Sunday, July 17, 2011

ഇളനീരിന്റെ കരുത്തില്‍ ഏഷ്യാഡിലേക്ക്



ഇളനീരിന്റെ കരുത്തില്‍ ബാലകൃഷ്ണന്‍ പാലായി ഒാടിയപ്പോള്‍ എത്തിയത് വെറ്ററന്‍സ് ഏഷ്യാഡിലാണ്. പതിനാറു വര്‍ഷമായി ഇളനീരും പച്ചക്കറിയും മാത്രം കഴിക്കുന്ന ഈ സര്‍ക്കാര്‍ ജീവനക്കാരന്റെ ജീവിതം ഇളനീരുപോലെ ലളിതവും തെളിച്ചവും കരുത്തും നിറഞ്ഞതും തന്നെ.

ഗ്യാസ്ട്രോ ഇസോഫാജിയല്‍ റിഫ്ളക്സ് ഡീസീസ് (ജെര്‍ഡ്) എന്ന അസുഖം 21 വര്‍ഷം മുന്‍പ് വരുന്നതു വരെ ബാലകൃഷ്ണന്‍ ഇറച്ചിയും മത്സ്യവും ചോറും നന്നായി കഴിക്കുമായിരുന്നു. ഭക്ഷണം കഴിച്ച് നിമിഷങ്ങള്‍ക്കകം എല്ലാം ഛര്‍ദ്ദിക്കുന്ന അസുഖം വന്ന് എഴുന്നേല്‍ക്കാന്‍ പോലുമാവാതെ കഷ്ടപ്പെട്ടപ്പോള്‍ ബാലകൃഷ്ണന്‍ ജീവിതം പ്രകൃതിക്കനുസരിച്ചു മാറ്റി. അതോടെ ജീവിതത്തില്‍ നിന്ന് മാംസവും എണ്ണയുമെല്ലാം പുറത്തായി. പഴയ ആരോഗ്യമല്ല ഇദേഹത്തിനു തിരിച്ചുകിട്ടിയത് അതിന്റെ എത്രയോ ഇരട്ടികരുത്താണ് .ആ കരുത്തിലാണ് മലേഷ്യയില്‍ നടന്ന വെറ്ററന്‍സ് ഒളിംപിക്സില്‍ പങ്കെടുക്കാന്‍ കണ്ണൂര്‍ കലക്ടറേറ്റിലെ ഫെയര്‍ കോപ്പി വിഭാഗത്തില്‍ സെലക്ഷന്‍ ഗ്രേഡ് ടൈപ്പിസ്റ്റ് ആയ ഈ അന്‍പത്തിരണ്ടുകാരന് കഴിഞ്ഞത്.

തേനും ഇളനീരും പിന്നെ പച്ചവെള്ളവും
കാസര്‍കോട് ജില്ലയിലെ ചന്തേര എടാട്ടുമ്മല്‍ അനഘ്നിവാസില്‍ ബാലകൃഷ്ണന്‍ പാലായിയുടെ ഒരു ദിവസം തുടങ്ങുന്നത് തേന്‍ ചാലിച്ച വെള്ളത്തിലാണ്. പുലര്‍ച്ചെ നാലുമണിക്ക് എഴുന്നേറ്റാല്‍ പ്രഭാതകൃത്യങ്ങള്‍ക്കു ശേഷം കുളിക്കും. ഒരു ഗാസ് വെള്ളത്തില്‍ മൂന്ന് ടീ സ്പൂണ്‍ തേന്‍ , അഞ്ചുതുള്ളി ചെറുനാരങ്ങനീര് എന്നിവ ചേര്‍ത്ത് കുടിച്ച് വീടിനടുത്തുള്ള കാലിക്കടവ് മൈതാനിയില്‍ ഒാടാന്‍ പോകുകയായി. ഒന്നര മണിക്കൂര്‍ വ്യായാമം തുടര്‍ന്ന് 20 മിനിറ്റ് സൂര്യനെ നോക്കി നില്‍ക്കും. ഈ സമയത്ത് ദൃഷ്ടി വേറെയെങ്ങും പതിയില്ല. തിരിച്ച് വീട്ടിലെത്തിയാല്‍ രണ്ടു ഗാസ് തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കും.
പത്തുമണിയോടെ ഒാഫിസില്‍ എത്തും. ജോലിക്കു കയറും മുന്‍പ് കലക്ടറേറ്റിനു തൊട്ടടുത്തുള്ള ഇളനീര്‍ കടയില്‍ നിന്ന് ഒരു ഇളനീര്‍ . പിന്നീട് ഉച്ചയ്ക്ക് രണ്ടു ഇളനീരും . ഒരു ഇളനീര്‍ കുടിച്ച് ഒന്നര കിലോമീറ്റര്‍ നടന്ന് റയില്‍വേ സ്റ്റേഷനു സമീപമുള്ള കടയില്‍ നിന്ന് മറ്റൊരിളനീര്‍ കൂടി. വീട്ടില്‍ നിന്നു വരുമ്പോള്‍ രണ്ടു ലിറ്റര്‍ വെള്ളം കൊണ്ടുവരും നാലുമണിക്കുള്ളില്‍ അത് കുടിച്ചു തീര്‍ക്കും.
രാത്രി ഏഴുമണിയോടെ അത്താഴം . രണ്ടു കൈക്കുമ്പിളില്‍ പച്ചക്കറിയെടുത്ത് തേങ്ങാപ്പാലില്‍ മഞ്ഞള്‍പൊടിയും മല്ലിപ്പൊടിയും ചേര്‍ത്ത് വേവിക്കും. 10 മിനിറ്റിനു ശേഷം വീണ്ടും തേങ്ങാപ്പാലൊഴിച്ച് ഉപ്പും ചേര്‍ത്ത് 20 മിനിറ്റിനു ശേഷം കഴിക്കും. ഇത്രയുമാണ് ഇദേഹത്തിന്റെ ഒരു ദിവസത്തെ ഭക്ഷണം.

ജേര്‍ഡിനെ തോല്‍പിച്ച പ്രകൃതിജീവനം
എങ്ങനെ ഈ ഭക്ഷണത്തിലെത്തി എന്നറിയേണ്ടേ?
1991 ല്‍ ആണ് ജെര്‍ഡ് എന്ന അസുഖം വരുന്നത്. കഴിച്ചതെന്തും നിമിഷനേരം കൊണ്ട് പുറത്തെത്തും. മംഗലാപുരത്തെ മണിപ്പാല്‍ ആശുപത്രിയില്‍വരെ ചികിത്സ നടത്തി. ഒടുവില്‍ അദേഹത്തിന്റെ വാക്കില്‍ പറഞ്ഞാല്‍ നേന്ത്രക്കായ പുകയിട്ടതുപോലെയായി. മരുന്ന് കഴിച്ച് കൂടുതല്‍ അസുഖം വരുന്നതിനു മുന്‍പ് മറ്റെന്തെങ്കിലും ചികില്‍സ തേടാന്‍ ആശുപത്രി അധികൃതര്‍ തന്നെ ഉപദേശിച്ചു. അങ്ങനെയാണ് എറണാകുളത്തേ സി. ആര്‍. ആര്‍ വര്‍മയുടെ അടുക്കലെത്തുന്നത്. പ്രകൃതി ചികില്‍സയുടെ ഉപാസകനായ അദേഹം രണ്ടു മാസത്തിലൊരിക്കല്‍ കാസര്‍കോഡ് എത്താറുണ്ടായിരുന്നു. പിന്നീടുള്ള ജീവിതം മുഴുവന്‍ പച്ചപ്പു നിറഞ്ഞ വഴിയിലൂടെയായിരുന്നു. പുലര്‍ച്ചെ അഞ്ചുമണിക്ക് കുമ്പളനീരില്‍ 21 കൂവളത്തിന്റെ ഇല, 15 തുളസിയില എന്നിവ അരച്ചു കുടിക്കണം. 7.30 ന് കാബേജിന്റെ പുറത്തെ തൊലി കഴുകി നീരെടുത്ത് രണ്ട് ഒൌണ്‍സ് (57മി.ലി) കഴിക്കുക. ഉച്ചയ്ക്ക് ഇളനീരോ പഴമോ, വൈകിട്ട് പച്ചക്കറി സാലഡും ഒരു ചപ്പാത്തിയും കുമ്പളം തേങ്ങാപ്പാലില്‍ വേവിച്ച് കൂടെ കഴിക്കും. രാത്രി ഉറങ്ങുന്നതിനു മുന്‍പ് 50 ഗ്രാം പച്ചക്കായ വേവിച്ചതും കഴിക്കും. ഇത്രയുമാണ് വര്‍മ കഴിക്കാന്‍ ആവശ്യപ്പെട്ടത്. അതുപ്രകാരം ആറുവര്‍ഷം തുടര്‍ച്ചയായി കഴിച്ചു. അതോടെ അസുഖമെല്ലാം വന്നവഴിയേ മടങ്ങി. പ്രകൃതിയെ അറിഞ്ഞു ജീവിച്ചാല്‍ അസുഖത്തിനു വരാന്‍ വഴിയുണ്ടാകില്ല എന്ന തിരിച്ചറിവോടെ ജീവിതം കൂടുതല്‍ ലളിതമാക്കി. ചപ്പാത്തിയെല്ലാം ഒഴിവാക്കി. ഇളനീരും പച്ചക്കറിയും മാത്രമാക്കി പതിനാറു വര്‍ഷമായി ഇങ്ങനെ തന്നെയാണ് ജീവിതം.
രാവിലെയും വൈകിട്ടും സൂര്യപ്രകാശം കൊള്ളാന്‍ വര്‍മയാണ് നിര്‍ദേശിച്ചത്. രാവിലെ 20 മിനിറ്റ് സൂര്യനെ നോക്കി നില്‍ക്കും വൈകിട്ട് 40 മിനിറ്റ് സൂര്യപ്രകാശത്തില്‍ നടക്കും. ഇതു തന്നെയാണ് ഇദേഹത്തിന്റെ കരുത്തും ആരോഗ്യവും.

ഇളനീര്‍ കരുത്തില്‍ ഏഷ്യാഡിലേക്ക ്
ഈ കരുത്തു നല്‍കിയ നേട്ടങ്ങള്‍ എന്തെല്ലാമെന്നറിയേണ്ടേ?
അസുഖം വരുന്നതിനു മുന്‍പ് നല്ലൊരു ഫുട്ബോള്‍ കളിക്കാരനായിരുന്നു ബാലകൃഷണന്‍. നാട്ടിലെ ക്ളബുകള്‍ക്കെല്ലാംസ്ഥിരമായി മുന്‍നിര കളിക്കുമായിരുന്നു. എന്നാല്‍ ചികില്‍സയിലായിരുന്ന കാലത്ത് കളിക്കളത്തോടു വിട പറഞ്ഞു. രണ്ടര വര്‍ഷം മുന്‍പ് കണ്ണൂര്‍ കലക്ടറേറ്റിലേക്ക് സ്ഥലം മാറി വന്നപ്പോഴാണ് കായികരംഗത്തേക്കു തിരിച്ചുവരുന്നത്. 2009 ല്‍ ജില്ലാ സിവില്‍ സര്‍വീസ് കായികമേള കണ്ണൂരില്‍ നടക്കുമ്പോള്‍ 1500 മീറ്റര്‍ ഒാട്ടത്തില്‍ ഒന്നാം സ്ഥാനം നേടി. സ്ഥിരം കായികതാരങ്ങളെ തോല്‍പ്പിച്ചായിരുന്നു ഈ നേട്ടം. 5000 മീറ്റര്‍ ഒാട്ടത്തില്‍ രണ്ടാം സ്ഥാനവും 10,000 മീറ്റര്‍ ഒാട്ടത്തില്‍ മൂന്നാം സ്ഥാനവും ലഭിച്ചതോടെ സംസ്ഥാനമേളയില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചു. സംസ്ഥാനത്ത് 5000 മീറ്ററില്‍ നാലാം സ്ഥാനമായിരുന്നു. 10,000 മീറ്ററില്‍ മൂന്നാമതും. ഇതേ വര്‍ഷം പയ്യന്നൂരില്‍ നടന്ന ജില്ലാ വെറ്ററന്‍സ് കായിമേളയില്‍ 5000 മീറ്റര്‍ നടത്തത്തിലും ഒാട്ടത്തിലും ഒന്നാമതെത്തി. പതിനായിരത്തിലും ഒന്നാമതായിരുന്നു. സംസ്ഥാന കായികമേളയില്‍ പതിനായിരത്തില്‍ ഒന്നാമതെത്തിയപ്പോള്‍ ചെന്നൈയില്‍ നടന്ന ദേശീയ മേളയില്‍ പങ്കെടുക്കാന്‍ അവസരമൊത്തു. അവിടെ 5000 മീറ്റര്‍ നടത്തത്തില്‍ മൂന്നാം സ്ഥാനം ലഭിച്ചു. തുടര്‍ന്നാണ് മലേഷ്യയില്‍ നടന്ന വെറ്ററന്‍സ് ഒളിംപിക്സില്‍ പങ്കെടുത്തത്. 5000 മീറ്റര്‍ നടത്തത്തില്‍ നാലാം സ്ഥാനമായിരുന്നു അവിടെ. ഒാട്ടമത്സരങ്ങളിലും പൊരുതി നോക്കി.
2010 ല്‍ സംസ്ഥാന വെറ്ററന്‍സ് മീറ്റിലും സിവില്‍ സര്‍വീസ് മീറ്റിലും ജേതാവ് ഇദേഹം തന്നെയായിരുന്നു. മല്‍സരത്തില്‍ പങ്കെടുക്കുമ്പോഴും ഇളനീരും പച്ചക്കറിയും മാത്രമേ കഴിക്കൂ. മലേഷ്യയില്‍ പോയപ്പോഴും ഇളനീരിനെ വിട്ടില്ല. അവിടെ ലഭിച്ചത് ഇവിടെയുള്ളതിലും വലിയ ഇളനീരായിരുന്നു. ഒന്നിന് 45 രൂപയോളം വില വരുമെങ്കിലും മൂന്നു ഗാസെങ്കിലും വെള്ളം ലഭിക്കും ശരീരഭാരം 55 കിലോഗ്രാമാണ് വര്‍ഷങ്ങളായിട്ട്. പ്രമേഹം, കൊളസ് ട്രോള്‍ എന്നിവയ്ക്കൊന്നും ഈ ശരീരത്തില്‍ കയറിക്കൂടാന്‍ പറ്റിയിട്ടില്ല. ജോലിയുള്ള ദിവസം മാത്രമേ കരിക്ക് പുറത്തുനിന്നു കഴിക്കൂ. അതിനു 45 രൂപ ദിവസവും ചെലവുവരും.
ബാലകൃഷ്ണന്റെ ജീവിതം പ്രകൃതിമാര്‍ഗത്തിലാണെങ്കിലും കുടുംബത്തിലുള്ളവര്‍ മല്‍സ്യവും മാംസവും ഉപയോഗിക്കും. നമ്മുടെ നാട്ടിലെ ഇളനീര്‍ കാഴ്ചയില്‍ മൃദുലമാണെങ്കിലും പോഷകത്തിന്റെ മുന്നിലാണെന്ന് ബാലകൃഷ്ണന്റെ ജീവിതം കാട്ടിത്തരുന്നു
ബാലകൃഷ്ണന്റെ ഫോണ്‍ -9526979489
ഡോ .പി. പത്മകുമാര്‍
മെഡി. കോളേജ്. ആലപ്പുഴ
www.manoramaonline.com

No comments:

Post a Comment