Friday, February 11, 2011

കൊലയ്ക്കു മുമ്പൊരു കൊല്ലാക്കൊല


തിരുവനന്തപുരം: തിങ്കളാഴ്ച നട്ടുച്ച. വിഴിഞ്ഞം മുക്കോലയില്‍ ദിനത്തിനു ചൂടേറുന്നതേയുണ്ടായിരുന്നുള്ളൂ. പെട്രോള്‍ പമ്പിനു സമീപത്ത് സാമാന്യം ജനക്കൂട്ടം. ഒരു നിമിഷത്തിനകം എല്ലാം നിശ്ചലമായി; അതിദാരുണമായ ഒരു കാഴ്ചകണ്ട്.

വേഗത്തില്‍ പാഞ്ഞുവരുന്ന ഒരു തമിഴ്‌നാടന്‍ ലോറി. ഇറച്ചിയാക്കാന്‍ കൊണ്ടുപോകുന്ന പോത്തുകളെ കുത്തിനിറച്ചിരിക്കുന്നു. പിന്നാലെ വരുന്ന വാഹനങ്ങള്‍ തുടര്‍ച്ചയായി ഹോണ്‍ മുഴക്കുന്നുണ്ട്. കാര്യം മനസ്സിലാകാതെ നാട്ടുകാര്‍ അന്താളിച്ചു. പക്ഷേ, ലോറി ഡ്രൈവര്‍ക്കു കൂസലില്ല.

ലോറി കടന്നുപോയപ്പോഴാണ് ഞെട്ടിക്കുന്ന ആ കാഴ്ച കണ്ടത്. ഒരു പോത്ത് വണ്ടിയില്‍ നിന്നു വീണ് തൂങ്ങിക്കിടക്കുന്നു. കഴുത്തിലെ കയറ് വലിഞ്ഞുഞെരുകിയ നിലയിലാണ്. 'തൂങ്ങിമരണം' ലൈവായി കാണുന്ന അവസ്ഥ. ആ മിണ്ടാപ്രാണി ഒരിറ്റു ശ്വാസത്തിനായി പിടയുകയാണ്. അതിന്റെ ശരീരഭാഗങ്ങള്‍ റോഡിലുരഞ്ഞ് ആകെ രക്തമയം. വണ്ടി ഓടുന്നതിനിടെ പോത്ത് എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നു. ശ്രമം വൃഥാവിലാവുമ്പോള്‍ താഴെവീണ് ഉരഞ്ഞുനീങ്ങുന്നു. കുളമ്പ് ഏകദേശം മുറിഞ്ഞുമാറിയ നിലയില്‍.

മനസ്സാക്ഷിയുള്ള ആര്‍ക്കും കണ്ടുനില്‍ക്കാനാവാത്ത രംഗം. നാട്ടുകാര്‍ ബഹളം വെച്ചു. ഡ്രൈവര്‍ വണ്ടി നിര്‍ത്തി. അയാളുടെ മുഖത്ത് ഞെട്ടല്‍ പ്രതീക്ഷിച്ചവര്‍ ഞെട്ടി. 'മിനക്കേടായല്ലോ' എന്ന അര്‍ഥത്തിലുള്ള നിരാശാബോധമാണ് അയാളുടെ കണ്ണുകളില്‍ കണ്ടത്.

അതോടെ ലോറിയില്‍ നിന്ന് കെട്ടഴിച്ചുമാറ്റി പോത്തിനെ പാതയോരത്ത് ഉപേക്ഷിച്ചു പോകാനായി ഡ്രൈവറുടെ ശ്രമം. അതിനെ നാട്ടുകാര്‍ എതിര്‍ത്തു. അങ്ങനെ എതിര്‍ക്കുമ്പോഴും പോത്തിന് ദാഹജലം കൊടുക്കാന്‍പോലും ആരും തയ്യാറായില്ല; ഒരു വിദ്യാര്‍ഥിയൊഴികെ. അവന്‍ അടുത്തകടയില്‍നിന്ന് ഒരു കുപ്പി വെള്ളം കൊണ്ട് പോത്തിന്റെ വായിലൊഴിച്ചു. എല്ലാം ഡ്രൈവര്‍ ചെയ്യണമെന്നായിരുന്നു ബാക്കിയുള്ളവരുടെ നിലപാട്.

തനിക്കു രക്ഷപ്പെടാനാവില്ലെന്നായപ്പോള്‍ ഡ്രൈവര്‍ ലോറി ഒതുക്കിയിട്ടു. മുറിവേറ്റ് മൃതാവസ്ഥയിലായ പോത്തിനെ കൊമ്പില്‍ പിടിച്ചു വലിച്ചുനീക്കി. ആദ്യത്തെ ആവേശം തണുത്തപ്പോള്‍ നാട്ടുകാര്‍ പിന്‍വാങ്ങി. ഡ്രൈവറും ക്ലീനറും ചേര്‍ന്ന് പോത്തിനെ വീണ്ടും ലോറിയിലാക്കി. കൂടുതല്‍ ശക്തിയോടെ കെട്ടിമുറുക്കാന്‍ അവര്‍ മറന്നില്ല. ഉച്ചത്തില്‍ ഹോണ്‍ മുഴക്കിക്കൊണ്ട് ലോറിപാഞ്ഞു, അറവുശാലയിലേക്ക്. അവലംബം-http://www.mathrubhumi.com

No comments:

Post a Comment