Saturday, December 4, 2010

OCT: 1 ലോക സസ്യാഹാര ദിനം; സസ്യാഹാര ശീലം വര്‍ധിക്കുന്നു


തൃശൂര്‍: സസ്യാഹാരം ശീലമാക്കിയവരുടെ എണ്ണം കൂടുന്നു. വിശ്വാസങ്ങളുടെ ഭാഗമായി ചെറുപ്പകാലം മുതല്‍ സസ്യാഹാരം ശീലമാക്കിയവര്‍ക്ക് പുറമേ നിരവധി പേര്‍ ജീവിതത്തിന്റെ പല ഘട്ടത്തിലും സസ്യാഹാരികളായി മാറുന്നതായാണ് അനുഭവം. പരിസ്ഥിതി -പ്രകൃതി വിഷയങ്ങളിലെ താല്‍പര്യവും സസ്യാഹാരത്തിലേക്ക് നയിക്കുന്നുണ്ട്. രോഗങ്ങള്‍ പിടിപെടുകയും ആധുനിക വൈദ്യശാസ്ത്ര കൈയൊഴിയുകയും ചെയ്തപ്പോള്‍ സസ്യാഹാരം ശീലിച്ചവരും ഏറെയാണ്.
തൃശൂരിലെ വിവിധ കേന്ദ്രങ്ങളില്‍ കുറേ വര്‍ഷങ്ങളായി സസ്യാഹാരശീലം പ്രോല്‍സാഹിപ്പിക്കാനുള്ള പരിപാടികള്‍ നടക്കുന്നുണ്ട്. പൊന്നൂക്കര സ്വദേശി ഡേവീസ് വളര്‍ക്കാവിന്റെ നേതൃത്വത്തില്‍ 'ദി വെജ്' എന്ന ദൈ്വമാസിക തന്നെ പുറത്തിറങ്ങുന്നുണ്ട്. വെജിറ്റേറിയന്‍ ക്രിസ്മസ്, വെജിറ്റേറിയന്‍ ഇഫ്താര്‍ തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിച്ച് കൂടുതല്‍ പേരെ സസ്യാഹാരികളാക്കുകയാണ് പ്രസ്ഥാനത്തിന്റെ ലക്ഷ്യം.
പാരമ്പര്യമായി സസ്യഹാരം ശീലിച്ച പഴയ രീതികള്‍ ഉപേക്ഷിച്ച് മല്‍സ്യ-മാംസം പ്രധാന ഭക്ഷണമാക്കിയതോടെ കൊളസ്‌ട്രോള്‍, പ്രമേഹം, പ്രഷര്‍, കാന്‍സര്‍ തുടങ്ങിയവ വ്യാപകമായതായി ഇവര്‍ ചൂണ്ടിക്കാട്ടുന്നു. സസ്യാഹാരത്തിലേക്കും സാത്വികാഹാരത്തിലേക്കും വിഷമുക്തമായ ഭക്ഷണക്രമത്തിലേക്കും വരിക മാത്രമാണ് ഇതിന് പോംവഴിയെന്നും ഇവര്‍ പറയുന്നു. സസ്യാഹാരികളുടെ മാനസിക - ശാരീരിക ആരോഗ്യം മറ്റുള്ളവരില്‍നിന്ന് ഉയര്‍ന്നതായിരിക്കുമെന്ന് 22 വര്‍ഷമായി സസ്യാഹാരം ശീലിക്കുന്ന മുണ്ടൂരിലെ മനഃശാസ്ത്രജ്ഞന്‍ ഡോ. റെന്നി ആന്റണിഅഭിപ്രായപ്പെടുന്നു. പ്രമേഹം, രക്തസമ്മര്‍ദം, ഹൃദ്രോഗം തുടങ്ങിയ ജീവിത ശൈലി രോഗങ്ങളും പനി പോലെ കാലാവസ്ഥ മാറ്റങ്ങള്‍ കൊണ്ടുണ്ടാകുന്ന രോഗങ്ങളും ഇത്തരക്കാര്‍ക്ക് കുറവാണെന്നും അദ്ദേഹം പറയുന്നു. സസ്യാഹാരം ആരോഗ്യം നശിപ്പിക്കുമെന്നും ശാരീരിക സൗന്ദര്യം കുറക്കുമെന്നുമുള്ള ധാരണ തെറ്റാണെന്നും പി.യു.സി.എല്‍ സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി കൂടിയായ ഡോ. റെന്നി ചൂണ്ടിക്കാട്ടി. സസ്യാഹാരശീലം ഭക്ഷണക്രമത്തില്‍ പ്രാവര്‍ത്തികമാക്കാമെന്ന് പാചക പരീക്ഷണങ്ങളിലൂടെ തെളിയിക്കുകയാണ് വീട്ടമ്മയായ എം.ടി. ഉഷ. വെജിറ്റേറിയന്‍ സംഭാരവും ഹെര്‍ബല്‍ ടീയുമാണ് ഇവരുടെ മാസ്റ്റര്‍പീസുകള്‍. പാലിന് പകരം നാളികേരപ്പാല്‍ ഉപയോഗിച്ച് വെജിറ്റേറിയന്‍ സംഭാരം തയാറാക്കാന്‍ എളുപ്പമാണെന്ന് ഉഷ പറയുന്നു. ഇഞ്ചിയും വേപ്പിലയും പച്ചമുളകുമാണ് മറ്റ് ചേരുവകള്‍. ഊണിന് വേണമെങ്കില്‍ ഉള്ളിയും സവാളയും പുറമെ ചേര്‍ക്കാം. കറിവേപ്പില കൂടുതല്‍ വേണം. ഹെര്‍ബല്‍ ടീയില്‍ പുതിന ഇല, തുളസി ഇല, മല്ലി ഇല എന്നിവയുടെ നീരുകളും ചുക്കിന് പകരം ഇഞ്ചിയും ഏലക്കായും കുരുമുളകുമാണ് മറ്റ് ചേരുവകള്‍. പൊതുചടങ്ങുകളില്‍ സസ്യേതര ഭക്ഷണവസ്തുക്കളുടെ ആഹാരം ഏറിവരുന്നത് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നതായി പൊലീസ് ഉദ്യോഗസ്ഥനായ ചന്ദ്രബാബു പറയുന്നു. 'റെക്കി' പരിശീലനത്തിനിടെ 25 ദിവസം സസ്യാഹാരം ശീലിച്ചപ്പോള്‍ ലഭിച്ച ശാരീരിക - മാനസിക സൗഖ്യമാണ് ഏഴ് വര്‍ഷമായി സസ്യാഹാരിയായി തുടരാന്‍ തന്നെ പ്രേരിപ്പിക്കുന്നതെന്ന് കുട്ടനെല്ലൂര്‍ കാത്തലിക് സിറിയന്‍ ബാങ്ക് ഉദ്യോഗസ്ഥന്‍ ബാബു ഫ്രാന്‍സിസ് പറയുന്നു.
'ദഹനത്തിന് ഏറെ ഉത്തമമായ സസ്യാഹാരം വഴി നല്ല ശോധന ലഭിക്കുന്നു. തലവേദനയും മറ്റും ഇതുമൂലം ഒഴിവാക്കാന്‍ കഴിയും. നല്ല ഓര്‍മശക്തിയും ലഭിക്കും-സസ്യാഹാരികളായ ശാരദയെന്ന വീട്ടമ്മയും അധ്യാപികയായ ഗീത കൃഷ്ണകുമാറും സാക്ഷ്യപ്പെടുത്തുന്നു. 'ദി വെജ്' മാസികയുടെ ആഭിമുഖ്യത്തില്‍ ലോക സസ്യാഹാര ദിനമായ വെള്ളിയാഴ്ച വൈകുന്നേരം 5.15ന് തൃശൂര്‍ ശക്തന്‍ പച്ചക്കറി മാര്‍ക്കറ്റില്‍ പ്രത്യേക പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

വി.ആര്‍. രാജമോഹന്‍
 -http://www.madhyamam.com/

No comments:

Post a Comment