Friday, February 22, 2013

സസ്യാഹാരികള്‍ക്ക് ആയുസേറും

പച്ചില തിന്നു ജീവിക്കുന്നവര്‍... വെജിറ്റേറിയന്‍ ഭക്ഷണം മാത്രം കഴിക്കുന്നവരെ ഇങ്ങനെ കളിയാക്കാറുണ്ട്. മുട്ടയും മീനും ഇറച്ചിയുമൊക്കെ കഴിച്ചില്ലെങ്കില്‍ എന്തു ജീവിതം എന്നു ചിന്തിക്കുന്നവരുമേറെ. മീനും ഇറച്ചിയും മുട്ടയൊന്നും കഴിക്കാത്തവരെ കളിയാക്കുന്നത് അവസാനിപ്പിക്കാം. ഗവേഷണത്തിലൂടെ സസ്യാഹാരത്തിന്‍റെ ഗുണങ്ങള്‍ കണ്ടെത്തിയിരിക്കുന്നു ഗവേഷകര്‍. ഹൃദയസംബന്ധമായ രോഗങ്ങള്‍ പിടികൂടാനുള്ള സാധ്യതകള്‍ വളരെ കുറവ്, നോണ്‍ വെജിറ്റേറിയന്മാരേക്കാള്‍ ആശുപത്രി ചെലവു കുറവ്.... സസ്യാഹാരികള്‍ക്ക് ഇത്തരത്തില്‍ പലതരത്തിലുള്ള ഗുണങ്ങളുണ്ടെന്നു ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നു. 

സസ്യാഹാരികള്‍ക്ക് അസുഖങ്ങള്‍ വരുന്നതു കുറവാണെന്നാണു പുതിയ കണ്ടെത്തല്‍. സ്വാഭാവികമായി ആശുപത്രിച്ചെലവും കുറയും. മീനും മാംസവും കഴിക്കുന്നവരെക്കാള്‍ ആരോഗ്യമുള്ള ഹൃദയമാണു സസ്യാഹാരികളുടേത്. ഇവര്‍ക്കു ബ്ലഡ് പ്രഷര്‍ നോര്‍മലായിരിക്കും. മത്സ്യമാംസങ്ങളടങ്ങിയ ഭക്ഷണം കഴിക്കാത്തതിനാല്‍ ചീത്ത കൊളസ്ട്രോള്‍ കുറവായിരിക്കും. അമിതവണ്ണത്തിനും സാധ്യത കുറവ്. നാല്‍പ്പത്തയ്യായ്യിരം പേരിലാണു പഠനം നടത്തിയത്. കൂട്ടത്തില്‍ മുപ്പത്തിനാലു ശതമാനം പേരും വെജിറ്റേറിയന്‍മാരായിരുന്നു. പഠനത്തിലൂടെ വ്യക്തമായ റിസല്‍റ്റ് കിട്ടിയെന്നു ഗവേഷകര്‍. 

ഒക്സ്ഫോര്‍ഡ് യൂനിവേഴ്സിറ്റിയിലെ ക്യാന്‍സര്‍ വിഭാഗത്തിലെ പ്രൊഫ. ടിം കി പറയുന്നു, നോണ്‍ വെജിറ്റേറിയന്‍ കഴിക്കുന്നവരെക്കാള്‍ വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കുന്നവര്‍ക്കു ഹൃദയ സംബന്ധമായ രോഗങ്ങള്‍ വരുന്നതു തീരെ കുറവാണ്. മൂന്നു മില്ല്യണ്‍ ബ്രിട്ടന്‍കാരില്‍ ഏകദേശം അഞ്ചു ശതമാനം പേരും സസ്യാഹാരികളാണ്. 

ആരോഗ്യം, ജീവിതരീതി, വ്യായാമം, ഭക്ഷണം കഴിക്കുന്നതിനെക്കുറിച്ച്, പുകവലിക്കുന്ന ശീലം, മദ്യത്തിന്‍റെ ഉപയോഗം തുടങ്ങിയ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി തയാറാക്കി ചോദ്യാവലി പ്രകാരമായിരുന്നു പഠനം. 

ഇതിനൊപ്പം ഏകദേശം ഇരുപതിനായിരം പേരുടെ രക്തത്തിലെ കൊളസ്ട്രോള്‍ പരിശോധിച്ചു. കഴിഞ്ഞ പതിനൊന്നു വര്‍ഷമായി ഹൃദയരോഗങ്ങള്‍ക്കു ചികിത്സ തേടിയവരെക്കുറിച്ചും മരണപ്പെട്ടവരെക്കുറിച്ചും അന്വേഷിച്ചു. ആയിരത്തിഅറുപത്തിയാറു ആശുപത്രികളിലായിരുന്നു ഇതു സംബന്ധിച്ചുള്ള അന്വേഷണങ്ങള്‍ നടത്തിയത്. പ്രായം, പുകവലി, മദ്യത്തിന്‍റെ ഉപയോഗം, വിദ്യാഭ്യാസം, ജീവിതരീതി തുടങ്ങിയ കാര്യങ്ങളും പരിശോധിച്ചായിരുന്നു പഠനം. 

അമെരിക്കന്‍ ജേണലായ ക്ലിനിക്കല്‍ ന്യൂട്രീഷനില്‍ ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സസ്യാഹാരികളില്‍ കൊഴുപ്പ് കുറവാണെന്നതാണു ഹൃദയരോഗങ്ങള്‍ ബാധിക്കാതിരിക്കാനുള്ള മുഖ്യ കാരണം. മാരകമായ കൊളസ്ട്രോള്‍ ഇവരുടെ രക്തത്തില്‍ കുറവാണ്. ഡയബറ്റിസ് ബാധിക്കാത്തതും വെജിറ്റേറിയന്‍ ഭക്ഷണം മാത്രം കഴിക്കുന്നവരുടെ ഹൃദയത്തെ സംരക്ഷിച്ചു. 

റെഡ് മീറ്റ് കഴിക്കുന്നതിലൂടെ കാര്‍ഡിയോവാസ്കുലര്‍, ക്യാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ക്കു ഇടയാക്കും. റെഡ് മീറ്റിന്‍റെ ഉപയോഗത്തിലൂടെ കുടലില്‍ ക്യാന്‍സര്‍ വരുന്നതിനും കാരണമാകുമെന്നു പറയുന്നു ഗവേഷകര്‍. കഴിഞ്ഞ വര്‍ഷം അമെരിക്കയില്‍ നടത്തിയ പഠനത്തിലും റെഡ് മീറ്റ് കഴിക്കുന്നതിലൂടെയുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചു കണ്ടെത്തിയിരുന്നു. ചുരുക്കത്തില്‍പ്പറഞ്ഞാല്‍ സസ്യാഹാരം കഴിക്കുന്നവര്‍ക്ക് ആയുസ് കൂടും.
-www.
metrovaartha.com

No comments:

Post a Comment