Tuesday, January 17, 2012

സോസേജ് കഴിച്ചാല്‍ അര്‍ബുദ സാധ്യത വര്‍ധിക്കും


സംസ്‌ക്കരിച്ച മാംസ വിഭവങ്ങള്‍ സ്ഥിരമായി ഉപയോഗിച്ചാല്‍ പാന്‍ക്രിയാറ്റിക് കാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യത ഏറെയാണെന്ന് പഠനം. ദിനംപ്രതി 50 ഗ്രാമുള്ള ഒരു സോസേജോ മറ്റ് സംസ്‌ക്കരിച്ച മാംസ വിഭവങ്ങളോ കഴിച്ചാല്‍ അര്‍ബുദ സാധ്യത 19 ശതമാനം വര്‍ധിക്കുമെന്നാണ് സ്വീഡനിലെ കരോളിന്‍സ്‌ക ഇന്‍സ്റ്റിറ്റിയൂട്ടിലെ ഗവേഷകരുടെ മതം. മാട്ടിറച്ചിയോ സംസ്‌ക്കരിച്ച മാംസവിഭവങ്ങളോ കഴിച്ചാല്‍ ഉദരത്തില്‍ അര്‍ബുദം വരാനുള്ള സാധ്യത ഏറെയാണെന്ന് നേരത്തെതന്നെ ഗവേഷകര്‍ കണ്ടെത്തിയിരുന്നു.

ഏറെ വൈകിമാത്രം തിരിച്ചറിയാന്‍ കഴിയുന്നതാണ് പാന്‍ക്രിയാറ്റിക് കാന്‍സര്‍. നേരത്തെ തിരിച്ചറിയാന്‍ കഴിയാത്തതിനാല്‍ രക്ഷപ്പെട്ടവരുടെ എണ്ണം വളരെ ചുരുക്കവുമാണ്. പുകവലിയും മദ്യപാനവും പൊണ്ണത്തടിയുമൊക്കെയാണ് നേരത്തെ പാന്‍ക്രിയാറ്റിക് കാന്‍സര്‍ വരുന്നതിന് കാരണമായി കണ്ടെത്തിയിരുന്നത്.

ദിനംപ്രതി 100 ഗ്രാം സംസ്‌ക്കരിച്ച മാംസ വിഭവങ്ങള്‍ കഴിക്കുന്നവരില്‍ അര്‍ബുദം വരുന്നതിനുള്ള സാധ്യത 38 ശതമാനമാണ്. 150 ഗ്രാം കഴിച്ചാല്‍ സാധ്യത 57 ശതമാനവുമാകും. മാട്ടിറച്ചിയും സംസ്‌ക്കരിച്ച മാംസ വിഭവങ്ങളും ആഴ്ചയില്‍ 500 ഗ്രാമില്‍ കൂടുതല്‍ കഴിക്കരുതെന്ന് ബ്രിട്ടനിലെ കാന്‍സര്‍ റിസര്‍ച്ചിലെ ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.
www.mathrubhumi.com




1 comment: