Tuesday, December 18, 2012

മനുഷ്യന്‍ സസ്യഭുക്ക് തന്നെ

മനുഷ്യന്‍ ജന്മനാ സസ്യാഹാരിയാന്നെന്ന കാര്യം അവിതര്‍ക്കിതമാണ്‌. മനുഷ്യന്റെ ശരീര ഘടനയും സ്വഭാവ സവിശേഷതയും ബാഹ്യ-ആന്തരിക അവയവങ്ങളും  ദഹന വ്യവസ്തയുമെല്ലാം സസ്യാഹാരിയാണെന്നതിനുള്ള ശാസ്ത്രീയവും ആധികാരികവുമായ  തെളിവുകള്‍ തന്നെയാണ് .

മനുഷ്യന്‍ സസ്യഭുക്കാണെന്നു ബോധ്യപ്പെടാന്‍ ചില നിരീക്ഷണങ്ങള്‍ മാത്രം മതിയാകും. സസ്യഭുക്കുകളും മാംസഭുക്കുകളും തമ്മില്ലുള്ള പ്രകടമായ ഏതാനും വ്യത്യാസങ്ങള്‍ പരിശോധിക്കാം

സസ്യഭുക്കുകള്‍ക്ക്‌ ഭക്ഷണം ചവച്ചരച്ചു കഴിക്കാനാവശ്യമായ അണപ്പല്ലുകള്‍ ഉണ്ട്. മാംസം കടിച്ചു വിഴുങ്ങുന്നതിനാല്‍ മംസഭുക്കുകള്‍ക്ക് അണപ്പല്ലുകള്‍ ഇല്ല. മംസഭുക്കുകള്‍ക്ക് ജന്തു വേട്ട അനിവാര്യമായതിനാല്‍ കോമ്പല്ലുകളും കൈകാലുകളിലെ വിരലുകളില്‍ കൂര്‍ത്ത നഖങ്ങളും ഉണ്ട്. ജന്തുവേട്ട ആവശ്യമില്ലാത്തതിനാല്‍ സസ്യഭുക്കുകള്‍ക്ക്‌ കോമ്പല്ലുകളും കൂര്‍ത്ത് നഖങ്ങളും ഇല്ല. സസ്യഭുക്കുകള്‍ക്ക്‌ സസ്യാഹാരം ദഹിക്കാന്‍ സഹായകമായ ക്ഷാരഗുണമുള്ള ഉമിനീരായിരിക്കും ഉണ്ടാവുക. മംസഭുക്കുകളുടെ ഉമിനീരാകട്ടെ മാംസം ദഹിക്കാന്‍ സഹായകമായ അമ്ലഗുണമുള്ളതായിരിക്കും. സസ്യഭുക്കുകളുടെ കുടലിനു അവയുടെ ശരീര നീളത്തിന്റെ പത്തിലേറെ മടങ്ങ്‌ നീളമുണ്ടായിരിക്കും. മംസഭുക്കുകള്‍ക്ക് ഇത് മൂന്നു മടങ്ങ്‌ നീളമേ  ഉണ്ടാവുകയുള്ളൂ. സസ്യഭുക്കുകളുടെ കുടല്‍ മടക്കുകളായിട്ടായിരിക്കും. മംസഭുക്കുകളുടെതിനു മടക്കുകളുണ്ടാവില്ല. 

സസ്യഭുക്കുകള്‍ ജനിക്കുമ്പോള്‍ കണ്ണുകള്‍ തുറന്നിരിക്കും. മംസഭുക്കുകളാവട്ടെ കണ്ണുകള്‍ അടച്ചിരിക്കും. സസ്യഭുക്കുകള്‍ പകല്‍ ഉണര്‍ന്നു ജോലി ചെയ്യുന്നു. രാത്രി ഉറങ്ങുന്നു. മംസഭുക്കുകള്‍ പകല്‍ ഉറങ്ങുന്നു. രാത്രി ഉണര്‍ന്നിരിക്കുകയും ഇര തേടുകയും ചെയ്യുന്നു. സസ്യഭുക്കുകള്‍ വെള്ളം വലിച്ചു കുടിക്കുന്നു. മംസഭുക്കുകള്‍ നക്കികുടികുന്നു. സസ്യഭുക്കുകള്‍ വിയര്‍പ്പു ത്വക്കിലൂടെ പുറം തള്ളുമ്പോള്‍ മംസഭുക്കുകള്‍ നാക്കിലൂടെയാണ് വിയര്‍പ്പു പുറം തള്ളുന്നത്. മംസഭുക്കുകള്‍ക്ക് മാട് ജന്തുക്കളെ കാണുമ്പോള്‍ കൊതിയുണ്ടാകുന്നു. സസ്യഭുക്കുകള്‍ക്ക്‌ ഇതുണ്ടാകില്ല. സസ്യഭുക്കുകള്‍ക്ക്‌ പഴങ്ങള്‍ കാണുമ്പോള്‍ വായില്‍ വെള്ളമൂറുന്നു. മാസഭുക്കുകളാകട്ടെ പഴങ്ങളെ ശ്രദ്ധിക്കുക പോലുമില്ല. ഈ പറഞ്ഞ കാര്യങ്ങളില്‍ നിന്നെല്ലാം മനുഷ്യന്‍ സസ്യാഹാരിയാനെന്നു മനസ്സിലാക്കാവുന്നതെയുള്ളു .

മനുഷ്യ ശരീരത്തിന്റെ വളര്‍ച്ചക്കും നിലനില്‍പ്പിനും നിരന്തര പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായ എല്ലാ ഘടകങ്ങളും സസ്യാഹാരത്തില്‍ സുലഭമാണ്. മാംസ്യം, കൊഴുപ്പുകള്‍, വിവിധ തരം ജീവകങ്ങള്‍, കാര്‍ബോഹൈഡ്രേറ്റ്, ധാതുലവണങ്ങള്‍, നാരുകള്‍ തുടങ്ങി ശരീരത്തിനു വേണ്ട സമസ്ത പോഷകങ്ങളുടെയും സമ്പുഷ്ടമായ കലവറയാണ് പച്ചക്കറികള്‍, ഇലക്കറികള്‍, പഴങ്ങള്‍, പരിപ്പ് വര്‍ഗങ്ങള്‍, കിഴങ്ങുകള്‍ തുടങ്ങിയവ.

മാംസാഹാരം ഒട്ടേറെ മാരക രോഗങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് വിവിധ ഗവേഷണ-പഠനങ്ങള്‍
തെളിയിച്ചിട്ടുള്ളതാണ്. രക്തസമ്മര്‍ദം, കൊളസ്ട്രോള്‍ , ഹൃദ്രോഗം, മസ്തിഷ്കാഘാതം, അര്‍ബുദം, പൊണ്ണത്തടി തുടങ്ങിയരോഗങ്ങള്‍ മംസാഹാരം കൊണ്ട് ഉണ്ടാകുന്നവയാണ്. മാംസത്തിലെ പൂരിത കൊഴുപ്പുകള്‍ ശരീരത്തില്‍ അടിഞ്ഞുകൂടി രോഗങ്ങളുണ്ടാക്കുന്നു. സസ്യാഹാരത്തിലെ കൊഴുപ്പുകള്‍ അപൂരിതവും ശരീരത്തിനു ഗുണകരവുമാണ്. നാരുകള്‍ നന്നേ കുറവായ മാംസം ദഹന വ്യവസ്ഥയെ തകിടം മറക്കുന്നു. എന്നാല്‍ നാരുകളുടെ കലവറയായ സസ്യഭക്ഷണം ദഹനത്തെ സുഖമമാക്കുകയും രോഗങ്ങളില്‍നിന്നു മുക്തമാക്കുകയും ചെയ്യുന്നു.

സസ്യഭക്ഷണം മാത്രം കഴിക്കുന്നവര്‍ക്ക് മതിയായ ശക്തിയും തൂക്കവും തടിയും ബുദ്ധിയുമൊന്നും ഉണ്ടാകില്ലെന്ന തെറ്റിധാരണ ചിലര്‍ക്കെങ്കിലുമുണ്ട്. കരയില്‍ ജീവിക്കുന്ന ഏറ്റവും വലിയ ജീവിയായ ആനയും ശക്തിമാനായ കുതിരയും സസ്യഭുക്കുകളാണ്. യന്ത്രങ്ങളുടെ പ്രവര്‍ത്തനക്ഷമത തന്നെ കണക്കാക്കുന്നതു കുതിരശക്തി എന്ന പ്രയോഗത്താലാണ്.

ലോകം കണ്ട മഹാപ്രതിഭാശാലികളായ നമ്മുടെ രാഷ്ട്ര പിതാവ് മഹാത്മാഗാന്ധി, രവീന്ദ്രനാഥ് ടാഗോര്‍, സീ. വി.രാമന്‍, ശ്രീനിവാസ രാമനുജന്‍, ബര്‍ണാഡ് ഷാ, ആല്ബര്ട്ട് ഐന്‍സ്റീന്‍, ഐസക്‌ ന്യൂട്ടണ്‍, തോമസ്‌ ആല്‍വാ എഡിസണ്‍, ലിയനാര്‍ഡോ ഡാവിഞ്ചി, ചാള്‍സ് ഡാര്‍വിന്‍, ബഞ്ചമിന്‍ ഫ്രാങ്ക്ലിന്‍, വോള്‍ടയര്‍, പ്ലാടോ, റൂസ്സോ, സോക്രടീസ്, പി.ബി. ഷെല്ലി, ഹെന്റി ഫോര്‍ഡ്, എച്. ജി, വെല്‍സ്, മൈക്കള്‍ ജാക്സണ്‍, ജിദ്ദു കൃഷ്ണമൂര്‍ത്തി, വിശ്വനാഥന്‍ ആനന്ദ്, ഡോക്ടര്‍ എ. പി. ജെ അബ്ദുല്‍ കലാം, അമിതാഭ് ബച്ചന്‍, മാര്ട്ടിന നവരത്തിലോവ ( പട്ടിക അവസാനിക്കുന്നില്ല ) തുടങ്ങിയവരെല്ലാം സസ്യാഹാരികളാണ് .

മാനസികവും ശാരീരികവുമായ സ്വാസ്ത്യമാണ് ഒരാളുടെ ആരോഗ്യം. ഈ ആരോഗ്യാവസ്ഥ നിലനിര്‍ത്തുന്നതില്‍ ആഹാരശീലത്തിനു തീര്‍ച്ചയായും പങ്കുണ്ട്. ആഹാരം വിഹാരമാകും. വിഹാരം വിചാരമാകും എന്നാണ് ശാസ്തമതം. ഇതനുസരിച്ചു നാം എന്ത് കഴിക്കുന്നുവോ നാം അതയിതീരുന്നു എന്ന് വ്യക്തം. സംഘര്‍ഷാത്മകമായ സ്ഥിതിവിശേഷം കൊണ്ട് സമാധാനം എന്തെന്ന് അറിയാത്ത നിരവധി ലോക രാഷ്ട്രങ്ങളെ നമുക്കറിയാം. ഈ സമാധാനഭംഗത്തിന് കാരണം ഒരു പരിധി വരെ അവിടത്തെ ആഹാരശീലം തന്നെയാണ്.

മഹാത്മാ ഗാന്ധി ഒരിക്കല്‍ ഇങ്ങനെ എഴുതി  : ' ഒരുവന്റെ സ്വഭാവം അവന്റെ ഭക്ഷണത്തെ ആശ്രയിച്ചിരിക്കുന്നു എന്ന ചൊല്ലില്‍ വലിയൊരളവു സത്യമുണ്ട്. നമ്മുടെ ആഹാരം എത്രത്തോളം മോശമകുന്നുവോ അത്രത്തോളം ശരീരവും മോശമാകുന്നു ' ( ഹരിജന്‍ : 1933 } .

മാംസാഹാരി മൃഗീയ വാസനകള്‍ക്കടിമയാകുന്നുവെന്ന് അര്‍ഥം. പ്രതിവര്‍ഷം മുപ്പത്തിമൂന്നു കോടി പക്ഷിമൃഗാതികളെയാണ് നമ്മുടെ രാജ്യത്ത് ഭക്ഷ്യ ആവശ്യത്തിനായി കൊന്നൊടുക്കുന്നത് എന്നത് ഒരുദുഃഖ സത്യമാണ്.

മനുഷ്യന്‍ പ്രകൃതിയുടെ സന്തതിയാണ്. മനുഷ്യന് പ്രകൃതി ഒരുക്കിയിരിക്കുന്നത് സസ്യഭക്ഷണമാണ്. മനുഷ്യന്‍ അവന്റെ പ്രകൃതിദത്തമായ സ്വഭാവസവിശേഷതയില്‍ നിന്നും ജീവിതശൈലിയില്‍ നിന്നും ആഹാരശീലത്തില്‍നിന്നും വഴിമാറി സഞ്ചരിക്കുന്നതെന്തിന്നാണ്? കാര്‍ഷികവൃത്തിയും ഭക്ഷ്യ സംഭരണവും ആരംഭിച്ചത് മുതല്‍ മനുഷ്യന് ഭക്ഷണാവശ്യത്തിനായി ഒരു തരത്തിലും ഹിംസ നടത്തേണ്ട ആവശ്യമില്ല. പിന്നെ എന്തിനാണ് നിരപരാധികളായ മിണ്ടാപ്രാണികളെ നിഷ്കരുണം കൊന്നൊടുക്കുന്നത്? ഈ ഭുമി മനുഷ്യന് മാത്രം അവകാശപ്പെട്ടതല്ല. അനന്തകൊടി ജീവജാലങ്ങല്‍ക്കുകൂടി നിര്‍ഭയമായി സുരക്ഷിതമായി ജീവിക്കാന്‍ അവകാശപ്പെട്ടതാണ് .

ഒരവസരത്തില്‍ മഹാത്മജി പറഞ്ഞ വാക്കുകള്‍ ശ്രദ്ദിക്കക : "നമ്മുടെ ശാരീരിക ആവശ്യങ്ങളെ  തൃപ്തിപ്പെടുത്താന്‍ സഹജീവികളെ കൊല്ലുന്നത്‌  അവസാനിപ്പികണമെന്നു ആത്മീയമായ വളര്‍ച്ചയുടെ ഒരു ഘട്ടത്തില്‍ അനിവാര്യമായ ഒരു ആവശ്യമായി മാറുമെന്നു ഞാന്‍ വിശ്വസിക്കുന്നു. സസ്യാഹാരത്തോടുള്ള എന്റെ ഭ്രമത്തെക്കുറിച്ച് പറയുമ്പോള്‍ മനസ്സില്‍ ഓടിയെത്തുന്നത്  ഗോള്‍ഡ്‌ സ്മിത്തിന്റെ വരികളാണ്. അതിന്റെ ആശയം ഇങ്ങനെ സംഗ്രഹിക്കാം : 'താഴ്വരയില്‍ സ്വച്ചന്ദം ചുറ്റിത്തിരിയുന്ന ആട്ടിന്‍ പറ്റങ്ങളെ കശാപ്പ്  ചെയാന്‍ ഞാന്‍ ആളല്ല. എന്നില്‍ കരുണ ചൊരിഞ്ഞ സര്‍വശക്തന്‍ എന്നോട് പറയുന്നു, ഞാനും അവയോടു കരുണ കാണിക്കണം എന്ന്.  "

- ചെമ്മാണിയോട് ഹരിദാസന്‍ - (പ്രമദം മാസിക)

1 comment: