കണ്ടു നമ്മുടെ ഇന്ദ്രിയങ്ങൾക്ക് ഇവ ഹിതകരമല്ല എന്നത്. മാത്രമല്ല, നാം പരിചയിച്ചിട്ടുള്ള ഏത് പഴവും, പച്ചക്കറിയും പച്ചയ്ക്ക് കഴിക്കുമ്പോൾ സ്വാദുകൊണ്ട് തിരിച്ചറിയുവാനുള്ള കഴിവ് നമുക്കുണ്ട്. ഒരു കഷ്ണം പാളയംകോടൻ പഴം കഴിച്ചാൽ, ആ കഴിച്ച പഴത്തിന്റെ സ്വാദുകൊണ്ട്, അത് നാടനാണോ, പുറം സംസ്ഥാനങ്ങളിൽ നിന്ന് വന്നതാണോ എന്ന് തിരിച്ചറിയാൻ കഴിയും. പച്ചക്കറികളും ഇതേ രീതിയിൽ തിരിച്ചറിയാൻ സാധിക്കും. ഇങ്ങനെ തിരിച്ചറിയാൻ സഹായിക്കുന്ന സൂക്ഷ്മഘടകമാണ് ഇവയിലെ സ്വാദ്. എന്നാൽ, മത്സ്യമാംസാദികൾ ഈ രീതിയിൽ തിരിച്ചറിയാൻ നമുക്ക് സാധിക്കില്ല . കാരണം, സ്വാദ് തിരിച്ചറിയാനായി ഇവ പച്ചയ്ക്ക് കഴിക്കാൻ പറ്റില്ല എന്നതുതന്നെ . പ്രധാനപോരായ്മ ആണിത്. മത്സ്യമാംസാദികൾ സ്വാദില്ല എന്നല്ല ; മനുഷ്യന് ഇഷ്ടപ്പെടുകയും ചെയ്യാൻ പറ്റുന്ന സ്വാദ് ഇവയ്ക്കില്ല എന്ന് കരുതേണ്ടിയിരിക്കുന്നു. മത്സ്യമാംസാദികൾ പാകം ചെയ്യുമ്പോൾ ചേർക്കുന്ന മസാലക്കൂട്ടുകളുടെ (സുഗന്ധദ്രവ്യങ്ങളുടെയും, പുളിയുടെയും എരിവിന്റെയും, മസാലകളുടെയും, കൃത്രിമ രുചിവസ്തുക്കളുടെയും ) പ്രഭാവത്താൽ വ്യത്യസ്ത സ്വാദുകൾ  അനുഭവപ്പെടുന്നു എന്നു മാത്രം. ഇറച്ചിയും, മുട്ടയും, മീനും പാകം ചെയ്തത് കഴിക്കുമ്പോൾ നാം ആസ്വദിക്കുന്നത് കേവലം മസാലക്കൂട്ടുകളുടെ സ്വാദ് മാത്രമാണ്. ഈ മസാലക്കൂട്ടുകളിൽ കിഴങ്ങ്, കോളിഫ്ലവർ, കാരറ്റ്, ബീറ്റ്‌റൂട്ട് പോലെ ധൃഢതയുള്ള പച്ചക്കറികൾ ചേർത്താലും ഇതേ സ്വാദ് ആസ്വദിക്കാൻ സാധിക്കും. ഈ പച്ചക്കറികൾക്ക് നൈസർഗികമായ, മനുഷ്യൻ ഇഷ്ടപ്പെടുന്ന, സ്വാദുള്ളതുകൊണ്ട്  കൂടുതൽ രുചികരമാകുന്നു  എന്നു കൂടിയുണ്ട്. അതുകൊണ്ട് മത്സ്യമാംസാദികൾ ഏറെ സ്വാദിഷ്‌ടമാണ് എന്നത് തെറ്റിദ്ധാരണയാണെന്ന് കരുതേണ്ടിയിരിക്കുന്നു. 

                                    മത്സ്യമാംസാദികൾ ആരോഗ്യത്തിന് വളരെ നല്ലതാണ് എന്ന ചിന്തയാണ് ഇന്ന് സമൂഹത്തിൽ പ്രബലമായിട്ടുള്ളത്.    ആരോഗ്യസംരക്ഷണത്തിന് ഇത് അത്യന്താപേക്ഷിതമാണെന്ന് കരുതുന്നവരും ധാരാളം. മത്സ്യ മാംസാദികൾ കഴിക്കുന്നത് അനാരോഗ്യകരമാണെന്ന് അഭിപ്രായപ്പെടുന്ന ആധുനിക ചികിത്സാവിദഗ്ദർ പോലും അവശനിലയിലായ രോഗികൾക്ക് ശാരീരികാരോഗ്യം തിരികെ ലഭിക്കാന്‍ ഇതേ ഭക്ഷണം നിർദ്ദേശിക്കുന്നത് കാണാം. പോഷണ ശാസ്ത്രവിദഗ്ധർ രോഗികൾക്കും, ആരോഗ്യമുള്ളവർക്കും എല്ലാം നിർദേശിക്കുന്ന ഭക്ഷണക്രമത്തിൽ ചെറിയ അളവിൽ എങ്കിലും മത്സ്യ മാംസാദികൾ ഉൾപ്പെടുത്താറുണ്ട്. ഇവ സ്ഥിരമായി കഴിക്കുന്നവർ കൂടുതൽ കായികശേഷി ഉള്ളവരും, ധൈര്യശാലികളും ആയിതീരും എന്ന രീതിയിൽ ചിന്തിക്കുന്നവരും ധാരാളം. കഠിനമായ ശാരീരികവൃത്തികളിൽ ഏർപ്പെടുന്നവർ മത്സ്യ മാംസാദികൾ കഴിച്ചു ശരീരം കാത്തുസൂക്ഷിക്കണം എന്ന് അഭിപ്രായപ്പെടുന്നവരെയും കാണാം. 

                 ആധുനിക പോഷണശാസ്ത്രം ഭക്ഷണത്തിൽനിന്നും ലഭിക്കുന്ന പോഷകങ്ങളെ അന്നജം, മാംസ്യം, കൊഴുപ്പ്, ധാതുലവണങ്ങൾ, വിറ്റാമിൻ എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു. ഇതിന്റെ വിശദാംശങ്ങൾ നാം മുൻപൊരു ലക്കത്തില്‍ കണ്ടതാണ്. ഇതിൽ അന്നജം എന്നത് മാംസാഹാരത്തിൽ തീരെയില്ല. വിറ്റാമിൻ വളരെ ചെറിയ അളവിൽ ചുരുക്കം ചിലയിനം മാംസ്യഭക്ഷണത്തിൽ കാണാം. കോഴിമുട്ട, താറാവുമുട്ട, മാട്ടിറച്ചി എന്നിവയിൽ വിറ്റാമിൻ എ ഉള്ളതായി പറയുന്നു. മുട്ടയുടെ മഞ്ഞക്കരു, മീനെണ്ണ, കരൾ എന്നിവയിൽ വിറ്റാമിൻ ഡിയും, കെയും അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ ബി 1, ബി 12, ബിനിയാസിൻ എന്നിവയും പോർക്ക്‌, കരൾ, പക്ഷിമാംസം, കടൽ വിഭവങ്ങൾ, മുട്ട എന്നിവയിൽ നിന്ന് ലഭ്യമാണ്. പക്ഷെ, ഇലകൾ (വിവിധയിനം ചീരകൾ, കുടുവൻ, മല്ലി, കറിവേപ്പില, പുതിന, കോവലില, മുരിങ്ങയില ) മഞ്ഞകലർന്ന നിറമുള്ള പച്ചക്കറികൾ, (കാരറ്റ് etc. )  മുതലായവ വിറ്റാമിൻ എ യുടെ കൂടുതൽ മെച്ചപ്പെട്ട സ്രോതസ്സുകളാണ്. പഴങ്ങൾ, പച്ചക്കറികൾ, പയറുവർഗങ്ങൾ, അണ്ടിവർഗങ്ങൾ, നെല്ലിക്ക, ഇലകൾ, തവിടുകളയാത്ത ധാന്യങ്ങൾ എന്നിവയിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ സമ്പത്തുകൾ മൽസ്യമാംസാദികളിൽ നിന്നും ലഭിക്കുന്നവയെക്കാൾ ഏറെ മെച്ചവും, വൈവിധ്യവും ഉള്ളവയാണ്. മാത്രമല്ല, മൽസ്യമാംസാദികളിൽ നിന്നും ലഭ്യമല്ലാത്ത പല വിറ്റാമിനുകളും ഉണ്ട്. പക്ഷെ, സസ്യാഹാരത്തിൽ നിന്നും എല്ലാ വിറ്റാമിനുകളും ലഭ്യമാണ്. ആയതിനാൽ, വിറ്റാമിനുകൾക്കായി മൽസ്യമാംസാദികളെ ആശ്രയിക്കുന്നതിൽ അർത്ഥമില്ല. 

               കാൽസ്യം, ഫോസ്ഫറസ് തുടങ്ങിയവയാണ് മാംസഭക്ഷണങ്ങളിൽ സമൃദ്ധമായി കാണപ്പെടുന്ന ധാധുലവണങ്ങൾ . അതേസമയം മഗ്നീഷ്യം, പൊട്ടാസ്യം, മാഗനീസ്‌, ക്രോമിയം തുടങ്ങിയ ധാതുലവണങ്ങൾ മാംസഭക്ഷണത്തിൽ തീരെയില്ല. ഭക്ഷ്യയോഗ്യമായ ഇലകളും, പച്ചനിറമുള്ള പച്ചക്കറികളും കാൽസ്യത്തിന്റെ വളരെ നല്ല സ്രോതസ്സുകളാണ്. തവിടു കളയാത്ത ധാന്യങ്ങൾ, അണ്ടിവർഗങ്ങൾ, മുളപ്പിച്ചപയറുവർഗങ്ങൾ എന്നിവയിൽനിന്നും ഫോസ്ഫറസ് സമൃദ്ധമായി ലഭിക്കും. സസ്യാഹാരങ്ങളിൽ എല്ലാ ധാതുലവണങ്ങളും അടങ്ങിയിരിക്കുന്നു എന്ന സത്യം കൂടി പരിഗണിക്കുമ്പോൾ, ധാതുലവണങ്ങൾക്കായി മത്സ്യമാംസാദികൾ കഴിക്കണം എന്നു വാദിക്കുന്നതിലും സാംഗത്യമില്ലാതായിത്തീരുന്നു. 

      മാംസ്യവും കൊഴുപ്പും ആണ് പിന്നെ അവശേഷിക്കുന്ന പോഷകവസ്തുക്കൾ. ഇവ മാംസഭക്ഷണത്തിൽ ധാരാളമായി അടങ്ങിയിരിക്കുന്നതായി പോഷകശാസ്ത്രം പറയുന്നു. ഈ രണ്ടു പോഷകങ്ങളും ആരോഗ്യസംരക്ഷണത്തിന് ആവശ്യമാണ്, കായികശേഷിക്കും, കഠിനാധ്വാനത്തിനും വേണ്ടാതായി പറയപ്പെടുന്ന ഊർജത്തിനും അത്യന്താപേക്ഷിതമാണെന്നതിൽ സംശയമില്ല. പക്ഷെ അതിനായി മാംസഭക്ഷണത്തെ തന്നെ ആശ്രയിക്കുന്നതിനെന്ത് ന്യായീകരണം ? അരി, ഗോതമ്പ്, ഉരുളക്കിഴങ്ങ് മുതലായവയിൽ പ്രോട്ടീൻ ഉണ്ട്. കടല, നിലക്കടല, ഗ്രീൻപീസ്, ചെറുപയർ, വൻപയർ, മുതിര എന്നിവയിൽ മാംസത്തിലടങ്ങിയിരിക്കുന്ന അതേ അളവിൽ തന്നെ പ്രോട്ടീൻ ഉണ്ട്. ഇനം തിരിച്ചു പറയുമ്പോൾ ഏറ്റക്കുറച്ചിൽ ഉണ്ടാകാം എന്നു മാത്രം. തന്നെയുമല്ല, മേല്പറഞ്ഞ ധാന്യങ്ങൾ മുളപ്പിക്കുന്നതോടെ അവയുടെ പ്രോട്ടീൻ സമ്പത്ത് പല മടങ്ങ് വർധിക്കുകയും ചെയ്യുന്നു. അപ്പോൾ മാംസഭക്ഷണം കഴിച്ചാലേ പ്രോട്ടീൻ ലഭ്യമാകൂ എന്നത് കേവലം മിഥ്യാധാരണയല്ലേ ? ജീവനും, പുതുമയും, പൂർണ്ണതയും ഉള്ള മുളപ്പിച്ച ധാന്യങ്ങൾ മാംസഭക്ഷണത്തേക്കാൾ എന്തുകൊണ്ടും മേന്മയേറിയതാണ്. കൊഴുപ്പുകൾക്കായി തേങ്ങ, ബാദം, അണ്ടിപ്പരിപ്പ് തുടങ്ങിയ അണ്ടിവർഗങ്ങളെ ആശ്രയിക്കാവുന്നതാണ്. 

            പോഷകവിഷയത്തിൽ മാംസഭക്ഷണം അമ്പേ പരാജയപ്പെടുന്ന മറ്റൊരു മേഘലയുണ്ട്. ഇവയിൽ ദഹനത്തിന് സഹായകമായ ഫൈബർ (നാരുകൾ ) തീരെയില്ല എന്നതാണ്. അന്നജവും തീരെയില്ല എന്നു നാം കണ്ടു. വിറ്റാമിനുകൾ, ധാതുലവണങ്ങൾ, കൊഴുപ്പ്, പ്രോട്ടീൻ എന്നിവ ലഭ്യമാകാൻ ഫലപ്രദവും, ഏറെ മെച്ചപ്പെട്ടതുമായ ബദൽ ഭക്ഷണങ്ങൾ സസ്യാഹാരത്തിലുണ്ട് താനും. അങ്ങനെ എല്ലാ വിഷയങ്ങളും പരിഗണിക്കുമ്പോൾ ആരോഗ്യം തിരികെ ലഭിക്കാനും, നിലനിർത്താനും, കഠിനാധ്വാനത്തിന് ശരീരത്തെ പാകമാക്കാനും എല്ലാം മാംസഭക്ഷണം അത്യന്താപേക്ഷിതമാണെന്ന വാദം അടിസ്ഥാനരഹിതമാവുന്നു. ഇവ രുചികരവുമല്ല, ആരോഗ്യത്തിന് അത്യന്താപേക്ഷിതവുമല്ല എന്നതാണ് വസ്തുത. മാത്രമല്ല, ആധുനിക പോഷണശാസ്ത്രത്തിന്റെ വക്താക്കൾ തന്നെ, ആഹാരം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ സസ്യഭുക്കുകളെ അപേക്ഷിച്ച് മാംസഭുക്കുകളിലാണ് കൂടുതൽ കണ്ടുവരുന്നത്‌ എന്ന് നിസ്സംശയം പറയുന്നു. 

      സാമൂഹികസമ്മർദ്ദങ്ങളാണ് മാംസഭക്ഷണം സ്വീകരിക്കാൻ നിർബന്ധിതമാക്കുന്ന മറ്റൊരു പ്രധാന ഘടകം. വിശേഷ -ആഘോഷ അവസരങ്ങളിൽ നഷ്ടപ്പെടുന്ന ഭക്ഷണം ഏറ്റവും മെച്ചപ്പെട്ട ഭക്ഷണമാകണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നു. എങ്ങനെയെന്നറിയില്ല, മൽസ്യമാംസാദികളുടെ സ്ഥാനം ഏറ്റവും മെച്ചപ്പെട്ട ഭക്ഷണമാണ് എന്നതാണ് ഭൂരിഭാഗംപേരും കരുതുന്നത്. മാംസാഹാരം നിത്യശീലമായ സമൂഹങ്ങൾക്കിടയിൽ അതുകൊണ്ടുതന്നെ മാംസഭക്ഷണം സത്കാരങ്ങളുടെ 'അഭിമാന ' പ്രശ്നവുമാണ്. ഇങ്ങനെയുള്ള ഭക്ഷണങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുന്നത് പലപ്പോഴും പലർക്കും ബുദ്ധിമുട്ടായിരിക്കും. മാംസഭക്ഷണങ്ങളുടെ യാഥാർഥ്യം സ്വയം മനസിലാക്കുക, ഉൾക്കൊള്ളുക. അവയിൽ നിന്ന് അകന്ന് നിൽക്കുക എന്നുമാത്രമേ പോംവഴിയുള്ളു.
-എൻ.വെങ്കിടകൃഷ്ണൻ പോറ്റി

No comments:

Post a Comment