Friday, June 19, 2015

നീരുവറ്റി പൊള്ളാച്ചിയിൽ നിന്ന് ബിരിയാണിച്ചെമ്പിലേക്ക്


‘ബീഫ്’ കഴിക്കുന്നതിൽ മുൻപിലാണ് മലയാളികൾ. തട്ടുകടകൾ മുതൽ നക്ഷത്ര ഹോട്ടലുകൾ വരെ ബീഫ് വ്യത്യസ്ത രുചികളിൽ വിളമ്പുന്നു. തീൻമേശയിലെത്തുന്ന മാട്ടിറച്ചിയുടെ കഥ മലയാളികളിൽ എത്ര പേർക്ക് അറിയാം?
കേരളത്തിൽ ഒരു മാസം ഉപയോഗിക്കുന്നതു ശരാശരി 40,000 ടൺ മാട്ടിറച്ചി. ഇതിൽ ചെറിയൊരു ശതമാനം ഇറച്ചി മികച്ച രീതിയിൽ കൈകാര്യം ചെയ്യപ്പെടുന്നു. ബാക്കിയുള്ളതെല്ലാം ഭക്ഷ്യവസ്തുവെന്നു വിലയിരുത്താനാവശ്യമായ നിലവാരമില്ലാത്തവ.
രോഗം ബാധിച്ച മാടുകളെ കുറഞ്ഞ വിലയ്ക്കു തമിഴ്നാട്ടിൽനിന്നു വാങ്ങിക്കൊണ്ടുവന്നു വില കുറയ്ക്കാതെ വിൽക്കുന്നു. ചത്ത മാടുകളെയും അറുത്തു വിൽക്കുന്നു. അശാസ്ത്രീയമായി കൊന്ന മാടിന്റെ ശരീരത്തിലുണ്ടാകുന്ന ഹോർമോൺ വ്യതിയാനം വരുത്തുന്ന ദോഷങ്ങൾ വേറെ. രക്തം വാർന്നുപോകാൻ സമയം നൽകാത്തതു മൂലമുള്ള പ്രശ്നങ്ങളുമുണ്ട്.
കെട്ടിത്തൂക്കുന്ന മാംസം പലപ്പോഴും നിലത്തുമുട്ടിക്കിടക്കുന്നതുമൂലം ഇറച്ചിയിൽ രോഗാണുക്കൾ പടരുന്നു. കശാപ്പു ചെയ്യാൻ കൊണ്ടുവരുന്ന മാടുകളെ മൃഗഡോക്ടർ പരിശോധിക്കണമെന്ന നിബന്ധന എത്ര സ്ഥലത്തു പാലിക്കപ്പെടുന്നുണ്ട്? വിദേശ രാജ്യങ്ങളിൽ നിലവാരമില്ലാത്ത മാട്ടിറച്ചി വിൽക്കുന്നവർക്കു വർഷങ്ങൾ തടവുശിക്ഷ ലഭിക്കുമെന്നതിനാൽ അവിടെ സ്ഥിതി വ്യത്യസ്തമാണ്. ഇവിടെയോ? പിടിക്കപ്പെട്ടാലും ചുമത്തുന്നതു താരതമ്യേന ലളിതമായ കുറ്റങ്ങൾ.
പൊള്ളാച്ചി- അറവുമാടുകളുടെ ഹബ്
പാലക്കാട്ടുനിന്ന് അധികം ദൂരമില്ലാത്ത തമിഴ്നാട്ടിലെ പൊള്ളാച്ചി ചന്തയിൽ കേരളത്തിൽനിന്നെത്തുന്ന കച്ചവടക്കാർക്കു വലിയ ബഹുമാനം കിട്ടും. പൊള്ളാച്ചി ചന്തയിൽ എത്തിക്കുന്ന ഏതുതരം മാടും കേരളത്തിലെ കച്ചവടക്കാർ വഴി ഇങ്ങോട്ടു കയറ്റിവിടാം. എല്ലും തോലുമായതും രോഗം വന്നതും വ്രണങ്ങളുള്ളതും അങ്ങനെ ഏതും. പച്ചക്കറിയുടെ കാര്യത്തിലെന്നപോലെ, ബീഫിനോടുള്ള മലയാളികളുടെ ഇഷ്ടവും വിറ്റു കാശാക്കുന്നതു തമിഴ്നാട്ടുകാരാണ്.
മാടിനൊപ്പം രോഗങ്ങളും കാലിച്ചന്തയിൽനിന്നു കേരളത്തിലേക്കുള്ള അതിർത്തി കടക്കുന്നു. എറണാകുളം ജില്ല ഉൾപ്പെടുന്ന മധ്യകേരളത്തിലെ ഇറച്ചിക്കച്ചവടക്കാർ സംഘമായി പോയാണ് പൊള്ളാച്ചിയിൽനിന്നു മാടുകളെ കൊണ്ടുവരുന്നത്. മലയാളിയുടെ തീൻമേശയിലെത്തുന്ന ബീഫിന്റെ ഉറവിടം തേടിയുള്ള മലയാള മനോരമ സംഘത്തിന്റെ അന്വേഷണത്തിൽ വെളിപ്പെട്ടതു ഞെട്ടിക്കുന്ന വസ്തുതകൾ.
തമിഴ്നാടിന്റെ വിവിധ ജില്ലകളിൽനിന്നും തെലങ്കാന, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിൽ നിന്നുമുള്ള മാടുകളാണ് പൊള്ളാച്ചിയിൽ വിൽപനയ്ക്ക് എത്തിക്കുന്നത്. ചൊവ്വ, വ്യാഴം ദിവസങ്ങളിലാണ് പൊള്ളാച്ചി മാട്ടുച്ചന്ത. പുലർച്ചെ ആറോടെ തുടങ്ങും. അറവുമാടുകളെ കഴിയുന്നതും തലേന്നു രാത്രി എത്തിക്കും.
കേരളത്തിൽ മാട് കച്ചവടം ചെയ്യാൻ ആലോചിക്കുന്നവർ എന്നു പരിചയപ്പെടുത്തിയാണ് മനോരമ സംഘം ഒരു ചൊവ്വാഴ്ച പുലർച്ചെ ചന്തയിലെത്തിയത്. കാര്യം അവതരിപ്പിച്ചപ്പോഴേ ഏജന്റുമാർ വട്ടമിട്ടു. പശുക്കിടാവിന്റെ ബിസിനസാണ് ലാഭമെന്നു പറഞ്ഞ് ഒരു ഏജന്റ് കിടാവുകളെ കെട്ടിയിട്ടിടത്തേക്കു കൊണ്ടുപോയി.
എല്ലുംതോലുമായ കിടാവുകളാണ്. ബിരിയാണിക്കായി കേരളത്തിലേക്കു കൊണ്ടുപോകുന്നത് അധികവും ഇതാണ്. ചെറുതായതുകൊണ്ട് ഒരു വണ്ടിയിൽ 40 എണ്ണത്തിനെ വരെ കയറ്റാമെന്ന ലാഭവുമുണ്ടെന്ന് ഏജന്റിന്റെ ശുപാർശ.
അവിടെനിന്നു വലിയ മാടുകളുടെ സമീപത്തേക്ക് ഏജന്റ് കൂട്ടിക്കൊണ്ടുപോയി. കാളയെയും പോത്തിനെയും പശുവിനെയുമെല്ലാം ഒറ്റക്കയറിലാണ് ബന്ധിച്ചിരിക്കുന്നത്. കഴുത്തുകൾ തമ്മിൽ കൂട്ടിക്കെട്ടിയിട്ടുണ്ട്. ഒരു സെറ്റ് മാട് ഒരു വ്യാപാരിയുടേതാണ്. ഒറ്റയ്ക്കോ, കൂട്ടമായോ വിൽക്കും.
നല്ല മാടിനെ എങ്ങനെ തിരിച്ചറിയുമെന്ന് ഏജന്റിനോടു ചോദിച്ചു. അതു ശരീരം കണ്ടാൽ അറിയില്ലേയെന്നു തമിഴിൽ ഏജന്റിന്റെ മറുചോദ്യം. കാഴ്ചയിൽ മതിപ്പു തോന്നാൻ എന്തെങ്കിലും കൃത്രിമം കാണിക്കാറുണ്ടോ എന്ന ചോദ്യത്തിന്, ചിലർ സൂചിവയ്ക്കും.അതു സാരമാക്കണ്ട.. നമുക്കു വിൽക്കാനല്ലേ, തിന്നാനല്ലല്ലോ എന്ന് ഏജന്റിന്റെ മറുപടി. സൂചി വയ്ക്കും എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്തോ മരുന്നു കുത്തിവയ്ക്കുമെന്ന്. ഏജന്റിനു സംശയം തോന്നേണ്ടെന്നു കരുതി കൂടുതൽ ചോദിച്ചില്ല.
മധ്യകേരളത്തിലേക്കു മാടുകളെ കൊണ്ടുവന്ന് അറവുകാർക്കു വിൽക്കുന്ന ഒരു കച്ചവടക്കാരനെ ഇതിനിടയിൽ പരിചയപ്പെട്ടു. റഫീഖ് എന്നാണ് പേര്. ഏഴ് ഉരുക്കളെ റഫീഖ് വാങ്ങിയിട്ടുണ്ട്. മൂന്നു പശു, മൂന്നു പോത്ത്, ഒരു കാള. ഒരു പശുവിനെ ചൂണ്ടി റഫീഖ് പറഞ്ഞു, 14000 രൂപയായി.
ഈ ഒരെണ്ണത്തിനു മാത്രം കടത്തുകൂലി 500 രൂപയാകും. 30 എണ്ണം വരെ ഞാൻ ഓരോ വരവിനും കൊണ്ടുപോകും. 20 എണ്ണത്തിൽ കൂടുതൽ സാധാരണ ഒരു വണ്ടിയിൽ കയറ്റാൻ പറ്റില്ല. ഒന്നിനെ കൊണ്ടുപോയാലും ആർടിഒ ചെക്പോസ്റ്റിലും മൃഗസംരക്ഷണവകുപ്പിന്റെ ചെക്പോസ്റ്റിലുമൊക്കെ കാശു കൊടുക്കണം. അതുകൊണ്ട് അധികം കയറ്റാതെ ലാഭമില്ല. മാടുകളെ വണ്ടിയിൽ കുത്തിനിറച്ചുകൊണ്ടുവരുന്നതിനു കച്ചവടക്കാരുടെ പൊതുന്യായം
ചോരയിറ്റും വരെ, അവസാന തുള്ളിയും ഊറ്റി
കറവ വറ്റുമ്പോൾ അറുക്കാൻ കൊടുക്കുകയെന്നതാണ് നാട്ടുനടപ്പ്. എന്നാൽ, കറവ തീരാത്ത പശുപോലും പൊള്ളാച്ചിയിൽനിന്ന് ഇങ്ങോട്ട് എത്തുന്നുണ്ട്. കച്ചവടം ഉറപ്പിച്ച് സീൽ അടിക്കുന്നതു വരെ ഉടമ പാൽ കറന്നെടുക്കും.
അവസാനത്തെ തുള്ളി പാലും ഊറ്റിയെടുത്താണ് വിൽപന. ചോരയിറ്റുന്നതു വരെ ഊറ്റിക്കറന്നെടുക്കും. ഒരു തുള്ളി പാലിൽ പോലും ലാഭം കാണുന്ന ക്രൂരതയാണ് പൊള്ളാച്ചിച്ചന്തയിലെ കാലിക്കച്ചവടം.
കച്ചവടം ഉറപ്പിച്ചു കഴിഞ്ഞാൽ ഓരോരുത്തർ വാങ്ങിയ മാടിനെ പ്രത്യേകം സീൽ ചെയ്ത് മാറ്റി നിർത്തും. സീൽ ചെയ്യാൻ ആൾ സജീവമാണ്. ഒരാൾ വാങ്ങിയ മാടിന്റെ തലയിലാണ് സീൽ എങ്കിൽ മറ്റൊരാളുടേതിന്റെ വയറിലാകും. കൊച്ചിയിലേക്കു കച്ചവടക്കാർ സംഘം ചേർന്നാണ് മാടുകളെ എത്തിക്കുന്നത്. ഇതിനായി ചുമതലപ്പെടുത്തപ്പെടുന്ന ഒരു കച്ചവടക്കാരൻ പൊള്ളാച്ചിയിലെത്തി വില പേശി വാങ്ങും. വിലപേശൽ ചിലപ്പോൾ അടിപിടിയിൽ വരെയെത്തും.
സൂചിവച്ചും ക്രൂരത
സൂചിവയ്ക്കൽ കഴിഞ്ഞാലും മാട് വീണു പോയാൽ എന്തു ചെയ്യും? എന്തും ചെയ്യുമെന്നതിന്റെ ക്രൂരദൃശ്യങ്ങളും അവിടെ കണ്ടു. നൂറുകിലോയിൽ താഴെ തൂക്കമുള്ള പശു രാവിലെ മുതൽ വീണു കിടക്കുകയാണ്. കഴുത്തു പിന്നിലേക്കു ചെരിച്ചുവച്ചുള്ള കിടപ്പ്.
എന്തോ കാര്യമായ രോഗമുണ്ടന്ന് ഒറ്റനോട്ടത്തിൽ മനസിലാകും. അതിനെ എഴുന്നേൽപിച്ചു നിർത്താനുള്ള ശ്രമത്തിലാണ് ഉടമസ്ഥൻ. എഴുന്നേറ്റുനിന്നാലേ വിറ്റുപോകൂ. അതിനായി ആദ്യം വാലിലായി പ്രയോഗം. വാൽ മടക്കി ഒടിക്കുകയും കടിക്കുകയും ചെയ്തിട്ടും അനക്കമില്ല. വാലിൽ ചോര പൊടിയുന്നുണ്ട്.
കഴുത്തിനിട്ടായി അടുത്ത പ്രയോഗം. കഴുത്തിന്റെ ഇടതുഭാഗത്ത് ആഞ്ഞാഞ്ഞു ചവിട്ടി. ചവിട്ടിനു ശക്തി കൂടുമ്പോൾ പശുവിന്റെ തല നേരെയാകും. അൽപസമയത്തിനകം പൂർവസ്ഥിതിയിലേക്കു പോകും. അൽപം കഴിഞ്ഞ് ഉടമസ്ഥൻ രണ്ടു പശുക്കളുമായി വന്നു. ഈ പശുക്കളെ ഉപയോഗിച്ച് വീണു കിടക്കുന്ന പശുക്കളെ ചവിട്ടി എഴുന്നേൽപിക്കാനുള്ള ശ്രമമാണ്. എന്നിട്ടും പശു എഴുന്നേറ്റില്ല. പക്ഷേ, വില അൽപം കുറഞ്ഞെങ്കിലും രോഗിയായ പശുവിനെ ഉടമ വിറ്റു. വാങ്ങിയയാൾ അതിനെ കയറ്റിയതു കേരളത്തിലേക്കുള്ള ലോറിയിലും.
സാംക്രമിക രോഗങ്ങളുടെ താവളം
പല സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന മാടുകളുടെ മാത്രമല്ല, സാംക്രമിക രോഗമുണ്ടാക്കുന്ന സൂക്ഷ്മാണുക്കളുടെയും താവളമാണ് പൊള്ളാച്ചിച്ചന്തയെന്ന് ഒറ്റ നോട്ടത്തിൽ ബോധ്യപ്പെടും. ദിവസങ്ങളോളം വാഹനത്തിൽ നിർത്തിക്കൊണ്ടുവന്നു തള്ളുകയാണ്. കയർ കുടുങ്ങിയുരഞ്ഞ വലിയ വ്രണങ്ങൾ മിക്കവയ്ക്കുമുണ്ട്. ഇവ ചന്തയിൽ കഴിയുന്നതാകട്ടെ ഏറ്റവും വൃത്തിഹീനമായ സാഹചര്യത്തിലും.
വ്രണമുള്ള ഒരു മാടിൽ നിന്നു മറ്റുള്ളവയിലേക്കു രോഗാണുക്കൾ എളുപ്പം പരത്താൻ കഴിയുന്ന സാഹചര്യം. രണ്ടു ദിവസമൊക്കെ ലോറിയിൽ നിന്നു യാത്ര ചെയ്തു ചന്തയിലെത്തിയിട്ടും ഒറ്റപ്പെട്ട ചിലതല്ലാതെ ഒന്നും വീണുപോകുന്നില്ല. കാരണം തിരക്കിയപ്പോഴാണ് നേരത്തേ പറഞ്ഞ സൂചിവയ്ക്കലിന്റെ രഹസ്യം മനസിലായത്. മാടിന്റെ ശരീരത്തിൽ സ്റ്റിറോയ്ഡ് കുത്തിവയ്ക്കുമത്രേ. യാത്രാക്ഷീണമുണ്ടാകാതിരിക്കാനും ശരീരപുഷ്ടി കൊണ്ട് ആകർഷിക്കാനുമാണ് ഇത്.
manoramaonline -  June 18, 2015

No comments:

Post a Comment