Saturday, March 31, 2012

ഈസ്റ്റെര്‍ അര്‍ത്ഥപൂര്‍ണവും സസ്യാഹാര നിഷ്ഠവുമാകട്ടെ.


ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും  , ക്രൂശീകരണത്തിന്റെയും, ഉയിര്‍വിന്റെയും ഓര്‍മ്മക്കായി ധാരാളം അനുഷ്ടാനങ്ങള്‍ ലോകമെമ്പാടും നടന്നുവരുന്നുണ്ട്. ദുഃഖവെള്ളിയാഴ്ചകളില്‍ ചിലര്‍ കുരിശില്‍ കിടക്കുന്നതായി പത്രവാര്‍ത്തകള്‍ വരാറുണ്ട്. യേശു കുരിശില്‍ കിടന്നതല്ല, കിടത്തിയതാണ് എന്ന സത്യം മറക്കുകയോ, മറച്ചുവെക്കപ്പെടുകയോ ചെയ്യുന്നു.

മുപ്പത്തിമൂന്നാം വയസ്സില്‍ അന്നത്തെ ഭരണാധികാരികളും, പുരോഹിത പ്രമാണിമാരും, വിശ്വാസത്തിന്റെ കുത്തകാവകാശികളും ചേര്‍ന്ന് നടത്തിയ ഗൂഡാലോചനയും അറസ്റ്റും, വിചാരണ പ്രഹസനവും, പീഡനവും, ക്രൂശീകരണവുമൊക്കെയാണ് വാസ്തവത്തില്‍ നടന്നത്. ചെയ്ത തെറ്റോ? പുതിയ ആകാശത്തിനും, പുതിയ ഭൂമിക്കും, ഭൂമിയില്‍ മനുഷ്യര്‍ക്കിടയില്‍ സ്വര്‍ഗം പുലരുന്നതിനും മനുഷ്യരെ ഈശ്വരീയതയിലേക്കുയര്‍ത്തുവാനും വേണ്ടി പ്രബോധനം നടത്തി എന്നതും! കുരിശിന്റെ ഈ വഴിയല്ലേ നാം അനുകരിക്കേണ്ടത്, അല്ലാതെ ഗരുഡന്‍തൂക്കം പോലെ കുരിശില്‍ തൂങ്ങലാണോ? 

അത് പോലെ നോമ്പ് കാലത്ത് പീഡനയാത്രയെ അനുസ്മരിച്ചു കൊണ്ടുള്ള കുരിശു ചുമന്നുള്ള യാത്രകള്‍ വഴിനീളെ കാണാം. ഈ വഴിപ്രാര്‍ത്ഥനകളുടെ പൊരുള്‍ എന്താണ്? ബൈബിള്‍ ഇക്കാര്യത്തില്‍ എന്താണ് പറയുന്നത്? ലൂക്കോസ് - 23: 27-30 കാണുക. ദുരിതകാലം വരാനിരിക്കുന്നു. എന്നെപ്രതിയല്ല, നിന്നെയും മക്കളെയും തലമുറകളെയും ഓര്‍ത്തു വിലപിക്കുക എന്ന് കരഞ്ഞടുത്തവരോട് ഓര്‍മ്മിപ്പിക്കുകയും, കരുതിയിരിക്കാന്‍ പ്രവചിക്കുകയും ചെയ്ത ശ്രീയേശുനാഥന്റെ പേരില്‍ നാമെന്താണ് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്? ക്രിസ്തു വിലക്കിയത് ആവര്‍ത്തിച്ചു ചെയ്തു ക്രിസ്തുവിരുദ്ധരാകാനാണോ, അതോ ക്രിസ്തുസന്ദേശം സ്വീകരിച്ചു ജീവിതത്തില്‍ പകര്‍ത്തി ക്രിസ്തു മാര്‍ഗികളാകലാണോ. ഇതിലേതാണ് യഥാര്‍ത്ഥ ക്രിസ്ത്യാനി സ്വീകരിക്കേണ്ടത്? മിശിഹാകര്‍ത്താവിനോട് ഇത്രക്കും നിന്ദ ചെയ്യാന്‍ നിന്നെ ആരാണ് പ്രേരിപ്പിക്കുന്നത്? പിശാചിന്റെ കരങ്ങളെ, വലകളെ തിരിച്ചറിയാന്‍ ജാഗ്രതയോടെ  പ്രാര്‍ഥിക്കുക. (മത്തായി : 6 ല്‍ 5-8 വായിക്കുക)

യെരൂശലേം പുത്രിമാരോട് വരാനിരിക്കുന്ന ദുരിതം പറഞ്ഞ യേശുവിനു വേണ്ടി നിങ്ങള്‍ തൂകുന്ന കണ്ണുനീര്‍ യേശു സ്വീകരിക്കുമെന്ന് കരുതുന്നുണ്ടോ? ഇത്രയൊന്നും വിചാരിച്ചല്ല ചടങ്ങുകളില്‍ പങ്കെടുക്കുന്നതെന്ന്  ഒഴുക്കന്‍ മട്ടില്‍ ചിലര്‍ പറയുന്നത് കേള്‍ക്കാം. മുന്‍പേ നടക്കുന്ന പശുവിന്റെ പിറകെ നടക്കുന്നവര്‍ക്ക് കിട്ടുന്നതെ ഇവര്‍ക്കും കിട്ടൂ. വേറെ ചിലരാകട്ടെ സൌഭാഗ്യങ്ങളില്‍ മതിമറന്നു ആര്‍ഭാടജീവിതം നയിച്ച്‌ നിസ്വാരായവരോടും, വിചാതീയരോടും മുഖം തിരിച്ചു ജീവിക്കുന്നു. ഇവര്‍ കുരിശിന്റെ വഴിയെന്ന നാട്യത്തില്‍ പ്രദക്ഷിണങ്ങളില്‍ പങ്കെടുത്തുകൊണ്ട് വിശ്വാസപ്രഖ്യാപനം നടത്തുന്നു. ഈ നാട്യങ്ങള്‍ എല്ലാം അറിയുന്നവനായ കര്‍ത്താവിനോട് തന്നെ വേണോ? ക്രിസ്തുവിന്റെ സന്ദേശത്തില്‍ നിന്നും ക്രൈസ്തവരുടെ ജീവിതം എത്രയോ അകലുന്നു അല്ലേ.... നാം മനുഷ്യപുത്രന് വേണ്ടി കേഴുമ്പോള്‍, മനുഷ്യപുത്രനോ നമ്മേയോര്‍ത്തു കേഴുകയായിരിക്കും. കാണപ്പെടുന്ന 'സഹോദരരെ പരിഗണിക്കാത അയല്‍ക്കാരോട് അനുകമ്പയില്ലാത്ത നമ്മുടെ പിഴവ് പറ്റിയ' പാതകളെ ഓര്‍ത്ത്.  

മരണഭയം മനുഷ്യന്റെ കൂടപ്പിറപ്പാണ്. ജീവിച്ചു മതിയാകാത്തതാണ്‌ മനുഷ്യപ്രകൃതം. അതിനാല്‍ തന്നെ മരണാനന്തരം ജീവിതത്തെപ്പറ്റി നിറം പിടിപ്പിച്ച ഒട്ടേറെ കഥകള്‍ നാം കേള്‍ക്കാറുണ്ട്. അധികവും ഭാവനയാണതില്‍. അതിനാല്‍ ചത്തതിനൊക്കുമേ ജീവിച്ചിരിക്കുന്നവരുടെ ലോകത്തില്‍ വളരെ അപൂര്‍വമായി മരണത്തിനു മുന്‍പ് ജീവിക്കുന്നവരും അവതരിക്കും. അവര്‍ക്ക് മാത്രം സംഭവിക്കുന്നതാണ് ഉയര്‍പ്പ്. നശ്വരതയില്‍ നിന്ന് അനശ്വരതയിലേക്ക്, മൃത്യുവില്‍ നിന്ന് അമരത്വത്തിലേക്കാണ് ഈ യാത്ര. ശ്രീയേശുദേവന്‍ അങ്ങിനെ മരണത്തിനു മുന്‍പ് ജീവിക്കുകയും, ജീവിതശേഷം ഉയിര്‍ക്കുകയും ചെയ്തതായി ലോകം വാഴ്ത്തുന്നു. പലരും കരുതും പോലെ ശരീരമല്ല ഉയര്ത്തത്‌. ജീവിതവിശുദ്ധിയും, മഹാസന്ദേശങ്ങളും, ആത്മപ്രഭാവവും, ജീവത്യാഗവും, സ്നേഹത്തിന്റെ പരിമളവും, ഈശ്വരാമ്ശീയവുമാണ് 2000  വര്ഷം മുന്‍പ് ഉധാനം ചെയ്തത്. മറ്റുള്ള കഥകള്‍ കവി ഭാവനയിലെ ലോകമാണ്. ഉയര്‍പ്പ് എന്നാല്‍ 'മ്രിത്യോര്‍മ്മ അമൃതം ഗമയ' യാണ്. മരണത്തില്‍ നിന്നും അമരത്വത്തിലേക്ക് നമുക്കീ ഉയര്‍പ്പ് അര്‍ത്ഥപൂര്‍ണ്ണമായി ആഘോഷിക്കാം.

ക്രിസ്തുവിനെ ക്രൂശിച്ച കുരിശു ക്രിസ്തുവിലൂടെ പുതിയ സന്ദേശങ്ങളുടെ പ്രതീകമായി സ്നേഹത്തിന്റെയും , ത്യാഗത്തിന്റെയും, പ്രത്യാശയുടെയും ചിഹ്ന്നമായി മാറി. കുരിശു ഭിന്നത (/-) നിരാകരിച്ചു ഐക്യത്തെ (+) വാഴ്ത്തുന്ന പ്രതീകമായി ഐക്യമത്യം മഹാബലം, ത്യാഗം വൃഥാവിലാകില്ല എന്നീ സന്ദേശങ്ങളും, ജീവിത വഴിയില്‍ പൂക്കള്‍ മാത്രമല്ല മുള്ളുകളും ഉണ്ടെന്നു ഓര്‍മ്മപ്പെടുത്തല്‍ ഇങ്ങനെ കുരിശു കാണുമ്പോള്‍ ക്രിസ്തുവിലൂടെ കുരിശിനു സംഭവിച്ച മാറ്റവും നമ്മുടെ ഹൃദയത്തിലുദിക്കണം, ലോകത്തിന്റെ പല ഭാഗങ്ങളിലും ദുര്‍ഭരണത്തിനെതിരെ സമരശക്തിയാണ് കുരിശു, പ്രത്യേകിച്ചും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ ക്രിസ്ത്യാനികള്‍ക്കിടയില്‍ ദുരിതത്തില്‍ നിന്നുള്ള വിമോചനവും കുരിശിന്റെ സന്ദേശമാവുന്നു.

അതുപോലെ കൈതാങ്ങില്‍ കുഞാടുമായി നില്‍ക്കുന്ന രക്ഷകന്‍ മരണത്തിനു പോലും തോല്പ്പിക്കാനാകാതെ ഉയര്‍ത്തപ്പെട്ടത്‌  ആഘോഷിക്കുമ്പോള്‍ കൈതാങ്ങില്‍ നിന്നും കുഞ്ഞാടിനെ പിടിച്ചുവാങ്ങി കശാപ്പു ചെയ്തു തിന്നാണോ നീ ഉയര്‍പ്പ്തിരുനാള്‍ ആഘോഷിക്കേണ്ടത്? മിണ്ടാപ്രാണികളെ കനിവോടെ ഭേതഭാവമില്ലാതെ സ്വീകരിച്ച മനുഷ്യപുത്രന്റെ മ്രിത്യുന്ജയം പക്ഷിമൃഗാദികളുടെ മൃത്യുദിനമാക്കുന്നത് ശരിയോ? "നീ മാംസം ഭക്ഷിക്കുമ്പോള്‍ നിന്നെ തന്നെയാണ് ഭക്ഷിക്കുന്നതെ" ന്ന്  മനുഷ്യ പുത്രന്‍ അരുളി ചെയ്തത് മറന്നു പോയോ?

പുരോഹിതരോ, നേതാക്കളോ,ഗ്രന്ഥങ്ങളോ, സത്യങ്ങളെ പറഞ്ഞു പഠിപ്പിക്കുന്നില്ലായെങ്ങില്‍ സ്വയം വെളിച്ചം തേടാന്‍ ഹൃദയം തുറക്കേണ്ടത് വിശ്വാസിയുടെ ഇക്കാലത്തെ കടമയാണ്. 'ഞാന്‍ ലോകത്തിന്റെ വെളിച്ചമാണെന്ന് പ്രഖ്യാപിക്കുമ്പോള്‍ ആ വെളിച്ചം സ്വീകരിക്കാന്‍ ഒരുക്കേണ്ടതുണ്ട്, എന്തിനു അമാന്തിക്കണം ധീരരാകുക 'തമസോമാ ജ്യോതിര്‍ഗമയ' (ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്ക്) എന്നാണു ഋഷിവചനം ഇരുട്ടില്‍ കഴിയാനല്ല 'അന്വേഷിപ്പിന്‍ കണ്ടെത്തും' എന്നാണു പറയപ്പെട്ടിരിക്കുന്നത്. എല്ലാം ദൈവീകമായ സൃഷ്ടിയാണെന്ന് വിശ്വസിക്കുകയും മിണ്ടാപ്രാണികളുടെ ജീവിക്കാനുള്ള അവകാശത്തെ നിഷേധിച്ച് ആഘോഷത്തിന്റെ  പേരില്‍ കൊന്നും, കൊന്നത് തിന്നും ആഹ്ലാദിക്കുമ്പോള്‍ ഓര്‍ക്കുക നാം ചെയുന്നത് കൊടിയ പാപമാണെന്നു.

യെശയ്യാ: 1 - ല്‍ 11  - 17  ഇപ്രകാരം പറയുന്നു

കര്‍ത്താവ്‌ ചോദിക്കുന്നു: "നിങ്ങള്‍ അര്‍പ്പിക്കുന്ന അനേകം യാഗങ്ങള്‍ എനിക്കെന്തിനു?" ആണാടുകളെ ഹോമിക്കുന്ന ബലികളും വളര്‍ത്തു മൃഗങ്ങളുടെ മേദസും എനിക്ക് വേണ്ടുവോളമായി. കാളകളുടെയോ, ചെമ്മരിയാട്കളുടെയോ, ആണ്‍കോലാടുകളുടെയോ രക്തത്തില്‍ ഞാന്‍ പ്രസാദിക്കുന്നില്ല. എന്റെ സന്നിധിയില്‍ വരുമ്പോള്‍ എന്റെ തിരുമുറ്റം ചവിട്ടിമെതിക്കാന്‍ നിങ്ങളോട് ആരാണ് ആവശ്യപ്പെട്ടത്? വ്യര്‍ഥമായ വഴിപാടുകള്‍ ഇനി കൊണ്ട് വരരുത്. ധൂപം എനിക്ക് മ്ലേച്ചതയാണ്. അമാവാസിയും, ശാബത്തും, സമ്മേളനങ്ങളും എനിക്ക് പൊറുത്തു കൂടാ. നിങ്ങളുടെ അമാവാസികളും, നിര്‍ദ്ധിഷ്ടതിരുന്നാളുകളും എനിക്ക് വെറുപ്പാണ്. അവ എനിക്ക് ഭാരമായിരിക്കുന്നു. നിങ്ങളുടെ കൈകളില്‍ നിറയെ രക്തമാണ്. നിങ്ങള്‍ കുളിച്ചു ശുദ്ധരാകൂ... എന്റെ കണ്‍ മുന്‍പില്‍ നിന്ന് നിങ്ങളുടെ ദുര്‍വൃത്തികള്‍ നീക്കിക്കളയൂ. തിന്മയില്‍ നിന്ന് വിരമിക്കൂ.... നന്മ ചെയാന്‍ പഠിക്കൂ...നീതി അന്വേഷിക്കൂ. മര്‍ധകനെ തിരുത്തൂ, അനാഥനെ സംരക്ഷിക്കൂ, വിധവയ്ക്ക് വേണ്ടി വാദിക്കൂ.                                                  

ആയതിനാല്‍ സത്യവിശ്വാസികളെ, നമുക്ക് പ്രചോദകമായ ഗ്രന്ഥങ്ങള്‍ മുന്‍വിധികളില്ലാതെ വീണ്ടും വായിക്കാം. ലഹരി പിടിച്ച വിശ്വാസവും, ലഹരിയായ മദ്യവും ജീവിതത്തില്‍ നിന്നും മാറ്റി നിര്‍ത്താം. അനുഷ്ടാനങ്ങളുടെ പൊരുള്‍ തിരിച്ചറിഞ്ഞു ആഘോഷിക്കാം. കരുണയാണ് വേണ്ടതെന്ന പുതിയ നിയമ പ്രഖ്യാപനം നമുക്ക് മറക്കാതിരിക്കാം. ഈസ്റ്റെര്‍ മിണ്ടാപ്രാണികളുടെ രക്തം ചിന്താതെ സസ്യാഹാര പൂര്‍ണമായി ആഘോഷിക്കുക. അത് സ്വീകരിച്ചു ഹൃദയത്തില്‍ ആഹ്ലാദിക്കുക.

ഉല്‍പ്പത്തി : 1 - ല്‍ 29 - 31 വാക്യങ്ങള്‍ ഇപ്രകാരം പറഞ്ഞിരിക്കുന്നത് വായിക്കുക.
ദൈവം അരുള്‍ ചെയ്തു. "നോക്കൂ, വിത്തുള്ള എല്ലാ ഇനം ചെടികളും വിത്തുള്ള ഫലം കായ്ക്കുന്ന എല്ലാ ഇനം വൃക്ഷങ്ങളും ഭൂമുഖത്ത് നിങ്ങള്‍ക്ക്‌ ഞാന്‍ തന്നിരിക്കുന്നു. അവ നിങ്ങള്‍ക്ക്‌ ഭക്ഷണമായിരിക്കും. ഭൂമിയിലെ എല്ലാ മൃഗങ്ങള്‍ക്കും ആകാശത്തിലെ എല്ലാ പക്ഷികള്‍ക്കും നിലത്തു ഇഴയുന്ന എല്ലാ ജന്തുക്കള്‍ക്കും ജീവവിശ്വാസമുള്ള സകലതിനും ആഹാരമായി പച്ച സസ്യങ്ങളൊക്കെയും ഞാന്‍ കൊടുത്തിരിക്കുന്നു.

ഭാരതത്തിനപ്പുറത്തു മതവിശ്വാസവുമായി ബന്ധപ്പെട്ട സസ്യാഹാരികള്‍ ഏറ്റവും കൂടുതലുള്ളത് യഹൂദന്‍മാരുടെ ഇടയിലാണ്. യെശയ്യാ പ്രവാചകന്റെ ദര്‍ശനത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ശക്തമായ ഒരു സസ്യാഹാര സമൂഹം യഹൂദ സമൂഹത്തില്‍ ഉടലെടുത്തിരുന്നു. എസ്സീന്‍ സന്യാസ സമൂഹവും, പ്രമുഖരായ പല റബ്ബിമാരും സസ്യാഹാരികള്‍ ആയിരുന്നു. യേശു ജനിച്ചു വളര്‍ന്നത്‌ ഈ സമുദായത്തിലായിരുന്നു. ആദിമ നൂറ്റാണ്ടിലെ ക്രൈസ്തവ സമൂഹം മുഖ്യമായും, ഭൂരിപക്ഷം സഭാപിതാക്കന്മാരും സസ്യാഹാരികള്‍ ആയിരുന്നു. യഹൂദന്മാരുടെ പെസഹാവിരുന്നില്‍ ആടിന്റെ മാംസം ഒരു മുഖ്യ ഇനമായിരിക്കെ യേശുക്രിസ്തു തന്റെ ശിഷ്യന്മാര്‍ക്ക് വേണ്ടി ഒരുക്കിയ പെസഹാവിരുന്നു സസ്യാഹാര പ്രദമായിരുന്നു എന്ന് കാണാം.         

വിദേശങ്ങളിലെ ക്രിസ്ത്യാനികള്‍ സസ്യാഹാരശീലത്തിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. നമ്മുടെ തെറ്റായ ശീലങ്ങളില്‍ നാം ദുരിതം പേറുന്നു. ലോകം സസ്യാഹാരശീലത്തിലേക്ക് മാറുമ്പോള്‍ കേരളത്തിലെ ക്രൈസ്തവര്‍ മാംസാഹാര വെറിയിലാണിന്നും. അവരോടു 'സത് വാര്‍ത്ത' പറയാന്‍ ആളില്ലല്ലോ?. എന്റെ പിഴ..എന്റെ പിഴ!

ബ്രെസ്റ്റ് കാന്‍സര്‍ ക്രൈസ്തവ സഹോദരിമാരിലാണ് കൂടുതലെന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. മാംസാഹാരമാണ് കാരണമെന്നും പറയുന്നു. ഹൃദയരോഗികള്‍ പെരുകുന്നു. നമ്മുടെ കുടുംബങ്ങളില്‍  നിന്നും മാംസഭക്ഷണത്തിന്റെ ഫലമായ രോഗങ്ങളും ദുരിതവും ജീവഹത്യയുടെ ശാപവും ഒഴിഞ്ഞുപോകാനും ശാന്തി നിറയാനും നമുക്ക് പ്രാര്‍ത്ഥിക്കാം. സസ്യാഹാര ശീലം സ്വീകരിക്കാം.

പുതിയ കാലം കുരിശു മാത്രമല്ല. ജീവന്റെ പ്രതീകമായ കുഞ്ഞാടിനെയും കൈകളിലേന്താന്‍ ക്രൈസ്തവ സഹോദരങ്ങളോട് നിശബ്ദമായി പ്രബോധിപ്പിക്കുന്നു. ജീവകാരുണ്യത്തിന്റെ ശരിയായ അര്‍ത്ഥം മനസിലാക്കാന്‍ ശ്രമിക്കണം. ഇഷ്ടത്തോടെ യേശു ഏന്തിയത് കുരിശല്ല.  കുഞാടിനെയാണല്ലോ.... ബൈബിളിന്റെ ഹരിതവായനക്ക് സമയം വൈകിയിരിക്കുന്നു.

ഭൂമിയുടെ, ജീവന്റെ നിലനില്‍പ്പ് തകരുന്ന ഇക്കാലത്ത് മനുഷ്യന് വേണ്ടി മാത്രമല്ല ഈ ഭൂമി ദൈവം സൃഷ്ടിച്ചത് എന്ന തിരിച്ചറിവുണ്ടാകണം. മനുഷ്യര്‍ക്ക്‌ സൃഷ്ടിയില്‍ വിശേഷ ബുദ്ധി ലഭിച്ചിരിക്കുന്നത് സകല ചരാചരങ്ങളെയും സംരക്ഷിക്കാനും ശുശ്രൂഷിക്കാനുമാണെന്നു തിരിച്ചറിയുക. ജീവികളിലെ നായക പദവി സഹജീവികളെ കൊല്ലാനുള്ള വില്ലന്‍ പദവിയാക്കാതിരിക്കുക. ഈ തിരിച്ചറിവിലൂടെ നമുക്ക് ഈസ്റ്റെര്‍ സസ്യാഹാര പാതയിലൂടെ അര്‍ത്ഥപൂര്‍ണമായി ആഘോഷിക്കാം.


              
ഡേവിസ് വളര്‍കാവ്,
'ഗ്രീന്‍ ഹോം'
പോന്നൂക്കര (പോസ്റ്റ്‌ )
തൃശൂര്‍- 680306
MOB: 9895148998


                   


1 comment:

 1. അഭിനന്ദനങ്ങള്‍ ഡേവിഡ് സര്‍....
  വളരെ നന്നായിരിക്കുന്നു....
  വെജിറ്റേറിയനായ ഒരാളെ സവര്‍ണ്ണ ഹിന്ദു ഫ്യൂഡലിസ്റ്റായി കാണുന്ന രീതിയുള്ളതുകൊണ്ട് ഞാന്‍ ഇത്തരം പോസ്റ്റുകള്‍ പരമാവധി ഒഴിവാക്കുകയാണ് ചെയ്യാറ്....
  ഒരു മതത്തിലും മാംസാഹാരം നിര്‍ബന്ധമായും കഴിക്കണമെന്ന നിഷ്കര്‍ഷ ഞാന് ഇതുവരെ കണ്ടിട്ടില്ല.... പക്ഷെ ഉദ്ദിഷ്ടകാര്യത്തിനു മാത്രം ഉപകാരസ്മരണയുള്ള സമൂഹം പെട്ടന്നിതിനെ അംഗീകരിച്ചെന്നു വരില്ല....
  ഇന്നേ വരെ മരുന്ന് പോലും കണ്ടുപിടിച്ചിട്ടില്ലാത്തതും ഒരു കാലത്ത് പേടിസ്വപ്നവുമായിരുന്ന പല അസുഖങ്ങളും മാംസാഹാരത്തില്‍ നിന്നുമുണ്ടായതാണെന്ന കാര്യം കൂടി നമ്മള്‍ വിസ്മരിക്കരുത്...
  സ്പാനിഷ് ഫ്ലൂ (പന്നിയിറച്ചി)
  എബോള (കുരങ്ങ്)
  സാര്‍സ് (വെരുക്)
  ഭ്രാന്തിപ്പശുരോഗം (ബീഫ്)
  ബേര്‍ഡ് ഫ്ലൂ (കോഴിയിറച്ചി)

  ReplyDelete