Wednesday, May 31, 2017

വേദങ്ങളിലെ അഹിംസയും ഗോമാംസപ്രിയനായ ഇന്ദ്രനും

ബൃഹദാരണ്യകോപനിഷത്തില്‍ ഗോമാംസഭക്ഷണം കഴിക്കാനുള്ള നിര്‍ദ്ദേശമുണ്ട് എന്ന ആരോപണത്തിനു പിന്നിലെ യാഥാര്‍ഥ്യത്തെ കഴിഞ്ഞ ആഴ്ച സംസ്‌കൃതിയില്‍ തുറന്നുകാട്ടിയതാണ്. എന്നാല്‍ വേദങ്ങളിലും ഇതേപോലെ ഗോമാംസം കഴിക്കാനുള്ള നിര്‍ദ്ദേശങ്ങളുണ്ട് എന്ന് പലരും അവകാശപ്പെട്ടുകാണാറുണ്ട്. സനാതന ധര്‍മ്മത്തിന്റെ പരമപ്രമാണങ്ങളാണ് വേദങ്ങള്‍. അതുകൊണ്ടുതന്നെ വേദങ്ങളുടെ നേര്‍ക്കുള്ള ഇത്തരം ആരോപണങ്ങളിലെ യാഥാര്‍ഥ്യം തുറന്നുകാട്ടേണ്ടത് അത്യന്തം ആവശ്യമാണ്.

പല ആര്‍ഷഗ്രന്ഥങ്ങളിലും പില്‍കാലത്ത് സ്വാര്‍ഥതാല്പര്യക്കാര്‍ പല തരത്തിലുള്ള കൂട്ടിച്ചേര്‍പ്പുകളും നടത്തിയിട്ടുണ്ട്. എന്നാല്‍ ചതുര്‍വേദങ്ങളില്‍മാത്രം അവ സംരക്ഷിക്കാനുള്ള സങ്കീര്‍ണങ്ങളായ പദ്ധതികള്‍ കാരണം ഇത്തരത്തിലുള്ള കൂട്ടിച്ചേര്‍പ്പുകള്‍ (പ്രക്ഷിപ്തങ്ങള്‍) നടത്തുക എന്നും അസാധ്യമായിരുന്നു. അതുകൊണ്ടുകൂടിയാണ് ധര്‍മ്മമെന്തെന്ന് നിര്‍ണയിക്കുന്നതിന് വേദങ്ങളെ ആശ്രയിക്കാന്‍ ഋഷിമാരെല്ലാവരും ഐകകണ്‌ഠ്യേന അഭിപ്രായപ്പെടുന്നത്.

അഹിംസാ സിദ്ധാന്തം ആദ്യമായി പ്രതിപാദിക്കപ്പെടുന്നത് വേദങ്ങളിലാണ്. ‘സകല ജന്തുജാലങ്ങളെയും സുഹൃത്തിന്റെ കണ്ണുകള്‍കൊണ്ട് കാണാന്‍ കഴിയട്ടെ.’ (യജുര്‍വേദം 36.18) ‘ഇരുകാലികളെയോ നാല്‍കാലികളെയോ ഒന്നിനെയും ഹിംസിക്കരുത്’ (അഥര്‍വവേദം 11.2.1) എന്നിങ്ങനെയെല്ലാം വേദങ്ങളില്‍ കാണാം. അതില്‍തന്നെ പശുവിന് വിശിഷ്ടമായ പ്രാധാന്യം വേദങ്ങള്‍ കല്പിച്ചുനല്‍കുന്നു. കാണുക:
‘വിശുദ്ധയും ഒരിക്കലും അറുക്കപ്പെടരുതാത്തതുമായ പശുവിനെ വധിക്കരുത്’. (മാ വധിഷ്ട അനാഗാം അദിതിം ഗാം – ഋഗ്വേദം 8.101.15), ‘പശുവിനെ ഹിംസിക്കരുത്’. (ഗാ മാ ഹിംസി- യജുര്‍വേദം 13.43) ‘ഉത്തമരായ സന്താനങ്ങള്‍ക്ക് മാതാവായ അല്ലയോ ഗോക്കളേ, പ്രസന്നതയോടെ പച്ചപ്പുല്ലു ഭക്ഷിക്കുകയും ശുദ്ധജലം കുടിക്കുകയും ചെയ്തു ജീവിക്കുന്ന നിങ്ങളെ കള്ളന്മാരോ പാപികളായ ജനങ്ങളോ ഭരിക്കാതിരിക്കട്ടെ. ക്രൂരനായ കശാപ്പുകാര്‍ നിങ്ങളുടെ കഴുത്തില്‍ കത്തിവെക്കാതിരിക്കട്ടെ.’ (അഥര്‍വവേദം 4.21.7)

ഇങ്ങനെ വേദം വിശുദ്ധയായ പശുവിന്റെ രക്ഷയ്ക്കായി പറയുന്നു. ഗോഹത്യയെ ഭയങ്കരമായ പാപമായാണ് വേദം കാണക്കാക്കുന്നത്. (അനാഗോഹത്യാ വൈ ഭീമാകൃത്യേ- അഥര്‍വവേദം 10.1.29). അത്തരം ഗോഹിംസകര്‍ക്ക് കഠിനമായ ശിക്ഷ നല്‍കാനുള്ള ആഹ്വാനം ഋഗ്വേദത്തില്‍ കാണാം (ഋഗ്വേദം 10.87.16). ‘അഘ്‌ന്യാ’ എന്നത് വേദങ്ങളില്‍ പശുവിന്റെ പര്യായമാണ് (അഘ്‌ന്യാ ഇതി ഗോനാമ -നിരുക്തം 11.4.45). ഹനിക്കപ്പെടരുതാത്തത് എന്നാണ് ഈ വാക്കിനര്‍ഥം. ഹനിക്കപ്പെടരുതാത്തതെന്ന് വേദം വിളിക്കുന്ന ഗോമാതാവിനെ ഹനിക്കാന്‍ ആര്‍ക്കാണ് അധികാരമെന്ന് മഹാഭാരതം ശാന്തിപര്‍വത്തില്‍ ചോദിക്കാന്‍ കാരണമിതാണ്. (മ.ഭാ.ശാ. 265.47).

എന്നാല്‍, ഇത്തരം പ്രത്യക്ഷമായ ഉദാഹരണങ്ങള്‍ കണ്ടില്ലെന്നു നടിച്ചുകൊണ്ടാണ് വേദങ്ങള്‍ ഗോഹത്യയെ അനുകൂലിച്ചിരുന്നുവെന്നും മറ്റും പലരും വ്യാഖ്യാനിച്ചുണ്ടാക്കുന്നത്. അവരുടെ വാദങ്ങള്‍ പരിഗണനയ്‌ക്കെടുക്കണമെങ്കില്‍ത്തന്നെ അപ്പോള്‍ വേദങ്ങളില്‍ വിരുദ്ധപ്രസ്താവനകള്‍ അതായത് ഗോഹിംസാവിധിയും ഗോഹിംസാനിഷേധവും ഉണ്ടെന്ന്് സ്വീകരിക്കേണ്ടിവരുന്നു. ഇതൊരിക്കലും സ്വീകാര്യമല്ല കാരണം വേദങ്ങള്‍ പരമപ്രമാണമായെടുക്കുന്ന ഒരു ഋഷിയും ഇന്നേവരെ, ഉപനിഷത്തുക്കളിലോ, ബ്രാഹ്മണങ്ങളിലോ, ദര്‍ശനങ്ങളിലോ വേദാംഗങ്ങളിലോ ഇതിഹാസങ്ങളിലോ തുടങ്ങി ഒരു ഗ്രന്ഥത്തിലും വേദങ്ങളില്‍ വൈരുദ്ധ്യമുണ്ടെന്ന് പറഞ്ഞതായി കാണുന്നില്ല. എങ്കില്‍പിന്നെ ഗോഹിംസാവാദികളുടെ വ്യാഖ്യാനങ്ങളിലെ അടിസ്ഥാനമായ പിഴവ് എന്താണെന്ന് ചിന്തിക്കേണ്ടതാണ്.
വേദങ്ങളിലെ ശബ്ദങ്ങള്‍ ധാതുജന്യങ്ങളാണ്. ഒരു ധാതുവിനുതന്നെ അനേകാര്‍ഥങ്ങള്‍ ഉണ്ടാകും. സന്ദര്‍ഭോചിതമായും പരസ്പരവിരോധം വരാത്ത രീതിയിലും വേദാംഗങ്ങള്‍ക്കനുസൃതമായും വേണം യഥാര്‍ഥ ശബ്ദാര്‍ഥത്തെ നിര്‍ണയിക്കാന്‍. ഉദാഹരണമായി വൈദികദേവതയായ ഇന്ദ്രന്‍ ഒരു ഗോമാംസപ്രിയനാണെന്നുള്ള വാദം ഈയിടെയായി സോഷ്യല്‍ മീഡിയയിലുംമറ്റും നിറഞ്ഞാടിയ ഒന്നാണ്. ഇന്ദ്രന്റെ ഇഷ്ടഭോജ്യം ബീഫാണെന്നാണ് ബുദ്ധിജീവികളുടെ പ്രധാന കണ്ടെത്തല്‍. ഇതിന്റെ യാഥാര്‍ഥ്യം എന്തെന്നു പരിശോധിക്കാം.

സംസ്‌കൃതത്തില്‍ ‘കാള’യെ കുറിക്കാന്‍ വൃഷഭഃ, ഉക്ഷഃ, അനഡ്വാന്‍ എന്നീ ശബ്ദങ്ങളൊക്കെ ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇന്ദ്രന് പാകം ചെയ്തു എന്നു പറയുന്ന മന്ത്രങ്ങളില്‍ ഒരിടത്തും അനഡ്വാന്‍ കടന്നുവരുന്നില്ല. മറിച്ച് വൃഷഭ-ഉക്ഷശബ്ദങ്ങളാണ് ഉപയോഗിച്ചിട്ടുള്ളത്. എന്തുകൊണ്ടാണിങ്ങനെ?
പാണിനീയ ധാതുപാഠം അനുസരിച്ച് ‘വൃഷഭഃ’ ശബ്ദം ‘വൃഷ്’ ധാതുവില്‍നിന്നാണ് നിഷ്പന്നമായത്. ‘വൃഷു സേചനേ’ എന്ന് പാണിനി അര്‍ഥം പറയുന്നുണ്ട്. സേചനം ചെയ്യുന്നതെന്നര്‍ഥം. ‘വൃഷ് ശക്തിബന്ധനേ’ എന്നും പാണിനി പറയുന്നു. വീര്യശക്തിയുള്ളത് എന്നര്‍ഥം. പുരുഷ പ്രത്യുല്പാദന അവയവമായ വൃഷണത്തിന് ഈ പേരുവരാന്‍ കാരണമെന്താണെന്ന് ഇപ്പോള്‍ അനുവാചകര്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ടാകുമല്ലോ. ‘ഉക്ഷ് സേചനേ’ എന്നതില്‍നിന്ന് സേചനത്തിന് ഉതകുന്നതെന്ന് ഉക്ഷശബ്ദത്തിന് അര്‍ഥംവരുമെന്ന് മനസ്സിലാകുന്നു. അതായത് വേദമന്ത്രങ്ങളിലെ ഉക്ഷ, വൃഷഭ തുടങ്ങിയ ശബ്ദങ്ങള്‍ക്ക് ‘കാള’ എന്ന കേവല അര്‍ഥത്തിന് ഉപരിയായ മറ്റനേകം അര്‍ഥങ്ങള്‍ വരാമെന്ന് സാരം.

വിദേശ ഇന്‍ഡോളജിസ്റ്റുകളില്‍ ചിലര്‍ ഇതു മനസ്സിലാക്കാതിരുന്നില്ല. എന്നാല്‍ സങ്കുചിത ചിന്തകള്‍ കാരണം അത്തരത്തിലൊരു വേദഭാഷ്യത്തിന് മുതിര്‍ന്നില്ലെന്നുമാത്രം. ഉദാഹരണത്തിന് മോണിയര്‍ വില്യംസിന്റെ Sanskrit-English Dictionary -യില്‍ എഴുതിയിരിക്കുന്നത് നമുക്കൊന്നുനോക്കാം. അവിടെ ‘വൃഷഭ’ എന്നതിന് manly, mighty, vigorous, strong, the chief, most excellent or eminent എന്നുകൂടി അര്‍ഥം പറഞ്ഞിരിക്കുന്നു.

വേദമന്ത്രങ്ങള്‍ക്ക് ചുരുങ്ങിയത് മൂന്നുവിധത്തില്‍ അര്‍ഥം പറയാം. ആധിഭൗതികം, ആധിദൈവികം, ആധ്യാത്മികം എന്നിവയാണവ. ഇന്‍ഡോളജിസ്റ്റുള്‍ ഇന്ദ്രനുവേണ്ടി കാളക്കറിയുണ്ടാക്കിയതിനു പിന്നിലെ യാഥാര്‍ഥ വസ്തുതയെ ഈ മൂന്നു രീതിയില്‍ നമുക്കു നോക്കിക്കാണാവുന്നതാണ്.
ആധിഭൗതിക അര്‍ഥത്തില്‍ ഇന്ദ്രന്‍ രാജാവാണ്. ‘ഇന്ദ്രോ രാജാ ജഗതശ്ചര്ഷണീനാം’ എന്ന് ഋഗ്വേദത്തില്‍(7.27.3) പറയുന്നു. കരം കൊടുത്തുകൊണ്ട് രാജാവിനെ സേവിക്കുകയെന്നത് പ്രജകളുടെ കര്‍ത്തവ്യമാണ്. എങ്കില്‍ രാജധര്‍മമെന്താണ്? അഥര്‍വ വേദം പറയുന്നതുകാണുക ‘നൂറു കൈകള്‍കൊണ്ട് സമാഹരിച്ചത് ആയിരം കൈകള്‍കൊണ്ട് (പ്രജകള്‍ക്ക്) അവരുടെ യോഗക്ഷേമമായി തിരിച്ചുനല്‍കുക’ (അഥര്‍വം 3.24.5). ഇതാണ് രാജധര്‍മം. അങ്ങനെ രാജാവ് പ്രജകളുടെ ഐശ്വര്യത്തിനു കാരണമാകുന്നു. ഇന്ദ്രശബ്ദത്തിനര്‍ഥവും അതുതന്നെ. ‘ഇദി പരമൈശ്വര്യേ’ എന്ന ധാതുവില്‍നിന്നാണ് ഇന്ദ്രശബ്ദം ഉണ്ടാകുന്നത്.
ഇന്ദ്രനുവേണ്ടി നൂറു പോത്തുകളെ പാചകം ചെയ്തുകൊടുത്തു എന്നെല്ലാമുള്ള ബാലിശങ്ങളായ അര്‍ഥങ്ങള്‍ ഗ്രിഫിത്തിനെപ്പോലുള്ള വേദവ്യാഖ്യാതാക്കള്‍ ഋഗ്വേദം 6.17 സൂക്തത്തിലെ മന്ത്രങ്ങള്‍ക്ക് ചമച്ചുവെച്ചിരിക്കുന്നതായി കാണാം. ഇതു തെറ്റാണ്. ഈസൂക്തത്തിന്റെ ഋഷി ‘ഭരദ്വാജോ ബാര്‍ഹസ്പത്യഃ’ ആണ്. ‘ഭ്രിയ ഭരണേ’ എന്ന ധാതുവില്‍നിന്നാണ് ഭരദ്വാജനെന്ന പദമുണ്ടായത്. ഭരിച്ച് പോഷിപ്പിക്കുന്നവനെന്നര്‍ത്ഥം. അതിനാല്‍ത്തന്നെ ‘ഇന്ദ്ര’ശബ്ദത്തിന് രാജാവ് എന്ന അര്‍ത്ഥം അനുയോജ്യമായി വരുന്നു. ‘മഹ് പൂജായാം’ എന്ന ധാതുവിനോട് ‘ടിഷച്’ പ്രത്യയം ചേര്‍ത്തിട്ടാണ് ‘മഹിഷ’ ശബ്ദം ഉണ്ടായത്. ‘സേവിക്കാന്‍ യോഗ്യമായത്’ എന്നര്‍ത്ഥം. അതായത് നേരത്തെ ആധിഭൗതികമായി അര്‍ഥം പറഞ്ഞതുപ്രകാരം പ്രജകള്‍ നൂറുകൈകള്‍കൊണ്ടെന്നവണ്ണം രാജാവിന് കരം കൊടുക്കുക. ഇതാണിവിടത്തെ നൂറു മഹിഷങ്ങള്‍ അല്ലാതെ പോത്തുകളല്ല. മഹിഷമെന്ന് കാണുന്നിടത്തെല്ലാം പോത്ത് എന്നര്‍ഥം കല്പിക്കുന്നവര്‍ രാജപത്‌നിയായ പട്ടമഹിഷിയെ എരുമ എന്നു വിളിച്ചാല്‍ അതില്‍ അദ്ഭുതപ്പെടാനൊന്നുമില്ല.
ആധിദൈവിക അര്‍ഥത്തില്‍ ഇന്ദ്രന്‍ വിദ്യുച്ഛക്തിയാണ്. കൗഷീതകി ബ്രാഹ്മണവും ഗോപഥ ബ്രാഹ്മണവും ഇന്ദ്രശബ്ദത്തിന് വിദ്യുച്ഛക്തിയെന്ന് അര്‍ഥം പറയുന്നു. ‘വര്‍ഷണാദ് വൃഷഭഃ’ എന്ന് യാസ്‌കമഹര്‍ഷി നിരുക്തത്തില്‍(9.22) പറയുന്നു. അതായത് വര്‍ഷത്തിന് കാരണമാകുന്നത് വൃഷഭം. ‘വൃഷാ സിന്ധൂനാം വൃഷഭഃ സ്തിയാനാം’ എന്ന് ഋഗ്വേദത്തിലും(6.44.21) പറയുന്നു. രണ്ടും ചേര്‍ത്തു വായിക്കുമ്പോള്‍ ഇവിടെ ഇന്ദ്രനുവേണ്ടി പാകപ്പെടുത്തുന്നത് മേഘങ്ങളാകുന്ന വൃഷഭങ്ങളെയാണ് എന്നതു വ്യക്തമാണ്. ഇന്ദ്രന്റെ വജ്രായുധം മിന്നല്‍ അല്ലാതെ മറ്റൊന്നുമല്ല. ഢലറശര ങ്യവേീഹീഴ്യ എന്ന ഗ്രന്ഥത്തില്‍ മക്‌ഡൊണലും ഇക്കാര്യം പറയുന്നുണ്ട്.

ആധ്യാത്മിക അര്‍ഥത്തില്‍ ഇന്ദ്രിയങ്ങള്‍ക്കധിപനായ ആത്മാവാണ് ഇന്ദ്രന്‍. ഇന്ദ്രിയജയത്താല്‍ വീര്യശക്തി വര്‍ദ്ധിപ്പിച്ച് സ്വശരീരത്തില്‍ സോമകണങ്ങളെ പാകപ്പെടുത്തുന്നതാണ് ഇവിടെ വൃഷഭങ്ങളെ പാകം ചെയ്യുന്നൂവെന്നതിലൂടെ ചിത്രീകരിച്ചിരിക്കുന്നത്. സോമകണങ്ങളെ ‘ഇന്ദു’ എന്നും വിളിക്കാറുണ്ട്. ഋഗ്വേദത്തില്‍ ‘വൃഷ്‌ണേ ത ഇന്ദുര് വൃഷഭ പീപായ’ (6.44.21) എന്ന് പറയുന്നതും ഇതുകൊണ്ടുതന്നെയാണ്. ഈ മന്ത്രത്തിന്റെ ദേവത ഇന്ദ്രന്‍ ആണെന്നതും ശ്രദ്ധേയമാണ്.

എന്നാല്‍ ഇതൊന്നും വകവെക്കാതെ, വൃഷഭങ്ങളാകുന്ന മേഘങ്ങളില്‍ നിന്നും മഴപെയ്യുന്നതിനെക്കുറിച്ച് വിവരിക്കുന്ന വേദമന്ത്രത്തിന് മാക്‌സ്മുള്ളര്‍ കൊടുത്ത അര്‍ഥം ആകാശത്തുനിന്ന് കാള മൂത്രമൊഴിക്കുന്നുവെന്നാണ്. ഗ്രിഫിത്തും ഒട്ടും പുറകിലല്ല. വീര്യവാനായ എന്ന അര്‍ഥത്തില്‍ വൃഷഭ എന്ന് യുവാവിനെ വിശേഷിപ്പിച്ച മന്ത്രത്തിന് ഗ്രിഫിത്ത് കൊടുത്ത അര്‍ഥം കാളയെപ്പോലുള്ള യുവാവ് എന്നാണ്. ഇതൊന്നും അറിയാതെ ഈ വക അര്‍ഥങ്ങള്‍ പ്രമാണമാക്കി ഭാരതത്തിന് ചരിത്രം രചിക്കുകയാണ് നമ്മുടെ ചരിത്രകാരന്മാര്‍. അതും പഠിച്ച് ആര്‍ഷ ഭാരത സംസ്‌കാരത്തെ ആഭാസമാക്കി ചിത്രീകരിക്കാന്‍ മെനക്കെടുകയാണ് നമ്മുടെ പുതു തലമുറ!

ആചാര്യശ്രീ രാജേഷ് കാശ്യപവേദ ആശ്രമം കോഴിക്കോട്

No comments:

Post a Comment