Thursday, July 28, 2011

ഗാന്ധിജിയുടെ ഭക്ഷണപരീക്ഷണങ്ങള്‍


സത്യത്തെ അന്വേഷിച്ചുകൊണ്ടുള്ള പരീക്ഷണങ്ങളായിരുന്നു ഗാന്ധിജിയുടെ ജീവിതത്തില്‍ പ്രധാനമായത്. സത്യം എന്നാല്‍ ശരിയായത് എന്നാണല്ലോ. ഇന്ത്യയിലെ പരിതസ്ഥിതികള്‍ അനുസരിച്ചുള്ള ഭരണസംവിധാനം, അന്യമതസ്ഥരോടുള്ള സമീപനം, സമരമുറകള്‍, ആരോഗ്യസമ്പാദനത്തിനു യോജിച്ച ഭക്ഷണരീതി തുടങ്ങിയ വിഷയങ്ങളിലെല്ലാം ശരിയായത് പരീക്ഷണങ്ങളിലൂടെ മനസ്സിലാക്കുന്നതിലായിരുന്നു അദ്ദേഹത്തിന് എപ്പോഴും താല്‍പര്യം.

ശരിയായ ഭക്ഷണക്രമത്തെപ്പറ്റി പഠനം നടത്തുവാനുള്ള അവസരം ഗാന്ധിജിക്ക് ആദ്യമായി ലഭിച്ചത് ഇംഗ്ലണ്ടിലേക്കുള്ള യാത്രയിലായിരുന്നു. മെട്രിക്കുലേഷന്‍ പാസ്സായശേഷം ബാരിസ്റ്ററാകാനുള്ള ലക്ഷ്യവുമായി ഉപരിപഠനത്തിന് ഇംഗ്ലണ്ടിലേക്ക് പോകാന്‍ തീരുമാനിക്കുകയായിരുന്നു. തലമുറകളായി മാം സഭക്ഷണം കഴിക്കാത്തവരായിരുന്നു അദ്ദേഹത്തിന്റെ സമുദായക്കാര്‍. ഇംഗ്ലണ്ടിലെ കാലാവസ്ഥയില്‍ മാംസഭക്ഷണം ഒഴിവാക്കാന്‍ പ്രയാസമായിരിക്കുമെന്നു പറഞ്ഞ് ആ യാത്രയെ മിക്ക ബന്ധുജനങ്ങളും ശക്തിയായി എതിര്‍ത്തു. ഒടുവില്‍ മദ്യം, മാംസം, പരസ്ത്രീ എന്നിവ തൊടുകപോലും ചെയ്യാതെ വര്‍ജിക്കു മെന്നു പ്രതിജ്ഞയെടുത്തതിനു ശേഷമാണ് യാത്രയ്ക്ക് അമ്മയുടെ അനുവാദം ലഭിച്ചത്.

യാത്രയില്‍ കപ്പലില്‍വെച്ചും ഇംഗ്ലണ്ടില്‍ എത്തിയശേഷവും പ്രതിജ്ഞ നിറവേറ്റുവാന്‍ അത്യധികം കഷ്ടപ്പെടേണ്ടിവന്നു. ഉദ്ദേശിച്ച ഭക്ഷണം ലഭിക്കാതെ ഒന്നോ രണ്ടോ റൊട്ടിക്കഷണം കൊണ്ട് പലപ്പോഴും തൃപ്തിപ്പെടേണ്ടിവന്നു. പലഭാഗത്തുനിന്നും പരിഹാസവാക്കുകളും ശകാരങ്ങളും കേള്‍ക്കേണ്ടിയും വന്നു. അജ്ഞയായ അമ്മയുടെ അടുത്ത് ഇംഗ്ലണ്ടിലെ അവസ്ഥയറിയാതെ നടത്തിയ പ്രതിജ്ഞക്ക് യാതൊരു പ്രാധാന്യവും കല്‍പിക്കേണ്ടതില്ലെന്ന് സ്നേഹബുദ്ധ്യാ പല സുഹൃത്തുക്കളും പറയുകയുണ്ടായി. യോജിച്ച ഭക്ഷ്യവസ്തുക്കള്‍ കിട്ടാതെ ആരോഗ്യം ക്ഷയിച്ച്, മനംമടുത്ത് പഠനം മതിയാക്കി നാട്ടിലേക്കു തിരിച്ചുപോകാന്‍ ഇടവരുമോ എന്ന് സുഹൃത്തുക്കള്‍ ഭയപ്പെട്ടിരുന്നു. ഗാന്ധിജിയാണെങ്കില്‍ മാംസഭക്ഷണത്തോട് വെറുപ്പുള്ള ആളുമായിരുന്നില്ല.

സ്‌കൂള്‍പഠനകാലത്ത് ഒരു സുഹൃത്തിന്റെ വാദഗതി അദ്ദേഹത്തിന്റെ മനസ്സില്‍ ആഴത്തില്‍ പതിച്ചിരുന്നു. വിദേശീയരെ എതിര്‍ത്ത് സ്വാതന്ത്ര്യം നേടണമെങ്കില്‍ അതിനുള്ള കായികശക്തി എല്ലാവരും നേടേണ്ടതുണ്ടെന്നും അത് മാംസഭക്ഷണം കൊണ്ടു മാത്രമേ ലഭിക്കുകയുള്ളൂ എന്നുമായിരുന്നു വാദം. ആ ന്യായവാദത്തില്‍ ബാലനായ ഗാന്ധിജിയുടെ മനസ്സ് പതറിപ്പോയതില്‍ അത്ഭുതപ്പെടാനില്ല. അമ്മയോടു ചെയ്ത പ്രതിജ്ഞ മാത്രമായിരുന്നു ആ ഭക്ഷണരീതി സ്വീകരിക്കുന്നതിനു തടസ്സമായി നിന്നിരുന്നത്.

അമ്മയെ ധിക്കരിക്കുകയെന്നത് അചിന്ത്യമായിരുന്നു. അങ്ങനെ പട്ടിണി കിടക്കുക മാത്രമല്ല പലപ്പോഴും അപമാനിക്കപ്പെട്ട സ്ഥിതിയില്‍ എത്തിച്ചേരുകയും ചെയ്തു അദ്ദേഹം. ഒരു റസ്റ്റോറന്റിലേക്ക് സുഹൃത്ത് കൊണ്ടുപോയപ്പോള്‍ ആദ്യം സൂപ്പ് കൊണ്ടുവന്നു. അതില്‍ മാംസഭക്ഷണം അടങ്ങിയിരിക്കുമോ എന്നു പരിചാരകനോടു സംശയം തീര്‍ക്കാന്‍ മുതിര്‍ന്നപ്പോള്‍ ക്ഷുഭിതനായ സുഹൃത്ത് മര്യാദക്കു പെരുമാറാന്‍ കഴിയാത്തവര്‍ തന്റെ കൂടെ ഇരിക്കേണ്ടതില്ലെന്നു പറഞ്ഞ് ഇറക്കിവിടുകയുണ്ടായി. ഇത്തരം സംഭവങ്ങള്‍ പലപ്പോഴും വലിയതോതില്‍ മാനസിക വിഷമങ്ങള്‍ ഉണ്ടാക്കിയിരുന്നു.

രണ്ടുമൂന്നു മാസങ്ങള്‍ക്കുശേഷം ദൈവാനുഗ്രഹം പോലെ ഒരു സസ്യഭക്ഷണശാല കണ്ടെത്തിയപ്പോള്‍ അത്യധികം കൊതിച്ച ഒരു വസ്തുവിനെ കിട്ടിയാല്‍ ഒരു കുട്ടിക്കുണ്ടാകുന്ന ആഹ്ലാദമായിരുന്നു ഗാന്ധിജിക്ക്. അവിടെ വില്‍പനക്കായി വെച്ചിരുന്ന 'സസ്യഭക്ഷണത്തിനുള്ള ആഹ്വാനം' എന്ന പുസ്തകം അദ്ദേഹം വാങ്ങി. സാള്‍ട്ടിന്റെ ആ പുസ്തകം ഒരു വേദപുസ്തകമായി മാറുകയും ജീവിതത്തിലെ ഒരു വഴിത്തിരിവിന്നു നിമിത്തമാവുകയും ചെയ്തു. അതില്‍ പറഞ്ഞ ആശയങ്ങള്‍ ഉള്‍ക്കൊണ്ട് പൂര്‍ണവിശ്വാസമുള്ള ഒരു സസ്യഭുക്കായി മാറുകയായിരുന്നു.

ഏതുനിലയിലും ആരോഗ്യത്തിന് ഉചിതമായത് സസ്യഭക്ഷണമാണെന്നു പൂര്‍ണബോധ്യം വരികയും അമ്മയോടു ചെയ്ത പ്രതിജ്ഞ ഒരു അനുഗ്രഹമായി തോന്നുകയും ചെയ്തു. 'ആഹാരത്തിന്റെ നീതിശാസ്ത്രം' എന്ന ഹവാസ് വില്യംസിന്റെ പുസ്തകത്തില്‍ പൈത്തഗോറസും യേശുദേവനും അടക്കം എല്ലാ തത്വജ്ഞാനികളും പ്രവാചകന്മാരും സസ്യഭുക്കുകളായിരുന്നു എന്ന് പ്രത്യേകം പ്രതിപാദിച്ചിരുന്നു.

ഇത്തരം അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഭക്ഷണപരീക്ഷണങ്ങള്‍ക്ക് ജീവിതത്തില്‍ പ്രമുഖ സ്ഥാനം ലഭിക്കുകയുണ്ടായി. ആരോഗ്യത്തിനു ഗുണകരമല്ലെന്നു തോന്നിയതിനാല്‍ വീട്ടില്‍നിന്ന് അയച്ചുകിട്ടിയിരുന്ന മധുരപലഹാരങ്ങള്‍ ഉപയോഗിക്കാതെയായി.

മസാല ചേര്‍ക്കാതെ വേവിച്ച ഇലക്കറികള്‍ ഇഷ്ടപ്പെടുവാനും തുടങ്ങി. കാപ്പി, ചായ എന്നിവ ഒഴിവാക്കി പകരം കൊക്കൊ ഉപയോഗിക്കാനും തയ്യാറായി. ഇംഗ്ലണ്ടില്‍ മാംസഭക്ഷണമായി കണക്കാക്കപ്പെടാത്ത മുട്ട, സസ്യഭക്ഷണശാലകളിലെ ചില വിഭവങ്ങളില്‍ സ്ഥാനംപിടിച്ചിരുന്നു. അമ്മയുടെ ദൃഷ്ടിയില്‍ മുട്ട മാംസഭക്ഷണമാകയാല്‍ തനിക്കിഷ്ടമായിരുന്ന പല വിഭവങ്ങളും ഒഴിവാക്കാന്‍ ഗാന്ധിജി നിര്‍ബന്ധിതനായി. ആരോഗ്യകരമായ ഭക്ഷണം കഴിച്ചിരുന്നതിനാലും ദിവസേന കുറേദൂരം നടക്കുക ശീലമാക്കിയിരുന്നതിനാലും പൂര്‍ണാരോഗ്യത്തോടെ ഇംഗ്ലണ്ടിലെ പഠനം പൂര്‍ത്തിയാക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.

പാല്‍ ഉപേക്ഷിക്കുന്നു
തെക്കേ ആഫ്രിക്കയില്‍ ടോള്‍സ്റ്റോയി ഫാമില്‍ വെച്ച് ആവശ്യമുള്ള വസ്തുവല്ലെന്ന നിലയില്‍ പാലും ഉപേക്ഷിച്ചു. അവിടെ കായ്കനികള്‍ ധാരാളം ലഭിച്ചത് വലിയ അനുഗ്രഹമായി. വേവിക്കേണ്ട ആവശ്യമേ തോന്നിയില്ല. പച്ച നിലക്കടല, പഴവര്‍ഗങ്ങള്‍ എന്നിവയായിരുന്നു പ്രധാന ഭക്ഷണം. ആത്മനിയന്ത്രണത്തിന് ഉപാധിയായി അദ്ദേഹം ഉപവാസവും തുടങ്ങി. കുട്ടിക്കാലത്ത് അമ്മ ഏകാദശീവ്രതം തുടങ്ങിയവ ആചരിക്കുമ്പോള്‍ അനുകരിക്കാറുണ്ടായിരുന്നത് അമ്മയെ സന്തോഷിപ്പിക്കാന്‍ മാത്രമായിരുന്നു.

ശാരീരികവും ആത്മീയവുമായി ശക്തി സംഭരിക്കാനുള്ള ഒരു മാര്‍ഗമായി ഉപവാസത്തെ കണ്ടുതുടങ്ങിയത് പിന്നീടാണ്. തെറ്റുകള്‍ക്ക് പ്രായശ്ചിത്തമെന്ന നിലയിലും ഉപവാസം ഉപയോഗപ്രദമായി തോന്നി. ഒരവസരത്തില്‍ ആശ്രമത്തിലെ രണ്ട് അംഗങ്ങള്‍ സദാചാര ലംഘനം നടത്തിയെന്നു കേട്ടപ്പോള്‍ അദ്ദേഹം നടുങ്ങിപ്പോയി. താന്‍ അനുഭവിക്കുന്ന മനോവേദനയും അവര്‍ ചെയ്ത തെറ്റിന്റെ കാഠിന്യവും മനസ്സിലാക്കിക്കൊടുക്കാന്‍ ഏകമാര്‍ഗം തക്കതായ പ്രായശ്ചിത്തം അനുഷുിക്കുക മാത്രമാണെന്ന് അദ്ദേഹത്തിന്റെ മനസ്സില്‍ തോന്നി. ഏഴുദിവസത്തെ ഉപവാസമായിരുന്നു പ്രായശ്ചിത്തം. അത് എല്ലാവരെയും വേദനിപ്പിക്കാന്‍ മാത്രമല്ല, തെറ്റിന്റെ ഭയാനകത മനസ്സിലാക്കിക്കൊടുക്കാന്‍ ഇടവരുത്തുകയും ചെയ്തു. മറ്റൊരവസരത്തില്‍ 14 ദിവസത്തെ ഉപവാസവും ആചരിക്കുകയുണ്ടായി.

അത് മറ്റുള്ളവരുടെ മനസ്സുകളില്‍ ഉണ്ടാക്കിയ ചലനങ്ങളുടെ തീവ്രത കണക്കാക്കിയാല്‍ താന്‍ ഏറ്റെടുത്ത ത്യാഗത്തിന്റെ മാത്ര വളരെ ചെറുതാണെന്നായിരുന്നു ഗാന്ധിജിയുടെ അഭിപ്രായം.
തുടര്‍ച്ചയായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ആന്തരികാവയവങ്ങള്‍ക്ക് വിശ്രമം കൊടുക്കുകയെന്നതാണ് ഉപവാസം കൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത്. ആന്തരികവും മാനസികവും ശാരീരികവുമായ വിശ്രമം അനുഭവപ്പെടുകയും ശരീരത്തിനുള്ളില്‍ കെട്ടിക്കിടക്കുന്ന മലിനവസ്തുക്കള്‍ പുറത്തുകളഞ്ഞ് ശരീരത്തെ ശുദ്ധമാക്കുകയും ചെയ്യുന്നു

ഈ കാര്യങ്ങള്‍ക്കെല്ലാം പുറമെ മറ്റു പല നേട്ടങ്ങളും ഉപവാസമെന്ന ആത്മത്യാഗം കൊണ്ട് കൈവരിക്കുവാന്‍ കഴിയുമെന്ന് സ്വാനുഭവങ്ങളില്‍ കൂടി ഗാന്ധിജി തെളിയിച്ചിട്ടുണ്ട്.
രാഷ്ട്രീയ ജീവിതത്തില്‍ അദ്ദേഹത്തിനുണ്ടായ ചില അനുഭവങ്ങള്‍ പരിശോധിക്കാം.

1915ല്‍ അഹമ്മദാബാദിലെ മില്‍തൊഴിലാളികള്‍ അക്രമം പ്രവര്‍ത്തിച്ചപ്പോള്‍ അവര്‍ക്ക് തെറ്റു മനസ്സിലാക്കിക്കൊടുക്കാന്‍ മൂന്നുദിവസത്തെ ഉപവാസം അനുഷുിക്കുകയുണ്ടായി. ഇന്ത്യയില്‍ എത്തിയശേഷം ആദ്യത്തെതായിരുന്നു അത്. ഉദ്ദേശിച്ച ഫലം ഉണ്ടാവുകയും ചെയ്തു. സര്‍ക്കാരിനെതിരെ നിയമലംഘന പ്രസ്ഥാനം നയിച്ചപ്പോള്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ടു. രോഗഗ്രസ്തനായ ഗാന്ധിജി പിന്നീട് വിട്ടയക്കപ്പെട്ടു. തുടര്‍ന്ന് വര്‍ഗീയലഹളകള്‍ പൊട്ടിപ്പുറപ്പെട്ടപ്പോള്‍ സമുദായമൈത്രി സ്ഥാപിക്കുവാന്‍ 1924ല്‍ ഡല്‍ഹിയില്‍ മുഹമ്മദലിയുടെ ഭവനത്തില്‍വെച്ച് 21 ദിവസത്തെ നിരാഹാരം നടത്തി. താല്‍ക്കാലികമായെങ്കിലും ജനങ്ങള്‍ തെറ്റ് മനസ്സിലാക്കുകയും ലഹളകള്‍ക്ക് ശമനമുണ്ടാവുകയും ചെയ്തു.

മറ്റൊരവസരത്തില്‍ രാഷ്ട്രീയ നേതാക്കന്മാര്‍ ജയിലില്‍ കിടക്കുന്ന സമയത്ത് അവര്‍ണര്‍ക്ക് പ്രത്യേക നിയോജകമണ്ഡലങ്ങള്‍ നല്‍കാനുള്ള പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഹിന്ദുസമുദായത്തെ വിഭജിക്കാനുള്ള തന്ത്രമായാണ് ഗാന്ധിജി ആ തീരുമാനത്തെ കണ്ടത്. സ്വന്തം ജീവനെ ബലിയര്‍പ്പിച്ചും ആ ഉദ്യമത്തെ എതിര്‍ക്കുവാന്‍ അദ്ദേഹം തീരുമാനിച്ചു. അങ്ങനെ 1932ല്‍ യര്‍വാദ ജയിലില്‍ വെച്ച് മരണംവരെ ഉപവസിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചു. ലോകരാഷ്ട്രങ്ങളെ മുഴുവന്‍ ആകര്‍ഷിച്ച സംഭവമായിരുന്നു അത്. ഭരണാധികാരികള്‍ ഉള്‍പ്പെടെ എല്ലാ വിഭാഗക്കാരും വലിയ പരിഭ്രാന്തിയിലായി. ഏതുവിധേനയും ഗാന്ധിജിയുടെ ജീവന്‍ രക്ഷിക്കണമെന്ന മുറവിളി എല്ലാ ഭാഗത്തുനിന്നും പൊങ്ങിവന്നു. ദീര്‍ഘമായ ചര്‍ച്ചകള്‍ക്കുശേഷം അവര്‍ണരുടേയും സവര്‍ണരുടേയും നേതാക്കള്‍ ഒത്തുചേര്‍ന്നു യോജിച്ചൊരു തീരുമാനത്തിലെത്തിച്ചേര്‍ന്നു. അതാണ് ചരിത്രപ്രസിദ്ധമായ പൂനാ കരാര്‍. ബ്രിട്ടീഷ് പ്രധാനമന്ത്രി ആ തീരുമാനം അംഗീകരിച്ചതോടെ ഗാന്ധിജി ഉപവാസം അവസാനിപ്പിച്ചു.


1939ല്‍ രാജേ്കാട്ടില്‍ നാടുവാഴിയും നാട്ടുകാരും ഇടഞ്ഞ് അസ്വാസ്ഥ്യങ്ങള്‍ വര്‍ധിച്ചപ്പോള്‍ ജനങ്ങളുടെ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനായി മരണം വരെ ഉപവാസം തുടങ്ങി. വരാന്‍ പോകുന്ന ആപത്ത് മനസ്സിലാക്കി വൈസ്രോയി ഇടപെട്ട് നാലുദിവസത്തിനകം നിരാഹാരം അവസാനിപ്പിക്കുകയായിരുന്നു.
1942ല്‍ ക്വിറ്റിന്ത്യാ പ്രമേയം പാസ്സാക്കിയശേഷം കോണ്‍ഗ്രസിനെ നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിക്കുകയുണ്ടായി. പ്രവര്‍ത്തകര്‍ക്കെതിരെ മര്‍ദ്ദനമുറകള്‍ അഴിച്ചുവിടുകയും ചെയ്തിരുന്നു. അതില്‍ പ്രതിഷേധിച്ച് പൂനയിലെ ആഗാഖാന്‍ കൊട്ടാരത്തില്‍ 21 ദിവസത്തെ നിരാഹാരം നടത്തി. 74ാം വയസ്സില്‍ ആരോഗ്യം തീരെ തൃപ്തികരമല്ലാത്ത സ്ഥിതിയിലായിരുന്നു ആ പ്രഖ്യാപനം.

സര്‍ക്കാറിനെതിരെ എല്ലാ ഭാഗത്തുനിന്നും എതിര്‍പ്പുകളുണ്ടായിട്ടും എക്‌സിക്യൂട്ടീവ് കൗണ്‍സിലില്‍ നിന്നു സര്‍ക്കാറിനെ സാധാരണ അനുകൂലിക്കാറുള്ള പല മെമ്പര്‍മാരും രാജിവെക്കുക പോലും ചെയ്തിട്ടും സര്‍ക്കാര്‍ അനങ്ങിയില്ല. പല സന്ദര്‍ഭങ്ങളിലും ആരോഗ്യനില വളരെ വഷളായിരുന്നുവെങ്കിലും ആത്മീയശക്തിയും ദൈവശക്തിയും തുണക്കെത്തിയതിനാല്‍ അദ്ദേഹം രക്ഷപ്പെടുകയാണുണ്ടായത്. ഇന്ത്യന്‍ പ്രശ്‌നത്തെ ലോകദൃഷ്ടിയില്‍ കൊണ്ടുവരാന്‍ പര്യാപ്തമായിരുന്നു ഈ നിരാഹാര സമരം.

സ്വാതന്ത്ര്യം നേടിയതിനു ശേഷവും ഉപവാസസമരം വേണ്ടിവന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടായിരുന്നു

1948ല്‍ ഘാതകന്റെ വെടിയേറ്റ് ജീവത്യാഗം ചെയ്തതിന്റെ ഏതാനും ദിവസങ്ങള്‍ക്കു മുമ്പായിരുന്നു ആ സംഭവം. ഇന്ത്യാ വിഭജനത്തെ തുടര്‍ന്ന് സംഘട്ടനങ്ങള്‍ വളരെ വര്‍ധിച്ചതോതില്‍ നടക്കുകയായിരുന്നു. നേതാക്കന്മാരുടെ ആഹ്വാനം ചെവിക്കൊള്ളാന്‍ ജനം തയ്യാറല്ലാത്ത സ്ഥിതി. ആ ഘട്ടത്തിലാണ് മഹാത്മജി സാമുദായിക സൗഹാര്‍ദ്ദം വളര്‍ത്തുവാനായി അനിശ്ചിതമായ ഉപവാസത്തിനൊരുമ്പെട്ടത്. ആറാംദിവസം തന്നെ വിവിധ സമുദായങ്ങളില്‍ പെട്ട നേതാക്കന്മാരും ഭരണകൂടത്തിലെ ഉയര്‍ന്ന വ്യക്തികളും ഗാന്ധിജി ആവശ്യപ്പെട്ട ഉറപ്പുകള്‍ നല്‍കിയതിനാല്‍ ഉത്കണുാകുലരായ ജനങ്ങള്‍ക്ക് ആശ്വാസമേകിക്കൊണ്ട് ഉപവാസം അവസാനിപ്പിച്ചു.

ഗാന്ധിജി നടത്തിയ നിരാഹാര സമരങ്ങളെ പറയുമ്പോള്‍ മറ്റൊരു സംഭവം ഓര്‍മയില്‍ വരികയാണ്. ആന്ധ്ര സംസ്ഥാന രൂപീകരണത്തിനായി പോറ്റി ശ്രീരാമുലു നടത്തിയ ഐതിഹാസിക സമരം. അദ്ദേഹം ആരംഭിച്ച മരണം വരെയുള്ള നിരാഹാര സമരം അക്ഷരാര്‍ത്ഥത്തില്‍ അങ്ങനെതന്നെ കലാശിക്കുകയാണുണ്ടായത്. അദ്ദേഹത്തിന്റെ മരണവാര്‍ത്ത അറിഞ്ഞ ഉടനെ സംസ്ഥാന രൂപീകരണത്തിനുള്ള അനുമതി സര്‍ക്കാര്‍ പ്രഖ്യാപിക്കുകയുണ്ടായി. അദ്ദേഹം ഇഞ്ചിഞ്ചായി മരണത്തിലേക്ക് നടക്കുമ്പോള്‍ അതിന്റെ അലയൊലികള്‍ ജനഹൃദയങ്ങളില്‍ ഉയര്‍ന്നു. ഒരാള്‍ നടത്തിയ സമരം ഒരു ബഹുജനസമരത്തിന്റെ പ്രതീതി ഉളവാക്കുകയായിരുന്നു. രാഷ്ട്രീയനേതാക്കള്‍ മാസങ്ങളോളം സമരം നടത്തിയിട്ടും സാധിക്കാത്തത് ഒരു വ്യക്തിയുടെ ആദര്‍ശധീരമായ ജീവത്യാഗം കൊണ്ടുനേടുവാന്‍ കഴിഞ്ഞുവെന്നത് ഒരു ചരിത്രസത്യമായി അവശേഷിക്കുന്നു.
സി. കൃഷ്ണന്‍ മൂസ്സ്
'തുളസി', വെസ്തില്‍, കോഴിക്കോട്
അവലംബം:
മാതൃഭൂമി ആരോഗ്യമാസിക
www.mathrubhumi.com

No comments:

Post a Comment