Tuesday, April 16, 2013

വെജിറ്റേറിയന്‍ കമാൻഡോ

 കമാൻഡോ എന്ന ഹിന്ദി സിനിമയിലെ തകർപ്പൻ ആക്ഷൻ രംഗങ്ങൾക്ക് ജീവൻ നൽകിയ വിദ്യുത് ജംവാൽ ഒരു സസ്യാഹാരിയാണ്. മുപ്പത്തഞ്ചുകാരനായ വിദ്യുത് ഒരു നാഷണൽ ലെവൽ ജിംനാസ്ടിക് താരമാണ്. കേരളത്തിന്റെ തനത് ആയോധനകലയായ കളരിപയറ്റ് അഭ്യസിച്ചിട്ടുണ്ട്. ഫോഴ്സ് എന്ന ഹിന്ദി സിനിമയിലൂടെയാണ് ഇദ്ദേഹം പ്രശസ്തനായത്. 

"ഞാൻ കഴിഞ്ഞ പത്ത് വർഷത്തിലേറെയായി സസ്യാഹാരിയാണ്. അതിനു മുൻപ് എല്ലാ ദിവസവും മാംസം കഴിച്ചിരുന്നു. സസ്യാഹരിയായതിനു ശേഷം എന്റെ ശരീരത്തിനും, മനസിനും ഒരുപാട് നല്ല മാറ്റങ്ങൾ ഉണ്ടായത് എനിക്ക് അനുഭവിച്ചറിയാൻ കഴിഞ്ഞു. മനസും ശരീരവും തമ്മിലുള്ള ബന്ധം ശരിക്ക് മനസിലായത് മാംസാഹാരം നിർത്തിയപ്പോഴാണ്. സസ്യാഹാരിയായതിനു ശേഷം എന്റെ ശരീരത്തിന് കൂടുതൽ ചുറുചുറുക്കും, എന്റെ കായികപ്രവർത്തനങ്ങൾക്ക് കൂടുതൽ വേഗതയും കൈവന്നു. എന്റെ ശരീരം കൂടുതൽ സുന്ദരമാകുന്നത് ഞാൻ അനുഭവിച്ചറിഞ്ഞു. ഉറച്ച മാംസപേശികൾക്ക് പകരം ശരീരത്തെ കൊത്തിയെടുത്ത ഒരു ശിൽപ്പം പോലെയാക്കിയെടുക്കാൻ എനിക്ക് സാധിച്ചു. എനിക്ക് ആവശ്യമുള്ളപ്പോൾ ശരീരത്തിന്റെ ഭാരം കുറയ്ക്കാനും, കൂട്ടാനും എനിക്കിപ്പോൾ സാധിക്കുന്നു. കമാൻഡോയിലെ ആക്ഷൻ രംഗങ്ങൾക്ക് എന്റെ ഈ വഴക്കമുള്ള ശരീരം ഒരുപാട് സഹായിച്ചു." 

മൃഗങ്ങളുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്ന ആഗോള സംഘടനയായ 'പെറ്റ' യുടെ പരസ്യത്തിൽ വിദ്യുത് ഈയിടെ അഭിനയിച്ചിരുന്നു. ആ പരസ്യത്തിന്റെ റിലീസിനോടനുബന്ധിച്ച് നടത്തിയ അഭിമുഖത്തിലാണ് വിദ്യുത് ഇക്കാര്യങ്ങൾ പറഞ്ഞത്.                 
(Times Of India)

 

2 comments: