Thursday, August 18, 2011

"ജീവജാലങ്ങളെന്നുമെന്‍ ജന്മബന്ധുവായീടണേ.... "


ഒരു സുഹൃത്ത് ഈയിടെ അദ്ധേഹത്തിന്റെ ഒരു അനുഭവം ഒരു ഫോണ്‍ സന്ദേശത്തിലൂടെ പറഞ്ഞു. ഒരു കുട്ടിയുടെ ചോറൂണ്‍ ചടങ്ങിനു പോയ കാര്യം. ഭൂതലത്തിലേക്കു പുതുതായി വന്നെത്തിയ ഒരു കുരുന്നു ഇനി കുറെ സംവത്സരങ്ങള്‍ ലോകവുമായി പൊരുത്തപ്പെട്ടു നന്മ വിതറി ജീവിക്കുവാന്‍ വേണ്ടിയുള്ള പ്രാര്‍ത്ഥനകളും ആശംസകളുമായി വന്നെത്തിയിരിക്കുന്ന അതിഥികള്‍.

ആ ശുഭകര്‍മം കഴിഞ്ഞു തന്റെ മുന്‍പാകെ എത്തിയ ലഘു ഭക്ഷണം കണ്ടപ്പോള്‍ അദ്ദേഹം അമ്പരന്നു. മാംസത്തുണ്ടുകള്‍ നിറഞ്ഞ ബിരിയാണി! രാവിലെ കുളി കഴിഞ്ഞു അമ്പലത്തില്‍ പോയി പ്രാര്‍ത്ഥിച്ചു ചന്ദനകുറിയുമണിഞ്ഞു പ്രസന്നമായ ചിന്തകളുമായി വന്ന അദ്ദേഹം കാലം ഇങ്ങനെ ഇത്ര പെട്ടന്ന് ഇത്രമാത്രം മാറിപോയതെങ്ങനെയെന്നു അതിശയിച്ചു. രണ്ടു കൊല്ലം മുന്‍പേ വരെ ഇങ്ങനെയൊരു സ്ഥിതി നേരിടേണ്ടി വരികയില്ലായിരുന്നു.

പുതിയ പ്രവണതകള്‍ സാക്ഷര കേരളത്തിലെ ജനങ്ങള്‍ അതിവേഗം ഉള്‍ക്കൊള്ളാന്‍ തുടങ്ങിയിരിക്കുന്നു. മാംസഭക്ഷണോല്സുകതയും, മനുഷ്യന് രോഗം മൂലം അനുഭവിക്കേണ്ടിവരുന്ന വേദനയെ പണമാക്കി പരിവര്‍ത്തനം ചെയുന്ന ആശുപത്രികളും, മക്കളുടെ മെഡിക്കല്‍ വിദ്യാഭ്യാസത്തിനായി എത്ര ലക്ഷം വേണമെങ്കിലും കൊടുക്കാന്‍ തയാറാകുന്ന മാതാപിതാക്കളുടെ എണ്ണവും വര്‍ധിച്ചു കൊണ്ടിരിക്കുന്ന സ്ഥിതി!

ആദ്യമായി ലഭിച്ച അന്നത്തിലൂടെ ഒരു പാവം മൃഗത്തിന്റെ കൊഴുപ്പും, മാംസവും കൂടി ആ ശിശുവിന്റെ ശരീരത്തിലേക്ക് എത്തിയിരിക്കുമോ? അടിയും തൊഴിയുമേറ്റ് മൈലുകള്‍ താണ്ടാന്‍ വിധിക്കപ്പെട്ട മൃഗങ്ങളുടെയും, ഹോര്‍മോണ്‍ കുത്തിവെച്ചു വീര്‍പ്പിച്ച കോഴികളുടെയും വേദന ഈ ഇറച്ചികഷ്ണങ്ങളില്‍ ത്രസ്സിക്കുന്നില്ലേ? അതൊന്നും തൊടാതെ, കുട്ടിക്ക് നന്മ നേര്‍ന്നു കൊണ്ട് അദ്ദേഹം വിട വാങ്ങി.

ഇന്ന് ലോകമൊട്ടാകെയുള്ള പ്രമുഖ ഭിഷഗ്വരന്മാര്‍ മാംസഭക്ഷണപ്രവണതയില്‍ നിയന്ത്രണം വരുത്തെണ്ടതിന്റെ ആവശ്യകതെയെ കാര്യകാരണ സഹിതം ഉപദേശിക്കുന്നു. സഹജീവികളോടുള്ള കാരുണ്യം എന്ന മനുഷ്യത്വപരമായ കാര്യം ഒഴിച്ച് നിര്‍ത്തിയാല്‍ പോലും, സ്വന്തം ശരീരത്തോടുള്ള ദയാദാക്ഷിണ്യം എന്ന നിലയിലെങ്ങിലും ഈ പ്രവണതയില്‍ ഒരു നിയന്ധ്രണം വരുതെണ്ടിയിരിക്കുന്നു. - ആശുപത്രികളില്‍ വര്‍ധിച്ചുവരുന്ന തിരക്കും, പണചിലവും, അനുഭവിക്കേണ്ടി വരുന്ന വ്യാധികളും, വേദനയും കുറക്കാനായെങ്ങിലും. മുന്‍പൊന്നും ഒരു വിവാഹത്തിന്റെ തലേന്നാള്‍ വൈകുന്നേരം വീടുകളില്‍ സദ്യ നടത്തുക പതിവില്ലായിരുന്നു. ഒരു സ്റ്റാറ്റസ് സിംബലായി ആ ദിവസം മാംസസദ്യയും (മദ്യസദ്യയും) ഇന്ന് വ്യാപിച്ചു വരികയാണ്. വിവാഹാവസരത്തില്‍ ഒരു പുതിയ ജീവിതം വധൂവരന്മാര്‍ തുടങ്ങാന്‍ പോവുകയാണ്. ആ മംഗള മുഹൂര്‍ത്തം അനേകം ജീവികളുടെ വേദനയില്‍ നിന്ന് ആരംഭിക്കരുത്. ഈ ഹൃദയശൂന്യത ഇന്ന് ശിശുവിന്റെ ചോറൂണിലേക്കും ചെന്നെത്തിയിരിക്കുന്നു.
മാംസഭക്ഷണം തികച്ചും ഒഴിവാക്കുക പലര്‍ക്കും പ്രയാസമായിരിക്കും. എന്നാല്‍ ഈ പ്രവണത ഇങ്ങനെ വര്ധിക്കുവാനിടയാക്കാതെ അതില്‍ ബോധപൂര്‍വം ഒരു നിയന്ധ്രണം വരുത്താന്‍ സാധ്യമാകണം. ഇതൊരു മനോവൈകല്യമായി മാറാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത് ആരോഗ്യത്തിനു ആവശ്യമാണ്‌. കേരളത്തിന്റെ പല ഭാഗങ്ങളിലും സസ്യാഹാരം ലഭിക്കുന്ന ഹോട്ടലുകള്‍ കണ്ടെത്താന്‍ വിഷമമായെന്നു വരും. എന്നാല്‍ തമിഴ്നാട്ടിലും കര്‍ണ്ണാടകയിലും മറ്റും സ്ഥിതി നേരെമറിച്ചാണ്.
പലവിധ വിപരീത പ്രവണതകളും ഇന്ന് വര്‍ധിച്ചുവരുന്നതിന്റെ കാരണമെന്താണ്? ഇന്നത്തെ വിദ്യാഭ്യാസ രീതിയുടെ വൈകല്യം തന്നെയായിരിക്കണം മൂലകാരണം. ഇക്കാര്യം പ്രസിദ്ധ സിനിമാനടനായ കമലഹാസന്റെ സഹോദരന്‍ ചാരുഹാസന്‍ തികച്ചും വ്യക്തമാക്കി, "ഇന്നത്തെ വിദ്യാഭ്യാസം പണമുണ്ടാക്കാനുള്ള വഴി മാത്രമാണ് പഠിപ്പിക്കുന്നത്‌, ജീവിതം പഠിപ്പിക്കുന്നില്ല.
ഇതിന്റെ ദുഷിച്ച സാമൂഹിക പ്രതിഫലനം ഇന്ന് പത്രപംക്തികളില്‍ നിറഞ്ഞു നില്‍ക്കുന്നു. കുടുംബബന്ധങ്ങളുടെ പവിത്രത പോലും പണത്തിനു വേണ്ടി ഇല്ലാതാക്കി മനുഷ്യന്‍ മൃഗത്തിന്റെ നിലവാരത്തിലും താഴേക്ക്‌ താഴുന്നു. പക്ഷികളും, മൃഗങ്ങളും മറ്റും പ്രകൃതി നല്‍കിയിട്ടുള്ള ചില മൂല്യാത്മക നിയമങ്ങളില്‍ നിന്ന് അണുവിട പോലും താഴാതെ അവ പാലിക്കുന്നു. ആ പരിധികളില്‍ നിന്നും മൂല്യാത്മകമായി അവ പലപ്പോഴും അല്‍പ്പമൊക്കെ ഉയരുന്നത് പോലും ജീവപ്രപഞ്ചത്തെ നിരീക്ഷിച്ചാല്‍ ദ്രിശ്യമാണ്‌. ശത്രുക്കളെന്നു കരുതപ്പെടുന്ന ജന്തുക്കള്‍ സുഹൃത്ത്ക്കളാകുന്നതും 'ക്രൂര'മൃഗങ്ങള്‍ മറ്റു മൃഗങ്ങളുടെ കുഞ്ഞുങ്ങളോട് അനുകമ്പ കാട്ടുന്നതും കാണാം. ഒരിക്കല്‍ തിരുവനന്തപുരത്ത് ശ്രീ പത്മനാഭസ്വാമിക്ഷേത്രത്തിലെ മുറജപത്തിനുള്ള പന്തലിടാനായി ഒരു തേക്കിന്‍ തടി എടുത്തു കുഴിയിലേക്ക് വെക്കാന്‍ ഒരു ആനയെ നിയോഗിച്ചു. തടി എടുത്ത്തെങ്ങിലും അത് അത് കുഴിയിലേക്ക് വെക്കാനുള്ള പാപ്പാന്റെ ആന്‍ജ നല്ല അനുസരണ ശീലമുള്ള ആന കൂട്ടാക്കിയില്ല. അപ്പോഴാണ്‌ കുഴിക്കുള്ളില്‍ ഒരു പൂച്ച അകപ്പെട്ടുപോയതായി കണ്ടെത്തിയത്. അതിനെ പുറത്തെടുത്ത ഉടന്‍തന്നെ തേക്കിന്‍ തടി ആന കുഴിയിലേക്ക് വെക്കുകയും ചെയ്തു.
വിദ്യാഭ്യാസമില്ലാത്ത മൃഗങ്ങളുടെയത്ര വിവേചനബുദ്ധി പോലും 'സാങ്കേതിക വിദ്യാഭ്യാസം' ലഭിക്കുന്ന പലര്‍ക്കും ഇന്ന് ഇല്ലാതായി പോകുന്നു. ഗ്രാമീണരില്‍ ഹൃദയാലുത്വവും മറ്റും ഇന്നും നിലനില്‍ക്കുന്നുവെങ്കിലും 'നാഗരികത' ക്രമേണ നാട്ടിന്‍ പുറങ്ങളിലേക്കും വ്യാപിച്ചു വരികയാണ്. ദൈന്യത നിറഞ്ഞ കണ്ണുകളുമായി നമ്മെ നോക്കിക്കൊണ്ട്‌ ലോറികളില്‍ കുത്തിനിറക്കപ്പെട്ടു നീങ്ങുന്ന, നിഷ്ട്ടൂരമായി വധിക്കപ്പെടുന്ന മൃഗങ്ങളുടെ വേദന ത്രസിക്കുന്ന മാംസം തീന്മേശയിലിരുന്നു ആസ്വദിക്കുന്നവരും അതിനെതിരായി പ്രിതികരിക്കാത്ത്ത സമൂഹവും എന്തെങ്ങിലും വിധത്തില്‍ ആ വേദന പ്രതികരണമായി ലഭിക്കുവാന്‍ ബാധ്യസ്ഥരല്ലെ?
ജീവകാരുണ്യപരമായ ഇത്തരം പരിഗണനകള്‍ക്ക് പുറമേ, മനുഷ്യന്റെ ശാരീരികഘടന സസ്യാഹാരത്തെ അടിസ്ഥാനമാക്കിയിട്ടുള്ളതാണെന്ന് ശാസ്ത്രഞ്ജന്മാര്‍ ചൂണ്ടിക്കാട്ടുന്നു. മനുഷ്യനോടു അടുത്ത കുരങ്ങുവര്‍ഗങ്ങള്‍ പ്രധാനമായും സസ്യഭോജികളാണ്. മാംസത്തോടുള്ള ഈ അത്യാസക്തി കേരളത്തില്‍ വര്‍ധിച്ചു വരുന്നതോടൊത്ത് ആശുപത്രികളിലേക്കുള്ള തിരക്കും വര്‍ധിക്കുമ്പോള്‍ അമേരിക്ക ഉള്‍പ്പടെയുള്ള പല പാശ്ചാത്യരാജ്യങ്ങളിലും സസ്യഹാരികളുടെ എണ്ണം വര്‍ധിച്ചു വരികയാണ്.
അമേരിക്കയില്‍ ഇത് സംബന്ധിച്ച് വിശദമായ പഠനങ്ങള്‍ നടത്തിയ പല ഡോക്ടര്‍മാരും ഇന്ന് സസ്യാഹാരത്തിന്റെ ശക്തരായ പ്രചാരകരാണ്‌. മനുഷ്യന്റെ ശാരീരിക സ്ഥിതിക്ക് അനിയോജ്യമായ ആഹാരം അതാണെന്നും അത് കൂടുതല്‍ തെളിമയോടെ ചിന്തിക്കുവാനും ഊര്ജസ്വലതയോടെ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടാനും കഴിവുള്ളവരാക്കിതീര്‍ക്കുന്നുവെന്നും അവര്‍ പറയുന്നു.


മുന്‍ അമേരിക്കന്‍ പ്രസിടെന്റായ ബില്‍ ക്ളിന്റെന്‍ ഇന്ന് താനൊരു സസ്യാഹാരിയാനെന്നു ഈയിടെ ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി. അതിന്റെ കാരണം അദ്ദേഹം ഇപ്രകാരം വിശദീകരിക്കുന്നു. "ഞാന്‍ ഈ പരീക്ഷണത്തില്‍ ഏര്‍പ്പടുകയാണ്. 1986 മുതല്‍ സസ്യാഹാരികളായിതീര്‍ന്ന നൂറുകണക്കിനാളുകള്‍ക്ക് അമിതകൊളസ്ട്രോളിന്റെ ഉപദ്രവത്തില്‍ നിന്നും വിമുക്തരാവാന്‍ സാധിച്ചിട്ടുണ്ടെന്നു എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞു. ശരീരം സ്വയം രോഗവിമുക്തമാകുന്നതിനുള്ള കഴിവ് ആര്ജിക്കുന്നതും രക്തധമനികളിലെ പ്രതിബന്ധങ്ങളും ഹൃദയത്തിലെ കാല്‍ഷ്യം അടിഞ്ഞുകൂടലും വിഘടിച്ചുപോകുന്നതും അവരുടെ അനുഭവമായിട്ടുണ്ട്. ഞാന്‍ അന്വേഷിച്ചിട്ടുള്ള 82 ശതമാനം പേരിലും ഇത് നടന്നിട്ടുണ്ട്. ഇവരിലൊരാളാവാന്‍ ഞാനും ശ്രമിക്കുകയാണ്." 2010 മെയ്‌ മാസം മുതലാണ്‌ ബില്‍ ക്ളിന്റെന്‍ ഹൃദയ സംബധമായ ഒരു പ്രശ്നത്തെതുടര്‍ന്ന് സസ്യാഹാരിയായത്. വല്ലപ്പോഴും മത്സ്യം ഉപയോഗിക്കുമെന്നതൊഴിച്ചാല്‍ അദ്ദേഹം തികഞ്ഞ സസ്യാഹാരിയാണിന്ന്.

സസ്യാഹാരത്തിലേക്ക് തികച്ചും മാറാന്‍ പലര്‍ക്കും പ്രയാസമായിരിക്കും. എന്നാല്‍ ഇക്കാര്യത്തില്‍ ഇന്ന് കാണുന്ന നിയന്ത്രണമില്ലാത്ത പോക്ക് അപകടകരമാണ്. വിവാഹത്തിന്റെ തലേ ദിവസം മാംസസദ്യകള്‍ നടത്തുകയില്ലെന്നു ഉറച്ച തീരുമാനമെടുക്കണം. ആരോഗ്യത്തിനു ഹാനികരമാംവിധം അങ്ങിനെ നാക്കിനൊരു മാംസരുചി നല്‍കി ആരെയും പ്രീതിപ്പെടുതേണ്ട ആവശ്യമില്ലല്ലോ. മനസ്സിന് ഒരു സാത്വിക പവിത്രത നല്‍കാനാണ് വിവാഹസദ്യകളില്‍ സസ്യാഹാരം നിര്‍ദേശിച്ചിരിക്കുന്നത്‌. ഓണം, വിഷു, ഗ്രിഹപ്രവേശം, ജന്മദിനം മറ്റു പുണ്യദിനങ്ങള്‍ എന്നീ അവസരങ്ങളിലെല്ലാം മാംസാഹാരം തികച്ചും ഒഴിവാക്കുന്നത് ക്രമേണ ഇതൊരു നിയന്ത്രണത്തില്‍ കൊണ്ട് വന്നു ആരോഗ്യം നിലനിര്‍ത്താന്‍ സഹായകമാകും.

-ഞാനഗീത- ആനന്ധാശ്രമം

No comments:

Post a Comment