Wednesday, December 12, 2012

ഇത് അന്യായമാണ്, പ്രകൃതിവിരുദ്ധമാണ്, ദൈവവിരുദ്ധമാണ്.


ഭൂമിയില്‍ ഏതാണ്ട് 87 ലക്ഷത്തോളം ജീവി വര്‍ഗങ്ങളുണ്ട്. അവര്‍ക്കൊക്കെയും പ്രകൃതി നിശ്ചയിച്ച ഭക്ഷണങ്ങളും അവക്കനുസൃതമായി ഭക്ഷണം ദഹിപ്പിക്കുന്നതിനുള്ള സംവിധാനങ്ങളും കൃത്യമായ പ്രാപഞ്ചിക നിയമങ്ങളുമുണ്ട്. അവ തിരുത്താനോ തിരുത്തപ്പെടാനോ സാധ്യമല്ല. പ്രപഞ്ചത്തിലെ കോടാനുകോടി ഗ്രഹങ്ങളില്‍ ജീവന്‍ നിലനില്‍ക്കുന്നതെന്ന് കരുതപ്പെടുന്ന ഒരേയൊരു ഗ്രഹമായ ഭൂമിയിലെ വൈറസുകള്‍ മുതല്‍ നീലത്തിമിംഗലം വരെയുള്ള കോടിക്കണക്കിനു ജീവികളില്‍ ഒന്നു മാത്രമാണ് മനുഷ്യന്‍. ഈ ജീവികള്‍ക്കെല്ലാം പ്രകൃതി അവയുടെ ആഹാരം നിശ്ചയിച്ചിട്ടുണ്ട്. ഈ ആഹാരം ഉള്ളിടത് മാത്രമേ ഈ ജീവിവര്‍ഗങ്ങളെ കാണാനും സാധിക്കൂ. ഇതില്‍ നട്ടെല്ലുള്ള ജീവിവര്ഗങ്ങളെ മാത്രമെടുത്താലും അവയുടെ വൈവിധ്യം മനസിലാക്കാം. പ്രധാനമായും രണ്ടു തരം ജീവിവര്ഗങ്ങളെ കാണാവുന്നതാണ്.
1- സസ്യഭുക്കുകള്‍ (Herbivorous)
2- മാംസഭുക്കുകള്‍ (Carnivorous)

ഇവയില്‍ മാംസഭുക്കില്‍ത്തന്നെ രണ്ടുതരം ജീവികളെ പ്രകൃതി നിശ്ചയിച്ചിട്ടുണ്ട്. നിയന്ത്രകര്‍ (Controllers). നിയന്ത്രകരുടെ ജോലി അനിയന്ത്രിതമായ സസ്യഭുക്കുകളുടെ വളര്‍ച്ചയെ തടഞ്ഞുനിര്‍ത്തുക, നിയന്ത്രിക്കുക എന്നതാണ്. തോട്ടികള്‍ (scavengers), ഇവരുടെ ജോലി ഈ ഭൂമിയുടെ ഉപരിതലത്തെ വൃത്തിയാക്കുക എന്നതാണ്. നിയന്ത്രകര്‍ ജീവനുള്ള മൃഗങ്ങളെ വേട്ടയാടി ഭക്ഷിക്കുമ്പോള്‍ തോട്ടികള്‍ ചത്തതിനെ മാത്രമേ ഭക്ഷിക്കു. കാരണം രണ്ടു പേര്‍ക്കും പ്രകൃതി നല്‍കിയ ജോലി വ്യത്യസ്തമാണ്. ഒന്ന് നിയന്ത്രിക്കലും മറ്റൊന്ന് വൃത്തിയാക്കലും. ഈ നിയമങ്ങളില്‍ നിന്നും മനുഷ്യനല്ലാതെ മറ്റൊരു ജീവിയും വഴി തെറ്റിയതായി അറിയില്ല. ഇതില്‍ മനുഷ്യന്‍ ഏതു വിഭാഗത്തില്‍ പെടുന്നു എന്ന് പരിശോധിക്കുന്നത് നല്ലതാണ്. മനുഷ്യന് മാംസം കഴിക്കാം എന്ന സിദ്ധാന്തക്കാര്‍ ദയവു ചെയ്തു അത് ചൂണ്ടിക്കാണിക്കണം എന്നപേക്ഷിക്കുന്നു. മനുഷ്യനെ പ്രകൃതി സൃഷ്ടിച്ചത് നിയന്ത്രിക്കാന്‍ ആയിട്ടാണോ അതോ തോട്ടിപ്പണിക്കാണോ? തോട്ടിപ്പണിക്കാണെങ്കില്‍ ഇപ്പോള്‍ നടത്തുന്ന മാംസം കഴിക്കലും വിപ്ലവപ്രഹസനങ്ങളും ശരിയാണ്. മറിച്ചു നിയന്ത്രകന്‍ ആണെങ്കില്‍ അവന് ജീവനുള്ള ജീവിയെ ജീവനോടെ ആഹരിക്കാം. യാതൊരു ഉപകരണങ്ങളുടെയും സഹായമില്ലാതെ അവന്‍ സ്വന്തമായി ഉണ്ടാക്കിയ കത്തി, ചട്ടി, വിറക്, തീ, മസാലകള്‍, ഗന്ധവും രുചിയും മണവും കളയുന്ന മറ്റു വസ്തുക്കള്‍, സുഗന്ധദ്രവ്യങ്ങള്‍ ഇവയുടെയൊന്നും സഹായമില്ലാതെ നേരിട്ട് ഭക്ഷിക്കുന്നവനായിരിക്കണം. നേരെ മറിച്ചു തോട്ടിയാണെങ്കില്‍ ചത്തുകഴിഞ്ഞ, ചീയാന്‍ തുടങ്ങുന്ന ഏതു മാംസവും നേരിട്ട്‌ കഴിക്കാം. (ഒരു കഴുകന്‍ ചത്ത ജീവിയുടെ മാംസം കൊത്തിവലിച്ചു തിന്നുന്നത് പോലെ) അല്ലാതെ ഈ മാംസത്തിന്റെയും, മത്സ്യത്തിന്റെയും യഥാര്‍ത്ഥരുചിയില്‍ നിന്നും എത്രയോ അകന്നു സംസ്കരിച്ചു (അതുതന്നെയും ഉപ്പും, മുളകും, മസാലകളും പോലുള്ള സസ്യവിഭവങ്ങളില്‍ പൊതിഞ്ഞു ഒളിപ്പിച്ചു വെച്ച് ) മറ്റൊരു വാസനയും രുചിയും ആയി തിന്നുന്നതിന് പ്രകൃതിയില്‍ ഇടമില്ല. മനുഷ്യന്റെ ശാസ്ത്രസാങ്കേതികവളര്‍ച്ചയുടെ ഒരു പതിപ്പായി മാത്രമേ അതിനെ കാണാനാകൂ. അതിനവനു അവകാശമുണ്ടോ എന്നത് പ്രസക്തമായ ചോദ്യം ആണ്. നമുക്കറിയാം, ഓരോ ജന്തുവിഭാഗത്തിനും അതിന്റേതായ ധര്‍മം (Function) അഥവാ പ്രസക്തി പ്രകൃതിയിലുണ്ട്. അതനുസരിച്ചുള്ള ആഹാരം (Input) ഉണ്ട്. Input അനുസരിച്ച് Output ഉം ഉണ്ട്. അത്ഭുതപ്പെടുതുന്നവയാണ് ഈ നിയമങ്ങള്‍.

മറ്റൊന്നിനും ഉപയോഗിക്കാന്‍പോലും പറ്റാത്ത യൂക്കാലിപ്റ്റ്സിന്റെ ഇലകള്‍ മാത്രം തിന്നു ജീവിക്കുന്ന ആസ്ത്രേലിയയിലെ കോളാദികളും (Koala) മുളകൂമ്പ് മാത്രം തിന്നു ജീവിക്കുന്ന ചൈനയിലെ പാണ്ടെയും, എന്തിനു മണ്ണ് മാത്രം തിന്നു അവയില്‍ വേണ്ടത്ര രാസവസ്തുക്കള്‍ കലക്കി മണ്ണിളക്കി സസ്യങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്ന മണ്ണിരയും അടക്കം ഏതു തരം ജീവികളെ എടുത്താലും ഈ വസ്തുത വളരെ പ്രകടമാണ്. ഇതില്‍ തീ കണ്ടുപിടിച്ചു, നുണ പറയാനുള്ള ഭാഷ കണ്ടുപിടിച്ചു അല്ലെങ്കില്‍ പുതിയ കുറേ രാസവസ്തുക്കളുണ്ടാക്കുന്ന മെഷിനറികള്‍ കണ്ടുപിടിച്ചു, എന്നത് കൊണ്ടുമാത്രം മനുഷ്യന്‍ എന്ന ജീവിക്ക് ഇവിടെയുള്ള ഏതു ജീവനെയും തിന്നാം എന്ന അക്രമം പ്രകൃതിവിരുദ്ധമാണ്, ദൈവവിരുദ്ധമാണ്. മറ്റു ജീവികളോടും അവന്റെ ശരീരത്തോട്‌ തന്നെയും ചെയുന്ന അന്യായമാണ്.
- ബഷീര്‍ .കെ ,
  ഡപ്യൂട്ടി ഡയറക്ടര്‍ ഓഫ് എജ്യൂക്കേഷന്‍ (റിട്ടയേര്‍ഡ്‌)
  Mob - 8547231269
  (നാച്ചുറല്‍ ഹൈജീന്‍) 

        
              

3 comments:

  1. പക്ഷെ ഒരു സംശയം .......... മനുഷ്യന്‍ എത്രയോ കാല മായി മിശ്ര ഭുക്ക് ആണ് .അവന്റെ ജനിതകം ഒരു സസ്യാഹാരിയുടെതോ ഫലമൂലാഹാരിയുടെതോ മാത്രമാണോ ഇന്ന് ? തത്വപരമായി ഒരു തിരിച്ചുപോക്കിന് ഒരു സാധ്യതയും കാണുന്നില്ല . ഇതെഴുതുന്ന ആള്‍ പതിനഞ്ചുവര്‍ഷമായി മത്സ്യ,മാംസാദികള്‍ കഴിക്കുന്നില്ല .അത് എന്റെ ദൃഡ നിശ്ച്ചയം ഒന്ന് കൊണ്ട് മാത്രം . വാസകള്‍ എന്നില്‍ നിന്നും ഒഴിഞ്ഞിട്ടില്ല എന്നും ഞാന്‍ അറിയുന്നു .

    ReplyDelete
    Replies
    1. നമ്മള്‍ മിശ്രഭുക്കാണെങ്ങില്‍ എന്തുകൊണ്ടാണ് നമുക്ക് മാംസം കഴിക്കുന്നതിനു ഉപ്പും, മുളകും, മസാലകളും പോലുള്ള സസ്യവിഭവങ്ങള്‍ ആവശ്യമായി വരുന്നത് ? അതിന്റെ സഹായമില്ലാതെ എന്തുകൊണ്ട് കഴിക്കാന്‍ കഴിയുന്നില്ല. നമ്മള്‍ ഇപ്പോള്‍ മാംസം കഴിക്കുന്നത്‌ കേവലം രുചിക്ക് വേണ്ടി മാത്രമാണ്. വിശപ്പിനോ, അതിജീവനത്തിനോ അല്ല. ഞങ്ങള്‍ സസ്യാഹാരം പ്രചരിപ്പിക്കുന്നത് അഹിംസക്ക് വേണ്ടി മാത്രമാണ്. അതിലേക്കുള്ള വഴികളാണ് ഈ ലേഖനങ്ങള്‍. പാവപ്പെട്ട ജീവികളെ കൊല്ലുന്നതിനേക്കാള്‍ ഭീകരമാണ് കൊല്ലുന്നതിനു മുന്പെയുള്ള കൊല്ലാക്കൊലകള്‍. താഴെ കൊടുത്തിട്ടുള്ള വീഡിയോ കാണുക. മാംസം തിന്നാനുള്ള വാസനകള്‍ താങ്ങള്‍ക്ക്‌ പിന്നീട് ഉണ്ടാവില്ല.

      http://www.youtube.com/watch?v=tzrRmB40l00

      Delete
  2. ആരുപറഞ്ഞു മനുഷ്യ൯ മിശ്രബുക്കാണെന്ന്? മനുഷ്യപരിണാമത്തിലെ ആദിമമനുഷ്യ൪ മാംസം ഉപയോഗിച്ചിരുന്നില്ല പിന്നീട് യാദൃശ്ചികമായി ഉപയോഗിച്ചുശീലിച്ചതാണ്.

    ReplyDelete