Saturday, September 19, 2015

സൂറിക്കിലെ നൂറ്റാണ്ടു പഴക്കമുള്ള വെജിറ്റേറിയന്‍ റസ്റ്റോറന്റ്

സൂറിക്കിലെ നൂറ്റാണ്ട് പഴക്കമുള്ള വെജിറ്റേറിയന്‍ ഹോട്ടലിലെ പ്രധാന ആകര്‍ഷണങ്ങള്‍ ഇന്ത്യന്‍ ഭക്ഷണങ്ങള്‍ ആണ്. സ്വിറ്റ്സര്‍ലന്‍ഡിലെ സൂറിച്ച് പട്ടണത്തില്‍ തലയെടുപ്പോടെ നില്‍ക്കുന്ന ഹൗസ് ഹില്‍ട്ടലില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ടൂറിസ്റ്റുകളുടെ തിരക്കാണ് എപ്പോഴും.
ശുദ്ധ വെജിറ്റേറിയന്‍ ആഹാരം മാത്രം കഴിക്കണമെങ്കില്‍ ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഈ ഹോട്ടലിലേക്ക് ചെല്ലുക. ലോകത്തിന്റെ എല്ലാ ഭാഗത്ത് നിന്നുമുള്ള വെജിറ്റേറിയന്‍ ഭക്ഷണങ്ങളുടെ ഒരു ശ്രേണി തന്നെയുണ്ട് ഇവിടെ. എന്നാല്‍ ഇവിടുത്തെ ഏറ്റവും പ്രിയപ്പെട്ട ഇനങ്ങള്‍ നമ്മുടെ മസാലദോശ, സാമ്പാര്‍ വട, പനീര്‍ മസാല, വിവിധയിനം കറികള്‍, സാലഡുകള്‍ ചട്ണി എന്നിവയാണ്.
ലോകത്തില്‍ ഏറ്റവും പഴക്കം ചെന്ന, ഇടമുറിയാതെ പ്രവര്‍ത്തിച്ച വെജിറ്റേറിയന്‍ റസ്റ്റോറന്റ് എന്ന റെക്കോര്‍ഡിന്, ഹൗസ് ഹില്‍ട്ടല്‍ 2012 -ല്‍ അര്‍ഹരായി. 1898 ല്‍ ജര്‍മ്മന്‍ കുടിയേറ്റക്കാരാണ് ആരോഗ്യപരമായ ജീവിതത്തിന് പരിപൂര്‍ണ്ണ സസ്യാഹാരം എന്ന ആശയം രൂപപ്പെടുത്തുന്നത്. അതിന്റെ ചുവടുപിടിച്ചാണ് ഹില്‍ട്ടല്‍ തന്‍റെ സ്വന്തം പേരില്‍ ഹൗസ് ഹില്‍ട്ടല്‍ ആരംഭിച്ചത്. അദ്ദേഹത്തിനു കരുത്ത് പകര്‍ന്നതാകട്ടെ ഭാര്യ മാര്‍ത്തയും.
മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മൊറാര്‍ജി ദേശായി തന്റെ ഔദ്യോഗിക സന്ദര്‍ശന വേളയില്‍ ഈ ഹോട്ടലില്‍ എത്തുകയും ഭക്ഷണത്തിന്റെ രുചി ആസ്വദിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ നൂറ്റാണ്ടില്‍ ഹില്‍ട്ടലിന്‍റെ മരുമകള്‍ മാര്‍ഗരിറ്റ്‌ ന്യൂഡല്‍ഹിയിലെത്തുകയും വിവിധ ഇന്ത്യന്‍ വെജിറ്റേറിയന്‍ ഹോട്ടലുകളില്‍ നിന്ന് ഇന്ത്യന്‍ ഭക്ഷണങ്ങളെപ്പറ്റി പഠിക്കുകയും നാവില്‍ വെള്ളമൂറുന്ന ഇന്ത്യന്‍ വിഭവങ്ങള്‍ തന്റെ ഹോട്ടലിലെ തീന്‍മേശയിലേക്ക്‌ എത്തിക്കുകയും ചെയ്തു.
അന്ന് മുതല്‍ നാളിതുവരെ ഇതില്‍ യാതൊരു മുടക്കവും വന്നിട്ടില്ലെന്ന് റസ്റ്റോറന്റ് മാനേജര്‍ ബ്രിഗിറ്റ പറയുന്നു. ഈ ഇന്ത്യന്‍ വിഭവങ്ങള്‍ ഏറ്റവും ജനപ്രിയമായി മാറിയെന്നും കൂട്ടിച്ചേര്‍ക്കുന്നു. ഇന്ത്യ, ഗ്രീസ്, ലബനോല്‍, തായ്ലാന്‍ഡ്, യൂറോപ്യന്‍, ആഫ്രിക്കന്‍ എന്ന് തുടങ്ങി ലോകത്തിലെ മിക്ക രാജ്യങ്ങളിലെയും വെജിറ്റേറിയന്‍ ഭക്ഷണം ഇവിടെ ലഭ്യമാണ്. ഇപ്പോള്‍ ഹില്‍ട്ടലിന്‍റെ നാലാം തലമുറയാണ് ഹോട്ടല്‍ ഉടമകള്‍. യൂറോപ്പിലെ സസ്യാഹാരികളുടെ പറുദീസയായ ഹില്‍ട്ടലില്‍ ഇന്ത്യക്കാരുടെതായി വളരെ വിശദമായ മെനു തന്നെയുണ്ട്. വിവിധയിനം കറികള്‍, ചട്ണികള്‍, പഴംപൊരി, സലാഡുകള്‍, താളി അങ്ങനെ നിളുന്നു ഭക്ഷണങ്ങളുടെ പട്ടിക.
www.manoramaonline.com

No comments:

Post a Comment