Friday, February 15, 2013

പ്രണാമം - കവിത

കോഴികള്‍ - മനുഷ്യന്നു തിന്നുവാന്‍ മാത്രം വിധിക്കപ്പെട്ട സാധു ജന്മങ്ങള്‍. കഴുത്തില്‍ കത്തി വെക്കുമ്പോള്‍ അവയുടെ ദയനീയ രോദനം അടുത്തുള്ള വീടുകളില്‍ നിന്ന് ഇടക്കെല്ലാം കേള്‍ക്കുമ്പോള്‍ മനസ്സില്‍ ദുഃഖം തോന്നാറുണ്ട്. എന്നാല്‍ കോഴികള്‍ക്കായി, അവരെ സംരക്ഷിക്കുവാന്‍ ഒരു പുണ്യ സ്ഥലം തൃശ്ശൂര്‍ ജില്ലയിലെ 'പഴയന്നൂര്‍' ഭഗവതിയുടെ പവിത്രമായ ക്ഷേത്രസന്നിധാനം. അവിടെ വഴിപാടായി കൊണ്ടുവരുന്ന കോഴികള്‍ സന്തോഷത്തോടെ ജീവിക്കുന്നത് കാണുമ്പോള്‍ അമ്മേ, അവിടുത്തെ ദയാവായ്പ്പിന്നു മുന്നില്‍ അടിയന്‍ സാഷ്ടാംഗം പ്രണമിക്കുന്നു. ആ കോഴി ജന്മങ്ങള്‍ക്കായി ഈ കവിത സമര്‍പ്പിക്കുന്നു.

ജീവിതം ജീവിച്ചു തീര്‍ക്കാന്‍ കഴിയാതെ-

പാതിവഴിക്കു പൊലിഞ്ഞീടുമ്പോള്‍

ഓര്‍ത്തിടാറുണ്ടെന്നുമെന്തിനീ ഭൂമിയില്‍

കോഴിയായ് ഞങ്ങള്‍ ജനിച്ചതെന്ന്

ഏതുതീന്‍മേശമേലെത്തുമിന്നെന്നുഞാന്‍

ഭീതിപൂണ്ടെന്നുമുണര്‍ന്നിടുമ്പോള്‍

കൂവുവാന്‍പോലും ഭയമാണെനിക്കെന്റെ

കൂട്ടില്‍പ്പുലരിത്തുടുപ്പ് കാണ്‍കെ

പേടിയാണെപ്പോഴും, വീട്ടില്‍ വിരുന്നുകാ-

രെത്തിയാല്‍പ്പോകും വരേക്കുള്ളില്‍

പ്രാണനുംകെട്ടിപ്പിടിച്ചെന്റെ മൃത്യുവില്‍-

മാത്ര ഞാനെണ്ണി പ്പകച്ചിരിക്കും

താവക സന്നിധാനത്തില്‍ കുടിയിരു-

ന്നീടുവാനന്നുഞാന്‍ വന്ന നാളില്‍

കണ്ടുഞാനൊന്നല്ല, നൂറല്ലൊരായിരം

പൊന്നുസഖാക്കളെ നിന്നരികില്‍

സ്വാതന്ത്ര്യമെന്തന്നറിഞ്ഞതമ്മേ നിന്റെ-

കോവിലില്‍ വന്നതില്‍ ശേഷമല്ലൊ

ഞങ്ങളാണമ്മക്ക് വാഹനമെന്നതു

മമ്മക്കു കൂട്ടുകാര്‍ ഞങ്ങളെന്നും

ഞങ്ങള്‍ക്കഭയമേകാന്‍ തുറന്നിട്ടതാ-

ണീമണി മന്ദിര വാതിലെന്നും

അറിഞ്ഞപ്പോളാണമ്മേ തിരുമുമ്പി

ലൊന്നു കൈകൂപ്പാന്‍ കൊതിച്ചുപോയി

അറിയുകില്ലേ ദേവി ഞങ്ങള്‍ക്കതിനുള്ള-

കഴിവില്ലയെന്നുള്ള ദുഃഖസത്യം

എങ്കിലും, ഞങ്ങള്‍ മുടങ്ങാതെ നിത്യവും-

നിന്‍ തിരുനാമ സങ്കീര്‍ത്തനങ്ങള്‍

ഏഴുവെളുപ്പിന്നെഴുന്നേറ്റു ഭക്തിയോ-

ടാലപിക്കാറുണ്ട് നിന്റെ മുന്‍പില്‍

അതുനിന്റെ കാല്‍ക്കലുള്ളര്‍ച്ചനപ്പൂക്കളായ്   

പ്പദകമലങ്ങള്‍ മുകര്‍ന്നിടട്ടെ

അതിലൂടെ ഞങ്ങള്‍ തന്‍ കേവല ജന്മങ്ങള്‍

പരമപവിത്രമായ് ത്തീര്‍ന്നിടട്ടെ

ഇവിടെ വാഴുന്നതുമിവിടെ ഭജിക്കുന്നതും

ഇവിടെ മരിപ്പതുമെത്ര ഭാഗ്യം

ഒടുവിലീമണ്ണിലലഞ്ഞീച്ചെടികള്‍ക്കു

വളമായിടുന്നതും ജന്മ പുണ്യം

തൊഴുതു നില്‍ക്കും ഞങ്ങളൊരുദിനം മിഴിയട-

ച്ചതിലേ മുകുളമായീ നടയില്‍

വിടരുന്ന പൂവാല്‍ ക്കൊരുത്തമാല്ല്യങ്ങളായ്-

തിരുമാറിലന്നു കിടന്നുറങ്ങും

ഇവിടമാണെങ്ങള്‍ക്കു ശാന്തിയും ശക്തിയും

അവിടുന്നു ഞങ്ങള്‍ക്കു രക്ഷയും

തവപാദ പത്മത്തിലടിയന്റെ മൂകമാ-

മൊരുന്നൂറു, നൂറു പ്രണാമമമ്മേ.
 
- കോടീരീ നീലകണ്ഠന്‍ നമ്പൂതിരി - 9495157972

               

No comments:

Post a Comment