Sunday, January 18, 2015

ആരോഗ്യത്തിനും ആയുസ്സിനും സസ്യാഹാരം

വായനക്കാര്‍ നന്നായി സ്വീകരിച്ച ഈറ്റ് ടു ലിവ് എന്ന പുസ്തകത്തിന്റെ രചയിതാവാണ് ഡോ. ജോയല്‍ ഫര്‍മാന്‍. അദ്ദേഹത്തിന്റെ രണ്ടാമത്തെ ബുക്ക് എന്‍ഡ് ഓഫ് ഡയറ്റിംഗ് ഞാന്‍ വായിച്ചു കഴിഞ്ഞതേയുള്ളു. അദ്ദേഹത്തിന്റെ ചില പരീക്ഷണങ്ങളും നിരീക്ഷണങ്ങളും നിങ്ങളോടു പങ്കുവെയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
ഒരു ജീവിവര്‍ഗമെന്ന നിലയില്‍ നമ്മള്‍ എന്നത്തെക്കാളും കൂടുതല്‍ രോഗബാധിതരും വിശപ്പേറിയവരുമായി മാറിക്കഴിഞ്ഞിരിക്കുന്നു. ഭക്ഷണത്തിനുള്ള പണം കണ്ടെത്താന്‍ സാധിക്കുന്നവര്‍ ഏറെക്കുറെ അതിന് അടിമകളായി മാറിക്കഴിഞ്ഞിരിക്കുന്നു. അമിതഭക്ഷണം. അല്‍പകാലത്തെ ഭക്ഷണനിയന്ത്രണം. 60 വര്‍ഷത്തോളമായി മാംസവും ധാന്യവുമല്ലാതെ മറ്റൊന്നും ആഹാരമാക്കാത്ത ഒരു സുഹൃത്തിന് അടുത്തിടെ അമിതവണ്ണത്തിനുള്ള ബാരിയാട്രിക് ഓപ്പറേഷന്‍ വേണ്ടിവന്നു. ഡല്‍ഹിയില്‍ വെച്ചു നടത്തിയ ഓപ്പറേഷനിലൂടെ അദ്ദേഹത്തിന്റെ വയര്‍ കുറച്ചു. 14,000 ആളുകള്‍ക്ക് ഈയൊരു ഓപ്പറേഷന്‍ നടത്തിയെന്നാണ് അദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍ വെളിപ്പെടുത്തിയത്. ഓപ്പറേഷനു ശേഷവും ഭക്ഷണക്രമത്തില്‍ മാറ്റം വരുത്താത്തതിനാല്‍ അല്‍പകാലത്തിനുള്ളില്‍ തന്നെ അമിതവണ്ണം തിരികെയെത്തും.
ആരോഗ്യം സംരക്ഷിക്കാന്‍ മൂന്നു ശീലങ്ങള്‍ നിര്‍ബന്ധമായും പാലിക്കണമെന്ന് ഡോക്ടര്‍ അഭിപ്രായപ്പെടുന്നു. ആദ്യമായി ധാരാളം പോഷകഘടകങ്ങളുള്ളതും അതേസമയം കുറഞ്ഞ കലോറിയുള്ളതുമായ ഭക്ഷണം ശീലമാക്കുക. രണ്ടാമതായി വ്യായാമം ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കുക. എല്ലാ ദിവസവും മൂന്നോ നാലോ മിനിറ്റ് പലപ്രാവശ്യമായി ചെയ്താലും മതിയാകും. മൂന്നാമതായി ആഘോഷം എന്ന പേരില്‍ നിങ്ങളെ രോഗികളാക്കാന്‍ ശ്രമിക്കുന്നവരോടൊപ്പമല്ല, മറിച്ച് നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കുന്നവരോടൊപ്പം കൂട്ടുകൂടുക. ആരോഗ്യകരമായ ഭക്ഷണം ശീലമാക്കിയാല്‍ ശരീരത്തില്‍ നിന്നും അത്രയും വിഷാംശങ്ങള്‍ അകന്നു നില്‍ക്കും. അനാരോഗ്യകരമായ ഭക്ഷണത്തോടുള്ള ആഗ്രഹം അത്രയും കുറയുകയും ചെയ്യും.
ഡോക്ടര്‍ ആദ്യമായി പറഞ്ഞത് മാംസാഹാരത്തെക്കുറിച്ചാണ്. പ്രോട്ടീനിന്റെ ഉറവിടം എന്ന നിലയില്‍ മാംസം ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്താനാണ് മിക്കവാറും ഡയറ്റില്‍ നിര്‍ദ്ദേശിക്കുന്നത്. ”മത്സ്യം, മാംസം, പാലുല്‍പന്നങ്ങള്‍ തുടങ്ങി എല്ലാ ജന്തുജന്യമായ ഉല്‍പന്നങ്ങളിലും കാന്‍സറിനും ഹൃദ്രോഗത്തിനും കാരണമാകുന്ന ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. പൂരിതകൊഴുപ്പ്, കൊളസ്‌ട്രോള്‍, അരാക്കിഡോണിക് ആസിഡ് എന്നിവയുള്‍പ്പെടെയാണിത്. മൃഗങ്ങളില്‍ നിന്നുള്ള പ്രോട്ടീന്‍ മനുഷ്യരില്‍ കാന്‍സറിനു കാരണമാകുന്ന ഹോര്‍മോണുകളുടെ ഉല്‍പാദനം വര്‍ദ്ധിപ്പിക്കുന്നു. ഇത്തരം പ്രോട്ടീനുകള്‍ ആഹാരമാക്കുമ്പോള്‍ ഐ.ജി.എഫ് വണ്‍ വിഭാഗത്തില്‍പ്പെടുന്ന വളര്‍ച്ചാ ഹോര്‍മോണുകളുടെ ഉല്‍പാദനവും ത്വരിതപ്പെടുന്നു. ശൈശവകാലത്ത് വളര്‍ച്ച ഉറപ്പാക്കാന്‍ ഐ.ജി.എഫ് വണ്‍ ഹോര്‍മോണ്‍ അത്യാവശ്യമാണ്. എന്നാല്‍ ഇതിന്റെ വര്‍ദ്ധിച്ച സാന്നിധ്യം വാര്‍ദ്ധക്യം വേഗമെത്താന്‍ കാരണമാകും. ഇതു കൂടാതെയാണ് കാന്‍സറിനു കാരണമാകുന്ന കോശങ്ങളുടെ വ്യാപനം ത്വരിതപ്പെടുത്തുന്നത്. വന്‍കുടല്‍, സ്തനം, പ്രോസ്‌റ്റേറ്റ് ഗ്രന്ഥി എന്നീ ശരീരഭാഗങ്ങളിലെ കാന്‍സറിന് പ്രധാനമായും കാരണമാകുന്നത് ഐ.ജി.എഫ്. വണ്ണിന്റെ  ഉയര്‍ന്ന അളവാണ്. പ്രായപൂര്‍ത്തിയായതിനു ശേഷം ഐ.ജി.എഫ് വണ്ണിന്റെ അളവ് കുറയുന്നത് സമ്മര്‍ദ്ദം കുറയാനും ദഹനം ശരിയായ വിധത്തില്‍ നടക്കാനും ഇന്‍സുലിന്‍ ഉല്‍പാദം കാര്യക്ഷമമാകാനും അങ്ങനെ ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിക്കാനും സഹായകമാകും”
”ധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍ തുടങ്ങി പ്രോട്ടീന്‍ സമ്പന്നമായ സസ്യാഹാരങ്ങള്‍ ഐ.ജി.എഫ് വണ്ണിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നില്ല. ദഹനത്തെ തടസ്സപ്പെടുത്തുന്ന ഘടകങ്ങള്‍ അടങ്ങിയിട്ടില്ലെന്നു മാത്രമല്ല ആയുസ് വര്‍ദ്ധിക്കാന്‍ സഹായിക്കുന്ന ഫൈറ്റോകെമിക്കലുകളും അടങ്ങിയിട്ടുണ്ട്.  ദീര്‍ഘായുസ്സിന്റെയും അമിതവണ്ണം നിയന്ത്രിക്കുന്നതിന്റെയും ഏറ്റവും പ്രധാനരഹസ്യം മൃഗങ്ങളില്‍ നിന്നുള്ള പ്രോട്ടീനുകള്‍ക്കു പകരമായി സസ്യജന്യമായ പ്രോട്ടീനുകളെ ആശ്രയിക്കുക എന്നതാണ്.”
ചുവന്ന മാംസത്തിനു മാത്രമേ ഈ ദോഷങ്ങളുള്ളുവെന്നും ‘വെളുത്ത മാംസ’ത്തിനോ മത്സ്യത്തിനോ ഇത് ബാധകമല്ലെന്നും മിക്കവാറും ഡയറ്റ് ഡോക്ടര്‍മാര്‍ നിങ്ങളെ പറഞ്ഞു വിശ്വസിപ്പിച്ചേക്കാം. വിവിധ രാജ്യങ്ങളില്‍ ഇതുവരെ നടത്തിയിട്ടുള്ള എല്ലാ പഠനങ്ങളും മാംസമെന്ന് പൊതുവായാണ് പറയുന്നത്. അത് പുല്ലു തിന്നുന്ന ജന്തുവിന്റേതായാലും വൈക്കോല്‍ തിന്നുന്നതിന്റേതായാലും ധാന്യം തിന്നുന്നതിന്റേതായാലും ഒരുപോലെ തന്നെയാണ്.
vegവിവിധ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ 2008ലെ കാന്‍സര്‍ രോഗികളെക്കുറിച്ച് ഒരു പഠനം നടത്തിയിരുന്നു. അ multi-coutnry Ecological Study of Cancer Incidence Rates in 2008 with Respect to Various Risk Modifying Factors എന്ന പേരില്‍ വിവിധ രാജ്യങ്ങളില്‍ നടത്തിയ ഈ പഠനത്തിന്റെ റിപ്പോര്‍ട്ട് ന്യൂട്രിയന്റ്‌സ് എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിരുന്നു. 157 രാജ്യങ്ങളില്‍ ആഹാരമാക്കുന്ന ജന്തുജന്യ ഉല്‍പന്നങ്ങളുടെ അളവും രോഗങ്ങളുടെ കണക്കുകളും താരതമ്യം ചെയ്തായിരുന്നു പഠനം. കൂടുതല്‍ മാംസാഹാരങ്ങള്‍ കഴിക്കുന്ന രാജ്യങ്ങളില്‍ കാന്‍സര്‍ ബാധിതരുടെ എണ്ണം കൂടുതലാണെന്നും കുറഞ്ഞ തോതില്‍ മാത്രം മാംസം ഉപയോഗിക്കുന്ന രാജ്യങ്ങളില്‍ കാന്‍സര്‍ കുറവാണെന്നും പഠനം വെളിപ്പെടുത്തുന്നു. പാലും പാലുല്‍പന്നങ്ങളും ധാരാളമായി ഉപയോഗിക്കുന്ന സസ്യഭുക്കുകളിലും കാന്‍സറിനുള്ള സാധ്യത കൂടുതലാണ്.
കാര്‍ബോഹൈഡ്രേറ്റിന്റെ ഉപയോഗം കുറയ്ക്കുകയും മത്സ്യത്തില്‍ നിന്നും മറ്റുമുള്ള കലോറി വര്‍ദ്ധിപ്പിക്കുകയും ചെയ്യുമ്പോള്‍ ചിലയാളുകളില്‍ ഹ്രസ്വകാലത്തേക്ക് അമിതവണ്ണം കുറയുന്നതായി കാണാറുണ്ട്. എന്നാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇത് വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. സ്വീഡനില്‍ 30നും 49നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കിടയില്‍ ഒരു പഠനം നടത്തിയിരുന്നു. ഇതിനായി പതിനഞ്ചു വര്‍ഷം തുടര്‍ച്ചയായി ഇവരെ നിരീക്ഷിച്ചു. കുറഞ്ഞ അളവില്‍ കാര്‍ബോഹൈഡ്രേറ്റും കൂടിയ അളവില്‍ ജന്തുജന്യ പ്രോട്ടീനുകളും ആഹാരമാക്കുന്ന സ്ത്രീകളില്‍ ഹൃദ്രോഗത്തിനുള്ള സാധ്യത വളരെക്കൂടുതലാണെന്ന് പഠനത്തില്‍ വ്യക്തമായി.
ഒരു ദിവസത്തെ ഭക്ഷണക്രമത്തില്‍ അഞ്ച് ഗ്രാം ജന്തുജന്യ പ്രോട്ടീന്‍ കൂട്ടുകയും 20 ഗ്രാം കാര്‍ബോഹൈഡ്രേറ്റ് കുറയ്ക്കുകയും ചെയ്താല്‍ കാര്‍ഡിയോവാസ്‌കുലാര്‍ രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യത അഞ്ചു ശതമാനം വര്‍ദ്ധിക്കും. മാംസാഹാരം കൂടുന്നതിനനുസരിച്ച് ടൈപ്പ് രണ്ട് പ്രമേഹത്തിനുള്ള സാധ്യതയും കൂടും. ഒരു ദിവസം മാംസാഹാരം ഉപയോഗിച്ചാല്‍ പോലും ഇതിനുള്ള സാധ്യത 48 ശതമാനം വര്‍ദ്ധിക്കും. ഒന്നര ലക്ഷം ആളുകളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞവര്‍ഷം ജമാ ഇന്റേണ്‍ മെഡ് എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
അമിതവണ്ണത്തെക്കുറിച്ച് ചരിത്രത്തില്‍ നടത്തിയിട്ടുള്ളതില്‍ വച്ചേറ്റവും വലിയ പഠനമാണ് 2010ലെ എപിക്-പനാസിയ. ശരീരത്തില്‍ കൊഴുപ്പിന്റെ അംശം കൂടുന്നതിന്റെ ഏറ്റവും പ്രധാനകാരണം മാംസാഹാരമാണെന്നാണ് ഈ പഠനത്തില്‍ വ്യക്തമായത്.  അതായത് ”കൂടുതല്‍ മാംസാഹാരം കഴിക്കുന്നവരുടെ ശരീരത്തില്‍ കൊഴുപ്പിന്റെ അംശം കൂടുന്നത് മാത്രമല്ല, ഇത്തരക്കാര്‍ക്ക് അമിതവണ്ണവുമുണ്ടാകും. ശരീരത്തിനാവശ്യമായ കലോറിയില്‍ കൂടുതലും സസ്യജന്യമായ ആഹാരങ്ങളില്‍ നിന്നും സ്വീകരിക്കുന്നവര്‍ക്ക് ഇത്തരം പ്രശ്‌നങ്ങള്‍ വളരെ കുറവായിരിക്കും. മാംസാഹാരത്തില്‍ നിന്നും സസ്യാഹാരത്തില്‍ നിന്നും ലഭിക്കുന്നത് ഒരേ കലോറി ഊര്‍ജ്ജം തന്നെയാണെങ്കിലും ഈ വ്യത്യാസം ഉണ്ടാകും എന്നതാണ് ഏറ്റവും ശ്രദ്ധേയം”
jungഏതൊക്കെ ജന്തുജന്യമായ ആഹാരങ്ങളാണ് സുരക്ഷിതം, ഏതാണ് ഏറ്റവും മികച്ചത് എന്നതാണ് അടുത്ത ചോദ്യം. മികച്ച ഡയറ്റിന് ഏറ്റവും പറ്റിയത് കടല്‍ വിഭവങ്ങളാണെന്നാണ് മിക്കവാറും ആളുകളുടെ ധാരണ. എന്നാല്‍ ശാസ്ത്രജ്ഞരുടെ അഭിപ്രായത്തില്‍, ”എത്ര കുറച്ച് ജന്തുജന്യമായ ആഹാരങ്ങള്‍ ഉപയോഗിക്കുന്നുവോ, രോഗം വരാനുള്ള സാധ്യത അത്രയും കുറയും. ഉപയോഗിക്കുന്ന ആഹാരം ശുദ്ധവും പ്രകൃതിദത്തവും ആണെങ്കില്‍ പോലും ജന്തുജന്യ പ്രോട്ടീനുകള്‍ കൂടുതലാണെങ്കില്‍ അമിതവണ്ണവും അതുമൂലമുള്ള രോഗങ്ങളുമായിരിക്കും ഫലം.”
ഡയറ്റുമായി ബന്ധപ്പെട്ട എല്ലാ പഠനങ്ങളുടെയും അടിസ്ഥാനഅളവുകോലായി കണക്കാക്കുന്നത് അഡ്വെന്റിസ്റ്റ് ഹെല്‍ത്ത് സ്റ്റഡിയാണ്. പൂര്‍ണസസ്യാഹാരികളെയും വല്ലപ്പോഴും മാത്രം മാംസാഹാരം കഴിക്കുന്നവരെയും താരതമ്യം ചെയ്താണ് ഈ പഠനം നടത്തുന്നത്. ആകെ കലോറിയുടെ അഞ്ചു ശതമാനം മാത്രമാണ് മാംസാഹാരത്തില്‍ നിന്നു ലഭിക്കുന്നതെങ്കില്‍ പോലും അതും ആയുസ്സ് കുറയാന്‍ കാരണമാകുമെന്നാണ് ഈ പഠനത്തില്‍ വ്യക്തമായത്.
ഉയര്‍ന്ന തോതില്‍ പ്രോട്ടീനടങ്ങിയ മീറ്റ് ഡയറ്റിനെക്കാള്‍ ഭേദമാണെങ്കിലും മെഡിറ്ററേനിയന്‍ ഡയറ്റും ഡോക്ടര്‍ തള്ളിക്കളയുന്നു. പച്ചക്കറികള്‍, പയറുവര്‍ഗങ്ങള്‍, തക്കാളി, പഴങ്ങള്‍, കശുവണ്ടിപ്പരിപ്പ് തുടങ്ങിയ ധാരാളമായി ഉപയോഗിക്കുന്നതു മാത്രമാണ് മെഡിറ്ററേനിയന്‍ ഡയറ്റിന്റെ ഗുണം. ബ്രഡ് പോലെ തന്നെ ആരോഗ്യത്തിന് ഹാനികരമായ, മൈദ എന്നു നമ്മള്‍ വിളിക്കുന്ന പാസ്തയുടെ പൊടി ഉപയോഗിക്കുന്നതാണ് പ്രശ്‌നം. അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗം, കാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമാകുന്ന വില്ലനാണ് മൈദ. വെളുത്ത ബ്രഡ്, വെളുത്ത ചോറ്, വെളുത്ത പാസ്ത, തുടങ്ങി  ഉരുളക്കിഴങ്ങ് വരെയുള്ള വെള്ള നിറത്തിലുള്ള എല്ലാ വിധ അന്നജങ്ങളും രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കും. വെറും പഞ്ചസാര കഴിക്കുന്നതിനു തുല്യമായ അളവിലായിരിക്കും ഇത്.  ഇത് പാന്‍ക്രിയാസിന്റെ ജോലിഭാരം കൂട്ടുകയും രോഗങ്ങള്‍ക്കു കാരണമാകുകയും ചെയ്യും.
റിഫൈന്‍ഡ് കാര്‍ബോഹൈഡ്രേറ്റുകള്‍ ധാരാളമായി ഉപയോഗിക്കുന്ന സ്ത്രീകളില്‍ സ്തനാര്‍ബുദത്തിനുളള സാധ്യത 200 മടങ്ങ് കൂടുതലാണെന്ന് ഒരു പഠനം വെളിപ്പെടുത്തുന്നു. ഒലീവ് ഓയിലാണ് മറ്റൊരു പ്രശ്‌നം. ഓരോ ടേബിള്‍ സ്പൂണിലും പോഷകഗുണങ്ങളൊന്നുമില്ലാത്ത 120 കലോറിയും എളുപ്പത്തില്‍ ആഗിരണം ചെയ്യപ്പെടുന്ന കൊഴുപ്പുമാണുള്ളത്. ഇതിനു പകരമായി ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്നത് കശുവണ്ടിപ്പരിപ്പും പയറുവര്‍ഗങ്ങളുമാണ്. ഇവയില്‍ കൊഴുപ്പും കലോറിയും  കൂടുതലാണെങ്കിലും അവ യഥാര്‍ത്ഥത്തില്‍ ഭാരം കുറയ്ക്കാന്‍ സഹായിക്കുന്നവയാണ്. എണ്ണയടങ്ങിയ മെഡിറ്ററേനിയന്‍ ഡയറ്റിന് കൊഴുപ്പ് കുറയ്ക്കാനോ ഹൃദ്രോഗസാധ്യത കുറയ്ക്കാനോ ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കാനോ സാധിക്കില്ലെന്ന് ഒരു പഠനം തെളിയിക്കുന്നു. 7216 ആളുകളെ നാലു വര്‍ഷത്തോളം പഠനവിധേയമാക്കിയാണ് ഈ നിഗമനത്തിലെത്തിയത്. എന്നാല്‍ എണ്ണയ്ക്കു പകരം അണ്ടിപ്പരിപ്പു പോലെയുള്ളവ ഉപയോഗിച്ചാല്‍ കാര്യങ്ങള്‍ നേരെ തിരിച്ചാകും.
ഒന്നാം അധ്യായം മാത്രമാണ് ഞാന്‍ ഇവിടെ പ്രതിപാദിച്ചത്. ഈ പുസ്തകം സ്വന്തമാക്കുക. ഇത് ഒരുപക്ഷേ നിങ്ങളുടെ ജീവന്‍ തന്നെ രക്ഷിച്ചേക്കാം. അതോടൊപ്പം മാംസാഹാരങ്ങളും മൈദയും ഒഴിവാക്കുക.
-മേനക സഞ്ജയ് ഗാന്ധി (www.tvnew.in)

No comments:

Post a Comment