Saturday, December 8, 2012

ശരിക്കും പച്ചയായി ജീവിക്കൂ


ഒക്ടോബര്‍ ഒന്ന്- ഇന്റര്‍നാഷനല്‍ വെജിറ്റേറിയന്‍ ഡേ ആയിരുന്നു. അന്നു തുടങ്ങി 31 ദിവസം വെജിറ്റേറിയന്‍ മാസവും. സസ്യഭക്ഷണം പ്രോല്‍സാഹിപ്പിക്കാനുള്ള പരിപാടികളും മറ്റുമായി വിപുലമായി ആചരിക്കപ്പെട്ട  വെജിറ്റേറിയന്‍  മാസത്തിന് നവംബര്‍ ഒന്നോടെ അവസാനം കുറിച്ചു. അന്നാണ് ഇന്റര്‍നാഷനല്‍ വീഗന്‍ ഡേ- നമ്മള്‍ ഇന്ത്യക്കാര്‍ക്ക് അത്ര തന്നെ പരിചിതമല്ലാത്ത ഒരു ജീവിതരീതിയാണിത്. സമ്പൂര്‍ണ വെജിറ്റേറിയന്‍ എന്നു പറഞ്ഞാലും പോര. ഒരു പടി കൂടി കടന്ന് പാലും പാലുല്‍പ്പന്നങ്ങളും മുട്ടയും എന്നു വേണ്ട തേനും കമ്പിളിയുമുള്‍പ്പടെ ജന്തുജന്യമായ എല്ലാറ്റിനെയും ഉപേക്ഷിക്കുക. സസ്യഭക്ഷണം മാത്രം കഴിച്ച്, സസ്യോല്‍പ്പന്നങ്ങളെ മാത്രം ആശ്രയിച്ച് ജീവിക്കുക.
 
1944ല്‍ ഡൊണാള്‍ഡ് വാട്സണ്‍ ഇംഗ്ലണ്ടില്‍ വീഗന്‍ സൊസൈറ്റിക്ക് രൂപം നല്‍കിയതോടെയാണ്  ഈ 'ശുദ്ധ വെജിറ്റേറിയന്‍മാര്‍ക്ക് ഒരു സംഘടനയുണ്ടായത്. അമ്പതു വര്‍ഷത്തിനു ശേഷം 1994ല്‍ സൊസൈറ്റിയുടെ അന്നത്തെ പ്രസിഡന്റായിരുന്ന ലൂയിസ് വാലിസ് ആണ് വീഗന്‍ ഡേ ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടത്.  സമ്പൂര്‍ണ സസ്യഭക്ഷണം സംബന്ധിച്ചുള്ള ബോധവല്‍ക്കരണ ക്ളാസുകള്‍, ബെസ്റ്റ് വീഗന്‍ ഷെഫിനെ കണ്ടെത്താന്‍ പാചക മല്‍സരങ്ങള്‍, സസ്യഭക്ഷണ മേളകള്‍, സൌജന്യ സസ്യ ഭക്ഷണം, സസ്യാഹാര, പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ, വര്‍ക്ക് ഷോപ്പുകള്‍, ഡിബേറ്റ്, കംപാഷനേറ്റ് ലിവിങ് ഫെയര്‍, ഫ്രീ ഹെര്‍ബലിസ്റ്റ് സെഷന്‍സ് എന്നിങ്ങനെ വീഗന്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ലോകമെമ്പാടും വിവിധ പരിപാടികള്‍ നടക്കും. ആഘോഷങ്ങള്‍ക്ക് മാറ്റു കൂട്ടാന്‍ സ്പെഷല്‍ വീഗന്‍ ടി ഷര്‍ട്ടുകളും ഇറക്കും (ലിമിറ്റഡ് എഡിഷനായതിനാല്‍ മുന്‍കൂട്ടി ഓഡര്‍ ചെയ്യണമെന്നു മാത്രം).

മനസിനും ശരീരത്തിനും

സസ്യാഹാരം സന്തോഷവും ശാരിരിക മാനസിക ആരോഗ്യവും പ്രദാനം ചെയ്യുവെന്നാണ് വെജിറ്റേറിയന്‍മാരുടെ അവകാശവാദം.  സമ്പൂര്‍ണ സസ്യഭക്ഷണമാകുമ്പോള്‍ അതിന് പാരിസ്ഥിതികവും ധാര്‍മികവുമായ ഗുണങ്ങള്‍ കൂടിയുണ്ടാകുമത്രേ. വെജ് ഡയറ്റ് നോര്‍മല്‍ ബിപി, കൊളസ്ട്രോള്‍, ഉയര്‍ന്ന ഹൃദയാരോഗ്യം ഇവയുമായി ബന്ധപ്പെട്ടിരിക്കുന്നതായി സയന്‍സ് ഡെയ്ലി റിപ്പോര്‍ട്ടില്‍ പറയുന്നു. കാന്‍സര്‍ സാധ്യതയും കുറയും. അക്കാദമി ഓഫ് ന്യുട്രീഷന്‍ ആന്‍ഡ് ഡയറ്റ് പഠനമനുസരിച്ച് കൃത്യമായ വെജിറ്റേറിയന്‍ ഡയറ്റ് ഓരോ പ്രായക്കാര്‍ക്കും മതിയായ പോഷണം നല്‍കും എന്ന് കണ്ടെത്തിയിട്ടുണ്ട്. സസ്യാഹാരം കഴിക്കുന്നവര്‍ക്ക് മാംസാഹാരികളേക്കാള്‍ നെഗറ്റീവ് ചിന്താഗതിയും വികാരങ്ങളും കുറവായിരിക്കും എന്നും പറയപ്പെടുന്നു.   കൊറോണറി ഹാര്‍ട്ട് ഡിസീസ്, സ്ട്രോക്ക്, ഹൈപ്പര്‍ടെന്‍ഷന്‍, ഡയബറ്റിക്സ്, നെഫ്രൈറ്റിസ്, അമിതവണ്ണം എന്നിവയും മാംസ ഭക്ഷണവുമായി ബന്ധപ്പെട്ടിരിക്കുന്നു.   കുഞ്ഞുങ്ങള്‍ക്ക് ചെറു പ്രായത്തില്‍ മൃഗങ്ങളുടെ പാല്‍ നല്‍കുന്നത്  അലര്‍ജിയും മറ്റ് അസ്വസ്ഥതകളും ഉണ്ടാക്കും എന്ന് ശാസ്ത്രീയമായി തെളിഞ്ഞിട്ടുണ്ട്. ഏതു പ്രായക്കാര്‍ക്കും, തരക്കാര്‍ക്കും (അത്ലറ്റുകള്‍ക്കു വരെ) വീഗന്‍ ഡയറ്റ് പിന്‍തുടരാവുന്നതേയുള്ളൂ.

അഹിംസ തന്നെ വീഗനിസം

ഭാരതസംസ്കാരത്തിന്റെ ഭാഗമായ അഹിംസയുടെ മറുരൂപമാണ് ഒരര്‍ഥത്തില്‍ വീഗനിസം. ഒരു ജീവിയെയും കൊന്നു തിന്നാന്‍ പാടില്ല, എന്നു മാത്രമല്ല ഒരു തരത്തിലും ഉപദ്രവിക്കുകയുമരുത് എന്ന ചിന്താഗതി. ജന്തുജാലങ്ങള്‍ക്കുനേരെയുള്ള എല്ലാ ചൂഷണങ്ങളും ക്രൂരതയും ഒഴിവാക്കിയ ജീവിത രീതി എന്നതാണ് വീഗനിസത്തിന്റെ ഏറ്റവും നല്ല നിര്‍വചനം. തികച്ചും സസ്യോല്‍പ്പന്നങ്ങളെ ആശ്രയിക്കുന്ന ജീവിതം. മുംബൈ, കൊല്‍ക്കത്ത, ഇന്‍ഡോര്‍, ബാംഗ്ലൂര്‍ എന്നീ നഗരങ്ങളില്‍ വീഗന്‍ ലൈഫ് സ്റ്റൈല്‍ പതിയെ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്. സാധാരണ ഇന്ത്യയിലെ വെജിറ്റേറിയന്‍മാരിലധികവും ലാക്ടോ വെജിറ്റേറിയന്‍സ് ആണ്. പാലും പാലുല്‍പ്പന്നങ്ങളും മിക്കവര്‍ക്കും ഭക്ഷണത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഘടകമാണ്.  മാത്രമല്ല വീഗന്‍സ് പാലുപേക്ഷിക്കാനുള്ള കാരണം ആരോഗ്യപരം മാത്രമല്ല.  അത് മൃഗങ്ങളോടുള്ള ചൂഷണമായി അവര്‍ കണക്കാക്കുന്നു. പശുവിന്റെ പാല്‍ പശുക്കുട്ടിക്കു നല്‍കാതെ കറന്നെടുക്കുന്നത് ഹിംസ തന്നെയാണെന്നാണ് വാദം.    പാല്‍ മാത്രമല്ല നെയ്യ്, പനീര്‍, ലെതര്‍, സില്‍ക്ക്, കമ്പിളി, തേന്‍, മുത്ത് എന്നിവയൊന്നും വീഗന്‍ ചര്യയില്‍ ഇല്ല. എന്തിന് മൃഗക്കൊഴുപ്പ് അടങ്ങിയ സോപ്പ്, വൈറ്റ് ഷുഗര്‍, സൌന്ദര്യ വര്‍ധക വസ്തുക്കള്‍, ടൂത്ത്പേസ്റ്റ് ഇവയും വര്‍ജ്യമാണ്. ചിലരാകട്ടെ യീസ്റ്റിനെ പോലും ആ ഗണത്തില്‍ പെടുത്തുന്നു. ഇവയ്ക്ക് പകരമാകാവുന്ന ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തി ഉപയോഗിക്കുകയാണ് ചെയ്യുക.

വീഗന്‍ ഡയറ്റ്  

എന്തൊക്കെയാകും ഒരു നല്ല വീഗന്‍ ഡയറ്റില്‍ ഉണ്ടാവുക- ധാന്യങ്ങള്‍, പയറുവര്‍ഗ്ഗങ്ങള്‍, പഴങ്ങള്‍, കൂണ്‍, പച്ചക്കറികള്‍, കിഴങ്ങുവര്‍ഗങ്ങള്‍, ഇലക്കറികള്‍, തേങ്ങാപ്പാല്‍, സോയാ മില്‍ക്ക് എന്നിവ ഉള്‍പ്പെടുത്തി രുചികരമായ ഭക്ഷണം ഒരുക്കുകയാണ് വീഗന്‍ ഷെഫുമാര്‍.

ഈ താരങ്ങളും വീഗന്‍സ്

ബില്‍ ക്ളിന്റണ്‍, മൈക്ക് ടെസന്‍, പമേല ആന്‍ഡേഴ്സണ്‍ ഇവരൊക്കെ വീഗന്‍ ഡയറ്റിന്റെ ആള്‍ക്കാരാണ്. ഡോ. എ.പി.ജെ.  അബ്ദുല്‍ കലാം, മഹാത്മ ഗാന്ധി, മാര്‍ട്ടിന നവ്രത്തിലോവ, ബില്ലി ജീന്‍ കിങ്, ഗ്രെഗ് ചാപ്പല്‍, കാള്‍ ലൂയിസ്, ഹേമ മാലിനി , കരീന കപൂര്‍, അനില്‍ അംബാനി, അണ്ണാ ഹസാരെ, ഷാഹിദ് കപൂര്‍ ഇവരെല്ലാം വെജിറ്റേറിയല്‍ ഡയറ്റ് പിന്‍തുടരുന്നു....

വീഗന്‍ ഡയറ്റ് സൌന്ദര്യവും, സന്തോഷവും, ആത്മ വിശ്വാസവും, പോസിറ്റീവ് എനര്‍ജിയും കൊണ്ടുവരുമത്രേ. അപ്പോള്‍ ഇനി മുതല്‍ നിങ്ങളും ഒരു 'വീഗന്‍ ആകുന്നോ? കുറഞ്ഞപക്ഷം ഒരു വെജിറ്റേറിയന്‍ എങ്കിലും!!!
- അനു മരിയ ജേക്കബ് - www.manoramaonline.com

No comments:

Post a Comment