Tuesday, June 26, 2012

ഹോമകുണ്ഡത്തിനു മുന്നിലെ ആട്

ഇപ്പോഴും ചിലയിടങ്ങളില്‍ മൃഗബലി ഉണ്ട്. ഈശ്വരനെ സന്തോഷിപ്പിക്കാനെന്ന പേരില്‍ ആടിനെയും, കോഴിയെയും, പശുവിനെയും എല്ലാം കുരുതി കൊടുക്കുന്ന ഏര്‍പ്പാട്. മിണ്ടാപ്രാണികളായ ആ സാധു മൃഗങ്ങളും ദൈവത്തിന്റെ മക്കളാണ്. അവര്‍ക്കും മനുഷ്യരെപ്പോലെ ഈ ഭൂമിയില്‍ ജീവിക്കാനുള്ള അവകാശമുണ്ട്‌. കൊല്ലുക എന്നത് - അത് ആരെയായാലും പാപമാണെന്നു ഓര്‍മ്മപ്പെടുത്തുന്ന ഒരു കഥയുണ്ട് മഹാഭാരതത്തില്‍. അനുഗീതാപര്‍വത്തിലെ ആ കഥ പറയാം.
അദ്ധ്വരം എന്നാല്‍ യാഗം എന്നാണു അര്‍ഥം. യാഗകര്‍മ്മങ്ങള്‍ ചെയ്യുന്നയാളെ അദ്ധ്വര്യൂ എന്ന് വിളിക്കും. ഒരിക്കല്‍ ഒരു അദ്ധ്വര്യൂ യാഗം നടത്തുകയായിരുന്നു. യന്ജകു
ണ്ഡത്തിനു മുന്നില്‍ ഹോമിക്കാനുള്ള ആടിനെ ഒരുക്കി നിര്‍ത്തിയിട്ടിട്ടുണ്ട്. ആടിനെ ഹോമിക്കുന്നതിനു മുമ്പായി അദ്ധ്വര്യൂ ജലമെടുത്തു ജപിച്ചു അതിന്റെ ദേഹത്ത് തളിച്ചു. ഇത് കണ്ടു കൊണ്ട് ഒരു യതി (സന്യാസി) അങ്ങോട്ട്‌ കടന്നു വന്നു. യതി കടുത്ത സ്വരത്തില്‍  അദ്ധ്വര്യൂവിനോട് പറഞ്ഞു. "അരുത്, ഇത് ഹിംസയാണ്. ഈ ജീവിയെ കൊല്ലരുത്. നമ്മുടെയെല്ലാം ഉള്ളില്‍ ഉള്ളത് പോലുള്ള പ്രാണനാണ്‌ ആടിന്റെ ഉള്ളിലും ഉള്ളത്. അതിനും നമ്മെപ്പോലെ ഈ ഭൂമിയില്‍ ജീവിക്കാനുള്ള അവകാശമുണ്ട്‌." യതിയുടെ ഈ വാക്കുകള്‍ക്കു അദ്ധ്വര്യൂവിന്റെ മറുപടി ഇങ്ങനെയായിരുന്നു. "ആടിനെ കൊല്ലുന്നത് കൊണ്ട് ഒരു കുഴപ്പവുമില്ല. മാത്രവുമല്ല, ഈ യന്ജത്തില്‍ ബലിയര്‍പ്പിക്കപ്പെടുന്നത് മൂലം അതിനു ഒരുപാട് പുണ്യം കിട്ടുകയും ചെയും." ഇത് കേട്ടപ്പോള്‍ യതിയുടെ മുഖത്ത് പരിഹാസം കലര്‍ന്ന ഒരു ചെറു ചിരി വിടര്‍ന്നു. "യന്ജത്തിന്റെ പുണ്യം ആടിനാണ്‌ കിട്ടുകയെങ്കില്‍ അങ്ങേക്ക് ഇതിലെന്ത് കാര്യം? അക്കാര്യം അവിടെ നില്‍ക്കട്ടെ. ഈ ആടിനും അച്ചന്‍, അമ്മ, ബന്ധുക്കള്‍ എന്നിവരൊക്കെ ഉണ്ടാവുമല്ലോ. ഇതിനെ ഹോമമൃഗമാക്കും മുന്‍പ് അങ്ങ് അവരോടു സമ്മതം ചോദിച്ചിട്ടുണ്ടോ?  യന്ജകുണ്ഡത്തില്‍ ഇടാനുള്ള വെറും വിറകല്ല ഈ ആട് എന്ന് മനസിലാക്കുക. ശരീരത്തിനപ്പുറം മറ്റു പലതും ഉള്ള ഒരു ജീവിയാണ് അതും. നമുക്കെന്നപോലെ ആടിനും പ്രാണന്‍ നല്‍കിയത് ദൈവമാണ്. ദൈവത്തിനു മാത്രമേ ആ പ്രാണന്‍ തിരിച്ചെടുക്കാന്‍ അവകാശമുള്ളൂ." ഇത്രയുമായപ്പോള്‍ അദ്ധ്വര്യൂ ചിന്തിച്ചു. 'ഇദ്ദേഹം പറയുന്നത് ശരിയാണല്ലോ, ഒരു പുണ്യകര്‍മ്മം എന്ന ധാരണയില്‍ എത്ര വലിയ പാപമാണ് താന്‍ ചെയ്യാന്‍ പോകുന്നത് '. ഒരു നിമിഷത്തെ മൌനത്തിനു ശേഷം അദ്ധ്വര്യൂ മനസ് തുറന്നു കുറ്റസമ്മതം നടത്തി. "സന്യാസി ശ്രേഷ്ടാ, അങ്ങയുടെ വാക്കുകള്‍ എന്റെ കണ്ണ് തുറപ്പിച്ചു. ഞാനിതാ എന്റെ പ്രവര്‍ത്തി അതനുസരിച്ച് തിരുത്തുന്നു" അങ്ങനെ മൃഗബലി ഒഴിവാക്കി അദ്ധ്വര്യൂ യാഗം അനുഷ്ഠിച്ചു. 
- മാതൃഭുമി                

No comments:

Post a Comment