Saturday, August 20, 2011

പ്രകൃതി പാചകം

ചെറുനാരങ്ങ പാനീയം
മണ്‍കൂജയിലോ മണ്‍കലത്തിലോ വെച്ച് തണുപ്പിച്ച വെള്ളം ഒരു ഗ്ലാസ് എടുത്ത് ഒരു ചെറുനാരങ്ങയുടെ നീരും കാല്‍ ടീസ്പൂണ്‍ ഇഞ്ചിനീരും രണ്ട് ഏലക്കായയും പൊടിച്ചിട്ട് മധുരം പാകത്തിന് ശര്‍ക്കരയും ചേര്‍ക്കാം.

കുമ്പളങ്ങ പാനീയം
കുമ്പളങ്ങ: 250 ഗ്രാം, തേങ്ങ: 1 മുറി, ജീരകം: 1 ടീസ്പൂണ്‍, ഏലക്കായ: 2, ഉപ്പ്: പാകത്തിന്
കുമ്പളങ്ങയും നാളികേരവും ചിരവി വെള്ളം ചേര്‍ത്തരച്ച് പിഴിഞ്ഞ് നീരെടുത്ത് ഏലക്കായയും ജീരകവും പൊടിച്ചിട്ട് ഉപ്പും ചേര്‍ത്തിളക്കി ഉപയോഗിക്കാം.

തക്കാളി പാനീയം
പഴുത്ത തക്കാളി: 100 ഗ്രാം, വെള്ളം: 1 കപ്പ്, ഏലക്കായ: 4, ചെറുനാരങ്ങ നീര്: 2 ടീസ്പൂണ്‍, ശര്‍ക്കര: മധുരം പാകത്തിന്
തക്കാളി വെള്ളം ഒഴിച്ച് പിഴിഞ്ഞ് ചാറെടുത്ത് ചെറുനാരങ്ങനീരും ചേര്‍ത്തിളക്കി ഏലക്കായയും ശര്‍ക്കരയും പൊടിച്ചിട്ട് അരിച്ചെടുത്ത് ഉപയോഗിക്കാം.

നെല്ലിക്ക പാനീയം
ഉണക്ക നെല്ലിക്ക പത്ത് എണ്ണം കഴുകി തലേദിവസംതന്നെ വെള്ളത്തിലിട്ടുവെക്കണം. പിറ്റേന്ന് നെല്ലിക്ക പിഴിഞ്ഞ് ചണ്ടി ഒഴിവാക്കി നേര്‍ത്ത അരിപ്പയില്‍ അരിച്ചെടുത്ത് ചെറുനാരങ്ങനീരും മധുരം പാകത്തിന്  ശര്‍ക്കര ചേര്‍ത്ത് കഴിക്കാം.

നെല്ലിക്ക സംഭാരം
പച്ചനെല്ലിക്ക: 10, ഇഞ്ചി: 1 കഷ്ണം, ചെറുനാരങ്ങ: 2, കറിവേപ്പില: 1 ഞെട്ട്, വെള്ളം: 5 ഗ്ലാസ്, ഉപ്പ്: പാകത്തിന്
നെല്ലിക്ക കുരുകളഞ്ഞ് ഇഞ്ചിയും കറിവേപ്പിലയും കൂട്ടി നന്നായി അരച്ച് വെള്ളത്തില്‍ കലര്‍ത്തി ചെറുനാരങ്ങനീരും ഉപ്പും ചേര്‍ത്തിളക്കി ഉപയോഗിക്കാം.

മാങ്ങ സംഭാരം
പച്ചമാങ്ങ: 1, ഇഞ്ചി: 1 കഷ്ണം, കറിവേപ്പില: 1 ഞെട്ട്, പച്ചമുളക്: 1, വെള്ളം: 5 ഗ്ലാസ്, ഉപ്പ്: പാകത്തിന്
മാങ്ങ തൊലിചെത്തി ചെറിയ കഷ്ണങ്ങളാക്കി പച്ചമുളകും കറിവേപ്പിലയും ചേര്‍ത്ത് ചതച്ചെടുക്കുക. ഇഞ്ചി നന്നായി അരച്ച് ഉപ്പും ചതച്ചെടുത്ത മാങ്ങയും വെള്ളത്തില്‍ ചേര്‍ത്തിളക്കി ഉപയോഗിക്കാം.

കാരറ്റ് പാനീയം
കാരറ്റ്: 2, തേങ്ങ: 1 മുറി, ഏലക്കായ: 2, ശര്‍ക്കര: മധുരം പാകത്തിന്
കേരറ്റും നാളികേരവും ചിരകി മിക്‌സിയില്‍ ഇട്ട് വെള്ളം ചേര്‍ത്തടിച്ച് അരിച്ചെടുത്ത് ശര്‍ക്കരയിട്ട് ചൂടാക്കുക. കുടിക്കാന്‍ പാകത്തിന് ചൂടാവുമ്പോള്‍ ഏലക്കായയും പൊടിച്ചുചേര്‍ത്ത് ഇറക്കിവെച്ച് ഉപയോഗിക്കാം.

നാളികേര പാനീയം
തേങ്ങ: 1, ശര്‍ക്കര: 2 അച്ച്, ഏലക്കായ: 2 എണ്ണം
തേങ്ങ ചിരകി വെള്ളം ചേര്‍ത്ത് മിക്‌സിയില്‍ അടിച്ചോ അല്ലെങ്കില്‍ കൈകൊണ്ട് പിഴിഞ്ഞോ പാലെടുത്ത് അതില്‍ ശര്‍ക്കരയും ഏലക്കായയും ഇട്ട് ചൂടാക്കിയതിനുശേഷം ഉപയോഗിക്കാം. (കുറിപ്പ്: തേങ്ങാപ്പാല്‍ തിളയ്ക്കാന്‍ പാടില്ല.)

തുളസി പാനീയം
ആവശ്യത്തിന് വെള്ളത്തില്‍ മധുരം പാകത്തിന് ശര്‍ക്കരയിട്ട് തിളപ്പിക്കുക. തിളച്ചാല്‍ അല്‍പം തുളസിക്കതിര് (ഇലയും പൂവും) ഇട്ട് ഇറക്കിവച്ച് അരിച്ചെടുത്ത് തേങ്ങാപ്പാല്‍ ചേര്‍ത്തോ അല്ലാതെയോ ഉപയോഗിക്കാം

ജീരക കപ്പി
ആവശ്യത്തിന് വെള്ളത്തില്‍ ജീരകം പൊടിച്ചിട്ട് മധുരം പാകത്തിന് ശര്‍ക്കരയും ചേര്‍ത്ത് തിളപ്പിച്ച് അരിച്ചെടുത്താല്‍ ജീരക കാപ്പിയായി. (കുറിപ്പ്: തേങ്ങാപ്പാല്‍ ചേര്‍ത്താല്‍ നല്ല രുചിയായി.)

മല്ലിക്കാപ്പി (ജാപ്പി)
മല്ലി: 100 ഗ്രാം, ജീരകം: 100 ഗ്രാം, ഉലുവ: 50 ഗ്രാം , ചുക്ക്: 1 കഷ്ണം, ഏലക്കായ: 5, ശര്‍ക്കര: മധുരം പാകത്തിന്
മല്ലി, ഉലുവ, ജീരകം, ഏലക്കായ, ചുക്ക് എന്നിവ ചട്ടിയില്‍ ഇട്ട് വേറെ വേറെ ചൂടാക്കുക. എല്ലാ ചേരുവകളും ചേര്‍ത്ത് അമ്മിയിലോ മിക്‌സിയിലോ ഇട്ട് പൊടിച്ച് കാറ്റ് കടക്കാതെ സൂക്ഷിക്കുക. മധുരം പാകത്തിന് ശര്‍ക്കരയിട്ട് വെള്ളം തിളപ്പിച്ച് പാകത്തിന് പൊടിയിട്ട് അരിച്ചെടുത്ത് ഉപയോഗിക്കാം. (കുറിപ്പ്: തേങ്ങാപ്പാല്‍ ചേര്‍ത്താല്‍ നല്ല രുചിയായി.)

പച്ചക്കറി സൂപ്പ് 1
പച്ചക്കറികള്‍ തൊലി ചെത്തുന്നതിനുമുമ്പേ ഉരച്ച് കഴുകി വൃത്തിയാക്കണം. കുമ്പളങ്ങയുടെയും വെള്ളരിക്കയുടെയും മത്തങ്ങയുടെയും ചോറും തൊലിയും വെണ്ടക്ക, കാരറ്റ് ഇവയുടെ തുമ്പും കടയും മല്ലിച്ചപ്പ്, പൊതീനയില, കറിവേപ്പില, തക്കാളി ഇവയെല്ലാം പാകത്തിന് വെള്ളമൊഴിച്ച് അടുപ്പത്ത് വയ്ക്കുക. നന്നായി തിളച്ചശേഷം വെളുത്തുള്ളി, കുരുമുളക്, ജീരകം എന്നിവ ചതച്ചിട്ട് ഇറക്കിവെക്കാന്‍നേരം ഒരു തുണ്ട് ബീറ്റ്‌റൂട്ടും അരിഞ്ഞിട്ട് ഇറക്കി മൂടിവെക്കുക. അഞ്ച് മിനുട്ടിനുശേഷം അരിച്ചെടുത്ത് പാകത്തിന് ഉപ്പും ചേര്‍ത്ത് ഉപയോഗിക്കാം.

പച്ചക്കറി സൂപ്പ് 2
വെണ്ടക്ക, തക്കാളി, കാരറ്റ്, ബീറ്റ്‌റൂട്ട്, കുമ്പളങ്ങ, വെള്ളരിക്ക, പടവലങ്ങ, കാബേജ്, ബീന്‍സ് എന്നീ പച്ചക്കറികളും മല്ലിച്ചപ്പ്, പൊതീനയില, കറിവേപ്പില എന്നിവയും കഴുകി വൃത്തിയാക്കി മുറിച്ച് പാകത്തിന് വെള്ളം ചേര്‍ത്ത് നന്നായി വേവിച്ചെടുക്കുക. വെന്താല്‍ പാകത്തിന് ഉപ്പ് ചേര്‍ത്തിറക്കി ചൂടാറിയാല്‍ നന്നായി തിരുമ്മി പിഴിഞ്ഞരിച്ച് നാളികേരപ്പാല്‍ ചേര്‍ത്ത് ചൂടാക്കി ഉപയോഗിക്കാം.

തക്കാളി സൂപ്പ്
തക്കാളി: 100 ഗ്രാം, ബീറ്റ്‌റൂട്ട്: 1, ജീരകം: 1 ടീസ്പൂണ്‍, മല്ലിയില: അല്‍പം, പൊതീനയില: അല്‍പം, വെളുത്തുള്ളി: 3 അല്ലി, കുരുമുളക്: 1 ടീസ്പൂണ്‍, കറിവേപ്പില: 1 ഞെട്ട്, ഉപ്പ്: പാകത്തിന്
പാകത്തിന് വെള്ളത്തില്‍ തക്കാളിയും മല്ലിയിലയും പൊതീനയിലയും കറിവേപ്പിലയും ഇട്ട് തിളച്ചാല്‍ ജീരകവും കുരുമുളകും വെളുത്തുള്ളിയും ചതച്ചിട്ട് ഉപ്പുചേര്‍ത്ത് ഇറക്കാന്‍നേരം ബീറ്റ്‌റൂട്ട് ചെറുതായരിഞ്ഞിട്ട് അല്‍പസമയത്തിനുശേഷം അരിച്ചെടുത്ത് ഉപയോഗിക്കാം
.
വെണ്ടക്ക സൂപ്പ്
വെണ്ടക്ക: 100 ഗ്രാം, വെള്ളം: 6 ഗ്ലാസ്, തേങ്ങാപ്പാല്‍: ഒരൗണ്‍സ്, ഉപ്പ്: പാകത്തിന്
വെണ്ടക്ക ചെറുതാക്കി നുറുക്കി വെള്ളവും ചേര്‍ത്ത് വേവിക്കുക. വെന്താല്‍ ഉപ്പ് ചേര്‍ത്ത് ഇറക്കിവെച്ച് അരിച്ച് തേങ്ങാപ്പാലും ചേര്‍ത്ത് ചെറുചൂടോടെ കഴിക്കാം.

മുരിങ്ങാക്കായ സൂപ്പ്
മുരിങ്ങാക്കായ ചെറിയ കഷ്ണങ്ങളാക്കി നന്നായി വേവിച്ച് സത്ത് പിഴിഞ്ഞെടുക്കുക. മറ്റൊരു പാത്രത്തില്‍ മല്ലിച്ചപ്പ്, പൊതീനയില, കറിവേപ്പില എന്നിവ അല്‍പാല്‍പം എടുത്ത് തക്കാളിയോടൊപ്പം വേവിക്കുക. വെന്താല്‍ അതിലേക്ക് കുറച്ച് ജീരകവും കുരുമുളകും പൊടിച്ചിടുക. ഒരല്ലി വെളുത്തുള്ളിയും ചതച്ചിടുക. അല്‍പം ഉപ്പും ഒരു ബീറ്റ്‌റൂട്ട് ചിരകിയതും മുരിങ്ങാക്കായ സത്തും അതിലേക്ക് ചേര്‍ത്ത് നന്നായിളക്കി 10 മിനിറ്റിനുശേഷം അരിച്ചെടുത്ത് ഉപയോഗിക്കാം.

സാലഡുകള്‍

ഗ്രീന്‍ സാലഡ്
കക്കിരി: 1 കിലോ, തക്കാളി: 1/2 കിലോ, മല്ലിയില: 25 ഗ്രാം, പൊതീനയില: 25 ഗ്രാം
കക്കിരി തൊലിചെത്തി വട്ടത്തില്‍ കനം കുറച്ച് മുറിക്കുക. (ബനാന ചിപ്‌സറില്‍ വട്ടത്തില്‍ ചീവിയെടുക്കുക.) തക്കാളി വട്ടത്തില്‍ മുറിക്കുക. മല്ലിയിലയും പൊതീനയിലയും നുള്ളിയെടുക്കുക. കാരറ്റും തക്കാളിയും പ്ലേറ്റില്‍ നിരത്തിവെച്ച് മീതെയായി അരിഞ്ഞ ഇലകളുമിട്ടാല്‍ സാലഡ് തയ്യാറായി.

കാരറ്റ് സാലഡ്
കാരറ്റ്: 250 ഗ്രാം, തേങ്ങ: 1 മുറി, ചുവന്നുള്ളി: 5, പച്ചമുളക്: 2, ഇഞ്ചി: 1 കഷ്ണം, മല്ലിയില: അല്‍പം, നിലക്കടല: 1/2 കപ്പ്, ഉപ്പ്: പാകത്തിന്
നിലക്കടല മുളപ്പിച്ച് വയ്ക്കണം. കാരറ്റ് ചീവിയെടുക്കുക. തേങ്ങ ചിരകിയെടുക്കുക. ഉള്ളിയും മല്ലിയിലയും പച്ചമുളകും അരിഞ്ഞുവയ്ക്കുക. ഇഞ്ചി നന്നേ പൊടിയാക്കി അരിഞ്ഞ് എല്ലാ ചേരുവകളും ചേര്‍ത്തിളക്കി പാകത്തിന് ഉപ്പും ചേര്‍ത്ത് ഉപയോഗിക്കാം.

പപ്പായ സാലഡ്
പച്ചപപ്പായ: 1, സവാള: 1, പച്ചമുളക്: 2, ചെറുനാരങ്ങ: 1, മല്ലിയില: അല്‍പം, നിലക്കടല മുളപ്പിച്ചത്: 1/4 കപ്പ്, ഉപ്പ്: പാകത്തിന്
പപ്പായ ചിരകിയെടുക്കുക. സവാള, പച്ചമുളക് എന്നിവ കഴിയുന്നത്ര കനം കുറച്ചരിയുക. മല്ലിയിലയരിഞ്ഞെടുത്ത് ചേരുവകളെല്ലാം ചേര്‍ത്ത് ചെറുനാരങ്ങ പിഴിഞ്ഞ് നീരൊഴിച്ച് ഇളക്കി യോജിപ്പിച്ച് ഉപയോഗിക്കാം.

പേരക്ക സാലഡ്
പേരക്ക: 5, ഏലക്കായ: 5, തേങ്ങ: 1 മുറി, ശര്‍ക്കര: 5 അച്ച് , നിലക്കടല: 1/2 കപ്പ്.
പേരക്ക നന്നായി കഴുകി ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക. ഏലക്കായയും ശര്‍ക്കരയും പൊടിച്ച് ചേരുവകളെല്ലാം ചേര്‍ത്തിളക്കി ഉപയോഗിക്കാം.

തോരനുകള്‍

മുതിര തോരന്‍
മുതിര: 100 ഗ്രാം, പച്ചമുളക്: 2, ചുവന്നുള്ളി: 5, തേങ്ങ: 1 മുറി, കറിവേപ്പില: 2 ഞെട്ട്, ഉപ്പ്: പാകത്തിന്
മുതിര നനച്ച് തുണിയില്‍ കെട്ടി മുളപ്പിച്ചുവെയ്ക്കുക. ചുവന്നുള്ളിയും പച്ചമുളകും കറിവേപ്പിലയും ചെറുതാക്കി അരിഞ്ഞ് മുതിരയില്‍ ഇട്ട് വേവിക്കുക. വെന്താല്‍ തേങ്ങ ചിരകി ചേര്‍ത്ത് ഉപ്പും ഇട്ട് നന്നായി ചേര്‍ത്തിളക്കി ഇറക്കി മൂടിവെയ്ക്കുക.

വന്‍പയര്‍ തോരന്‍
വന്‍പയര്‍: 250 ഗ്രാം, തേങ്ങ: 1 മുറി, പച്ചമുളക്: 2, ചുവന്നുള്ളി: 5, കറിവേപ്പില: 2 ഞെട്ട്, ഉപ്പ്: പാകത്തിന്
പയര്‍ മുളപ്പിച്ച് പാകത്തിന് വെള്ളം ചേര്‍ത്ത് വേവിച്ചെടുക്കുക. വേവുമ്പോള്‍ ചുവന്നുള്ളിയും പച്ചമുളകും കറിവേപ്പിലയും ചെറുതാക്കി അരിഞ്ഞിട്ട് നന്നായി വെന്താല്‍ നാളികേരവും ചിരകിയിട്ട് ഒടുവില്‍ ഉപ്പും ചേര്‍ത്തിളക്കി ഇറക്കിവെച്ച് ഉപയോഗിക്കാം.

പട്ടാണിക്കടല തോരന്‍
പട്ടാണിക്കടല: 250 ഗ്രാം, സവാള: 1, പച്ചമുളക്: 2, തേങ്ങ: 1 മുറി, കറിവേപ്പില: 2 ഞെട്ട്, ഉപ്പ്: പാകത്തിന്
പട്ടാണിക്കടല ഒരു ദിവസം മുഴുവന്‍ കുതിര്‍ത്തണം. സവാള, കറിവേപ്പില, പച്ചമുളക് ഇവയെല്ലാം ചെറുതാക്കി അരിഞ്ഞ് കുതിര്‍ത്ത കടലയില്‍ ഇട്ട് വേവാന്‍ പാകത്തിന് വെള്ളം ചേര്‍ത്ത് വേവിക്കുക. വെന്തതിനുശേഷം തേങ്ങ ചിരകിയിട്ട് ഉപ്പും ചേര്‍ത്തിളക്കി ഉപയോഗിക്കാം.

മണിക്കടല തോരന്‍
മണിക്കടല: 250 ഗ്രാം, ചുവന്നുള്ളി: 10, പച്ചമുളക്: 2, തേങ്ങ: 1 മുറി, കറിവേപ്പില: 2 ഞെട്ട്, ഉപ്പ്: പാകത്തിന്
മണിക്കടല മുളപ്പിച്ചുവെക്കുക. ചുവന്നുള്ളിയും പച്ചമുളകും ചെറുതാക്കി അരിഞ്ഞുവെക്കുക. കടല പാകത്തിന് വെള്ളംവെച്ച് വേവിക്കുക. വെന്തുവരുമ്പോള്‍ ഉള്ളിയും പച്ചമുളകും ചേര്‍ക്കുക. നല്ലവണ്ണം വെന്താല്‍ തേങ്ങ ചിരകി ഉപ്പും കറിവേപ്പിലയും ചേര്‍ത്തിളക്കി ഇറക്കി മൂടിവെയ്ക്കുക.

ചെറുപയര്‍ തോരന്‍
ചെറുപയര്‍: 250 ഗ്രാം, തേങ്ങ: 1 മുറി, പച്ചമുളക്: 2, ചുവന്നുള്ളി: 5, കറിവേപ്പില: 2 ഞെട്ട്, ഉപ്പ്: പാകത്തിന്
ചെറുപയര്‍ മുളപ്പിച്ച് പാകത്തിന് വെള്ളത്തില്‍ വേവിക്കുക. വെന്താല്‍ ചുവന്നുള്ളിയും പച്ചമുളകും കറിവേപ്പിലയും ചെറുതാക്കി അരിഞ്ഞിടുക. ഇറക്കാന്‍ നേരം നാളികേരം ചിരകി ഉപ്പും ചേര്‍ത്ത് ഇറക്കിവെച്ച് ഉപയോഗിക്കാം.

വാഴക്ക തോരന്‍
വാഴക്ക: 1/2 കിലോ, തേങ്ങ: 1 മുറി, പച്ചമുളക്: 2, കറിവേപ്പില: 2 ഞെട്ട്, ഉപ്പ്: പാകത്തിന്
വാഴക്ക ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുത്ത് പാകത്തിന് വെള്ളത്തില്‍ വേവിക്കുക. വെന്താല്‍ പച്ചമുളക് അരിഞ്ഞിട്ട് കറിവേപ്പിലയും ഉപ്പും ചേര്‍ത്തിളക്കി ഇറക്കാന്‍നേരം തേങ്ങ ചിരകി ഉപയോഗിക്കാം.

പാവക്ക തോരന്‍
പാവക്ക: 3, ചുവന്നുള്ളി: 5, പച്ചമുളക്: 3, തേങ്ങ: 1 മുറി, കറിവേപ്പില: 2 ഞെട്ട്, ഉപ്പ്: പാകത്തിന്
പാവക്ക വട്ടത്തില്‍ മുറിച്ചെടുത്ത് കുരു കളയുക. ചുവന്നുള്ളിയും പച്ചമുളകും അരച്ച് പാവക്കയില്‍ ഇട്ട് ഉപ്പും ചേര്‍ത്ത് തിരുമ്മി പാകത്തിന് വെള്ളം തളിച്ച് വേവിക്കുക. വെന്താല്‍ തേങ്ങ ചിരകിയിട്ട് കറിവേപ്പിലയുമിട്ട് അടച്ചുവെയ്ക്കുക. അല്‍പം കഴിഞ്ഞ് ഇറക്കിവെച്ച് ഉപയോഗിക്കാം.

മുരിങ്ങാക്കായ തോരന്‍
മുരിങ്ങാക്കായ: 10, പച്ചമുളക്: 2, ചുവന്നുള്ളി: 5, തേങ്ങ: 1 മുറി, കറിവേപ്പില: 2 ഞെട്ട്, ഉപ്പ്: പാകത്തിന്
മുരിങ്ങാക്കായ നെടുകെ പൊളിച്ച് ഉള്ളിലെ കഴമ്പ് അടര്‍ത്തിയെടുക്കുക. തേങ്ങ ചിരകി പച്ചമുളക്, ചുവന്നുള്ളി, കറിവേപ്പില, ഉപ്പ് എന്നിവയോടൊപ്പം ചതച്ച് മുരിങ്ങാക്കായയില്‍ ചേര്‍ത്ത് അടുപ്പത്തുവെച്ച് വേവിച്ച് ഉപയോഗിക്കാം.

ഇടിച്ചക്ക തോരന്‍
ഇളയ ചക്ക: 1, തേങ്ങ: 1, പച്ചമുളക്: 2, ചുവന്നുള്ളി: 5, കറിവേപ്പില: 2 ഞെട്ട്, ഉപ്പ്: പാകത്തിന്
ചക്ക തൊലിചെത്തി കഷ്ണങ്ങളാക്കി പാകത്തിന് വെള്ളത്തില്‍ പുഴുങ്ങി ഉരലിലോ അമ്മിയിലോ വെച്ച് ചതക്കുക. തേങ്ങ ചിരകി പച്ചമുളകും ഉള്ളിയും കറിവേപ്പിലയും ഉപ്പും കൂട്ടി ചതച്ചൊതുക്കി ചക്കയിലിട്ട് ഒന്നുകൂടി ചൂടാക്കി ഉപയോഗിക്കാം.

കടച്ചക്ക തോരന്‍
കടച്ചക്ക: 1, പച്ചമുളക്: 2, തേങ്ങ: 1, കറിവേപ്പില: 2 ഞെട്ട്, ഉപ്പ്: പാകത്തിന്
കടച്ചക്ക തൊലികളഞ്ഞ് കൊത്തിയരിഞ്ഞ് പാകത്തിന് വെള്ളത്തില്‍ ഉപ്പിട്ട് വേവിക്കുക. വെന്താല്‍ അതിലേക്ക് നാളികേരവും പച്ചമുളകും ചതച്ചിട്ട് കറിവേപ്പിലയും ചേര്‍ത്തിളക്കി ഉപയോഗിക്കാം.

മുളപ്പിച്ച നിലക്കടല തോരന്‍
നിലക്കടല: 1 കപ്പ്, തേങ്ങ: 1 മുറി, ചുവന്നുള്ളി: 1/4 കപ്പ്, പച്ചമുളക്: 2, കറിവേപ്പില: 2 ഞെട്ട്, ഉപ്പ്: പാകത്തിന്
നിലക്കടല വെള്ളത്തില്‍ ഇട്ട് കുതിര്‍ത്ത് മുളപ്പിക്കുക. ഉള്ളി നീളത്തിലും പച്ചമുളക് വട്ടത്തിലും അരിയുക. ഉള്ളിയും കടലയും പാകത്തിന് വെള്ളത്തില്‍ വേവിക്കുക. വെന്തുവരുമ്പോള്‍ തേങ്ങ ചിരകിയെടുത്ത് ബാക്കി ചേരുവകളെല്ലാം ചേര്‍ത്തിളക്കി ഉപയോഗിക്കാം.

ഉള്ളിത്തോരന്‍
സവാള: 4, തേങ്ങ: 1, പച്ചത്തക്കാളി: 2, ചെനച്ച മാങ്ങ: 1, പച്ചമുളക്: 3, കറിവേപ്പില: 2 ഞെട്ട്, ഉപ്പ്: പാകത്തിന്
സവാളയും തക്കാളിയും മാങ്ങയും നീളത്തില്‍ കനംകുറച്ചരിഞ്ഞ് ഉപ്പുചേര്‍ത്ത് വേവിക്കുക. തേങ്ങ ചിരകി പച്ചമുളകും കറിവേപ്പിലയും ചേര്‍ത്ത് ചതച്ച് ചേര്‍ത്ത് ചെറുതീയില്‍ കുഴഞ്ഞുപോവാതെ വെള്ളം വറ്റിച്ചെടുത്ത് ഉപയോഗിക്കാം.

പപ്പായ പയര്‍ തോരന്‍
പപ്പായ: 1, തേങ്ങ: 1, പച്ചമുളക്: 2, ചുവന്നുള്ളി: 5, വന്‍പയര്‍: 1 കപ്പ്, കറിവേപ്പില: 1 ഞെട്ട്, ഉപ്പ്: പാകത്തിന്
പയര്‍ മുളപ്പിച്ചു വയ്ക്കണം. പപ്പായ ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക. പയറില്‍ പാകത്തിന് വെള്ളം ഒഴിച്ച് വേവിക്കുക. വെന്തുവരുമ്പോള്‍ നുറുക്കിവെച്ച പപ്പായ കഷ്ണങ്ങളും ഉപ്പും ഇടണം. വെന്താല്‍ തേങ്ങ ചിരകി പച്ചമുളകും ഉള്ളിയും കറിവേപ്പിലയും ചതച്ചിട്ട് ഇളക്കി ഇറക്കിവെച്ച് ഉപയോഗിക്കാം.

വെണ്ടക്ക തോരന്‍
വെണ്ടക്ക: 1/2 കിലോ, തേങ്ങ: 1 മുറി, പച്ചമുളക്: 2, ചുവന്നുള്ളി: 4, കറിവേപ്പില: 1 ഞെട്ട്, ഉപ്പ്: പാകത്തിന്
തേങ്ങ ചിരകിയെടുത്ത് ഉള്ളിയും കറിവേപ്പിലയും പച്ചമുളകും കൂട്ടി ഒന്നിച്ച് ചതച്ചെടുക്കുക. വെണ്ടക്ക വട്ടത്തില്‍ അരിഞ്ഞ് പാകത്തിന് ഉപ്പ് തിരുമ്മി ചേരുവകളെല്ലാം ചേര്‍ത്ത് അല്‍പം വെള്ളം കുടഞ്ഞ് അടുപ്പത്ത് വച്ച് വേവിച്ച് ഉപയോഗിക്കാം.

വാഴപ്പിണ്ടി തോരന്‍
വാഴപ്പിണ്ടി: 1 കഷ്ണം, തേങ്ങ: 1 മുറി, ചുവന്നുള്ളി: 5, പച്ചമുളക്: 3, കറിവേപ്പില: 1 ഞെട്ട്, ഉപ്പ്: പാകത്തിന്
വാഴപ്പിണ്ടി കനംകുറച്ച് വട്ടത്തില്‍ അരിഞ്ഞ് നാരുകളഞ്ഞ് ചെറുതാക്കിയരിഞ്ഞ് ഉപ്പുചേര്‍ത്ത് വേവിക്കുക. നന്നായി വെന്ത് വെള്ളം വറ്റിവരുമ്പോള്‍ നാളികേരം ചിരകിയെടുത്ത് ചുവന്നുള്ളിയും പച്ചമുളകും കറിവേപ്പിലയും കൂടി ചതച്ചുചേര്‍ത്തിളക്കി ഉപയോഗിക്കാം.

ചേനത്തോരന്‍
ചേന: 1/2 കിലോ, തേങ്ങ: 1 മുറി, മഞ്ഞള്‍പ്പൊടി: 1 ടീസ്പൂണ്‍, ചുവന്നുള്ളി: 5, പച്ചമുളക്: 2, ഉപ്പ്: പാകത്തിന്
ചേന തൊലിചെത്തി കഴുകി ചെറിയ കഷ്ണങ്ങളാക്കി ആവശ്യത്തിന് വെള്ളമൊഴിച്ച് മഞ്ഞള്‍പ്പൊടിയിട്ട് വേവിക്കുക. വെന്തുവരുമ്പോള്‍ ഉപ്പ് ചേര്‍ക്കുക. വെള്ളം വറ്റിയാല്‍ നാളികേരവും ചുവന്നുള്ളിയും പച്ചമുളകും കറിവേപ്പിലയും ചതച്ച് ചേര്‍ത്തിളക്കി ഉപയോഗിക്കാം.

വാഴക്കൂമ്പ് തോരന്‍
വാഴക്കൂമ്പ്: 2, തേങ്ങ: 1, പച്ചമുളക്: 3, ചുവന്നുള്ളി: 8, കറിവേപ്പില: 2 ഞെട്ട്, മമ്പയര്‍: 50 ഗ്രാം, ഉപ്പ്: പാകത്തിന്
വാഴക്കൂമ്പിന്റെ (കൊടപ്പന്‍) ഏറ്റവും പുറമെയുള്ള മൂന്നു നാലു പോളകള്‍ ഒഴിവാക്കി വളരെ ചെറുതാക്കി കൊത്തിയരിഞ്ഞെടുക്കണം. മമ്പയര്‍ പാകത്തിന് വെള്ളത്തില്‍ വേവിക്കുക. വെന്താല്‍ അതിലേക്ക് വാഴത്തട്ടയും ഉപ്പും ചേര്‍ത്തുവേവിച്ച് ഒടുവില്‍ തേങ്ങ, ഉള്ളി, പച്ചമുളക് എന്നിവ ചതച്ചിട്ട് കറിവേപ്പിലയും ചേര്‍ത്തിളക്കി ഉപയോഗിക്കാം.

ചീരയില തോരന്‍
ചീരയില: 1 കിലോ, ചുവന്നുള്ളി: 10, പച്ചമുളക്: 2, തേങ്ങ: 1, ഉപ്പ്: പാകത്തിന്
ചീര കഴുകി വൃത്തിയാക്കി അരിയുക. നാളികേരം ചിരകി ചുവന്നുള്ളി, പച്ചമുളക്, ഉപ്പ് എന്നിവയോടൊപ്പം ചതച്ച് ചീരയോടൊപ്പം ചേര്‍ത്ത് പാത്രം അടച്ചുവെച്ച് വേവിച്ച് ഉപയോഗിക്കാം.

മുരിങ്ങയില തോരന്‍
മുരിങ്ങയില നുള്ളിയെടുത്തത്: 2 കപ്പ്, നാ ളികേരം: 1 മുറി, പച്ചമുളക്: 2, ഉപ്പ്: പാകത്തിന്
മുരിങ്ങയില ഉപ്പും ചേര്‍ത്ത് ചട്ടിയിലിട്ട് വഴറ്റിയെടുത്ത് അതിലേക്ക് നാളികേരവും പച്ചമുളകും ചതച്ചൊതുക്കി ചേര്‍ത്തിളക്കി ഉപയോഗിക്കാം.

മിക്‌സഡ് ഇലത്തോരന്‍
തഴുതാമയില: 1/2 കപ്പ്, കുമ്പളത്തില: 1/2 കപ്പ്, മുരിങ്ങയില: 1/2 കപ്പ്, മത്തന്‍ ഇല: 1/2 കപ്പ്, പയറില: 1/2 കപ്പ്, മുരിക്കിന്‍ തളിരില:1/2 കപ്പ്, കഞ്ഞിത്തൂവയില: 1/2 കപ്പ്, മുള്ളന്‍ ചീരയില: 1/2 കപ്പ്, കോവക്കയുടെ തളിരില: 1/2 കപ്പ്, പൊന്നാങ്കണ്ണി ഇല: 1/2 കപ്പ്, നാളികേരം: 2, പച്ചമുളക്: 2, ഉപ്പ്: പാകത്തിന്
ഇലകള്‍ കഴുകി വൃത്തിയാക്കി നുള്ളിയെടുത്ത് ഉപ്പും ചേര്‍ത്ത് ചട്ടിയില്‍ ഇട്ട് വഴറ്റി അതിലേക്ക് നാളികേരവും പച്ചമുളകും ചതച്ചിട്ട് ചേര്‍ത്തിളക്കി ഉപയോഗിക്കാം.

ചേമ്പിന്‍താള് തോരന്‍
ചേമ്പിന്‍താള്: 10, പച്ചമുളക്: 2, ചുവന്നുള്ളി: 5, തേങ്ങ: 1 മുറി, കറിവേപ്പില: 2 ഞെട്ട്, ഉപ്പ്: പാകത്തിന്
ചേമ്പിന്‍താള് കഴുകി വൃത്തിയാക്കി തൊലി ചീകിക്കളഞ്ഞ് വട്ടത്തില്‍ അരിഞ്ഞ് വെള്ളം ഒഴിക്കാതെ വേവിക്കുക. വെന്താല്‍ ഉപ്പും നാളികേരവും ചുവന്നുള്ളിയും പച്ചമുളകും കറിവേപ്പിലയും ചതച്ച് ചേര്‍ത്തിളക്കി ഉപയോഗിക്കാം.

പയറിലത്തോരന്‍
പയറില: 4 കപ്പ്, തേങ്ങ: 1 മുറി, ചുവന്നുള്ളി: 10, പച്ചമുളക്: 3, ഉപ്പ്: പാകത്തിന്
പയറില കഴുകി വൃത്തിയാക്കി അരിഞ്ഞ് ഉപ്പുചേര്‍ത്ത് ഇഡ്ഡലിത്തട്ടില്‍ വെച്ച് ആവിയില്‍ വേവിക്കുക. പച്ചമുളക്, ചുവന്നുള്ളി, നാളികേരം എന്നിവ ചതച്ചെടുത്ത് അതോടൊപ്പം ചേര്‍ത്തിളക്കി ഒരു പരന്ന പാത്രത്തിലിട്ട് അടുപ്പത്തുവെച്ച് ഉലര്‍ത്തി ചെറുചൂടോടെ ഉപയോഗിക്കാം.

കറികള്‍

കോളിഫ്ലവര്‍ കറി
കോളിഫ്ലവര്‍: 1/2 കിലോ, തക്കാളി: 250 ഗ്രാം, സവാള: 250 ഗ്രാം, തേങ്ങ: 1, പച്ചമുളക്: 3, കറിവേപ്പില: 2 ഞെട്ട്, ഇഞ്ചി: 1 കഷ്ണം, മഞ്ഞള്‍പ്പൊടി: 1 ടീസ്പൂണ്‍, ഉപ്പ്: പാകത്തിന്
കോളിഫ്ലവര്‍, തക്കാളി, പച്ചമുളക്, സവാള എന്നിവ കഴുകി ചെറിയ കഷ്ണങ്ങളാക്കി അതില്‍ ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് പാകത്തിന് വെള്ളം വെച്ച് വേവിക്കുക. വെന്താല്‍ തേങ്ങ ചിരകി ഇഞ്ചിയും ചേര്‍ത്തരച്ചിട്ട് തിളക്കുന്നതിനുമുമ്പ് കറിവേപ്പിലയുമിട്ട് ഇറക്കിവെച്ച് ഉപയോഗിക്കാം.

ചീരയിലക്കറി
ചീരയില: 2 കപ്പ്, തേങ്ങ: 1 മുറി, പച്ചമുളക്: 2, ചുവന്നുള്ളി: 10, ജീരകം: 1/2 ടീസ്പൂണ്‍, മഞ്ഞള്‍പ്പൊടി: 1 ടീസ്പൂണ്‍, ഉപ്പ്: പാകത്തിന്
ചീരയില കഴുകിയരിഞ്ഞ് മഞ്ഞള്‍പ്പൊടിയും ഉപ്പുമിട്ട് പാകത്തിന് വെള്ളമൊഴിച്ച് വേവിക്കുക. വെന്താല്‍ തേങ്ങയും പച്ചമുളകും ഉള്ളിയും ജീരകവും അരച്ചുചേര്‍ത്ത് തിളക്കുന്നതിനുമുമ്പ് ഇറക്കിവെച്ച് ഉപയോഗിക്കാം.

ചീരക്കൂട്ട്
ചീര: 1/4 കിലോ, കടലപ്പരിപ്പ്: 100 ഗ്രാം, തേങ്ങ: 1 മുറി, പച്ചമുളക്: 3, ജീരകം: 1/4 ടീസ്പൂണ്‍, മഞ്ഞള്‍പ്പൊടി: 1/4 ടീസ്പൂണ്‍, ഉപ്പ്: പാകത്തിന്
കടലപ്പരിപ്പ് കഴുകി രണ്ട് കപ്പ് വെള്ളം ഒഴിച്ചുവേവിക്കുക. വെന്താല്‍ ചീരയിലയും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് ഒന്നുകൂടെ വേവിക്കുക. വെന്താല്‍ തേങ്ങ ചിരകി ജീരകവും പച്ചമുളകും കൂടി അരച്ചുചേര്‍ത്ത് ഉപ്പുമിട്ട് ഇറക്കിവെച്ച് ഉപയോഗിക്കാം.

മുരിങ്ങാക്കായ കറി
മുരിങ്ങാക്കായ: 5, പച്ചമുളക്: 2, ചുവന്നുള്ളി: 5, തേങ്ങ: 1 മുറി, കറിവേപ്പില: 2 ഞെട്ട്, മഞ്ഞള്‍പ്പൊടി: 1/2 ടീസ്പൂണ്‍, ഉപ്പ്: പാകത്തിന്
മുരിങ്ങാക്കായ രണ്ടരയിഞ്ച് നീളത്തില്‍ മുറിച്ചെടുത്ത് അതില്‍ പച്ചമുളക് നീളത്തില്‍ പൊളിച്ചിട്ട് മഞ്ഞള്‍പ്പൊടിയും ഉപ്പും ആവശ്യത്തിന് വെള്ളവും ഒഴിച്ച് വേവിക്കുക. വെന്താല്‍ നാളികേരവും ഉള്ളിയും അരച്ചുചേര്‍ത്ത് കറിവേപ്പിലയുമിട്ട് തിളക്കുന്നതിനുമുമ്പ് ഇറക്കിവെച്ച് ഉപയോഗിക്കാം.

മുരിങ്ങയിലക്കറി
മുരിങ്ങയില നുള്ളിയെടുത്തത്: 2 കപ്പ്, തേങ്ങ: 1 മുറി, ചുവന്നുള്ളി: 10, പച്ചമുളക്: 2, നല്ല ജീരകം: 1/4 ടീസ്പൂണ്‍, മഞ്ഞള്‍പ്പൊടി: 1 ടീസ്പൂണ്‍, ഉപ്പ്: പാകത്തിന്
പച്ചമുളക് നീളത്തില്‍ പൊളിച്ച് മഞ്ഞള്‍പ്പൊടിയിട്ട് വെള്ളമൊഴിച്ച് തിളപ്പിക്കുക. തിളച്ചാല്‍ മുരിങ്ങയില ഇടുക. അഞ്ച് മിനുട്ടിനുശേഷം നാളികേരവും ജീരകവും ഉള്ളിയും അരച്ചുചേര്‍ത്ത് ഉപ്പിട്ട് ഇറക്കിവെക്കുക.

വഴുതനങ്ങ കറി
വഴുതനങ്ങ: 1/2 കിലോ, ചുവന്നുള്ളി: 8, തേങ്ങ: 1, പച്ചമുളക്: 3, ഇഞ്ചി: 1 കഷ്ണം, കറിവേപ്പില: 1 ഞെട്ട്, ഉപ്പ്: പാകത്തിന്
വഴുതനങ്ങ ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് ഉപ്പിട്ട് പാകത്തിന് വെള്ളമൊഴിച്ച് വേവിക്കുക. വെന്തുവരുമ്പോള്‍ തേങ്ങ ചിരകി പച്ചമുളകും ഇഞ്ചിയും ചുവന്നുള്ളിയും കൂടി അരച്ചുചേര്‍ത്ത് തിളക്കുന്നതിനു മുമ്പ് കറിവേപ്പിലയുമിട്ട് ഇറക്കിവെച്ച് ഉപയോഗിക്കാം.

മത്തന്‍ കറി
മത്തന്‍: 500 ഗ്രാം, തേങ്ങ: 1, ചുവന്നുള്ളി: 5, പച്ചമുളക്: 3, കറിവേപ്പില: 1 ഞെട്ട്, മഞ്ഞള്‍: 1 കഷ്ണം, ഇഞ്ചി: 1 കഷ്ണം, ഉപ്പ്: പാകത്തിന്
മത്തന്‍ തൊലിചെത്തി ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് മഞ്ഞളരച്ചിട്ട് പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് വേവിക്കുക. വെന്താല്‍ കഷ്ണങ്ങള്‍ ഇളക്കി ഉടക്കുക. മുഴുവനും ഉടയേ്ക്കണ്ട. ചിലത് ഉടയാതെ കിടക്കുന്നതും നല്ലതാണ്. ഏതാണ്ട് കുറുകിവരുമ്പോള്‍ നാളികേരവും ഉള്ളിയും അരച്ചിടുക. അതോടൊപ്പം തന്നെ പച്ചമുളകും ഇഞ്ചിയും ചെറുതാക്കി അരിഞ്ഞിടുക. ഇറക്കാന്‍നേരം കറിവേപ്പിലയുമിട്ട് ചേര്‍ത്തിളക്കുക.

പാവയ്ക്ക കറി
പാവയ്ക്ക: 2, മാങ്ങ: 1, തേങ്ങ: 1, പച്ചമുളക്: 2, ചുവന്നുള്ളി: 10, ഇഞ്ചി: 1 കഷ്ണം, തക്കാളി: 100 ഗ്രാം, മഞ്ഞള്‍പ്പൊടി: 1 ടീസ്പൂണ്‍, കറിവേപ്പില: 1 ഞെട്ട്, ഉപ്പ്: പാകത്തിന്
പാവയ്ക്ക ചെറുതാക്കി അരിഞ്ഞ് വെള്ളം ചേര്‍ത്ത് മഞ്ഞള്‍പ്പൊടിയിട്ട് അടുപ്പത്തുവയ്ക്കുക. മാങ്ങ തൊലി ചെത്തി ചെറിയ കഷ്ണങ്ങളാക്കി ഇതോടൊപ്പം ചേര്‍ക്കാം. തിളച്ചാല്‍ ചുവന്നുള്ളിയും ഇഞ്ചിയും പച്ചമുളകും ചതച്ചിടുക. അതോടൊപ്പം തക്കാളി ഓരോന്നും നാലാക്കി നുറുക്കി പാകത്തിന് ഉപ്പും കറിവേപ്പിലയും ഇട്ട് വേവിക്കുക. വെന്താല്‍ തേങ്ങ അരച്ചുചേര്‍ത്ത് തിളക്കുന്നതിനുമുമ്പ് ഇറക്കിവെക്കുക.

മാങ്ങാക്കറി
മാങ്ങ: 2, തേങ്ങ: 1, പച്ചമുളക്: 2, മഞ്ഞള്‍പ്പൊടി: 1 ടീസ്പൂണ്‍, ഇഞ്ചി: 1 കഷ്ണം, കറിവേപ്പില: 2 ഞെട്ട്, ഉപ്പ്: പാകത്തിന്
മാങ്ങ തൊലികളഞ്ഞ് ചെറുതാക്കി കൊത്തിയരിഞ്ഞ് മഞ്ഞള്‍പ്പൊടിയിട്ട് പാകത്തിന് വെള്ളമൊഴിച്ച്് അടുപ്പത്ത്‌വയ്ക്കുക. തിളക്കുമ്പോള്‍ തേങ്ങ, ഇഞ്ചി, പച്ചമുളക് എന്നിവ അരച്ചുചേര്‍ത്ത് കറിവേപ്പിലയും ഉപ്പും ഇട്ടിളക്കി യോജിപ്പിച്ച് ഇറക്കി വയ്ക്കുക.

കൂട്ടുകറി
ചേന: 150 ഗ്രാം, ഏത്തക്കായ: 100 ഗ്രാം, എളവന്‍: 100 ഗ്രാം, മുളപ്പിച്ച പയര്‍: 50 ഗ്രാം, തേങ്ങ: 1, കുരുമുളക്: 1 ടീസ്പൂണ്‍, പച്ചമുളക്: 5, ഇഞ്ചി: 1 കഷ്ണം, മഞ്ഞള്‍പ്പൊടി: 1/2 ടീസ്പൂണ്‍, ജീരകം: 1/2 ടീസ്പൂണ്‍, കറിവേപ്പില: 2 ഞെട്ട്, ഉപ്പ്: പാകത്തിന്
ചേന, ഏത്തക്കായ, എളവന്‍ എന്നിവ തൊലി ചെത്തി കഴുകി ചെറിയ കഷ്ണങ്ങളാക്കി അരിഞ്ഞ് മുളപ്പിച്ച പയറും മഞ്ഞള്‍പ്പൊടിയും ആവശ്യത്തിന് വെള്ളവുമൊഴിച്ച് വേവിക്കുക. വെന്താല്‍ തേങ്ങ, പച്ചമുളക്, ഇഞ്ചി, കുരുമുളക്, ജീരകം എന്നിവ നന്നായി അരച്ചുചേര്‍ത്ത് ഒടുവില്‍ കറിവേപ്പിലയും ഉപ്പും ചേര്‍ത്തിളക്കി ഉപയോഗിക്കാം.

തക്കാളിക്കറി
തക്കാളി: 500 ഗ്രാം, സവാള: 200 ഗ്രാം, തേങ്ങ: 1, പച്ചമുളക്: 3, മല്ലിപ്പൊടി: 1 ടീസ്പൂണ്‍, മഞ്ഞള്‍പ്പൊടി: 1/4 ടീസ്പൂണ്‍, ഇഞ്ചി: 1 കഷ്ണം, കറിവേപ്പില: 2 ഞെട്ട് , ഉപ്പ്: പാകത്തിന്
തക്കാളിയും സവാളയും ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് അതില്‍ പച്ചമുളക് നെടുകെ കീറിയിട്ട് മഞ്ഞള്‍പ്പൊടിയും മല്ലിപ്പൊടിയും ചേര്‍ത്ത് വേവിക്കുക. വെന്താല്‍ നാളികേരവും ഇഞ്ചിയും അരച്ചുചേര്‍ത്ത് ഉപ്പും കറിവേപ്പിലയും ഇട്ട് ഉപയോഗിക്കാം.

പടവലങ്ങ കറി
പടവലങ്ങ: 1, തേങ്ങ: 1, ചുവന്നുള്ളി: 5, പച്ചമുളക്: 2, തക്കാളി: 100 ഗ്രാം, മഞ്ഞള്‍പ്പൊടി: 1/2 ടീസ്പൂണ്‍, കറിവേപ്പില: 2 ഞെട്ട്, ഉപ്പ്: പാകത്തിന്
പടവലങ്ങ കുരുകളഞ്ഞ് ചെറുതാക്കിയരിഞ്ഞ് അതില്‍ പച്ചമുളക് നീളത്തില്‍ പൊളിച്ചിട്ട് മഞ്ഞള്‍പ്പൊടിയും പാകത്തിന് വെള്ളവുമൊഴിച്ച് വേവിക്കുക. വേവുമ്പോള്‍ തക്കാളി മുറിച്ചിടുക. വെന്തുകഴിഞ്ഞാല്‍ തേങ്ങ ചിരകി ഉള്ളിയും ചേര്‍ത്തരച്ചിടുക. തിളക്കുന്നതിനുമുമ്പായി കറിവേപ്പിലയും ഉപ്പുമിട്ട് ഇറക്കിവെച്ച് ഉപയോഗിക്കാം.

വെണ്ടക്ക കറി
വെണ്ടക്ക: 250 ഗ്രാം, തക്കാളി: 100 ഗ്രാം, തേങ്ങ: 1, പച്ചമുളക്: 2, ചുവന്നുള്ളി: 4, കറിവേപ്പില: 2 ഞെട്ട്, മഞ്ഞള്‍പ്പൊടി: 1/2 ടീസ്പൂണ്‍, ഉപ്പ്: പാകത്തിന്
തക്കാളിയും പച്ചമുളകും വെണ്ടക്കയും നീളത്തില്‍ അരിഞ്ഞ് മഞ്ഞള്‍പ്പൊടിയിട്ട് പാകത്തിന് വെള്ളവും ചേര്‍ത്ത് വേവിക്കുക. വെന്താല്‍ തേങ്ങ ചിരകി ഉള്ളിയും ചേര്‍ത്തരച്ചെടുത്ത് പാകത്തിന് ഉപ്പും കറിവേപ്പിലയും ചേര്‍ത്തിളക്കി ഉപയോഗിക്കാം.

കടലക്കറി
കടല മുളപ്പിച്ചത്: 200 ഗ്രാം, തേങ്ങ: 1, പച്ചമുളക്: 2, ഇഞ്ചി: 1 കഷ്ണം, മഞ്ഞള്‍പ്പൊടി: 1/4 ടീസ്പൂണ്‍, കറിവേപ്പില: 2 ഞെട്ട്, ഉപ്പ്: പാകത്തിന്
മുളപ്പിച്ച കടലയില്‍ മഞ്ഞള്‍പ്പൊടിയിട്ട് വെള്ളമൊഴിച്ച് നന്നായി വേവിക്കുക. വെന്തുകഴിഞ്ഞാല്‍ തേങ്ങ, പച്ചമുളക്, ഇഞ്ചി എന്നിവ അരച്ചുചേര്‍ത്ത് കറിവേപ്പിലയും ഉപ്പുമിട്ട് യോജിപ്പിച്ച് ഉപയോഗിക്കാം.

അവിയല്‍
ഇളവന്‍, പടവലങ്ങ, ചെരങ്ങ, വെള്ളരിക്ക, ചേന, ബീന്‍സ്, കൊത്തമര, അച്ചിങ്ങപയറ്, കാരറ്റ്, മത്തന്‍, നേന്ത്രക്കായ, മുരിങ്ങാക്കായ, വെണ്ടക്ക എന്നിവ 100 ഗ്രാം വീതം, തക്കാളി: 250 ഗ്രാം, തേങ്ങ: 2, പച്ചമുളക്: 4, ചുവന്നുള്ളി: 10, കറിവേപ്പില: 2 ഞെട്ട് , മഞ്ഞള്‍പ്പൊടി: 1 ടീസ്പൂണ്‍, ഇഞ്ചി: 1 കഷ്ണം, ഉപ്പ്: പാകത്തിന്
തക്കാളി ഒഴികെയുള്ള എല്ലാ പച്ചക്കറികളും രണ്ടരയിഞ്ച് നീളത്തില്‍ വളരെ കനം കുറച്ച് അരിയുക. പാകം ചെയ്യാനുള്ള പാത്രത്തില്‍ ആദ്യം ഇളവന്‍ ഇട്ടതിനുശേഷം വെണ്ടക്കയും തക്കാളിയും ഒഴികെ ബാക്കി എല്ലാ കഷ്ണങ്ങളും ഒരുമിച്ചിട്ട് മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് അടുപ്പത്തുവയ്ക്കുക. മുക്കാല്‍ ഭാഗം വേവാകുമ്പോള്‍ തക്കാളി മുറിച്ചിടുക. അതോടൊപ്പം തന്നെ വെണ്ടക്കയും കറിവേപ്പിലയും ഉപ്പും ചേര്‍ത്തിളക്കണം. വെന്താല്‍ നാളികേരം, ഉള്ളി, ഇഞ്ചി, പച്ചമുളക് എന്നിവ ചതച്ചുചേര്‍ത്ത് ഇറക്കിവെച്ച് ഉപയോഗിക്കാം.

കോവക്ക കറി
കോവക്ക: 20, തക്കാളി: 4, പച്ചമുളക്: 2, ചുവന്നുള്ളി: 5, തേങ്ങ: 1 മുറി, ഇഞ്ചി: 1 കഷ്ണം, കറിവേപ്പില: 2 ഞെട്ട്, മഞ്ഞള്‍പ്പൊടി: 1 ടീസ്പൂണ്‍, ഉപ്പ്: പാകത്തിന്
കോവക്ക കനം കുറച്ച് വട്ടത്തില്‍ അരിഞ്ഞ് തക്കാളിയും മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് വേവിക്കുക. വെന്താല്‍ തേങ്ങ, ഉള്ളി, പച്ചമുളക്, ഇഞ്ചി എന്നിവ അരച്ചിട്ട് കറിവേപ്പിലയും ചേര്‍ത്തിളക്കി ഉപയോഗിക്കാം.

കുമ്പളങ്ങക്കറി
കുമ്പളങ്ങ: 200 ഗ്രാം, തുവരപ്പരിപ്പ്: 50 ഗ്രാം, തക്കാളി: 100 ഗ്രാം, തേങ്ങ: 1 മുറി, ജീരകം: 1/2 ടീസ്പൂണ്‍, മഞ്ഞള്‍പ്പൊടി: 1 ടീസ്പൂണ്‍, സവാള: 1, ചുവന്നുള്ളി: 5, കറിവേപ്പില: 2 ഞെട്ട്, ഉപ്പ്: പാകത്തിന്
പരിപ്പ് കഴുകി മഞ്ഞള്‍പ്പൊടിയിട്ട് പാകത്തിന് വെള്ളത്തില്‍ വേവിക്കുക. വേവുമ്പോള്‍ കുമ്പളങ്ങ തൊലിയും കുരുവും കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കിയിടുക. ഒപ്പം സവാളയും നീളത്തില്‍ അരിഞ്ഞിടണം. ഒന്നു തിളച്ചാല്‍ തക്കാളിയും ഉപ്പും ചേര്‍ക്കാം. വെന്താല്‍ തേങ്ങ ചിരകി ചുവന്നുള്ളിയും ജീരകവും ചേര്‍ത്തരച്ച് കറിവേപ്പിലയും കൂടിയിട്ട് നന്നായി തിളക്കുന്നതിനു മുമ്പ് ഇറക്കിവെച്ച് ഉപയോഗിക്കാം.

വെള്ളരിക്ക കറി
വെള്ളരിക്ക: 1 കിലോ, പച്ചമാങ്ങ: 2, തേങ്ങ: 1, പച്ചമുളക്: 3, മഞ്ഞള്‍പ്പൊടി: 1 ടീസ്പൂണ്‍, ജീരകം: 1/2 ടീസ്പൂണ്‍, കറിവേപ്പില: 2 ഞെട്ട്, ഉപ്പ്: പാകത്തിന്
വെള്ളരിക്ക കഴുകി തൊലി കളഞ്ഞ് മഞ്ഞള്‍പ്പൊടിയുമിട്ട് ആവശ്യത്തിന് വെള്ളത്തില്‍ വേവിക്കുക. വേവുമ്പോള്‍ മാങ്ങ ചെറുതാക്കി നുറുക്കിയിടണം. വെന്താല്‍ നാളികേരവും പച്ചമുളകും ജീരകവും അരച്ചുചേര്‍ത്ത് കറിവേപ്പിലയും പാകത്തിന് ഉപ്പും ഇട്ട് ഇളക്കി ഇറക്കിവെച്ച് ഉപയോഗിക്കാം.

ചേനക്കറി
ചേന: 200 ഗ്രാം, തുവരപ്പരിപ്പ്: 1/2 ഗ്ലാസ്, തേങ്ങ: 1 മുറി, ചുവന്നുള്ളി: 10, ജീരകം: 1 ടീസ്പൂണ്‍, മഞ്ഞള്‍പ്പൊടി: 1 ടീസ്പൂണ്‍, പച്ചമുളക്: 2, കറിവേപ്പില: 2 ഞെട്ട്, ഉപ്പ്: പാകത്തിന്
ചേന തൊലി ചെത്തി വൃത്തിയാക്കി ചെറിയ കഷ്ണങ്ങളാക്കി തുവരപ്പരിപ്പും മഞ്ഞള്‍പ്പൊടിയുമിട്ട് വേവിക്കുക. വെന്താല്‍ തേങ്ങയും പച്ചമുളകും ചുവന്നുള്ളിയും ജീരകവും ചേര്‍ത്തരച്ച് വെന്തകഷ്ണത്തില്‍ ചേര്‍ത്ത് നല്ലപോലെ തിളക്കുന്നതിനുമുമ്പ് ഉപ്പും കറിവേപ്പിലയും ചേര്‍ത്ത് ഉപയോഗിക്കാം.

സാമ്പാര്‍
തക്കാളി, ചേന, ഏത്തക്കായ, ബീന്‍സ്, എളവന്‍, മുരിങ്ങാക്കായ, കാരറ്റ്, വഴുതനങ്ങ, മുളപ്പിച്ച ചെറുപയര്‍ എന്നിവ 100 ഗ്രാം വീതം, പച്ചമുളക്: 5, തേങ്ങ: 1, ഉലുവ പൊടിച്ചത്: 1/2 ടീസ്പൂണ്‍, മഞ്ഞള്‍പ്പൊടി: 1 ടീസ്പൂണ്‍, കറിവേപ്പില: 4 ഞെട്ട്, ഉപ്പ്: പാകത്തിന്
പച്ചക്കറികള്‍ കഴുകി തൊലികളഞ്ഞ് മുറിച്ച് മുളപ്പിച്ച ചെറുപയറും മഞ്ഞള്‍പ്പൊടിയും പാകത്തിന് വെള്ളമൊഴിച്ച് വേവിക്കുക. ഒപ്പം പച്ചമുളകും കീറിയിടണം. വേവുമ്പോള്‍ ഉലുവ പൊടിച്ചതും തക്കാളിയും ഇടുക. വെന്താല്‍ തേങ്ങ ചിരകി കറിവേപ്പിലയും ചേര്‍ത്തരച്ച് ഉപ്പും ചേര്‍ത്തിളക്കി ഇറക്കിവെച്ച് ഉപയോഗിക്കാം.

പരിപ്പ് കറി
തൊലികളയാത്ത തുവരപ്പരിപ്പ്: 1/2 കപ്പ്, ചുവന്നുള്ളി: 15, പച്ചമുളക്: 2, തേങ്ങ: 1 മുറി, കറിവേപ്പില: 2 ഞെട്ട്, വെളുത്തുള്ളി: 3 അല്ലി, ജീരകം: 1/4 ടീസ്പൂണ്‍, മഞ്ഞള്‍പ്പൊടി: 1/4 ടീസ്പൂണ്‍, ഉപ്പ്: പാകത്തിന്
പരിപ്പ് കഴുകി മഞ്ഞള്‍പ്പൊടിയിട്ട് ആവശ്യത്തിന് വെള്ളത്തില്‍ വേവിച്ചെടുക്കുക. വെ ന്താല്‍ തേങ്ങ, ചുവന്നുള്ളി, വെളുത്തുള്ളി, ജീരകം, പച്ചമുളക് എന്നിവ അരച്ചെടുത്ത് കറിവേപ്പിലയും ഉപ്പും ചേര്‍ത്തിളക്കി ഇറക്കിവെച്ച് ഉപയോഗിക്കാം.

കയ്പക്ക സബ്ജി
കയ്പക്ക: 1, തക്കാളി: 4, തേങ്ങ: 1, പച്ചമുളക്: 3, ഇഞ്ചി: 1 കഷ്ണം, കറിവേപ്പില: 2 ഞെട്ട്, ഉപ്പ്: പാകത്തിന്.
കയ്പക്ക കുരുകളഞ്ഞ് അരിഞ്ഞ് ഉപ്പ് പുരട്ടി അല്‍പനേരം വയ്ക്കുക. പച്ചമുളകും തക്കാളിയും നീളത്തില്‍ അരിയുക. ഇഞ്ചി ചതച്ചുവയ്ക്കുക. തേങ്ങ അരച്ചുവെക്കുക. തക്കാളിയും കയ്പക്കയും ഇഞ്ചിയും പച്ചമുളകും ഒരുമിച്ചിട്ട് പാകത്തിന് വെള്ളത്തില്‍ വേവിക്കുക. വെന്താല്‍ ഉപ്പും കറിവേപ്പിലയും തേങ്ങ അരച്ചതും ചേര്‍ത്ത് ഉപയോഗിക്കാം.

കാബേജ് കുറുമ
കാബേജ്: 1, തേങ്ങ: 1, തക്കാളി: 2, സവാള: 1, പച്ചമുളക്: 2, വെളുത്തുള്ളി: 4 അല്ലി, ഇഞ്ചി: 1 കഷ്ണം, ജീരകം: 1 ടീസ്പൂണ്‍, കറിവേപ്പില: 2 ഞെട്ട്, ഉപ്പ്: പാകത്തിന്
കേബേജും തക്കാളിയും സവാളയും ചെറുതാക്കി നുറുക്കി പാകത്തിന് വെള്ളത്തില്‍ വേവിക്കുക. വെന്താല്‍ തേങ്ങ ചിരകി ജീരകം, ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി ഇവയെല്ലാം കൂടി അരച്ച് വെന്തകഷ്ണത്തിലിട്ടിളക്കി കറിവേപ്പിലയും ഉപ്പും ചേര്‍ത്ത് തിളക്കുന്നതിനുമുമ്പ് ഇറക്കിവെച്ച് ചൂടോടുകൂടി ഉപയോഗിക്കാം.

ഏത്തക്കായ കുറുമ
ഏത്തക്കായ: 2, തക്കാളി: 3, സവാള: 1, പച്ചമുളക്: 2, തേങ്ങ: 1 മുറി, ജീരകം: 1 ടീസ്പൂണ്‍, ഇഞ്ചി: 1 കഷ്ണം, വെളുത്തുള്ളി: 4 അല്ലി, കറിവേപ്പില: 2 ഞെട്ട്, ഉപ്പ്: പാകത്തിന്
ഏത്തക്കായയും തക്കാളിയും സവാളയും ചെറുതാക്കി നുറുക്കി പാകത്തിന് വെള്ളത്തില്‍ വേവിക്കുക. തേങ്ങ ചിരകി പച്ചമുളകും ജീരകവും ഇഞ്ചിയും വെളുത്തുള്ളിയും ചേര്‍ത്തരച്ച് വേവിച്ച കഷ്ണത്തിന്റെ കൂടെയിട്ട് കറിവേപ്പിലയും ഉപ്പും ചേര്‍ത്തിളക്കി തിളക്കുന്നതിനുമുമ്പ് ഇറക്കിവെച്ച് ഉപയോഗിക്കാം.

പട്ടാണിക്കടല കുറുമ
പട്ടാണിക്കടല: 100 ഗ്രാം, തേങ്ങ: 1 മുറി, കാരറ്റ്: 2, തക്കാളി: 3, പച്ചമുളക്: 2, ജീരകം: 1 ടീസ്പൂണ്‍, ഇഞ്ചി: 1 കഷ്ണം, വെളുത്തുള്ളി: 4 അല്ലി, കറിവേപ്പില: 2 ഞെട്ട്, ഉപ്പ്: പാകത്തിന്
കടല വെള്ളത്തിലിട്ട് കുതിര്‍ത്തുവയ്ക്കണം. കാരറ്റ് ചെറിയ കഷ്ണങ്ങളാക്കുക. തക്കാളി നീളത്തില്‍ മുറിക്കുക. പാകത്തിന് വെള്ളം വെച്ച് കടലയും അരിഞ്ഞ കഷ്ണങ്ങളുമിട്ട് വേവിക്കുക. തേങ്ങ ചിരകി ജീരകവും ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും ചേര്‍ത്തരച്ചിട്ട് തിളക്കുന്നതിനുമുമ്പ് കറിവേപ്പിലയും ഉപ്പും ഇട്ട് ഇറക്കിവെച്ച് ഉപയോഗിക്കാം.

കോളിഫ്ലവര്‍ കുറുമ
കോളിഫ്ലവര്‍: 1, തേങ്ങ: 1, തക്കാളി: 2, പച്ചമുളക്: 2, പട്ടാണിക്കടല: 50 ഗ്രാം, ജീരകം: 1 ടീസ്പൂണ്‍, ഇഞ്ചി: 1 കഷ്ണം, വെളുത്തുള്ളി: 4 അല്ലി, കറിവേപ്പില: 2 ഞെട്ട് , ഉപ്പ്: പാകത്തിന്
പട്ടാണിക്കടല കുതിര്‍ത്ത് അതിലേക്ക് കോളിഫ്ലവര്‍, തക്കാളി എന്നിവ ചെറിയ കഷ്ണങ്ങളാക്കി നുറുക്കിയിട്ട് പാകത്തിന് വെള്ളം ചേര്‍ത്ത് വേവിക്കുക. വെന്താല്‍ തേങ്ങ, ജീരകം, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവയെല്ലാം അരച്ചുചേര്‍ത്ത് കറിവേപ്പിലയും പാകത്തിന് ഉപ്പും ഇട്ട് തിളക്കുന്നതിനുമുമ്പ് ഇറക്കിവെച്ച് ഉപയോഗിക്കാം.

ഓലന്‍ 1
കുമ്പളങ്ങ: 1 കിലോ, തേങ്ങ: 2, പച്ചമുളക്: 2, ഇഞ്ചി: 1 കഷ്ണം, കറിവേപ്പില: 2 ഞെട്ട്, ഉപ്പ്: പാകത്തിന്
തേങ്ങ ചിരകി വെള്ളം ചേര്‍ക്കാതെ പിഴിഞ്ഞ് ഒന്നാം പാലെടുത്ത് വെക്കുക. അല്‍പം വെള്ളം ചേര്‍ത്ത് രണ്ടാംപാല്‍ പിഴിഞ്ഞെടുത്ത് അതില്‍ കുമ്പളങ്ങയും പച്ചമുളകും നീളത്തില്‍ മുറിച്ചിട്ട് അതോടൊപ്പം ഇഞ്ചിയും ചതച്ചിട്ട് ഉപ്പും ചേര്‍ത്ത് വേവിക്കുക. വെന്താല്‍ ഒന്നാംപാലും കറിവേപ്പിലയും ചേര്‍ത്ത് തിളക്കുന്നതിനുമുമ്പ് ഇറക്കിവെച്ച് ഉപയോഗിക്കാം.

ഓലന്‍ 2
കുമ്പളങ്ങ: 50 ഗ്രാം, വന്‍പയര്‍: 50 ഗ്രാം, തേങ്ങ: 2, പച്ചമുളക്: 3, കറിവേപ്പില: 2 ഞെട്ട്, ഉപ്പ്: പാകത്തിന്
തേങ്ങ ചിരവി വെള്ളം ചേര്‍ക്കാതെ പിഴിഞ്ഞ് ഒന്നാം പാലും വെള്ളം ചേര്‍ത്ത് പിഴിഞ്ഞ് രണ്ടാംപാലും എടുത്തുവെക്കണം. കുമ്പളങ്ങ തൊലിചെത്തി ചെറിയ കഷ്ണങ്ങളാക്കി മുറിച്ചുവെക്കണം. വന്‍പയര്‍ ആദ്യം അടുപ്പത്തുവെച്ച് വേവുമ്പോള്‍ അതിലേക്ക് മുറിച്ച കഷ്ണങ്ങളും രണ്ടാംപാലും പാകത്തിന് ഉപ്പും പച്ചമുളക് നെടുകെ പിളര്‍ത്തിയും ഇടുക. വെന്താല്‍ ഒന്നാംപാലും ഒഴിച്ച് കറിവേപ്പിലയുമിട്ട് ഇളക്കി തിളയ്ക്കുന്നതിനുമുമ്പ് ഇറക്കിവെച്ച് ഉപയോഗിക്കാം. (എളവന്‍ ഉപയോഗിച്ചുള്ള ഓലന്‍ പോലെ മത്തന്‍, ചിരങ്ങ, വെള്ളരി, പപ്പായ എന്നിവ ഉപയോഗിച്ചും ഓലനുണ്ടാക്കാം.)

ചെറുപയര്‍ പരിപ്പ് രസം
ചെറുപയര്‍ പരിപ്പ്: 1 കപ്പ്, തക്കാളി: 4, വെളുത്തുള്ളി: 5, മഞ്ഞള്‍പ്പൊടി: 1 ടീസ്പൂണ്‍, കുരുമുളക്: 1 ടീസ്പൂണ്‍, ജീരകം: 1/2 ടീസ്പൂണ്‍, മല്ലിയില: അല്‍പം, കറിവേപ്പില: 2 ഞെട്ട്, ഉപ്പ്: പാകത്തിന്
ചെറുപയര്‍ വേവിച്ചുടച്ച് തക്കാളിയും മഞ്ഞള്‍പ്പൊടിയും ഉപ്പും പാകത്തിന് വെള്ളവും ചേര്‍ത്ത് തിളപ്പിക്കുക. തിളക്കുമ്പോള്‍ വെളുത്തുള്ളി, കുരുമുളക്, ജീരകം, മല്ലിയില, കറിവേപ്പില എന്നിവ ചതച്ചിട്ട് തിളച്ചുവരുമ്പോള്‍ ഇറക്കിവെച്ച് ചൂടോടുകൂടി ഉപയോഗിക്കാം.

തക്കാളി രസം
തക്കാളി: 4, വെളുത്തുള്ളി: 5, പച്ചമുളക്: 3, മഞ്ഞള്‍പ്പൊടി: 1/2 ടീസ്പൂണ്‍, ഉണക്കമല്ലി: 2 ടീസ്പൂണ്‍, കുരുമുളക്: 1/4 ടീസ്പൂണ്‍, ജീരകം: 1 ടീസ്പൂണ്‍, കറിവേപ്പില: 2 ഞെട്ട്, മല്ലിയില: അല്‍പം, ഉപ്പ്: പാകത്തിന്
തക്കാളിയും മഞ്ഞള്‍പ്പൊടിയും ഉപ്പും പാകത്തിന് വെള്ളത്തില്‍ വേവിക്കുക. വേവുമ്പോള്‍ മല്ലി, കുരുമുളക്, ജീരകം, വെളുത്തുള്ളി, കറിവേപ്പില, മല്ലിയില, പച്ചമുളക് എന്നിവ ചതച്ചിട്ട് തിളപ്പിച്ച് അരിച്ചെടുത്ത് ഉപയോഗിക്കാം.

വെജിറ്റബിള്‍ ഉപ്പുമാവ്
ഗോതമ്പ് അരി (നുറുക്ക് ഗോതമ്പ്): 250 ഗ്രാം, അണ്ടിപ്പരിപ്പ്: 10 ഗ്രാം, സവാള: 2, കാരറ്റ്: 2, തക്കാളി: 2, പച്ചമുളക്: 4, കാബേജ്: 1 കഷ്ണം, ഇഞ്ചി: 1 കഷ്ണം, കറിവേപ്പില: 2 ഞെട്ട്, ഉപ്പ്: പാകത്തിന്
സവാള, കാരറ്റ്, കാബേജ്, പച്ചമുളക്, ഇഞ്ചി, തക്കാളി എന്നിവ ചെറുതാക്കിയരിയുക. അണ്ടിപ്പരിപ്പ് ചെറിയ കഷ്ണങ്ങളാക്കുക. ഗോതമ്പ് അരി വേവാന്‍ പാകത്തിന് വെള്ളം ഒഴിച്ച് നുറുക്കിവെച്ച കഷ്ണങ്ങളും ചേര്‍ത്ത് വേവിക്കുക. വെന്താല്‍ കറിവേപ്പിലയും പാകത്തിന് ഉപ്പും അണ്ടിപ്പരിപ്പും ചേര്‍ത്തിളക്കി ഇറക്കിവെച്ച് ഉപയോഗിക്കാം.

ഗോതമ്പ് ഉപ്പുമാവ്
നുറുക്ക് ഗോതമ്പ്: 250 ഗ്രാം, തേങ്ങ: 1 മുറി, സവാള: 1, കാരറ്റ്: 1, പച്ചമുളക്: 2, ഇഞ്ചി: 1 കഷ്ണം, കറിവേപ്പില: 2 ഞെട്ട്, ഉപ്പ്: പാകത്തിന്
ഗോതമ്പ് കരിയാതെ ചെറുതീയില്‍ ചൂടാക്കുക (ചുവക്കെ വറുത്തെടുക്കേണ്ടതില്ല). സവാള, കാരറ്റ്, ഇഞ്ചി, പച്ചമുളക് എന്നിവ വളരെ പൊടിയാക്കിയരിഞ്ഞ് ഗോതമ്പരിയും കറിവേപ്പിലയും ഉപ്പുമിട്ട് പാകത്തിന് വെള്ളമൊഴിച്ച് വേവിക്കുക. വെന്താല്‍ തേങ്ങ ചിരകിയിട്ട് ചേര്‍ത്തിളക്കി ഇറക്കിവെച്ച് ഉപയോഗിക്കാം.

പച്ചക്കറി പുട്ട്
അരിപ്പൊടി: 1 കിലോ, കാരറ്റ്: 100 ഗ്രാം, ബീറ്റ്‌റൂട്ട്: 100 ഗ്രാം, തേങ്ങ: 2, ചീര: 1 കപ്പ്, ഉപ്പ്: പാകത്തിന്
കേരറ്റും ബീറ്റ്‌റൂട്ടും ചിപ്‌സറില്‍ ചീവിയെടുക്കുക. ചീര ചെറുതാക്കി അരിയുക. തേങ്ങ ചിരകിയെടുക്കുക. കേരറ്റും ബീറ്റ്‌റൂട്ടും ചീരയും അരിപ്പൊടിയില്‍ ചേര്‍ത്ത് ഉപ്പുവെള്ളം കുടഞ്ഞ് പുട്ടിന്റെ പാകത്തില്‍ നനക്കുക. പുട്ടുകുറ്റിയില്‍ പൊടി നിറക്കുമ്പോള്‍ അടിയിലും മുകളിലും ഇടക്കിടെയുമായി നാളികേരമിട്ട് ആവിയില്‍ വേവിച്ചെടുക്കുക.
കുറിപ്പ്: പുട്ടുകുറ്റിക്കുപകരം കണ്ണന്‍ ചിരട്ടയിലും ഉണ്ടാക്കാം. അപ്പോള്‍ തേങ്ങ അടിയിലും മുകളിലും മാത്രം ഇട്ടാല്‍ മതി.

ഗോതമ്പ് പുട്ട്
ഗോതമ്പുപൊടി: 3 ഗ്ലാസ്, തേങ്ങ: 2, ഉപ്പുവെള്ളം: പാകത്തിന്
ഗോതമ്പുപൊടിയില്‍ ഉപ്പുവെള്ളം കുടഞ്ഞ് പുട്ടിന്റെ പാകത്തില്‍ നനക്കുക. തേങ്ങ ചിരകി, പുട്ടുകുറ്റിയില്‍ പൊടിയിടുമ്പോള്‍ അടിയിലും ഇടക്കിടെയും നാളികേരമിട്ട് ആവിയില്‍ വേവിച്ചെടുത്ത് ഉപയോഗിക്കാം.

ഇടിയപ്പം (നൂല്‍പ്പുട്ട്)
അരിപ്പൊടി: 2 ഗ്ലാസ്, തേങ്ങ: 1, ഉപ്പ്: പാകത്തിന്
അരിപ്പൊടി ഉപ്പും തിളപ്പിച്ചവെള്ളവുമൊഴിച്ച് വെള്ളം കൂടുതലാവാതെ കുഴച്ചെടുക്കണം. ഈ മാവ് നൂല്‍പ്പുട്ടിന്റെ ചില്ലില്‍ പീച്ചിയെടുത്ത് തേങ്ങ ചിരകിയതും വിതറി ഇഡ്ഡലിത്തട്ടിലോ അപ്പച്ചെമ്പിലോ വെച്ച് ആവിയില്‍ വേവിച്ചെടുക്കാം.

കപ്പ (മരച്ചീനി) പുട്ട്
പച്ചക്കപ്പ: 1 കിലോ, തേങ്ങ: 2, ജീരകം: 1/2 ടീസ്പൂണ്‍, ഉപ്പ്: പാകത്തിന്
പച്ചക്കപ്പ തൊലികളഞ്ഞ് കഴുകി ചിരകി അതിലേക്ക് ജീരകം നല്ലതുപോലെ പൊടിച്ചിട്ട് പാകത്തിന് ഉപ്പും ചേര്‍ത്ത് യോജിപ്പിക്കുക. പുട്ടുകുറ്റിയില്‍ കപ്പ നിറക്കുമ്പോള്‍ അടിയിലും മുകളിലും ഇടക്കിടെയുമായി തേങ്ങ ചിരകിയിട്ട് ആവിവരുത്തി വേവിച്ച് ഉപയോഗിക്കാം.

വെള്ളപ്പം
പച്ചരി: 2 ഗ്ലാസ്, തേങ്ങ: 1, ഉപ്പ്: പാകത്തിന്
പച്ചരി വെള്ളത്തിലിട്ട് കുതിര്‍ത്ത് ഇടിച്ചു പൊടിയാക്കി തരിച്ചെടുക്കുക. കുറച്ച് അരിത്തരിയെടുത്ത് കുറുക്കി വെക്കുക. തേങ്ങ ചിരകി വെള്ളമൊഴിച്ചു പിഴിഞ്ഞ് പാലെടുക്കണം. അരിപ്പൊടിയും ഉപ്പും തരി കുറുക്കിയതും നാളികേരപ്പാലില്‍ നന്നായി കലക്കി ചീനച്ചട്ടിയില്‍ കോരിയൊഴിച്ച് അടച്ചുവെച്ച് ചുട്ടെടുത്ത് ഉപയോഗിക്കാം.

നാളികേരപ്പത്തിരി
പച്ചരി: 2 ഗ്ലാസ്, തേങ്ങ: 1, ഉപ്പ്: പാകത്തിന്
പച്ചരി കഴുകി കുതിര്‍ത്ത് പൊടിച്ച് തരിച്ചെടുക്കണം. തേങ്ങ ചിരവി അല്‍പം വെള്ളം ചേര്‍ത്തുപിഴിഞ്ഞ് പാലെടുത്ത് അത് അരിപ്പൊടിയില്‍ ചേര്‍ത്ത് ഉരുട്ടാവുന്ന പാകത്തില്‍ കുഴച്ച് ഉരുളകളാക്കുക. ഓരോ ഉരുളയെടുത്ത് ചപ്പാത്തി പരത്തുന്നതുപോലെ പരത്തി ചൂടാക്കിയ ചട്ടിയിലിട്ട് ഇരുവശവും മറിച്ചിട്ട് അടച്ചുവെച്ച് വേവിച്ചെടുക്കാം.

കുഴല്‍പ്പത്തിരി
പച്ചരി/ ഉണക്കലരി: 1 കിലോ, ഉപ്പ്: പാകത്തിന്
അരി കുതിര്‍ത്ത് ഇടിച്ചു പൊടിയാക്കി നേര്‍മ്മയായി തരിച്ചെടുത്ത് നന്നായി മൂപ്പാകുന്നതുവരെ (കരിയാതെ) വറുത്തെ ടുക്കുക. രണ്ട് കപ്പ് വെള്ളം അടുപ്പത്തുവെച്ച് പാകത്തിന് ഉപ്പിട്ട് തിളപ്പിക്കുക. തിളക്കുമ്പോള്‍ അരകപ്പ് വെള്ളം മാറ്റിവെച്ച് വറുത്ത അരിപ്പൊടി ഇതിലിട്ട് തിളക്കുമ്പോള്‍ ചട്ടുകത്തിന്റെ വാല്‍ഭാഗം കൊണ്ട് നല്ലതുപോലെ ഇളക്കുക. മാറ്റിവെച്ച വെള്ളം ആവശ്യമെങ്കില്‍ ഒഴിച്ചിളക്കി പൊടി വേവുമ്പോള്‍ ഇറക്കിവെക്കുക. ഇത് ഒരു പരന്ന പാത്രത്തിലിട്ട് നല്ല മയം വരുന്നതുവരെ കുഴച്ച് ഉരുളകളാക്കി അവ ഓരോന്നായി ചപ്പാത്തിപ്പലകയില്‍ വെച്ചുപരത്തി പത്തിരിച്ചട്ടിയിലിട്ട് തിരിച്ചും മറിച്ചുമിട്ട് ചുട്ടെടുത്ത് ഉപയോഗിക്കാം.

കൈപ്പത്തിരി
പച്ചരി/ ഉണക്കലരി: 1 കിലോ, ജീരകം: 1 ടീസ്പൂണ്‍, തേങ്ങ: 1, ചുവന്നുള്ളി: 50 ഗ്രാം, ഉപ്പ്: പാകത്തിന്
അരി കുതിര്‍ത്ത് ഇടിച്ചു പൊടിയാക്കി നേര്‍മയായി അരിച്ചെടുത്ത് നല്ലവണ്ണം മൂപ്പാകുന്നതുവരെ വറുക്കുക. തേങ്ങ ചിരകി അതില്‍ ചുവന്നുള്ളി ചെറുതാക്കിയരിഞ്ഞിട്ട് ജീരകവും പൊടിച്ച് ചേര്‍ത്തുവെക്കുക. ഒരു പരന്ന പാത്രത്തില്‍ വറുത്തുവെച്ച അരിപ്പൊടിയും മേല്‍പ്പറഞ്ഞ ചേരുവകളും ചേര്‍ത്ത് യോജിപ്പിച്ച് വെക്കുക. വെള്ളത്തില്‍ ഉപ്പിട്ട് തിളപ്പിച്ച് ഇതിലേക്കൊഴിച്ച് ചട്ടകത്തിന്റെ വാല്‍കൊണ്ട് നന്നായിളക്കി കുഴച്ച് മയംവരുത്തി ഉരുളകളാക്കുക. പത്തിരിച്ചട്ടി അടുപ്പത്തുവെച്ച് ചൂടാക്കി ഉരുളകള്‍ ഓരോന്നായി ഉള്ളം കൈയില്‍ വെച്ച് തട്ടിപ്പരത്തി ചട്ടിയിലിട്ട് ഇരുപുറവും മറിച്ചിട്ട് ചുട്ടെടുത്ത് ഉപയോഗിക്കാം.

ഗോതമ്പ് ചപ്പാത്തി
ഗോതമ്പുപൊടി: 3 ഗ്ലാസ്, തേങ്ങ: 1, ഉപ്പ്: പാകത്തിന്
തേങ്ങ ചിരകി പിഴിഞ്ഞ് പാലെടുത്ത് ഗോതമ്പുപൊടിയിലൊഴിച്ച് പാകത്തിന് ഉപ്പും ചേര്‍ത്ത് കുഴച്ച് ചെറിയ ഉരുളകളാക്കുക. ഓരോ ഉരുളയെടുത്ത് ചപ്പാത്തിപ്പലകയില്‍ വെച്ച് പരത്തി ചട്ടിയിലിട്ട് ചുട്ടെടുത്ത് ഉപയോഗിക്കാം. (തേങ്ങാപ്പാലിന് പകരം വെള്ളത്തില്‍ കുഴച്ചാല്‍ സാധാരണ ചപ്പാത്തിയായി.)

കൊഴുക്കട്ട
അരിപ്പൊടി: 3 ഗ്ലാസ്, തേങ്ങ: 1, ജീരകം: 1 ടീസ്പൂണ്‍, ഉപ്പ്: പാകത്തിന്
തേങ്ങ ചിരകി ജീരകം പൊടിച്ചുചേര്‍ത്ത് വയ്ക്കുക. അഞ്ച് ഗ്ലാസ് വെള്ളത്തില്‍ പാകത്തിന് ഉപ്പിട്ട് തിളപ്പിച്ച് അരിപ്പൊടി അതിലേക്കിട്ട് ഇളക്കി ഇറക്കിവെച്ച് നന്നായി കുഴച്ച് ഉരുളകളാക്കി വയ്ക്കുക. ഉരുളകള്‍ ഓരോന്നും ചെറുതാക്കി പരത്തി തേങ്ങ ചിരകിയതും വച്ച് വീണ്ടും ഉരുട്ടി ഇഡ്ഡലിത്തട്ടിലോ അപ്പച്ചെമ്പിലോ വെച്ച് ആവിയില്‍ വേവിച്ചെടുത്ത് ഉപയോഗിക്കാം.

പരിപ്പ് ദോശ
തുവരപ്പരിപ്പ്: 250 ഗ്രാം, അരി: 200 ഗ്രാം, ഇഞ്ചി: 1 കഷ്ണം, പച്ചമുളക്: 2, ചുവന്നുള്ളി: 10, കറിവേപ്പില: 2 ഞെട്ട്, ഉപ്പ്: പാകത്തിന്
അരിയും തുവരപ്പരിപ്പും വെള്ളത്തിലിട്ട് കുതിര്‍ത്ത് പാകത്തിന് ഉപ്പും ചേര്‍ത്തരച്ച് അതില്‍ ഇഞ്ചി, പച്ചമുളക്, ഉള്ളി, കറിവേപ്പില എന്നിവ വളരെ ചെറുതാക്കിയരിഞ്ഞ് ചേര്‍ക്കുക. ആവശ്യത്തിന് വെള്ളം ചേര്‍ത്ത് മാവ് ദോശയുണ്ടാക്കാന്‍ പാകത്തിലാക്കുക. ഇത് കനം കുറച്ച് പരത്തി ദോശയുണ്ടാക്കാം.

അരി ദോശ
അരി: 1/4 കിലോ, തേങ്ങ: 1, ചുവന്നുള്ളി: 10, പച്ചമുളക്: 1, ജീരകം: 1/2 ടീസ്പൂണ്‍, ഉപ്പ്: പാകത്തിന്
അരി കഴുകി അരിച്ച് കുതിര്‍ത്ത് തേങ്ങ ചിരവിയിട്ട് ഉപ്പും ചേര്‍ത്തരച്ചെടുക്കണം. ഈ മാവിലേക്ക് ഉള്ളിയും പച്ചമുളകും ചെറുതാക്കിയരിഞ്ഞിട്ട് ജീരകവും പാകത്തിന് വെള്ളവും ചേര്‍ത്തിളക്കണം. ഇത് എണ്ണയോ നെയ്യോ പുരട്ടാതെ തന്നെ കനംകുറച്ച് പരത്തി ദോശയുണ്ടാക്കാം.

കപ്പ ചീരയട
കപ്പ: 1/4 കിലോ, ചീരയില: 1 കപ്പ്, തേങ്ങ: 1 മുറി, പച്ചമുളക്: 2, സവാള: 1, ഇഞ്ചി: 1 കഷ്ണം, കറിവേപ്പില: 1 ഞെട്ട്, ഉപ്പ്: പാകത്തിന്
സവാളയും ചീരയും അരിഞ്ഞ് ഉപ്പുചേര്‍ത്ത് വെള്ളം കുടഞ്ഞ് വേവിച്ചെടുക്കുക. കപ്പ പുഴുങ്ങി നന്നായി കുത്തിപ്പൊടിച്ച് അതിലേക്ക് തേങ്ങ ചിരകിയിടുക. പച്ചമുളകും ഇഞ്ചിയും ചെറുതാക്കി അരിഞ്ഞിടുക. ഉപ്പ് പൊടിച്ചിടുക. വേവിച്ച ചേരുവയൊഴികെയുള്ളവയെല്ലാം കൂട്ടിച്ചേര്‍ത്ത് കുഴച്ച് ഉരുളകളാക്കുക. ഉരുളകള്‍ ഓരോന്നായി വാഴയിലയില്‍ വെച്ച് പരത്തി ഉള്ളില്‍ ചീരയും സവാളയും വേവിച്ചത് വെച്ച് അരികുകള്‍ മടക്കി കാഞ്ഞ ചട്ടിയിലിട്ട് മറിച്ചിട്ട് വേവിച്ചുപയോഗിക്കാം.

ഉള്ളിയട
പച്ചരി: 3 ഗ്ലാസ്, സവാള: 10, പച്ചമുളക്: 2, ജീരകം: 1 ടീസ്പൂണ്‍, ഇഞ്ചി: 1 ചെറിയ കഷ്ണം, ഉപ്പ്: പാകത്തിന്
അരി കുതിര്‍ത്ത് ഇടിച്ച് പൊടിയാക്കി തരിച്ചെടുത്ത് ചെറുതായി വറുക്കുക. ഇഞ്ചിയും പച്ചമുളകും സവാളയും ചെറുതാക്കിയ രിയുക. പാകത്തിന് ഉപ്പുകലക്കിയ ചെറുചൂടുവെള്ളത്തില്‍ അരിപ്പൊടി കുഴച്ച് ഇഞ്ചി, പച്ചമുളക്, സവാള എന്നിവയരിഞ്ഞതും ജീരകവും കൂട്ടിച്ചേര്‍ത്ത് ഉരുളകളാക്കിയെടുക്കുക. അല്‍പനേരം കഴിഞ്ഞ് ഇവയോരോന്നും വാഴയിലയില്‍ വെച്ച് പരത്തിയെടുത്ത് ദോശക്കല്ലിലിട്ട് ചുട്ടെടുത്ത് ഉപയോഗിക്കാം.

ഓട്ടട
പച്ചരി: 2 ഗ്ലാസ്, തേങ്ങ: 1, ജീരകം: 2 ടീസ്പൂണ്‍, ഉപ്പ്: പാകത്തിന്
പച്ചരി വെള്ളത്തിലിട്ട് കുതിര്‍ത്തെടുത്ത് തേങ്ങ ചിരകി ജീരകവും പാകത്തിന് ഉപ്പും ചേര്‍ത്ത് നന്നായരച്ചെടുക്കുക. അരച്ച മാവില്‍ തിളച്ചവെള്ളം ചേര്‍ത്ത് പാകപ്പെടുത്തി പത്തിരിച്ചട്ടിയിലൊഴിച്ച് അടച്ചുവെച്ച് ചുട്ടെടുത്ത് ഉപയോഗിക്കാം.

സുഖിയന്‍
ചെറുപയര്‍: 1/2 കപ്പ്, തേങ്ങ: 1, ഏലക്കായ: 10, അരിപ്പൊടി: 1 കപ്പ്, ഉപ്പ്: പാകത്തിന്
തേങ്ങ ചിരകിവയ്ക്കുക. ഏലക്കായ പൊ ടിക്കുക. ചീനച്ചട്ടി അടുപ്പത്തുവെച്ച് കായുമ്പോള്‍ ചെറുപയര്‍ ഇട്ട് മണം വരുന്നതുവരെ മൂപ്പിക്കുക. ഒരു പാത്രത്തില്‍ പയര്‍ വേവാന്‍പാകത്തിന് വെള്ളം അടുപ്പത്തുവെച്ച് തിളക്കുമ്പോള്‍ ചെറുപയറിട്ട് കുഴഞ്ഞുപോവാതെ വേവിക്കുക. നാളികേരം ചിരകിയതും ഏലക്കായ പൊടിച്ചതും വെന്തപയറില്‍ ഇട്ട് പാകത്തിന് ഉപ്പും ചേര്‍ത്ത് ഉരുട്ടി ചെറിയ ഉരുളകളാക്കുക. അരിപ്പൊടി വല്ലാതെ വെള്ളം ചേര്‍ക്കാതെ മാവാക്കി അതില്‍ ചെറുപയര്‍ ഉരുളകള്‍ മുക്കിയെടുത്ത് ഇഡ്ഡലിത്തട്ടില്‍വെച്ച് ആവിയില്‍ വേവിച്ചെടുക്കാം.

അരിയട
അരിപ്പൊടി: 3 കപ്പ്, തേങ്ങ: 1, ഏലക്കായ: 5, ഉപ്പ്: പാകത്തിന്
പാകത്തിന് ഉപ്പ് ചേര്‍ത്ത് തിളപ്പിച്ച വെള്ളത്തില്‍ അരിപ്പൊടി നന്നായി കുഴയ്ക്കുക. തേങ്ങ ചിരകി ഏലക്കായയും പൊടിച്ച് കൂട്ടിച്ചേര്‍ത്ത് വയ്ക്കുക. കുഴച്ച പൊടി ഇലയില്‍ നേര്‍മ്മയായി പരത്തി നാളികേരമിട്ട് മടക്കി ഇഡ്ഡലിത്തട്ടില്‍വെച്ച് പുഴുങ്ങിയെടുത്തോ ചട്ടിയില്‍ ചുട്ടെടുത്തോ ഉപയോഗിക്കാം.

ഏത്തപ്പഴം ഹലുവ
പഴുത്ത ഏത്തപ്പഴം: 500 ഗ്രാം, ശര്‍ക്കര: 500 ഗ്രാം, ഉണക്കമുന്തിരി, അണ്ടിപ്പരിപ്പ്, ബദാം പരിപ്പ്: 10 ഗ്രാം വീതം, ഏലയ്ക്ക: 5 എണ്ണം
ഏത്തപ്പഴം പുഴുങ്ങി നാര് കളഞ്ഞ് ഉടയ് ക്കുക. ശര്‍ക്കര ഉരുക്കി അരിച്ച് വീണ്ടും അടുപ്പത്ത് വച്ച് നന്നായി തിളക്കുമ്പോള്‍ ഉടച്ചെടുത്ത പഴം ചേര്‍ക്കാം. ഇത് കുറുകിയാല്‍ അടുപ്പത്തു നിന്ന് ഇറക്കിവയ്ക്കുംമുമ്പ് അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും ബദാംപരിപ്പും ചേര്‍ത്തിളക്കി ഏലയ്ക്കയും പൊടിച്ചിട്ട് ഇറക്കിവെച്ച് ഉപയോഗിക്കാം.

ഇലയപ്പം
അരിപ്പൊടി: 2 കപ്പ്, വെള്ളം: 2 കപ്പ്, തേങ്ങ: 1, ഉപ്പ്: പാകത്തിന്
വെള്ളം ഉപ്പ് ചേര്‍ത്ത് അടുപ്പത്തുവെച്ച് തിളയ്ക്കുമ്പോള്‍ അരിപ്പൊടിയിട്ട് കട്ടപിടിക്കാതെ വാട്ടി നല്ല മയത്തില്‍ കുഴച്ചെടുക്കുക. തേങ്ങ ചിരകിവയ്ക്കുക. കുഴച്ച പൊടി ചെറിയ ഉരുളകളാക്കി വാഴയിലയില്‍ പരത്തി നടുക്ക് തേങ്ങ ചിരകിയതും വെച്ചുമടക്കി ആവിയില്‍ വേവിക്കുകയോ ചട്ടിയില്‍ ഓരോന്നായി ഇട്ട് ചുട്ടെടുക്കുകയോ ചെയ്യാം.

കുമ്പിള്‍ അപ്പം
അരിപ്പൊടി: 2 കപ്പ്, തേങ്ങ: 1, ഏലയ്ക്ക: 5, ഉപ്പ്: പാകത്തിന്
തേങ്ങ ചിരവിയെടുത്ത് അരിപ്പൊടിയിലിട്ട് പാകത്തിന് വെള്ളവും ഉപ്പും ചേര്‍ത്ത് നനച്ച് ഒപ്പം ഏലയ്ക്കയും പൊടിച്ചിട്ട് നല്ലപോലെ കലര്‍ത്തിയെടുക്കുക. വാഴയില ത്രികോണാകൃതിയില്‍ മുറിച്ചെടുത്ത് കുമ്പിളാകൃതിയില്‍ മടക്കി ഈ കൂട്ട് കുറേശ്ശെ ഓരോന്നിലും വെച്ച് ഈര്‍ക്കിള്‍കൊണ്ട് കുത്തി ആവിയില്‍ പുഴുങ്ങിയെടുത്ത് ഉപയോഗിക്കാം.


ഡോ. പി.എ. രാധാകൃഷ്ണന്‍ -
http://www.mathrubhumi.com

1 comment:

  1. കൊളസ്ട്രോള്‍ കൂടുതലുള്ളവര്‍ക്ക് പിന്തുടരാന്‍ പറ്റിയ പാചകവിധികള്‍...

    ReplyDelete