Saturday, December 17, 2011

ക്രിസ്മസ് മാംസരഹിതമാകട്ടെ


ലോകരക്ഷകനായ യേശുക്രിസ്തുവിന്റെ ഈ വര്‍ഷത്തെ ജന്മദിനാഘോഷം മറ്റു ജീവികളുടെ രക്തം ചിന്തി ആകാതിരിക്കട്ടെ. അരുമനാഥന്റെ ജനനത്തില്‍ തന്റെ മാതാപിതാക്കളോടൊപ്പം സാക്ഷികളാകുവാന്‍ ദൈവം അനുവദിച്ച കന്നുകാലികളുടെയും സ്വര്‍ഗീയ സൈന്യത്തിന്റെ സമാധാന സന്ദേശമുള്‍ക്കൊള്ളുന്ന ആദ്യ കരോള്‍ ഗീതം ഇടയന്‍മാരോടൊപ്പം ശ്രവിക്കുവാന്‍ ഭാഗ്യം ലഭിച്ച ആടുകളുടെയും ജീവനില്‍ ദൈവത്തിനു കരുതലുണ്ട്. നമ്മുടെ ജീവന്‍ പോലെ തന്നെ വിലയുള്ള മറ്റു ജീവികളുടെ ശവ ശരീരങ്ങള്‍ ഈ വര്‍ഷത്തെ നമ്മുടെ ക്രിസ്തുമസ് ഭക്ഷണമേശ അലങ്കരിക്കുവാന്‍ ഉപയോഗിച്ചുകൂടാ 

ഒരു കിലോ മാംസം ഉല്‍പ്പാദിപ്പിക്കുവാന്‍ ഇരുപതു കിലോ ധാന്യം ആവശ്യമാണ്‌. ഇരുപതു സസ്യാഹാരികള്‍ക്ക് ആവശ്യമായ ഭക്ഷണം ഉല്‍പ്പാദിപ്പിക്കുന്ന സ്ഥലത്ത് നിന്നും ഒരു മാംസാഹാരിക്കാവശ്യമായ മാംസം മാത്രമേ ഉത്പാദിപ്പിക്കുവാന്‍ സാധിക്കൂ. ഇന്ന് ഈ കൊച്ചു ഭൂമിയില്‍ 1000 കോടി ജനങ്ങള്‍ക്ക്‌ ഭക്ഷിക്കുവാന്‍ ആവശ്യമായ ഭക്ഷണം ഉല്‍പ്പാദിപ്പിക്കുവാനുള്ള കൃഷി ഭൂമി ലഭ്യമാണ്. 700 കോടി ജനങ്ങള്‍ മാത്രമുള്ള ഈ ഭൂമിയില്‍ അതേ സമയം ഇന്ന് 100 കോടി ജനങ്ങള്‍ പട്ടിണിയിലുമാണ്. ഉല്‍പ്പാദിപ്പിക്കുന്ന ധാന്യത്തില്‍ ഏറിയ പങ്കും ഫാമുകളിലെ മാംസ ഉല്‍പ്പാദനത്തിനു വേണ്ടി ഉപയോഗിക്കുന്നതിനാലാണ് ഈ പ്രതിഭാസം.

Regional Cancer Center ന്റെ രെജിസ്റ്റെര്‍ പ്രകാരം ജന്തുജന്യ ആഹാരം അമിതമായി ഉപയോഗിക്കുന്ന സമൂഹങ്ങളിലാണ്‌, കേരളത്തില്‍ പ്രത്യേകിച്ചും ക്രൈസ്തവ സമൂഹത്തില്‍, കാന്‍സര്‍ രോഗത്തിന്റെ ആധിക്യം കാണുന്നത്. ഇന്ന് സമൂഹത്തെ കാര്‍ന്നു തിന്നു കൊണ്ടിരിക്കുന്ന പ്രമേഹം, ഹൃദ്രോഗം, എല്ല് രോഗങ്ങള്‍ ഇവയുടെയും സ്ഥിതി വ്യത്യസ്തമല്ല.

മത്സ്യ മാംസാദികള്‍ വര്‍ജിക്കാന്‍ തുടങ്ങുമ്പോള്‍ തന്നെ മദ്യത്തോടും മയക്കുമരുന്നിനോടുമുള്ള ആസക്തി കുറയുന്നതായി ഞങ്ങളുടെ കഴിഞ്ഞ 25 വര്‍ഷത്തെ ഈ രംഗത്തുള്ള അനുഭവം പഠിപ്പിക്കുന്നു. മദ്യം ഉപേക്ഷിക്കുവാന്‍ ജനങ്ങളോട് ആഹ്വാനം ചെയുന്ന സഭാ നേതാക്കള്‍ മത്സ്യ മാംസാദികള്‍ വര്‍ജ്ജിക്കുകയും അതിനു സഭാന്ഗങ്ങളെ പ്രേരിപ്പിക്കുകയും ചെയുക. മദ്യമെന്ന മഹാവിപത്തില്‍ നിന്നും നമ്മുടെ നാട് രക്ഷപ്പെടും.  

മത്സ്യ  മാംസാദികള്‍ വര്‍ജ്ജിക്കുമ്പോള്‍ മാനസിക രോഗങ്ങള്‍ക്കും പിരി മുറുക്കത്തിനും പോലും പൂര്‍ണ മുക്തി നേടുന്നതായും ഞങ്ങളുടെ അനുഭവത്തില്‍ കാണുന്നു. കൊന്നു തിന്നുമ്പോള്‍ ഒരുവന്റെ മനസ് ക്രൂരമാകുന്നു. എന്തിനും മടിക്കാത്തവരുടെ സമൂഹത്തില്‍ ബന്ധങ്ങള്‍ തകരുന്നു. അസ്വസ്ഥതയും ക്രിമിനല്‍ വാസനയും വര്‍ധിക്കുന്നു. ഇതിനും ക്രൈസ്തവ സമൂഹം ഒരു അപവാദമല്ല. അപഹാസ്യമായ രീതിയില്‍ ജീര്‍ണ്ണിച്ചു കൊണ്ടിരിക്കുന്ന നമ്മുടെ സമൂഹത്തിന്റെ ഉദ്ധാരണത്തിന് അടിസ്ഥാന പരമായി നമ്മുടെ ഭക്ഷണ സംസ്കാരത്തില്‍ മാറ്റമുണ്ടാകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്‌.

യെശയാ പ്രവാചകന്‍ മിശിഹായുടെ കാലത്തെ സംബന്ധിച്ച് കണ്ട ദര്‍ശനം, ചെന്നായും കുഞ്ഞാടും ഒരുമിച്ചു മേയും; സിംഹം കാള എന്നാ പോലെ വൈക്കോല്‍ തിന്നും.... എന്റെ വിശുദ്ധപര്‍വതത്തില്‍ എങ്ങും ഒരു ദോഷമോ നാശമോ ആരും ചെയുകയില്ല. നമ്മുടെ കാലഘട്ടത്തിലെങ്ങിലും യാഥാര്‍ത്യബോധമുള്ളതാനെന്നു ലോകത്തിനു മാതൃക കാണിച്ചുകൊടുക്കേണ്ട ചുമതല നമുക്കുണ്ടെന്ന് ഓര്മ്മിക്കുക. ഏതന്‍തോട്ടത്തിലെ സസ്യാഹാര അനുഭവത്തിലേക്ക് മടങ്ങേണ്ടത് ഈ കൊച്ചു ഭൂമിയുടെ ആവാസവ്യവസ്ഥയുടെ നിലനില്‍പ്പിനു അത്യന്താപേക്ഷിതമാണെന്നുള്ള തിരിച്ചറിവാണ് ഇപ്രകാരമുള്ള ഒരു ആഹ്വാനത്തിന് ഞങ്ങളെ പ്രേരിപ്പിച്ചത്.

"മുട്ടാടുകളെക്കൊണ്ടുള്ള ഹോമയാഗവും തടിപ്പിച്ച മൃഗങ്ങളുടെ മേദസും കൊണ്ട് എനിക്ക് മതി വന്നിരിക്കുന്നു. കാളകളുടെയോ, കുഞ്ഞാടുകളുടെയോ കൊലാട്ടുകൊറ്റന്മാരുടെയോ രക്തം എനിക്ക് ഇഷ്ടമല്ല....നിങ്ങളുടെ അമാവാസികളെയും ഉത്സവങ്ങളെയും ഞാന്‍ വെറുക്കുന്നു."(യെശ. 1: 1113)
- ജീവന്‍ദയാവേദി  

1 comment: