Tuesday, November 24, 2015

മാംസഭക്ഷണത്തിനു പിന്നിലെ തത്വശാസ്ത്രം

സസ്യങ്ങൾക്കും ജീവനുണ്ടെന്നും, അതിനെ കൊല്ലുന്നതും , മൃഗവധവും ഒന്നുപോലെയാണെന്നും ചില സുഹൃത്തുക്കൾ വാദിക്കുന്നു . ഇത് ശെരിയാണോ ?

 മൃഗവധവും സസ്യവധവും ഒരിക്കലും ഒന്നുപോലെയല്ല . രണ്ടിനും രണ്ടു വ്യത്യസ്ഥമായ മാനസികാവസ്ഥ വേണം. മൃഗത്തിന്റെ കരച്ചിലും , പിടച്ചിലുമെല്ലാം കണ്ടില്ലെന്നു നടിച്ചു അതിനെ കൊല്ലുന്നതും , നിശബ്ദമായ, ജീവനില്ലാത്തതുപോലെ ജീവിക്കുന്ന സസ്യത്തെ അരിഞ്ഞു കൊല്ലുന്നതും രണ്ടും രണ്ടാണ്. ഇത് മനസ്സിലാക്കാൻ ഇത്ര സാമാന്യബുദ്ധിയില്ലാതെ പോയോ നമുക്ക് ?.  ഇതില് ആരാണ് ക്രൂരൻ? സസ്യഭുക്കോ മാംസഭുക്കോ ? . നമുക്ക് ചര്ച്ച ചെയ്യാം. 

മാംസം ഭക്ഷിക്കുന്നവന് പലതരം ആവശ്യകത ഉണ്ടായിരിക്കാം. മറ്റൊന്നും ഭക്ഷിക്കാനില്ലാത്തതിനാൽ ബലേന മാംസം ഭക്ഷിക്കുക.  വിവിധയിനം സസ്യവിഭവങ്ങൾ ഉണ്ടായിട്ടും മാംസം ഭക്ഷിക്കുക തുടങ്ങിയവ. രണ്ടാമത്തെ കാര്യം  ഗൗരവമുള്ളതാണ്. അതിന്റെ പിന്നിലെ തത്വം ഇങ്ങിനെയാണ്‌. 

1) മാംസവിഭവത്തിന്റെ രുചി .  2) അതില് നിന്നും ലെഭിക്കുന്ന പ്രത്യേക പോഷണങ്ങൾ. ഇതുകൂടാതെ വേറെയും കാരണങ്ങൾ കാണാമെങ്കിലും , അതിനു പിന്നിലെ മാനസികാവസ്ഥ ഇവിടെ ചര്ച്ച ചെയ്യുന്നു . 

അറവുകാരന്റെ മാനസികാവസ്ഥ :-

മൃഗത്തെ വധിക്കുന്നവാൻ , അതില് നിന്നും ലെഭിക്കുന്ന ഇറച്ചിയും , അത് വിറ്റാൽ തനിക്കു കിട്ടുന്ന ലാഭവും മാത്രം കണക്കിലെടുക്കുന്നു. അവന്റെ മനസ്സില് മൃഗത്തിന്റെ വേദനയോ , മരണ വെപ്രാളമോ , അതിന്റെ ദുഖമോ ഒന്നും ഏശുന്നില്ല. കാരണം അവന്റെ മനസ്സില് മുഴുവൻ അവനു കിട്ടുന്ന ലാഭചിന്തയാണ്. ഇത് അവനില് മറ്റു ജീവികളുടെ ദുഖത്തിൽ അലിവു തോന്നാതിരിക്കുന്ന ഒരു ക്രൂര മനസ്ഥിതിയെ ഉണ്ടാക്കുന്നു. അവനെ മനുഷ്യനെന്ന് എങ്ങിനെ വിളിക്കും ?

മാംസം ഭക്ഷിക്കുന്നവന്റെ മാനസികാവസ്ഥ :-

മാംസത്തിന്റെ രുചിയിലും പോഷണത്തിലും മനസ്സുടക്കി നില്ക്കുന്നവന് , മൃഗം അനുഭവിക്കുന്ന ദുരിതമോ , അതിന്റെ വേദനയോ , അതിന്റെ അനാഥത്വമോ ഒന്നും പ്രശ്നമല്ല. അവനു അതിന്റെ രുചിയിലാണ് നോട്ടം .ഇതും ക്രൂരവും  സ്വാർത്ഥവുമായ ഒരു മനസ്ഥിതി അവനുണ്ടാക്കുന്നു. അവനു സഹജീവികളോട് അലിവുണ്ടാകുന്നില്ല. അവനും മനുഷ്യാധമനാണ്...!!

സസ്യഭക്ഷണം ഹിംസയോ അഹിംസയോ ? :-

സസ്യത്തിന് ജീവനുണ്ട്. പക്ഷെ സസ്യത്തിന് വേദനയില്ല.  അതുകൊണ്ട് തന്നെ അത് നിലവിളിക്കുന്നില്ല. കൊല്ലുംപോൾ പിടയുന്നില്ല. രക്തം ചീറ്റുന്നില്ല . ശബ്ദം പുറപ്പെടുവിക്കുന്നില്ല. ജീവനില്ലാത്തത്പോലെ അവ ജീവിക്കുന്നു. ജീവനില്ലാത്തതുപോലെ മരിക്കുന്നു. അപ്പോൾ അതിനെ അറുക്കാൻ ഒരു കൊച്ചു കുട്ടിക്ക് പോലും സാധിക്കുന്നു. സസ്യത്തെ അരിഞ്ഞു തിന്നുമ്പോൾ , ഇത്തരത്തിൽ അത് നിശബ്ദമായി മരിക്കുന്നതുകൊണ്ട് , അത് ജീവനില്ലാത്തതെന്നും , പവിത്രമെന്നും തിന്നുന്നവന് തോന്നുന്നു .

 ഇനി സസ്യഭക്ഷണം കഴിക്കുന്നവന്റെ മാനസികാവസ്ഥ പരിശോധിക്കാം. 

സസ്യഭക്ഷകൻ പ്രത്യക്ഷത്തിൽ ഒന്നിനെയും കൊല്ലുന്നില്ല.  അവൻ തിന്നുന്നത് നിശബ്ദമായി ജീവിച്ചു മരിക്കുന്ന സസ്യത്തെയാണ്‌. അപ്പോൾ അവനു മൃഗങ്ങളെ വധിക്കുന്നതിൽ അറപ്പും പേടിയും തോന്നുന്നു .അതിന്റെ യാതനയിൽ ദയവു തോന്നും. കാരണം അവൻ ഇന്ദ്രിയം വികസിച്ച മൃഗങ്ങളെ കൊല്ലുന്നില്ലല്ലോ.  അവനു മറ്റു ജീവികളുടെ കഴുത്തിൽ കത്തിവയ്ക്കാൻ സാധിക്കുന്നില്ല.  കാരണം അവനു രക്തമൊഴുക്കി ശീലമില്ല.  രക്തം കണ്ടാൽ അവൻ മോഹാലസ്യപ്പെടുന്നു.  ആരെയും കൊല്ലാൻ അവനു സാധിക്കുന്നില്ല.  ഇത്തരത്തിൽ സസ്യഭക്ഷകൻ ശാന്തനായും , അഹിംസാ തല്പ്പരനായും , ദയാലുവായും ജീവിച്ചു , ലോകത്തിനു നന്മ ചെയ്യുന്നു .ഇതല്ലേ മനുഷ്യത്വം?

ഇതുകൂടാതെ , സസ്യങ്ങൾക്ക് നാഡീ വ്യവസ്ഥയോ , തലച്ചോറോ , വികാരങ്ങളോ ഒന്നുമില്ല. ഇതിനാൽ തന്നെ അത് വേദന അറിയുന്നില്ല   അതുകൊണ്ടു തന്നെ, സസ്യത്തെ അരിയാൻ ഒരു കൊച്ചു കുട്ടിക്കുപോലും സാധിക്കും.  സസ്യഭക്ഷകൻ രക്തം ചിന്തി ശീലമുള്ളവനല്ല.  അവൻ ശാന്തസ്വഭാവിയാണ്.  അവൻ യുദ്ധമോ , തീവ്രവാദമോ , കൊലപാതകമോ ചെയ്യുന്നതിൽ വിമുഖനാകുന്നു.  നേരെ മറിച്ച്, നിലവിളിച്ചു പിടയുന്ന ഒരു അനാഥ മൃഗത്തെ കൊല്ലുന്നവന്റെ മാനസികാവസ്ഥ എന്തായിരിക്കും ?  അവനും . കൊള്ളപലിശക്കാരനും തമ്മിൽ എന്താണ് വ്യത്യാസം ?  അന്യായപ്പലിശ വാങ്ങി കീശ  വീർപ്പിക്കുന്നവന്, അവന്റെ ധനത്തിന്റെ നേട്ടത്തിലാണ് ശ്രദ്ധ . അവനു സാധാരണക്കാരന്റെ ദുഖത്തിൽ കരുണ തോന്നുന്നില്ല . അതുപോലെയാണ് അറവുകാരന്റെയും,  മാംസഭക്ഷകന്റെയും മാനസികാവസ്ഥ.  ഒരു പക്ഷെ അവനെക്കാൾ ക്രൂരൻ...!!!

- ശ്രീജിത്ത്‌. S. A. 

No comments:

Post a Comment