Thursday, December 22, 2011

പുതിയ സസ്യാഹാര ചിന്തകള്‍


പോഷണആവശ്യങ്ങള്‍ക്ക് സസ്യാ ഹാരം മതിയാകുമോ? ശുദ്ധ വെജിറ്റേറിയനായ ഒരാളിനെ പുതിയതലമുറ ഏറെ അദ്ഭുതത്തോടെ നോക്കിക്കാണുന്ന ഒരു സ്ഥിതിയാണിന്ന്. വെജിറ്റേറിയനാകുക എന്നതു  വലിയൊരു ബുദ്ധിമുട്ടാണ് എന്ന ധാരണ അതിനു പിന്നിലുണ്ട്. അതേ സമയം സസ്യഭക്ഷണ ആഹാരരീതിയുടെ മേന്‍മകളെക്കുറിച്ച് ലോകമെമ്പാടും ഒരു പുതിയ ആഭിമുഖ്യം തലപൊക്കിത്തുടങ്ങിയിട്ടുമുണ്ട്.

പുതിയ സസ്യാഹാര ചിന്തകള്‍  
സസ്യഭക്ഷണമാണു മാംസഭക്ഷണത്തെക്കാള്‍ ഏറെ മെച്ചം എന്നു പുതിയ പോഷണവിജ്ഞാനം ഇപ്പോള്‍ നമ്മെ നിരന്തരം ഉദ്ബോധിപ്പിച്ചു വരുന്നു. ഇതിന്റെ വെളിച്ചത്തില്‍ ആത്മനിയന്ത്രണം പാലിച്ചു  സസ്യഭക്ഷണശീലം വളര്‍ത്താന്‍ വിദേശങ്ങളില്‍ ശ്രമമുണ്ട്. മുതിര്‍ന്നവരില്‍ മാത്രമല്ല കുട്ടികളിലും മാംസഭക്ഷണ ത്തിനാണു മേന്മ എന്നതാണു  പലരുടേയും ധാരണ. മാംസഭക്ഷണശീലം കുട്ടികളില്‍ വളര്‍ത്തേണ്ടതില്ലെന്നും  സസ്യഭക്ഷണമാണിന്ന് ഏറ്റവും പ്രകീര്‍ത്തിക്കപ്പെടുന്ന തെന്നും ഇക്കൂട്ടരെ കാര്യകാരണസഹിതം പറഞ്ഞുമനസിലാക്കിക്കേണ്ട സ്ഥിതിയാണ്. പലപ്പോഴും തെറ്റായ ധാരണകളുടെ അടിസ്ഥാനത്തില്‍ സസ്യഭുക്കുകള്‍ പോലും അടുത്ത തലമുറയുടെ ഭക്ഷണത്തില്‍ മുട്ടയും മാംസവും കുത്തിത്തിരുകാന്‍ ശ്രമിക്കുന്നു.എന്തിനെന്നോ?  കൂടുതല്‍ ആരോഗ്യത്തിനും കായികശേഷിക്കും ഈ ധാരണ ശരിയാണോയെന്ന് ചിന്തിക്കാം.

വേണം നല്ലൊരു പോഷണവീക്ഷണം  
പോഷണശാസ്ത്രത്തില്‍ പുതിയ അറിവുകള്‍ കൈവരുന്തോറും , ഭക്ഷണവും രോഗവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു കൂടുതല്‍ മനസ്സിലാകുന്തോറും ആധുനിക പാശ്ചാത്യത്യരുടേതില്‍ നിന്നും തികച്ചും വ്യത്യസ്തമായൊരു പോഷണവീക്ഷണം നമുക്കാവശ്യമാണെന്ന അഭിപ്രായം വിദഗ്ധര്‍ക്കിടയില്‍ വളര്‍ന്നുവന്നുകൊണ്ടി രിക്കുന്നു. അന്തരാഷ്ട്രപ്രശസ്തിയുള്ള പോഷണശാസ്ത്രജ്ഞരെല്ലാം തന്നെ പരിഷ്കൃതജനതയുടെ ഇന്നത്തെ ഭക്ഷണരീതി എങ്ങനെ മാറ്റാമെന്ന് ആലോചിച്ച് അമ്പരന്നുനില്‍ക്കുകയാണ്. സംസ്കരിച്ച ഭക്ഷണങ്ങളധികമില്ലാത്തതും സസ്യഭക്ഷണങ്ങള്‍ക്കുമുന്‍തൂക്കം നല്‍കുന്നതുമായ ഒരു ഭക്ഷണചര്യയാണ് ഏറ്റവും അഭികാമ്യമെന്നത്രേ ഇന്നത്തെ ശാസ്ത്രീയ അറിവുകള്‍ വ്യക്തമാക്കുന്നത്.

മാംസാഹാരം അധികമായാല്‍    
ഇന്നു മിക്ക സമ്പന്നരാജ്യങ്ങളിലെയും പോഷകാഹാരപ്രശ്നങ്ങള്‍ ഏതാണ്ടൊന്നുതന്നെയാണ്. ദരിദ്രരാജ്യങ്ങളിലെ പണക്കാരുടെ പ്രശ്നങ്ങളും വ്യത്യസ്തമല്ല. ഇവര്‍ ഓരോ വര്‍ഷവും 250- 300 കിഗ്രാം മാംസം ഭക്ഷിക്കുന്നുണ്ടെന്നാണു കണക്കാക്കിയിട്ടുള്ളത്. മാസംഭക്ഷണം ഇവരുടെ ആരോഗ്യത്തിലെത്രമാത്രം സ്വാധീനം ചെലുത്തുന്നുണ്ടെന്നതിനെക്കുറിച്ചാണു പോഷണശാസ്ത്രജ്ഞരുടെ ആശങ്കയത്രയും. പലതരത്തിലുള്ള അത്യാന്താധുനികരോഗങ്ങള്‍ക്കും ഈ അധികമാംസഭക്ഷണം കാരണമാകുന്നുണ്ട് മനുഷ്യരുടെ സ്വഭാവത്തില്‍പ്പോലും ഇത്തരം ഭക്ഷ്യരീതി മാറ്റം വരുത്തും. 

സസ്യഭുക്കിനു രോഗം കുറവ്  
പെട്ടന്ന് തയാറാക്കാമെന്നതും സംസ്ക്കരിച്ച രീതിയില്‍ ലഭിക്കുമെന്നതുമാണ് കൂടുതല്‍ പേരെ മാംസഹാരത്തിലേക്ക് ആകര്‍ഷിക്കുന്നത്. സമീകൃതമായ സസ്യഭക്ഷണക്രമം ശീലിപ്പിക്കുന്നതിലൂടെ രക്തസമ്മര്‍ദവും കൊളസ്ട്രോള്‍ നിലയും കുറയ്ക്കാനാകുമെന്നു പാശ്ചാത്യരാജ്യങ്ങളില്‍ നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. അതുപോലെ തന്നെ ഹൃദ്രോഗം ,ഉയര്‍ന്നരക്തസമ്മര്‍ദം, ആമാശയാര്‍ബുദം തുടങ്ങിയ രോഗങ്ങള്‍കൊണ്ടു മരിക്കുന്നവരുടെ എണ്ണം സസ്യഭുക്കുകളില്‍ താരതമ്യനേ കുറവാണെന്നും കണ്ടിരിക്കുന്നു. എത്ര പ്രായം ചെന്നവരിലാണെങ്കിലും മാസംഭുക്കുകളെക്കാള്‍ കുറഞ്ഞതോതിലെ രക്തസമ്മര്‍ദം സസ്യഭുക്കുകളില്‍ കാണുന്നുള്ളു. 

അമേരിക്ക, ബ്രിട്ടന്‍ , ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ നടത്തിയ പരീക്ഷണങ്ങളില്‍ രക്താതിസമ്മര്‍ദരോഗികള്‍ക്കു സസ്യഭക്ഷണം മാത്രം നല്‍കിയപ്പോള്‍ അവരുടെ രക്തസമ്മര്‍ദനില പറയത്തക്കവണ്ണം കുറഞ്ഞതായി കാണാന്‍ കഴിഞ്ഞു. എന്നാല്‍ മാംസഹാരങ്ങളിലേക്ക് അവര്‍ മടങ്ങിയപ്പോള്‍ അവരുടെ രക്തസമ്മര്‍ദനില പഴയ തോതിലേക്കു വര്‍ധിക്കുകയും ചെയ്തു. അതുപോലെ രക്തത്തിലെ കൊളസ്ട്രോളിന്റെ തോതും തുടര്‍ച്ചയായുള്ള സസ്യഭക്ഷണംമൂലം കുറയ്ക്കാനായി.

പഴങ്ങളും ഗുണപ്രദം    
പച്ചക്കറികള്‍ക്കൊപ്പം തന്നെ പഴങ്ങള്‍ക്കും ഒരു പ്രധാന റോളുണ്ട്. പഴങ്ങളില്‍ ജീവകം എയും സിയും സോഡിയം , പൊട്ടസ്യം എന്നീ ലവണങ്ങളും സമൃദ്ധമായുണ്ട്. നാടന്‍ പഴങ്ങളൊക്കെ ഇന്ന് അവഗണനയുടെ വക്കിലാണ്. ഉദാ. പേരയ്ക്ക, മാങ്ങ. അവയൊക്കെ നമ്മുടെ ദിനചര്യയുടെ ഭാഗമാക്കണം. വാടിയതും പഴകിയതുമായ പഴങ്ങള്‍ വിപണിയില്‍ നിന്നു വാങ്ങരുത്. വാങ്ങുന്ന പഴങ്ങള്‍ വിനാഗിരി നീരിലോ നാരാങ്ങാനീരിലോ അല്‍പസമയം മുക്കിവച്ച് കഴുകി ഉപയോഗിക്കാം

കാന്‍സറും ഭക്ഷണവും          
കഴിഞ്ഞ പത്തുവര്‍ഷങ്ങള്‍ക്കുള്ളില്‍ നടന്ന ഗവേഷണങ്ങളില്‍ നിന്നു കാന്‍സര്‍ എന്ന രോഗവും ഭാഗികമായി ഭക്ഷണവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നു മനസിലാക്കിയിട്ടുണ്ട്. മാംസാഹാരം ധാരാളം കഴിക്കുന്നവരുടെ ഇടയില്‍ കാണുന്ന വന്‍കുടലിലെ കാന്‍സര്‍ , നാരു കുറവുള്ള ഭക്ഷണം കഴിക്കുന്നതുമൂലമാണുണ്ടാകുന്നത് എന്നു വ്യക്തമാക്കിയിട്ടുണ്ട്.
ഭക്ഷണത്തില്‍ വേണ്ടത്ര നാരുണ്ടായാല്‍ പഴകിയ മലബന്ധം , അര്‍ശസ്, ഹൃദയസ്തംഭനം , കൂടിയ രക്തസമ്മര്‍ദം തുടങ്ങിയ രോഗങ്ങള്‍ ഒഴിവാക്കാമെന്നും സമതുലിതമായ സസ്യഭക്ഷണത്തില്‍ നിന്നു മാത്രമേ ഈ രോഗമോചനം കൈവരികയുള്ളൂവെന്നും മനസ്സിലായിട്ടുണ്ട്. . 

കേരളീയന്റെ തനതു ഭക്ഷണശീലം 
കേരളീയരുടെ ഉച്ചയൂണിലും അത്താഴത്തിലുമെല്ലാം ധാന്യങ്ങളും പയറുകളും പച്ചക്കറികളുമടങ്ങിയിട്ടുണ്ട്. തലമുറകളിലൂടെ പകര്‍ന്നുകിട്ടിയ ഈ ഭക്ഷണചര്യ നാം ഉപേക്ഷിക്കുന്നത് ആത്മഹത്യാപരമാണ്. നമ്മുടെ സാമ്പാര്‍ സ്വാദിഷ്ടമായ ഒന്നാംതരം വെജിറ്റബിള്‍ സൂപ്പിനു തുല്യമാണ്. സമതുലിതവും വ്യഞ്ജനങ്ങള്‍ ചേര്‍ത്തു സ്വാദിഷ്ടമാക്കിയതുമായ ഒന്നാതരം ഒരു കറിയാണത് . തുവരപ്പരിപ്പും മല്ലിപ്പൊടിയും കായവും കറിവേപ്പിലയും മല്ലിയിലയും ഒക്കെ ചേര്‍ത്തുണ്ടാക്കുന്ന ഈ കറി എത്രമാത്രം ഗുണങ്ങള്‍ അടങ്ങിയതാണെന്നു നമ്മില്‍ എത്ര പേര്‍ ചിന്തിച്ചിട്ടുണ്ട്.?തുവരപ്പരിപ്പില്‍ നിന്നും മാംസ്യവും മല്ലിപ്പൊടിയില്‍ നിന്ന് ഇരുമ്പിന്റെ അംശവും കറിവേപ്പില, മല്ലിയില എന്നിവയില്‍ നിന്നും ജീവകം എയും ലവണങ്ങളും മറ്റു ജീവകങ്ങളും ലഭിക്കുന്നു. കായം ആമാശയരസങ്ങളുടെ സ്രവണത്തെ സഹായിക്കുന്നു. ദഹനത്തെ ത്വരിതപ്പെടുത്തുന്നു. ഇഡ്ഡലിയിലും ദോശയിലും മെച്ചപ്പെട്ട മാംസ്യം അടങ്ങിയിട്ടുണ്ട്. കഞ്ഞിയും പയറും പണ്ടു പ്രാതല്‍വിഭവങ്ങളായി ഉപയോഗിച്ചിരുന്നു. ഇതില്‍ നിന്നും ഒന്നാംതരം  മാംസ്യവും ഊര്‍ജവും ഒക്കെ ലഭിക്കുന്നു.

പച്ചക്കറികള്‍ ഉപയോഗിക്കുമ്പോള്‍           
പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി അഴുക്കും കീടനാശിനികളുടെ അംശവും കളയണം. കട്ടിയുള്ള തൊലിയുള്ള പച്ചക്കറികളുടെ പുറം മൃദുവായ ബ്രഷ് ഉപയോഗിച്ചു കഴികുന്നതു നല്ലതാണ്. ചീര, മുരിങ്ങയില തുടങ്ങിയ ഇലക്കറികള്‍ ഒന്നു രണ്ടു മണിക്കൂര്‍ ഉപ്പുവെള്ളത്തില്‍ ഇട്ടുവച്ചശേഷം നല്ല വെള്ളത്തില്‍ കഴികി പാകം ചെയ്യുക. സസ്യഭുക്കുകളാണെങ്കിലും അധികം സംസ്കരിച്ചവയും കൊഴുപ്പുകൂടിയതുമായ ഭക്ഷണസാധനങ്ങള്‍ ഒഴിവാക്കുക. സസ്യഭക്ഷണരീതിയെ പ്രോത്സാഹിപ്പിക്കുന്ന കര്‍ക്കിടകം, വൃശ്ചികം തുടങ്ങിയ മാസങ്ങള്‍  സ്തുത്യര്‍ഹമാണ്.

സസ്യഭക്ഷണവും ,പോഷണകണക്കും          
മൈക്കല്‍ ജാക്സണ്‍ , അമിതാഭ്ബച്ചന്‍ , എ പി ജെ അബ്ദുള്‍ കലാം , പമേല ആന്‍ഡേഴ്സണ്‍ , ജോണ്‍ എബ്രഹാം എന്നിവര്‍ക്ക് പൊതുവായ ഒരു സമാനതയുണ്ട്. ഇവരെല്ലാം തികഞ്ഞ സസ്യഭുക്കുകളാണെന്നതു തന്നെ. നമ്മുടെ ദഹനവ്യവസ്ഥയും പ്രകൃതിദത്തമായ ജന്‍മഗുണങ്ങളും നോക്കിയാല്‍ സസ്യഭക്ഷണമാണ് കൂടുതല്‍ ചേരുക . മറ്റു മൃഗങ്ങളെപ്പോലെ കാഴ്ച, മണം, രുചി എന്നിവയുടെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ സസ്യഭക്ഷണമാണ് സ്വഭാവികമായും ഇഷ്ടപ്പെടുന്നത്. 

പോഷണങ്ങളിലൂടെ ശരീരത്തെ പോഷിപ്പിക്കുകയും അങ്ങനെ ആരോഗ്യം സംരക്ഷിക്കുകയുമാണല്ലോ ഭക്ഷണധര്‍മം. പഴങ്ങള്‍ , ചിലയിനം പച്ചക്കറികള്‍ , കിഴങ്ങുവര്‍ഗങ്ങള്‍ , ധാന്യങ്ങള്‍ എന്നിവയില്‍ നിന്ന് മതിയായ അന്നജവും ഗൂക്കോസും നമുക്കു ലഭിക്കുന്നുണ്ട്. എന്നാല്‍ ശരീരവളര്‍ച്ചയ്ക്കാവശ്യമായ മാംസ്യം (പ്രോട്ടീന്‍)വേണ്ടത്ര സസ്യഭക്ഷണത്തിലുണ്ടോ? മുളപ്പിച്ച പയറുവര്‍ഗങ്ങള്‍ . ഉഴുന്ന്, പഴങ്ങള്‍, പരിപ്പുവര്‍ഗങ്ങള്‍ എന്നിവയിലെല്ലാം മാംസ്യം സമൃദ്ധമായുണ്ട്‌. 

ശരീരകലകളെ സംരക്ഷിക്കാനുള്ള കൊഴുപ്പ്  എള്ള്, നാളികേരം എണ്ണകള്‍  എന്നിവയില്‍ നിന്നു ലഭിക്കുന്നു. ധാതുലവണങ്ങള്‍ , പൊട്ടാസ്യം , മാംഗനീസ് മുതല്‍ സോഡിയം വരെയുള്ള ലവണങ്ങള്‍ ഇവയെല്ലാം തവിടുള്ള ധാന്യങ്ങള്‍ , അണ്ടിവര്‍ഗങ്ങള്‍ ഇവയില്‍ നിന്നു ലഭിക്കുന്നു. സസ്യങ്ങളില്‍ നിന്നു കൂടുതല്‍ കിട്ടുന്നതും മാംസഭക്ഷണത്തില്‍ തീരെ കുറവായതുമായ പോഷണമാണു ഭക്ഷ്യനാരുകള്‍. കുടലിന്റെ ചലനം സുഗമാക്കി മലശോധന ഉറപ്പുവരുത്തുകയാണ് ഇവയുടെ ധര്‍മം. അധിക ഗൂക്കോസ് , കൊളസ്ട്രോള്‍ എന്നിവ കുറയ്ക്കാനും അമിതവണ്ണം തടയാനും നാരുകള്‍ക്കു കഴിയും. പയര്‍ , ഇലവര്‍ഗങ്ങള്‍ , പഴങ്ങള്‍ , തവിടുകളയാത്ത അരി എന്നിവയില്‍ നാരുകള്‍ ധാരാളമുണ്ട്. മൈദ തുടങ്ങിയവയിലാകട്ടെ നാരുകള്‍ ഒട്ടുമില്ല. 
-ഡോ. കെ മാലതി, പോഷകാഹാര വിദഗ്ധ, തിരുവനന്തപുരം
ഇന്ദു നാരായണ്‍
മറ്റു വിവരങ്ങള്‍ക്കു കടപ്പാട്
എന്‍. വെങ്കിടപോറ്റി കോട്ടയം
www.manoramaonline.com

2 comments:

  1. Nuts and beans (parippu, payar, kadala, cashiew, badam etc.) is high producive gas troubles... any solution?

    ReplyDelete
  2. payar, kadala enniva mulappicha sesham karivechu kazhikkuka. apol gyas undaavilla. cashew, badam enniva oru divasam naalennam maathrame kazhikkaan padullu. parippinte upoyogam kurakkaan sramikkuka.

    ReplyDelete