Tuesday, October 1, 2013

ഒക്ടോബര്‍ ഒന്ന് ലോക സസ്യാഹാരദിനം

ഒക്ടോബര്‍ ഒന്ന് ലോക സസ്യാഹാരദിനമായി ആചരിക്കുന്നു. ഒക്ടോബര്‍ രണ്ട്, രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജന്മദിനം ലോക അഹിംസാദിനമായും ആചരിക്കുന്നു. അഹിംസയുടെ അപ്പോസ്തലനായ ഗാന്ധിജി ഒരിക്കല്‍ പറഞ്ഞു: ഒരു രാജ്യത്തിന്റെ മഹത്വവും സാംസ്‌കാരികപുരോഗതിയും കണക്കാക്കേണ്ടത് അവിടത്തെ മനുഷ്യേതര ജീവികളെ ആ രാജ്യത്തെ ജനത എങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന് പരിഗണിച്ചുവേണം എന്ന്. ആ മാനദണ്ഡം അനുസരിച്ചുനോക്കിയാല്‍ നമ്മുടെ സാക്ഷരകേരളം 'സംസ്‌കാര ശൂന്യമായ' പ്രദേശമാണെന്ന് തുറന്നുപറയേണ്ടിവരുന്നു.

മത്സ്യം, മാംസ, മുട്ട തുടങ്ങിയവ മനുഷ്യര്‍ ഭക്ഷിക്കുന്നതുകൊണ്ടുള്ള ഗുരുതരമായ പ്രത്യാഘാതങ്ങളെപ്പറ്റി നാം ഇനിയും ബോധവാന്മാരല്ല. മനുഷ്യനും മൃഗങ്ങളും പക്ഷികളും പ്രകൃതിയില്‍ പരസ്​പര സഹവര്‍ത്തിത്വത്തോടെ ജീവിക്കേണ്ടവരാണ്. ഈ പ്രപഞ്ചം മിണ്ടാപ്രാണികള്‍ക്കും അവകാശപ്പെട്ടതാണ്. സസ്യാഹാരവും മൃഗസ്‌നേഹവും ഒരേ നാണയത്തിന്റെ രണ്ടുവശങ്ങളാണ്. ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിശേഷിപ്പിക്കപ്പെട്ടുവരുന്ന നമ്മുടെ കേരളം ഇന്ന് ഒരുവലിയ അറവുശാലയും ഇറച്ചിക്കടയും ആയി മാറിയിരിക്കുന്നു.

2500 കൊല്ലങ്ങള്‍ക്കുമുമ്പ് ശ്രീബുദ്ധഭഗവാന്‍ ലോകത്തിന് കാഴ്ചവെച്ച കക്കായ്ക, കൊല്ലായ്ക, കാമത്തില്‍ തെറ്റായ്ക, കള്ളംചൊല്ലായ്ക, കുടിച്ചിടായ്ക എന്നീ പഞ്ചശീലം സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ഭാരതം പൂര്‍ണമായും വിസ്മരിച്ചിരിക്കുന്നു. അതിനാലാണ് ഭാരതീയര്‍, പ്രത്യേകിച്ചും കേരളീയര്‍ ഇത്രയധികം മൃഗങ്ങളെ കൊല്ലുന്നതും തിന്നുന്നതും.

നമ്മുടെ പച്ചക്കറിച്ചന്തകളില്‍ പോലും മത്സ്യവും മാംസവും വില്‍ക്കപ്പെടുന്നു. അവിടെ സുഗന്ധത്തിനുപകരം ദുര്‍ഗന്ധമാണ്. ലക്ഷക്കണക്കിന് കോഴികളുടെ ഇറച്ചിയും കോഴിമുട്ടയും പച്ചക്കറിമാര്‍ക്കറ്റില്‍ കാണാന്‍ കഴിയും. വിദ്യാലയങ്ങളുടെയും ആരാധനാലയങ്ങളുടെയും പരിസരത്തും അറവുശാലകള്‍ പ്രവര്‍ത്തിക്കുന്നു. മൃഗകശാപ്പ് ഇന്നത്തേതുപോലെ തുടരുവാന്‍ അനുവദിച്ചാല്‍ നമ്മുടെ കേരളം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളാല്‍ കഷ്ടപ്പെടും.

ഈശ്വരതുല്യമായ മിണ്ടാപ്രാണികളെ കൊല്ലാനും തിന്നുവാനും മനുഷ്യര്‍ക്ക് ആര്‍ അധികാരം നല്കിയെന്ന് ചോദിക്കുവാന്‍ ഇവിടെ ആളില്ലാതായിരിക്കുന്നു. നാവ് ഉണ്ടെങ്കിലും സംസാരശേഷിയില്ലാത്ത പാവം മൃഗങ്ങള്‍ക്ക് വേണ്ടി സംസാരിക്കേണ്ടത്, പ്രപഞ്ചത്തില്‍ സംസാരിക്കാന്‍ കഴിവുള്ള ഏകജീവിയെന്നനിലയില്‍ ഇരുകാലിമൃഗങ്ങളായ മനുഷ്യരുടെ ചുമതലയാണ്. അവരുടെ അവകാശത്തിനും ജീവനുംവേണ്ടി രംഗത്തിറങ്ങേണ്ടത് മനുഷ്യരുടെ ചുമതലയാണ്. അറവുശാലകളില്‍ ഒരുദയയും ഇല്ലാതെ വധിക്കപ്പെടാന്‍ വിധിക്കപ്പെട്ട മിണ്ടാപ്രാണികളുടെ ദയനീയാവസ്ഥ നമ്മളിലൂടെ ലോകം അറിയട്ടെ. ''ഒരു ചാണ്‍ നീളംവരുന്ന മനുഷ്യന്റെ ഉദരം ഈശ്വരസൃഷ്ടികളായ മിണ്ടാപ്രാണികളുടെ മൃതശരീരം ദഹിപ്പിക്കുവാനുള്ള ശ്മശാനഭൂമിയല്ലായെന്ന'' മഹാനായ ജോര്‍ജ് ബര്‍ണാഡ് ഷായുടെ മുന്നറിയിപ്പും മാംസഭോജികള്‍ മറക്കരുത്. ലോകാരോഗ്യവും ലോകസമാധാനവും സസ്യാഹാരത്തിലൂടെ മാത്രമേ നമുക്ക് നേടാന്‍ കഴിയൂ. ''കേരളം എത്രയും വേഗം മാംസാഹാരത്തിന് അന്ത്യം കുറിച്ചില്ലായെങ്കില്‍ മാംസാഹാരം കേരളത്തിന്റെ അന്ത്യം കുറിക്കും'' എന്നു തുറന്നുപറയുവാന്‍ ഇവിടെ ആഗ്രഹിക്കുന്നു.

എ.വി.കെ. മൂസ്സത്, തിരുവനന്തപുരം. മാതൃഭൂമി 

1 comment:

  1. എന്‍റെ മൂന്നുവയസ്സ് പ്രായമുള്ള മോന്‍ എന്നോട് ചോദിച്ചു “എന്താ അമ്മേ ആള്‍ക്കാര്‍ എന്നോട് നീ എന്താ ചിക്കന്‍ കഴിക്കാത്തത് എന്ന് ചോദിക്കുന്നത് “ ?? ഞാന്‍ പറഞ്ഞു ആള്‍ക്കാര്‍ അങ്ങന്യയാണ് മോനെ.. അവര്‍ക്ക്‌ ‌ അതൊക്കെ കഴിക്കുവാന്‍ സാധിക്കുന്നതുകൊണ്ട് ഇതൊന്നും കഴിക്കാതിരിക്കുന്നവരോട് ഇങ്ങനെ സംസാരിക്കും.മോനെ കളിയാക്കി നോക്കുന്നതാ സാരമില്ലകേട്ടോ...അപ്പോഴും അവന്‍റെ മുഖത്ത് സന്തോഷംവരുന്നില്ല; അപ്പോള്‍ ഞാന്‍ ചോദിച്ചു മക്കള്‍ക്ക് പശുവിനെ കൊല്ലുന്നത് ഇഷ്ട്ടപെടുന്നോ? ഇല്ല അമ്മെ എന്നവന്‍ പറഞ്ഞപ്പോള്‍ ഞാന്‍ വീണ്ടും ചോദിച്ചു പശുനെ അടിച്ചുകൊല്ലുനത് കാണുമ്പോ മോന് എന്ത് തോന്നും? കരയും ഞാന്‍. എന്തിനാ അമ്മേ ആളുകള്‍ പശുവിനെ കൊല്ലുന്നത് അത് പാവമല്ലേ നമുക്ക് പാലുതരുന്നതല്ലേ എന്നവന്‍ അടുത്തതായി ചോദിച്ചു. ഉഉവ് അതിനു വേദനിക്കും,അങ്ങനെ ജീവികളെ അടിച്ചുകൊന്ന ശരീരമൊ മരിച്ചു കിടക്കുന്ന ശരീരമൊ വെട്ടി മുറിച്ചു മുളകും ഉപ്പുംപുരട്ടി ആഹാരം ഉണ്ടാക്കിതന്നാല്‍ മോന്‍ കഴിക്കുമോ “ ഇല്ല എനിക്ക് വേണ്ട അവരെല്ലാം പാവമാ എന്നവന്‍ പറഞ്ഞു".
    എന്നിട്ട് അവന്‍ കുറെകഴിഞ്ഞുവന്ന്‍ ചോദിച്ചു നമ്മള്‍ പച്ചക്കറികള്‍ അല്ലേ കഴിക്കുന്നത് അതിനെ മുറിക്കുമ്പോള്‍ അതിനു വേദനിക്കില്ലേ? ഈ ചോദ്യത്തിന് അവനു മനസ്സിലാകുന്ന രീതിയില്‍ എങ്ങനെയാ പറഞ്ഞുകൊട്ക്കെണ്ട്ത് എന്നുഅല്പനേരം ചിന്തിച്ചു.. അതിലെ ഇലകളും കായ്കളുംപഴങ്ങളും മുറിച്ചുഎടുത്താലും അതിനു ഒന്നും സംഭവികുന്നില്ല, ചെടികളിലെ ഒരുഇലയോ കായോ മുറിച്ചാലും അത് പിന്നിട് പുതിയ ഇലകള്‍അത് പോലെ പുതിയ കായ്കളും ഉണ്ടാകുന്നു. ഒരു ചെടി ഒരുപാട്കാലം കഴിഞ്ഞ അത് പൂര്‍ണതായിട്ടെ മരിക്കുന്നുള്ളു,എന്നാല്‍ ജീവികളുടെ കാലോകൈയോമുറിച്ചാല്‍ അവക്ക് വേദനിക്കേം അവടെ പുതിയ കാലോകൈയോ ഉണ്ടാകില്ല.അവയെ കൊല്ലുമ്പോ\ വേദനിച്ചു പിടഞ്ഞു ഒന്നും മിണ്ടാനാകാതെ അതിനു ഒരുതരം ഭയം ഉണ്ടായ മരിച്ചുപോകുന്നത്......ഇത്രയും പറഞ്ഞപ്പോള്‍ അവനു കാര്യം മനസിലായി.

    ഇത് പറയാന്‍ കാരണം മോനെ പോലുള്ള ഇതൊന്നും കഴിക്കാത്തവര്‍ ഈ സമൂഹത്തില്‍ നേരിടുന്ന പരിക്ഷണങ്ങള്‍ ഒരുപാട്ആണ്. അതും സ്വന്തം ആള്‍ക്കാരില്‍ നിന്നുതന്നെ, തെക്കന്‍ കേരളത്തില്‍ തിരുവനന്തപുരത്തെ മിക്കനായര്‍ കുടുംബങ്ങളിലും ജനനം മുതല്‍ മരണംവരെയുള്ള ചടങ്ങുക്കള്‍ക്കും ആഹോഷങ്ങള്‍ക്കും മാംസാഹാര രീതികള്‍ അടുത്തകാലം മുതല്‍ വ്യാപകമായി തുടര്‍ന്ന്‍ കൊണ്ടിരിക്കയാണ്.ഇതൊരു ഫേഷന്‍ പോലെതുടങ്ങിതാണ്.എന്തിനാ ഇങ്ങനെ സംഭവിക്കുന്നത് ആര്‍ക്കുവേണ്ടി . ഹിന്ദുസംസ്ക്കാരം ഇങ്ങനെ ആണോ.. ഇങ്ങനെ ആയത് എന്നുതൊട്ടാണ്?.........

    ReplyDelete