Wednesday, September 21, 2011

വെജിറ്റേറിയന്‍ ഫാഷന്‍

സാധാരണ വേദികളിലൊക്കെ മോഡേണ്‍ ഡ്രസുകളിട്ടാണു ഗാവോ യുവാന്‍യുവാന്‍ എത്താറുള്ളത്. ചൈനീസ് സിനിമാ താരത്തിന്‍റെ പേരിനും പ്രശസ്തിക്കുമൊത്ത് ആഭരണങ്ങളും അണിയാറുണ്ട്. ടെലിവിഷന്‍ സീരിയലുകളിലും സിനിമകളിലും നിറഞ്ഞു നില്‍ക്കുന്ന ഗാവോ കഴിഞ്ഞ ദിവസം ഫോട്ടൊ ഷൂട്ടിനെത്തിയപ്പോള്‍ ആകെയൊരു മാറ്റം. പതിവുപോലെ ഹെയര്‍സ്റ്റൈല്‍ ആര്‍ട്ടിസ്റ്റോ മേക്കപ്പ്മാനോ ഹെല്‍പ്പറോ കൂടെയില്ല. പകരം, ഒരു കെട്ട് ഇലകളും കുറേ പച്ചമുളകും വാഴയുടെ നാരുമായി നാലഞ്ചാളുകള്‍ പുറകെ. കണ്ടാല്‍ കാബേജിന്‍റെ ഇലപോലെയുള്ള ഒരു തരം വട്ടയില ദേഹമാകെ വരിഞ്ഞു ചുറ്റി. ദേഹത്ത് ഉറപ്പിച്ചു കഴിഞ്ഞപ്പോള്‍ ഒരു ഗൗണ്‍പോലെ. ചുവന്ന മുളകു കോര്‍ത്തുണ്ടാക്കിയ ഒരു മാല കഴുത്തിലിട്ടു. ക്യാമറയ്ക്കു മുന്നിലെത്തിയ ശേഷം എല്ലാവരോടുമായി ഗാവോ പറഞ്ഞു, ഞാനിപ്പോള്‍ വെജിറ്റേറിയനാണ്. മാംസഭക്ഷണം ഉപേക്ഷിച്ചതോടെ കൂടുതല്‍ ഉന്മേഷം തോന്നുന്നു... പീപ്പിള്‍ ഫോര്‍ ദ എത്തിക്കല്‍ ട്രീറ്റ്മെന്‍റ് ഒഫ് അനിമലിന്‍റെ (പെറ്റ) പ്രചാരകയായിരിക്കുന്നു ഗാവോ. ഇറച്ചി ഉപേക്ഷിച്ച് പച്ചക്കറികള്‍ ശീലിക്കാന്‍ ചൈനക്കാരെ ഉപദേശിക്കുന്നു.

മാംസ ഭക്ഷണം കഴിക്കുന്നവരുടെ കൂട്ടത്തില്‍ മുന്‍പന്തിയിലാണു ചൈനക്കാര്‍. വറുത്തും പൊരിച്ചും തീയില്‍ ചുട്ടെടുത്തും ഇറച്ചി കഴിച്ച് ശീലിച്ചു. ചൈനയില്‍ പണ്ടു ജീവിച്ചിരുന്നവരെല്ലാം പച്ചക്കറികള്‍ കഴിച്ചിരുന്നവരാണ്. വരുമാനം കൂടിയപ്പോള്‍ ആഡംബര ഭക്ഷണം ശീലിച്ചു. അതില്‍ മാംസമാണു കൂടുതല്‍. ആകെ ചെലവാകുന്ന ഇറച്ചിയുടെ കണക്കെടുത്തപ്പോള്‍ ഓരോ ചൈനക്കാരനും ഒരു വര്‍ഷം അമ്പത്തഞ്ചു കിലോ ഇറച്ചി കഴിക്കുന്നുണ്ടെന്നു വ്യക്തമായി. അതോടെ, മൃഗങ്ങളെ കൊല്ലുന്നതിനെതിരേ പ്രവര്‍ത്തിക്കുന്ന പെറ്റ ചൈനയിലും പ്രചാരണം തുടങ്ങി. സിനിമാ താരങ്ങളെ മോഡലുകളാക്കി മൃഗങ്ങളെ കൊല്ലുന്നതിനെതിരേ ക്യാംപെയ്ന്‍ ആരംഭിച്ചു കഴിഞ്ഞു.

നാലു പതിറ്റാണ്ടിനിടെയാണ് ഇറച്ചി കഴിക്കുന്നവരുടെ എണ്ണം ചൈനയില്‍ ഇത്രയധികമായത്. രോഗികളുടെ എണ്ണം കൂടാന്‍ ഇതു കാരണമായി. ഹാര്‍ട്ട് അറ്റാക്ക്, കാന്‍സര്‍ രോഗികളുടെ എണ്ണം വര്‍ധിച്ചു. പാശ്ചാത്യ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ചൈനക്കാര്‍ കഴിക്കുന്ന ഇറച്ചിയുടെ അളവ് കുറവാണെങ്കിലും ഇപ്പോഴത്തെ നില തുടര്‍ന്നാല്‍ ഇറച്ചി തിന്നുന്ന കാര്യത്തില്‍ എല്ലാവരേയും തോല്‍പ്പിച്ച് ഒന്നാം സ്ഥാനത്തെത്തും ചൈന. അങ്ങനെയൊക്കെ സംഭവിക്കുന്നതിനു മുമ്പ് നാട്ടിലെ മൃഗങ്ങളെ സംരക്ഷിക്കാനുള്ള ശ്രമത്തിലാണു പെറ്റ. മൃഗങ്ങളെ കൊല്ലാതെ നോക്കുകയും ചെയ്യാം മനുഷ്യരുടെ ആരോഗ്യം മെച്ചപ്പെടുമെന്നും മൃഗസ്നേഹികള്‍ പറയുന്നുണ്ട്

www.metrovaartha.com

No comments:

Post a Comment