Tuesday, April 10, 2012

ആഹാരവിശുദ്ധിയുടെ വിഷു


വിഷുവാഘോഷം കമ്പോളം ഏറ്റെടുത്തിരിക്കുകയാണ്. എങ്ങനെ വിഷു ആഘോഷിക്കണമെന്ന് കമ്പോളത്തിന്റെ നിര്‍ദേശം പരസ്യത്തിലൂടെയും മറ്റും നമുക്ക് നിരന്തരം ലഭിക്കുന്നു. എന്ത് ഉടുക്കണം, എങ്ങനെ ഉടുക്കണം, എന്ത് എങ്ങനെ എപ്പോള്‍ തിന്നണം, എപ്പോളുണരണം ഇങ്ങനെയിങ്ങനെ കമ്പോള ബോധനത്തിന്റെ പാതയിലൂടെ നമ്മള്‍ വിഷു ആചരിച്ചു തുടങ്ങികഴിഞ്ഞിട്ട് കാലമൊരുപാടായി. ഇവര്‍ പഠിപ്പിക്കുന്ന പാതയില്‍ നിന്നും മാറി വിഷു കൊണ്ടാടാന്‍ നമ്മളിലാരെങ്ങിലും ശ്രമിച്ചാല്‍ ഇതെന്തു വിഷുവെന്നു പല പൌരപ്രമുഖരും നിങ്ങളോട് ചോദിച്ചു പോകും.

കാര്‍ഷിക നിറവിന്റെ ആചരണമായും , തിന്മയുടെ ആസുരശക്തികള്‍ക്കു മീതെ നന്മയുടെ വിജയത്തെ ഓര്‍മപ്പെടുത്തുന്ന അനുഷ്ഠാനമായും നടന്നു വന്നിരുന്ന വിഷു ആഘോഷത്തിനു മങ്ങലേറ്റിട്ടുണ്ട് ഇന്ന്. വിഷുവിന്റെ പകിട്ടും, മോടിയും കമ്പോളം കൊഴുപ്പിക്കുന്നു. നന്മയുടെ നിറവു ചോര്‍ത്തിക്കളഞ്ഞിരിക്കുന്നു. തീന്‍ മേശകളില്‍ കാര്‍ഷിക നിറവിന്റെ സസ്യാഹാര സാന്നിധ്യം അന്യമായി. പകരം മിണ്ടാപ്രാണികളെ വളര്‍ത്തി കൊന്നുതിന്നുന്ന സംസ്കാരത്തിന് തുടം വെച്ചു. ചിക്കനും, മട്ടനും, ബീഫും മദ്യവുമില്ലാതെ നമുക്കെന്തു ഓണവും വിഷുവുമെന്നു പെറ്റുവീണ മലയാളി ശിശു പോലും ചിന്തിച്ചു പോരുന്നു.

ലക്ഷക്കണക്കിന്‌ പക്ഷിമൃഗാദികളുടെ രക്തം ചിതറിവീഴ്ത്തുന്ന പാപകര്‍മമായി ഓരോ വിഷുവും നമ്മള്‍ ആഘോഷിക്കുന്നു. തീന്‍മേശകളില്‍ നിന്നും മിണ്ടാപ്രാണികളുടെ നിലവിളികളുയരുന്നു. രണ്ടു ദശകം മുന്‍പ് വരെ നമ്മള്‍ ഇങ്ങനെ ആയിരുന്നില്ലല്ലോ?. നമ്മുടെ അനുഷ്ടാനങ്ങള്‍ക്കും, ആഘോഷങ്ങള്‍ക്കുമായി ഒന്നിന്റെയും ജീവനെടുക്കാന്‍ നമ്മള്‍ വിമുഖരായിരുന്നല്ലോ?. പിന്നെ എങ്ങെനെയാണ് സന്താപത്തിലും, സന്തോഷത്തിലും മിണ്ടാപ്രാണികളുടെ ജീവനെടുത്തു തിമിര്‍ക്കാന്‍ മാത്രം നമ്മള്‍ അധ:പ്പതിച്ചത്. ഈ വിഷുവാഘോഷ സന്ദര്‍ഭത്തിലെങ്ങിലും നമ്മള്‍ ഈ കൊന്നുതിന്നലിനെ കുറിച്ച് ഗൌരവമായി ചിന്തിക്കുകയും ആഹാരവിശുദ്ധിയുടെ പാത നിര്‍ബന്ധപൂര്‍വ്വം സ്വീകരിക്കുകയും വേണം.

നാം എന്ത് കഴിക്കുന്നുവോ നാം അതായിതീരുന്നു. നാം കഴിക്കുന്നത്‌ എന്തായാലും അതിനൊരു പരിണാമമുണ്ട്. എന്തിനുവേണ്ടിയാണ് നാം ആഹരിക്കുന്നതെന്ന വ്യക്തമായ അവബോധം ഭക്ഷണം കഴിക്കുന്ന വ്യക്തിക്ക് ആവശ്യമുണ്ട്. നമ്മുടെ ശരീരം കര്‍മ്മങ്ങള്‍ ഏറ്റടുക്കേണ്ടതുണ്ട്. പ്രകൃതിയുടെ മേല്‍ നമ്മള്‍ നമ്മുടെ ജീവിതം കൊണ്ട് സൃഷ്ട്ടിക്കുന്ന തേയ്മാനങ്ങള്‍ പരിഹരിക്കുന്നതിനാണ് മനുഷ്യന്‍ കര്‍മ്മങ്ങള്‍ ചെയേണ്ടത്. ഈ കര്‍മ്മങ്ങള്‍ പ്രപഞ്ചത്തിലെ സര്‍വചരാചരങ്ങളും തമ്മിലുള്ള പാരസ്പര്യവും സ്വാസ്ത്യവും കൂടുതല്‍ അര്‍ത്ഥപൂര്‍ണ്ണമാക്കാന്‍ വേണ്ടിയുള്ളത് കൂടിയാവണം. ഈ നിലപാടില്‍ അഹിംസാധിഷ്ടിതമായി മാത്രമേ മനുഷ്യന് കര്‍മ്മങ്ങള്‍ ഏറ്റടുക്കാന്‍ കഴിയുകയുള്ളൂ. അല്ലാതെയുള്ള മനുഷ്യ കര്‍മ്മങ്ങള്‍ പ്രകൃതിയുടെ സ്വരൈക്ക്യത്തെ ഹനിക്കുമെന്ന് തീര്‍ച്ച. അതുകൊണ്ട് കര്‍മ്മം ഏറ്റടുക്കുന്ന ശരീരത്തിനു സാത്വികാഹാരമാല്ലാതെ മറ്റൊന്നും നല്‍കാന്‍ മനുഷ്യനാവില്ല. ശുദ്ധവും, സ്വച്ചവുമായ ആഹാരം ആഹാര വിശുദ്ധിയുടെ അടിസ്ഥാനമാണ്. ആഹാരം ധാര്‍മികമാവണം. ആഹാരവിശുദ്ധിയുടെ സംസ്കാരം അഹിംസാധിഷ്ടിതമാണ്. അത് കൊന്നുതിന്നുന്നതിനെ നിരാകരിക്കുന്നു. ഭാരതീയ സമൂഹം ആഹാരവിശുദ്ധിക്കായി വളരെ തപസ്സനുഷ്ടടിച്ച സമൂഹമാണ്. ഭൂമിയില്‍ മാംസാഹാരികളല്ലാത്ത ജാതികളും ഗോത്രങ്ങളും ഭാരതത്തിന്റെ മാത്രം പ്രത്യേകതയാണ്. പക്ഷെ ഹിംസാധിഷ്ടിതമായ ആധുനിക ആഹാര സങ്കല്‍പ്പനം ഇന്നിവിടെ പ്രബലവും, ഭേതിക്കാനവാത്തതുമാണ്. അതിനാല്‍ അന്നതിന്റെ ധാര്‍മ്മികശൂന്യത ശരീരത്തെ വിഷലിപ്തമാക്കുകയും തമോഗുണപ്രദമാക്കി തീര്‍ക്കുകയും ചെയ്തിരിക്കുന്നു. മനുഷ്യമനസ്സിനെയും, ചിന്തകളെയും പ്രതിലോമകരമായി അത് സ്വാധീനിച്ചു കഴിഞ്ഞിരിക്കുന്നു. പ്രപഞ്ചത്തിലെ സര്‍വചരാചരങ്ങളും തമ്മിലുള്ള പാരസ്പ്പര്യത്തെ അത് ഉടച്ചുകളഞ്ഞിരിക്കുന്നു. അതുകൊണ്ട് ആഹാരവിശുദ്ധിക്കായി നമുക്ക് നീതിബോധവും ധാര്‍മ്മികതയും അനിവാര്യമായിരിക്കുകയാണ്. ലാഭത്തെ നിരസിക്കുന്ന, പാരസ്പ്പര്യത്തെ സ്വീകരിക്കുന്ന ഒരു നീതിബോധമാകണമത്. കമ്പോളത്തിന്റെ ഉല്‍പ്പന്നത്തിനു ആഹാരത്തിന്റെ നീതിബോധത്തെ സ്പര്‍ശിക്കാനാവില്ല. ഉപഭോക്താവിന്റെ ധാര്‍മികതയെ വികസ്വരമാക്കാനും അതിനു കഴിയില്ല. അവയുടെ ഉല്‍പാദനം, വിപണനം, ഉപഭോഗം എല്ലാംതന്നെ പ്രകൃതിയുടെ സ്വരൈക്ക്യത്തെ ഹനിക്കുന്ന പാതകളെയാണ് പിന്തുടര്‍ന്നിരിക്കുക. അല്ലാതെ ആധുനിക കമ്പോളത്തിന് നിലനില്കാനാവില്ല. അതുകൊണ്ട് കമ്പോള ആഹാരത്തെ അവഗണിക്കുക എന്നത് ആഹാരവിശുദ്ധിയെ കുറിച്ച് വിചിന്തനം ചെയ്യുന്ന വ്യക്തിയുടെ ധാര്‍മിക ഉത്തരവാദിത്ത്വമാണ്‌. മനുഷ്യനിന്നു സദാസമയം ഭക്ഷിച്ചുകൊണ്ടിരിക്കുന്നത് കമ്പോളം സൃഷ്ടിക്കുന്ന ആസക്തിയുടെ ശമനത്തിനായാണ്.

ലൌകികങ്ങളായ കാര്യങ്ങളെക്കുറിച്ച് ഒന്നും സംസാരിക്കാത്ത തപസ്വിയായിരുന്നു രമണമഹര്‍ഷി. ആത്മാന്വേഷണവും, അന്തര്‍നിരീക്ഷണവും മാത്രമായിരുന്നു രമണമഹര്‍ഷിയുടെ സംഭാഷണത്തിന്റെ ഉള്ളടക്കം. അങ്ങനെയുള്ള അദ്ദേഹം ആധുനിക മനുഷ്യന്റെ വയറിന്റെ വിലാപം നാല് വരി കവിതയായി തമിഴില്‍ എഴുതി. "ഹേ മനുഷ്യാ...ഓരോ മണിക്കൂറിലും നിങ്ങള്‍ തിന്നുകയാണെങ്കില്‍ വായക്കു അര മിനിട്ട് നേരത്തെ ജോലി മാത്രമായത് എനിക്ക് അര മണിക്കൂര്‍ നേരത്തെ ജോലിയായ് മാറും. നിങ്ങള്‍ ഇങ്ങനെ തിന്നുന്നത് തുടര്‍ന്ന് കൊണ്ടേയിരിക്കുകയാണ്. ഈ അസംബന്ധമായ ഏര്‍പ്പാട് സഹിക്കാന്‍ തുടങ്ങിയിട്ട് കാലമെത്രയായ്. ഇനിയും ഇത് തുടരാനാവില്ല. നിങ്ങളോടൊത്തുള്ള പൊരുതി ഞാന്‍ അവസാനിപ്പിക്കുകയാണ്." എന്നാണു കവിതയുടെ സ്വരം. ആധുനിക ലോകത്തിന്റെ പ്രതിസന്ധിയാണ് ഈ കവിത. ആഹാരവിശുദ്ധിയുടെയും, ആത്മനിയന്ത്രണത്തിന്റെയുമായ ആഹാരാവബോധം നമുക്ക് നഷ്ടമായതിന്റെ ഫലമാണിവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത്.                                          

അമിത ഭക്ഷണം ഒഴിവാക്കിയും ഹിംസാധിഷ്ടിതമായ ലോകത്ത് ആഹാരവിശുദ്ധി സങ്കല്പം പ്രാവര്‍ത്തികമാക്കാന്‍ കഴിയൂ. ഹിംസാധിഷ്ടിത ഭക്ഷണം എന്ന് പറയുമ്പോള്‍ മാംസാഹാരത്തെ മാത്രമല്ല സൂചിപ്പിക്കുന്നത്. മനുഷ്യശരീരത്തെ വിഷലിപ്തമാക്കുന്ന പ്രകൃതിയുടെ സാകല്യത്തെ നിഷേധിക്കുന്ന എല്ലാ ഉല്‍പ്പന്നങ്ങളും ഇതിന്റെ പരിധിയില്‍ വരും.

മനസ് അന്നമയമാണ്. നാം കഴിക്കുന്ന ഭക്ഷണത്തിന്റെ സൂക്ഷ്മസത്ത നമ്മുടെ മനസ്സിനെ രൂപപ്പെടുത്തുന്നുവെന്നതാണ്‌ വാസ്തവം. ജപ്പാനിലെ പ്രശസ്ത ശാസ്ത്രഞ്ജനായ പ്രൊഫ: വെന്‍സ് താന്‍ നടത്തിയ നിരവധി പരീക്ഷണങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്ന നിഗമനം സസ്യേതര ഭക്ഷണം കോപം, ഉത്കണ്ട, അസ്വാസ്ഥ്യം, വിഷയാസക്തി, ഹിംസവാസന, എന്നിവ മനുഷ്യനില്‍ സൃഷ്ടിക്കുന്നതില്‍ വലിയ പങ്കു വഹിക്കുന്നുവെന്നതാണ്‌. മാത്രമല്ല, സസ്യേതരാഹാരത്തിന്റെ സ്വീകരണം പ്രകൃതിയിലെ സര്‍വ ചരാചരങ്ങളുമായുള്ള പാരസ്പര്യത്തെ വ്രണിതമാക്കുന്നു.        

വികസിത രാഷ്ട്രങ്ങളില്‍ ഒരു ടണ്‍ മാംസാഹാരത്തിനായി ആറ് ടണ്‍ ഭക്ഷണം കാലികള്‍ക്ക് നല്‍കുന്നു. മാംസാഹാരത്തിനു വേണ്ടി വളര്‍ത്തുന്ന മൃഗങ്ങള്‍ക്ക് നല്‍കുന്ന ഭക്ഷണം കൊണ്ട് ലോകജനസംഖ്യയുടെ പകുതിയോളം വരുന്നവരുടെ വിശപ്പകറ്റാമെന്നാണ് പറയുന്നത്. ഒരു ഭാഗത്ത്‌ 40 കോടി ടണ്‍ ഭകഷ്യധാന്യം മാംസാഹാരത്തിനായി മൃഗങ്ങള്‍ക്ക് നല്‍കുമ്പോള്‍ മറുവശത്ത് ഭക്ഷ്യധാന്യങ്ങളുടെ കുറവ് നിമിത്തം 50 കോടിയോളം പാവപ്പെട്ട ജനങ്ങള്‍ മൃതിയടയുന്നു. ഇന്ത്യയില്‍ മാത്രം 33 കോടി പക്ഷികളും മൃഗങ്ങളും ഭക്ഷണത്തിന് വേണ്ടി കൊല ചെയ്യപ്പെടുന്നു.

ആഹാരത്തിലെ ധാര്‍മ്മിക ശൂന്യതയാല്‍ ഓണവും, വിഷുവും, ഈസ്റെരും, ക്രിസ്തുമസും, പെരുന്നാളും തുടങ്ങി എല്ലാ ആഘോഷങ്ങളും പാപപാരം പേറുന്ന അനുഷ്ടാനങ്ങളായി ഇക്കാലത്ത്‌ മാറിക്കഴിഞ്ഞിരിക്കുകയാണ്. സസ്യേതരവും, സംസ്കൃതവുമായ ഭോജന ആഡംബരങ്ങള്‍ അനിവാര്യമാണോ എന്ന് നാം ചിന്തിക്കണം. ആഹാരം നമ്മുടെ ശരീരത്തെ പങ്കിലമാക്കുകയാണെന്നതും തിരിച്ചറിയണം. നമ്മള്‍ കഴിക്കുന്നത്‌ പ്രകൃതിയുടെ നിറവൂറ്റുന്ന ഭക്ഷണമാകരുത്. കറിക്കത്തിക്കിരയാവുന്ന ജീവിയുടെ ചങ്കിടിപ്പ് തിണര്‍ത്തു കിടക്കുന്നതാവരുത് നമ്മുടെ അന്നം. ആഹാരത്തെ വിശുദ്ധമാക്കല്‍ സ്വയം വിമലീകരണത്തിന്റെ സനാതനമായ പാതയാണെന്നു നാം തിരിച്ചറിയണം.

ഹിമാലയത്തിലെ സ്വാമി ശിവാനന്ധജീയോടു ഒരാള്‍ ചോദിച്ചു. ആരോഗ്യത്തോടും, സന്തോഷത്തോടും, പരിശുദ്ധിയോടും കൂടി എങ്ങെനെയിരിക്കാം. അദ്ദേഹം ഒരു ഗാനത്തിലൂടെ മറുപടി പറഞ്ഞു.
കുറച്ചു ഭക്ഷിക്കുക
കുറച്ചു സംസാരിക്കുക
കുറച്ചുറങ്ങുക
കുറച്ചു ജപിക്കുക
അതായത് 'അതിസര്‍വത്രവര്‍ജ്ജയേത്'. എന്തും മിതമായി ചെയുക. തീന്‍മേശ സമൃദ്ധമാക്കാന്‍ നമ്മളുപേക്ഷിച്ച ആഹാരവിശുദ്ധിയുടെ നീതിബോധവും, ധാര്‍മ്മികതയും തിരിച്ചു പിടിക്കുന്നതിലൂടെ സഹജമായ സമാധാനത്തിലേക്ക് ആഹാരത്തെ പാതയാക്കുക. കാര്‍ഷിക നിറവിന്റെ ആചരണമായ വിഷു മിണ്ടാപ്രാണികളുടെ ജീവന്‍ കവര്‍ന്നെടുത്തു ആചരിക്കുന്ന ഇപ്പോഴത്തെ സമീപനം നമ്മളുപേക്ഷിച്ചു വിഷു ആചരണം പ്രകൃതിയിലെ സര്‍വചരാചര്യങ്ങളും തമ്മിലുള്ള പാരസ്പര്യത്തെ പുന:സൃഷ്ടിക്കാനുള്ള സന്ദര്ഭമാക്കി മാറ്റുക എന്നതാവണം വിഷു ആഘോഷിക്കുന്നതിന്റെ ധാര്‍മികത.

നമ്മുടെ എല്ലാ ആഘോഷങ്ങളും സസ്യാഹാരനിഷ്ടവും ആഹിമ്സാപൂര്‍ണവുമായ പാതയിലൂടെ സാരവത്താകട്ടെ.
- സി.കെ . ബിജോയ്‌      

No comments:

Post a Comment