Saturday, December 4, 2010

നല്ലത് സസ്യമോ മാംസമോ ?


സസ്യാഹാരമാണോ മാംസാഹാരമാണോ നല്ലത് എന്ന ചോദ്യം കാലങ്ങളായി ചര്‍ച്ച ചെയ്യപ്പെട്ടുവരുന്നു. വ്യക്തവും സുനിശ്ചിതവുമായ ഒരുത്തരത്തിലെത്തിച്ചേരാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. എന്നാല്‍ ആഹാരം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ സസ്യഭുക്കുകളെ അപേക്ഷിച്ച് മാംസഭുക്കുകളിലാണ് കൂടുതല്‍ കണ്ടുവരുന്നത് എന്ന് നിസ്സംശയം പറയാം. അതുകൊണ്ട് നമ്മുടെ ജീവിതക്രമത്തില്‍ സസ്യാഹാരത്തിനു തന്നെയാണ് പ്രാധാന്യം കൊടുക്കേണ്ടത് എന്നു തീര്‍ച്ച. മാംസാഹാരം സസ്യാഹാരത്തേക്കാള്‍ മെച്ചമാണ് എന്ന തെറ്റായ വിശ്വാസം നമുക്കിടയില്‍ പ്രചരിപ്പിച്ചത് ബ്രിട്ടീഷ് ശാസ്ത്രജ്ഞരാണ്. കൂടുതല്‍ പ്രോട്ടീന്‍ കിട്ടാന്‍ മാംസാഹാരം ശീലമാക്കണം എന്ന സിദ്ധാന്തം കാലക്രമത്തില്‍ തെറ്റാണെന്ന് തെളിഞ്ഞു.

ചുവന്ന ഇറച്ചി
മാംസ്യാഹാരം, പ്രത്യേകിച്ച് പശു, ആട്, പന്നി മുതലായവയിലുള്ള ചുവപ്പുനിറമുള്ള ഇറച്ചി രക്താതിമര്‍ദ്ദം, ഹൃദ്രോഗങ്ങള്‍, സന്ധിവാതങ്ങള്‍ എന്നിവയ്ക്ക് മുഖ്യകാരണമായി മോഡേണ്‍ മെഡിസിന്‍ തന്നെ നിര്‍വചിക്കുന്നുണ്ട്. അതുകൊണ്ടാണ് ഹൃദ്രോഗവും സന്ധിരോഗവും ഉള്ളവരോട് മാംസാഹാരങ്ങള്‍ വര്‍ജിക്കുവാന്‍ പറയുന്നത്.

മൃഗക്കൊഴുപ്പെന്ന വിഷം
കൊഴുപ്പ് നമ്മുടെ ദേഹത്തിന് ഏറ്റവുമധികം ഊര്‍ജം നല്‍കുന്ന ഭക്ഷണഘടകമാണ്. ഒരു ഗ്രാം അന്നജവും മാംസ്യവും 4.5 കലോറി ഊര്‍ജം നല്‍കുമ്പോള്‍ ഒരു ഗ്രാം കൊഴുപ്പ് 9 കലോറി ഊര്‍ജം നല്‍കും. അതുകൊണ്ട് തണുപ്പുരാജ്യങ്ങളില്‍ ഊര്‍ജത്തിനു കൊഴുപ്പ് കഴിക്കേണ്ടിവന്നേക്കാം. എന്നാല്‍ ഉഷ്‌നമേഖലാ പ്രദേശത്ത് താമസിക്കുന്ന നമ്മളെപ്പോലെയുള്ളവര്‍ എത്ര കുറച്ചു കൊഴുപ്പ് കഴിക്കുന്നുവോ, അത്രയും നല്ലതാണ്. കൊഴുപ്പുകൊണ്ടാണ് കൊളസ്‌ട്രോള്‍ നിര്‍മിക്കപ്പെടുന്നത്. രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കൂടുമ്പോഴാണ് ഹൃദ്രോഗങ്ങളും വിശിഷ്യാ കൊറോണറി ത്രോംബോസിസും ഉണ്ടാകുന്നത്. അതുകൊണ്ട് ഡീന്‍ ഓര്‍ണിഷിന്‍േറതു പോലെയുള്ള ചില പ്രസിദ്ധ ചികിത്സാവിധികളുടെ അടിസ്ഥാനഘടകം തന്നെ കൊഴുപ്പ് തീരെ ഉപേക്ഷിക്കുക എന്നുള്ളതാണ്.

കൊഴുപ്പില്‍ മാത്രം അലിയുന്ന വിറ്റാമിനുകള്‍ കിട്ടാന്‍ വേണ്ട അളവില്‍ മാത്രമേ കൊഴുപ്പുകള്‍ കഴിക്കേണ്ടതുള്ളൂ. അതിലധികം കൊഴുപ്പ് കഴിച്ചാല്‍ രക്തത്തില്‍ കൊളസ്‌ട്രോളിന്റെ അളവ് വര്‍ധിക്കും. ചീത്ത കൊളസ്‌ട്രോള്‍ അഥവാ എല്‍.ഡി.എല്‍. വര്‍ധിക്കും. ഹൃദ്രോഗത്തിനു മുഖ്യകാരണമാകുന്നത് എല്‍.ഡി.എല്‍ (ലോ ഡെന്‍സിറ്റി ലിപ്പോപ്രോട്ടീന്‍) ആണ്. മൃഗക്കൊഴുപ്പുകളിലാണ് ഇത് ഏറ്റവുമധികം കാണുന്നത്. മാത്രമല്ല, പശുവിന്റെയും ആടിന്റെയും ഇറച്ചിയില്‍ 2030 ശതമാനം വരെയും പന്നിയിറച്ചിയിലും മറ്റും 30 ശതമാനത്തിലധികവും കൊഴുപ്പാണ്. നെയ്മീന്‍ പോലുള്ള വലിയ മത്സ്യങ്ങളില്‍ കൂടിയ അളവിലുള്ള കൊഴുപ്പുണ്ട്.

നാരിന്റെ ഉറവിടം
നമ്മുടെ ഭക്ഷണത്തില്‍ അത്യന്താപേക്ഷിതമായ ഒരു ഘടകമാണ് നാരുകള്‍ അഥവാ ഫൈബേഴ്‌സ് . നാരുകളുള്ള ഭക്ഷണവസ്തുക്കള്‍ കഴിക്കാത്തതാണ് പ്രമേഹം, ചിലതരം കാന്‍സറുകള്‍, ഉദരരോഗങ്ങള്‍, മലബന്ധം മുതലായവയുണ്ടാകാനുള്ള പ്രധാനമായ കാരണം.
നാരുകള്‍ ധാരാളമുള്ള ഭക്ഷണങ്ങള്‍ കഴിച്ചാല്‍ ദഹനവ്യവസ്ഥിതിയില്‍നിന്ന് പഞ്ചസാര വളരെ പതുക്കെ മാത്രമേ രക്തത്തിലേക്ക് വലിച്ചെടുക്കപ്പെടുകയുള്ളൂ. അതുകൊണ്ടാണ് പെട്ടെന്ന് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വര്‍ധിക്കാതിരിക്കുന്നത്. ഫൈബര്‍ ധാരാളമുള്ള ഭക്ഷണങ്ങള്‍ കഴിച്ചാല്‍ മലത്തിന്റെ അളവ് വര്‍ധിക്കും. അതുകൊണ്ട് മലബന്ധമുണ്ടാവുകയില്ല. ദഹനവ്യവസ്ഥിതിയിലെ, വിശിഷ്യാ കുടലിലെ കാന്‍സര്‍ സസ്യാഹാരം ഭക്ഷിക്കുന്നവരില്‍ വിരളമായി മാത്രമേ കാണുകയുള്ളൂ. മാംസാഹാരങ്ങളില്‍ ഫൈബര്‍ ഇല്ലെന്നുതന്നെ പറയാം. ചീര, മുരിങ്ങ, കടല, മുതിര, മുട്ടക്കൂസ്, തക്കാളി, പഴവര്‍ഗങ്ങള്‍ എന്നിവയില്‍ ധാരാളം ഫൈബര്‍ ഉണ്ട്. ധാന്യങ്ങള്‍ മുളപ്പിച്ചു കഴിക്കുന്നത് ഫൈബര്‍ കൂടുവാനും വിറ്റാമിനുകള്‍ ലഭിക്കുവാനും ഉത്തമമാണ്.

മാംസാഹാരവും കാന്‍സറും
കാന്‍സറിന്റെ രോഗകാരണം എന്താണെന്ന് നമുക്ക് ഇന്നും അറിയില്ല. പാരമ്പര്യം, ജീന്‍ തകരാറുകള്‍, ശോഫം, ഉരസല്‍, പുകയില ഉപയോഗം, മദ്യപാനം, അണുബാധ എന്നിവയെല്ലാം കാന്‍സറുണ്ടാകുവാനുള്ള ബഹുമുഖങ്ങളായുള്ള കാരണങ്ങളാണ്. എന്നാല്‍ അടുത്തകാലത്തായി കാന്‍സര്‍ ഉണ്ടാകുവാനുള്ള ഏറ്റവും മുഖ്യകാരണം നമ്മുടെ ജീവിതശൈലിയും ആഹാരക്രമവുമാണ് എന്ന് സംശയാതീതമാംവണ്ണം തെളിയിക്കപ്പെട്ടിട്ടുണ്ട്. പാശ്ചാത്യ ജീവിതശൈലിയുടെ അനുകരണവും കീടനാശിനികള്‍, രാസവളങ്ങള്‍, ഭക്ഷണത്തില്‍ ചേര്‍ക്കുന്ന അജിനോമോട്ടോ പോലെയുള്ള രാസവസ്തുക്കള്‍ എന്നിവയെല്ലാം തന്നെ ഇതിനു കാരണമായി പറയപ്പെട്ടിട്ടുണ്ട്. സസ്യാഹാരങ്ങളൊന്നും തന്നെ പ്രതിക്കൂട്ടിലില്ല എന്നുള്ളതും ഓര്‍ക്കേണ്ടതാണ്. ചുട്ട ഉണക്കമത്സ്യം ഭക്ഷിക്കുന്നതുകൊണ്ട് ഇസോഫാഗസ് കാന്‍സര്‍ ഉണ്ടാവുമെന്നും, കന്നുകാലികളുടെ മാംസം അധികം കഴിക്കുന്നതുകൊണ്ട് കുടലിലെ കാന്‍സര്‍ ഉണ്ടാകുമെന്നും ഇതിനകം തെളിയിക്കപ്പെട്ടതാണ്.

സാമ്പത്തികബാധ്യത
മാംസാഹാരത്തിന്റെ ഒരുപക്ഷേ, ഏറ്റവും വലിയ വൈകല്യം അതിന്റെ കൂടിയ വിലയാണ് എന്നു തോന്നുന്നു. വളരെയേറെ പാവപ്പെട്ട ജനങ്ങള്‍ താമസിക്കുന്ന ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത് ഭക്ഷണത്തിന്റെ വില വലിയ ഒരു ഘടകം തന്നെയാണ്. ഭക്ഷണത്തിന്റെ കാര്യത്തില്‍ ഉള്ള ഒരു സാമാന്യനിയമം 'കലോറിയില്‍ ശ്രദ്ധിച്ചാല്‍ കലോറി നിങ്ങളുടെ കാര്യവും ശ്രദ്ധിക്കും' എന്നതു തന്നെയാണ്. അതായത്, ഭക്ഷണത്തിന്റെ കാര്യത്തില്‍ നിരവധി കാര്യങ്ങള്‍ പരസ്പരവിരുദ്ധമായിരിക്കുമ്പോള്‍ എടുക്കേണ്ട സാമാന്യതത്വം, ആവശ്യമായത്ര കലോറി ഭക്ഷിക്കുക എന്നതുതന്നെയാണ്. ആ കലോറിക്കു വില കൂടുമ്പോള്‍ വിഷമങ്ങളുണ്ടാവുക സ്വാഭാവികം മാത്രമാണ്. 45 കലോറി ലഭിക്കുന്ന 10 ഗ്രാം മാംസാഹാരത്തിന് ഏതാണ്ട് രണ്ടുരൂപ കൊടുക്കേണ്ടിവരുമ്പോള്‍, രണ്ടു രൂപ കൊണ്ട് അതിന്റെ പത്തിരട്ടി, ഏതാണ്ട് 450 കലോറി ലഭിക്കുന്ന 100 ഗ്രാം സസ്യാഹാരം ലഭിക്കും എന്നതാണ് വാസ്തവം.
സസ്യാഹാരം കാത്തുസൂക്ഷിക്കുവാന്‍ താരതമ്യേന എളുപ്പമാണ്. നമ്മുടെ നാട്ടില്‍ പുരാതനകാലം മുതല്‍ക്കുതന്നെ സസ്യാഹാരങ്ങള്‍ കാത്തുസൂക്ഷിക്കുക പതിവായിരുന്നു.


പഴയ വീടുകളിലെല്ലാം തന്നെ മത്തങ്ങയും കുമ്പളങ്ങയും മറ്റും കെട്ടിത്തൂക്കിയും പയറും പച്ചമുളകും മറ്റും കൊണ്ടാട്ടമുണ്ടാക്കിയും മാങ്ങ, നാരങ്ങ, നെല്ലിക്ക മുതലായ നിരവധി സസ്യാഹാരവസ്തുക്കള്‍ അച്ചാറുകളാക്കിയും കപ്പ, ഉരുളക്കിഴങ്ങ് മുതലായ കിഴങ്ങുവര്‍ഗങ്ങള്‍ നിലത്ത് നിരത്തിയിട്ടും സൂക്ഷിച്ചിരുന്നു.
എന്നാല്‍ മാംസാഹാരങ്ങള്‍ സൂക്ഷിച്ചുവെക്കുവാന്‍ താരതമ്യേന ബുദ്ധിമുട്ടാണ്. അതിന് ശീതീകരണവും റഫ്രിജറേഷനും മറ്റും ആവശ്യമായിവരും. ഇത്തരം ശീതീകരണത്തിന് ധാരാളം വിദ്യുച്ഛക്തിയും ഊര്‍ജവും ആവശ്യമാണ്. അതുകൊണ്ടുതന്നെ ഊര്‍ജപ്രതിസന്ധി നിലവിലുള്ള ഇന്നത്തെ പരിസ്ഥിതിയില്‍ മാംസാഹാരങ്ങളുടെ സൂക്ഷിച്ചുവെക്കലും മറ്റും വളരെയേറെ സങ്കീര്‍ണവും പണച്ചെലവും ഉള്ളതാണ്. അതുകൊണ്ടാണ് പലപ്പോഴും രാസവസ്തുക്കളും അമോണിയയും മറ്റും ഉപയോഗിച്ചു മത്സ്യവും മറ്റും സൂക്ഷിച്ചുവെക്കാറുള്ളത്. ഈ രാസവസ്തുക്കളെല്ലാം തന്നെ നമ്മുടെ ആരോഗ്യത്തിന് ഹാനികരമാണ്. ഇതിനുപുറമെ കോളറ, ഡിസന്ററി, ഡയേറിയ, ഗാസ്‌ട്രോ എന്റൈറ്റിസ് എന്നീ രോഗങ്ങള്‍ മിക്കവാറും എല്ലായേ്പ്പാഴും പകരുന്നത് മാംസാഹാരങ്ങളില്‍ കൂടിയാണ്. ഈ രോഗങ്ങള്‍ക്ക് കാരണമായ സാല്‍മോണല്ല രോഗാണുക്കള്‍ കേടുവന്ന മത്സ്യത്തിലും മാംസത്തിലുമാണ് സര്‍വസാധാരണമായി കണ്ടുവരാറുള്ളത്. അങ്ങനെ ഏതു നിലയ്ക്കു നോക്കിയാലും സര്‍വസാധാരണമായ പകര്‍ച്ചവ്യാധികള്‍ പടര്‍ത്തുന്ന രോഗാണുക്കളില്‍ നിന്നു രക്ഷ നേടാന്‍ നല്ല മാര്‍ഗം മാംസാഹാരങ്ങള്‍ കുറയ്ക്കുകയും സസ്യാഹാരങ്ങള്‍ കൂടുതല്‍ ഉപയോഗിക്കുകയുമാണ്.


ആയുര്‍വേദരീതി
ഇന്ത്യയിലെ സസ്യാഹാരങ്ങളെല്ലാം തന്നെ ആയുര്‍വേദശാസ്ത്രപ്രകാരം ഔഷധമൂല്യമുള്ളവയാണ്. ഔഷധങ്ങള്‍ ഭക്ഷണമായി കഴിക്കുന്ന ലോകജനത ഇവിടെ മാത്രമേയുള്ളൂ. ഉള്ളി, ജീരകം, മല്ലി, ഇഞ്ചി, കുരുമുളക്, കറിവേപ്പില, പച്ചമല്ലി, കടുക്, മഞ്ഞള്‍പൊടി, ഏലക്കായ, ഗ്രാമ്പൂ, കറുവാപ്പട്ട എന്നിവയെല്ലാം തന്നെ ഭക്ഷ്യവസ്തുക്കളേക്കാളുപരി ഔഷധങ്ങളാണ്. സമഗ്രമായ ഒരു സസ്യാഹാര പരിചര്യ ലോകത്തിനു മാതൃകയാകുംവിധം കാഴ്ചവെച്ചത് ഇന്ത്യക്കാരാണ്. ചിരപുരാതനമായ ഈ ചിന്താധാര ഇന്ന് ലോകം അംഗീകരിച്ചിരിക്കുകയാണ്.
ലോകപ്രസിദ്ധ നാടകകൃത്തായ ബര്‍ണാഡ്ഷാ തികഞ്ഞ സസ്യഭുക്കായിരുന്നു. അദ്ദേഹത്തിന്റെ വളരെ പ്രസിദ്ധമായ ഒരു പ്രസ്താവന ശ്രദ്ധിക്കുക: ''എന്റെ ആമാശയം മറ്റു ജീവികളുടെ ശവശരീരങ്ങള്‍ ദഹിപ്പിക്കാനുള്ള ശ്മശാനമല്ല.'' അദ്ദേഹത്തിന്റെ വാദം സ്വീകരിച്ചാല്‍ നമുക്ക് മാംസാഹാരം ഒഴിവാക്കുവാനും സസ്യാഹാരത്തിന്റെ ലോകത്തിലേക്ക് മടങ്ങുവാനും സാധിക്കും. അങ്ങനെ വന്നാല്‍ നമുക്ക് കന്നുകാലികളുടെ എണ്ണം കുറയ്ക്കുവാന്‍ സാധിക്കും. അവയ്ക്ക് ന്യായമായി നല്‍കേണ്ട സസ്യാഹാരങ്ങള്‍ മനുഷ്യര്‍ക്ക് നല്‍കുവാനും സാധ്യമാകും. ഈ പദ്ധതി നടപ്പിലാക്കിയാല്‍ സസ്യാഹാരങ്ങളുടെ വില ഗണ്യമായി കുറയുകയും ചെയ്യും. ഇതാണ് മനുഷ്യരാശിയെ ആകമാനം (വിശിഷ്യാ വികസ്വര രാഷ്ട്രങ്ങളിലെ ജനതയെ) ഒരളവുവരെ വിശപ്പില്‍നിന്ന് രക്ഷിക്കുവാനുള്ള ഏറ്റവും എളുപ്പമായ വഴി. അങ്ങനെ ദാരിദ്ര്യത്തേയും വിശപ്പിനേയും ഒരടിക്ക് ഉന്മൂലനം ചെയ്യാനുള്ള ഒരു മഹായജ്ഞത്തിന് നമുക്ക് നാന്ദികുറിക്കുവാന്‍ സാധിക്കും.
മാംസാഹാരം കഴിവതും കുറയ്ക്കാനും സസ്യാഹാരത്തില്‍ അധിഷുിതമായ നമ്മുടെ പഴയ സാത്വിക ജീവിതരീതിയിലേക്ക് മടങ്ങാനുമുള്ള ഒരു വലിയ പ്രസ്ഥാനം ആരംഭിക്കേണ്ടിയിരിക്കുന്നു. ഈ തത്വം എത്രയോ കാലമായി ഭാരതത്തിലും കേരളത്തിലും നാം അംഗീകരിച്ചതാണ്. ഇതിന് എത്രയെങ്കിലും ഉദാഹരണങ്ങള്‍ നിരത്താവുന്നതേയുള്ളൂ.
പയ്യൂര്‍ ഭട്ടതിരിമാരുടെ ഇല്ലത്ത് ചെന്നു കഞ്ഞി കുടിച്ചപ്പോളുണ്ടായ ആഹ്ലാദം ഉദ്ദണ്ഡശാസ്ത്രി ഒരു ശ്ലോകത്തിലൂടെ അവതരിപ്പിച്ചു:

''ശുണുീ കുണുീ കൃതാം ഭോഗ ഗരിമ ഭരാം
പൈഠരീം ജാഠരാഗ്നേ
സ്താപം വ്യാപദയന്തീം ശ്രമശമനകരീം
മായു ജായൂ ഭവന്തീം
മൗല്‍ഗൈഃ ശല്‍കൈഃ പരീതാം ഘൃതലവസുരഭീം
മണ്ഡിതാം കേരഖണ്ഡൈഃ
നൃണാം ശ്രാണാം സുരാണാം പുനരകൃതസുധാം
യസ്സ വേധാഃ സുമേധാഃ


''ചുക്ക് ചതച്ചിട്ടു ലഘുത്വം വരുത്തിയതും കലത്തില്‍ വെച്ചതും ജഠരാഗ്നിപാതത്തെ ശമിപ്പിക്കുന്നതും തളര്‍ച്ചയേയും പിത്തത്തേയും ശമിപ്പിക്കുന്നതും ചെറുപയറിന്‍പുഴുക്കോടും നാളികേരപ്പൂളോടും കൂടിയതും സ്വല്‍പം നെയ്യൊഴിച്ച് അതിന്റെ സൗരഭ്യം പുറപ്പെടുന്നതും ആയ കഞ്ഞി മനുഷ്യനുണ്ടാക്കിയശേഷം, അതിനു സമാനമായി ദേവന്മാര്‍ക്ക് അമൃതുണ്ടാക്കിക്കൊടുത്ത ബ്രഹ്മാവ് ബുദ്ധിയുള്ളവന്‍ തന്നെ''

എന്നാണ് ശാസ്ത്രികള്‍ പറഞ്ഞത്. അമൃത് മാതിരിയുള്ള കഞ്ഞി എന്നുപറയുന്നതിനു പകരം, കഞ്ഞി പോലുള്ള അമൃത് എന്നാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്. സസ്യാഹാരത്തിന്റെ മേന്മ ഇതിലും ഭംഗിയായി അവതരിപ്പിക്കാനാവില്ല.
പാശ്ചാത്യ സംസ്‌കാരത്തിലേക്കും വൈദേശിക ഭക്ഷണരീതികളിലേക്കും കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന നമ്മുടെ യുവതീയുവാക്കളെ ഈ 'കോളാസംസ്‌കാര'ത്തില്‍ നിന്നു രക്ഷിക്കേണ്ട ബാധ്യത നമുക്കുണ്ട്.
- http://www.janyug.com/

2 comments:

  1. ''എന്റെ ആമാശയം മറ്റു ജീവികളുടെ ശവശരീരങ്ങള്‍ ദഹിപ്പിക്കാനുള്ള ശ്മശാനമല്ല.'' മഹാനായ ബര്‍ണാഡ്ഷായുടെ വാക്കുകള്‍ !!!

    ReplyDelete
  2. ''എന്റെ ആമാശയം മറ്റു ജീവികളുടെ ശവശരീരങ്ങള്‍ ദഹിപ്പിക്കാനുള്ള ശ്മശാനമല്ല.'' മഹാനായ ബര്‍ണാഡ്ഷായുടെ വാക്കുകള്‍ ശ്രദ്ധിക്കുക!!!

    ReplyDelete