Monday, October 22, 2012

മാംസാഹാരത്തെക്കുറിച്ച് - പ്ലൂട്ടാര്‍ക്ക്

പൈതഗോറസ്, മാംസം ഒഴിവാക്കാന്‍ കാരണമെന്തായിരുന്നുവെന്നു ചോദിക്കുവാന്‍ നിങ്ങള്‍ക്ക് എങ്ങനെ കഴിയുന്നു. ഞാന്‍ മറ്റൊരു വിധത്തിലാണ് ചിന്തിക്കുന്നത്. മനസിന്റെയോ, ആത്മാവിന്റെയോ ഏതു അവസ്ഥയായിരിക്കണം അല്ലെങ്കില്‍ ഏതു ദുരന്തമായിരിക്കണം മരിച്ച ജീവിയുടെ മാംസത്തെ തന്റെ അധരങ്ങള്‍ക്കടുക്കലേക്ക് കൊണ്ടുവരാന്‍ ആദ്യമായി പ്രേരിപ്പിച്ചത്? അല്‍പ്പം മുന്‍പ് വരെ ജീവിക്കുകയും ശ്വസിക്കുകയും ഓടിനടക്കുകയും ചെയ്ത ഒരു ജീവിയുടെ ശരീരത്തെ തീന്മേശകളില്‍ വച്ച് ഭക്ഷണമെന്നും പോഷണമെന്നും വിളിക്കാന്‍ ഒരുവനെ പ്രേരിപ്പിച്ച ചേതോവികാരം എന്തായിരിക്കും? കണ്ഠം മുറിയുമ്പോഴും അവയവങ്ങള്‍ ചിന്നഭിന്നമാക്കപ്പെടുമ്പോഴും ഉള്ള കാഴ്ച താങ്ങുവാന്‍ എങ്ങിനെ ഒരുവന്റെ കണ്ണുകള്‍ക്ക്‌ കഴിയുന്നു?

ഈ ദുര്‍ഗന്ധം സഹിക്കുവാന്‍ ഒരുവന്റെ മൂക്കിനു എങ്ങനെ കഴിയുന്നു? അഴുകിയ മാംസം എങ്ങനെയാണ് ഒരുവന് ആസ്വാദ്യകരമാവുന്നത്? തീര്‍ച്ചയായും സിംഹത്തെയോ, ചെന്നായയെയോ അല്ല നാം തിന്നുന്നത്. നമ്മളെ ദ്രോഹിക്കുവാന്‍ പല്ലും, നഖവുമില്ലാത്ത നിരുപദ്രവികളായ മൃഗങ്ങളെയല്ലേ നാം കൊന്നൊടുക്കുന്നത്. അല്‍പ്പം മാംസത്തിനുവേണ്ടി പ്രകൃതി അവര്‍ക്ക് നല്‍കിയ ആയുസ് നാം വെട്ടിച്ചുരുക്കുകയല്ലേ ചെയുന്നത്. പ്രകൃതി ഇത്തരം ഭക്ഷണം നമുക്ക് നല്‍കിയിരുന്നു എന്ന് നമ്മള്‍ അവകാശപ്പെട്ടാല്‍, നിങ്ങള്‍ക്ക് തിന്നേണ്ടതിനെ നിങ്ങള്‍ സ്വയം തിന്നുകൊള്ളൂ. പക്ഷെ അറവുകത്തിയുടെയോ, മറ്റു ഉപകരണങ്ങളുടെയോ സഹായമില്ലാതെ പ്രകൃതി നിങ്ങള്‍ക്ക് നല്‍കിയിട്ടുള്ള അവയവങ്ങള്‍ കൊണ്ടാകണമെന്നു മാത്രം.

ചെറിയൊരു കഷ്ണം മാംസത്തിനായി ജന്തുക്കളുടെ സന്തോഷവും, ജീവിതവും ആണ് കവര്‍ന്നെടുക്കുന്നത്‌. അവയുടെ ജനനത്തില്‍ പ്രകൃതി മുന്‍കൂട്ടിക്കണ്ട ഉദ്ദേശങ്ങള്‍ നടപ്പിലാക്കാതിരിക്കാന്‍ നിങ്ങള്‍ കാരണമാകുന്നു.

പഴയതും, ഉപയോഗശൂന്യവുമായ ചെരിപ്പുകള്‍, ഉപകരണങ്ങള്‍ ഇവയൊക്കെ വലിച്ചെറിയുന്നത് പോലെ ജീവനുള്ള ജന്തുക്കളെയും അവയുടെ ഉപയോഗത്തിന് ശേഷം വലിച്ചെറിഞ്ഞു കളയുന്ന രീതിയിലേക്ക് നാം അധപതിക്കാന്‍ പാടില്ല. - പ്ലൂട്ടാര്‍ക്ക്
- നാച്ചുറല്‍ ഹൈജീന്‍      

No comments:

Post a Comment