Friday, February 3, 2023

സസ്യാഹാരം മാത്രം കഴിച്ചാൽ ജീവിക്കാൻ കഴിയുമോ ?

 നിലനില്പിനുവേണ്ടി മനുഷ്യർ ഉൾപ്പെടുന്ന എല്ലാജീവികൾക്കും ഭക്ഷിക്കാൻ കഴിയുന്ന എന്തിനെയും ആഹാരം എന്നു വിളിക്കാം.

ഓരോ സംസ്കാരങ്ങൾക്കും അവരുടേതായ ആഹാര രീതിയാണുള്ളത്. ഒരു പ്രദേശത്തെ ഭക്ഷ്യസാധനങ്ങളുടെ ലഭ്യതയും കാലാവസ്ഥയും ആ പ്രദേശത്തെ ജനങ്ങളുടെ ആഹാരരീതിയെ സ്വാധീനിക്കുന്നു.

ആഹാരതെ രണ്ടായി തരം തിരിയ്ക്കാം സസ്യാഹാരം, മാംസാഹാരം....

നമ്മളെല്ലാവരും ഭക്ഷണം കഴിക്കുന്നു. എന്നാല്‍ ഏതു തരം ഭക്ഷണമാണ്‌ നമ്മള്‍ കഴിക്കേണ്ടതെന്നു തീര്‍ച്ചയാക്കേണ്ടത്‌ ഭക്ഷണത്തെ കുറിച്ചുള്ള പുസ്തകങ്ങളില്‍ നിന്നുള്ള നമ്മുടെ ജ്ഞാനമല്ല, പലരും പറഞ്ഞുകേട്ടതപ്പാടെ വിശ്വസിക്കലല്ല, ജീവിതമൂല്യങ്ങളൊ, സദാചാര നിയമങ്ങളൊ നിശ്ചയമായും അല്ല. നമ്മള്‍ എന്തു കഴിക്കണം എന്നു തീരുമാനിക്കേണ്ടത്‌ നമ്മുടെ സ്വന്തം ശരീരം തന്നെയാണ്‌; ശരീരഘടനയും, ശരീരത്തിന്‍റെ ആവശ്യങ്ങളുമാണ്‌ അതു നിശ്ചയിക്കേണ്ടത്. ഭക്ഷണകാര്യത്തില്‍ ഒരു ഡോക്‌ടറുടേയോ, ആഹാരവിദഗ്‌ദ്ധന്റെയോ, അഭിപ്രായമോ ഉപദേശമോ ആരായേണ്ടതില്ല, കാരണം, അവരുടെ അഭിപ്രായങ്ങള്‍ അയ്യഞ്ചു കൊല്ലം കൂടുമ്പോള്‍ മാറി മാറി വരുന്നതായാണ്‌ കാണുന്നത്‌.

അവനവന്റെ ശരീരത്തിനോടു തന്നെ ചോദിക്കാം, ഏതു തരത്തിലുള്ള ഭക്ഷണമാണ്‌ അതിന്‌ ഏറ്റവും അധികം തൃപ്‌തി നല്‍കുന്നത്‌ എന്ന്‍. പല തരത്തിലുള്ള ഭക്ഷണം പരീക്ഷിച്ചു നോക്കൂ, എന്നിട്ട്‌ ശ്രദ്ധയോടെ നിരീക്ഷിക്കൂ, ഏതു തരം ഭക്ഷണം കഴിക്കുമ്പോഴാണ്‌, ശരീരത്തിന്‌ കൂടുതലായി സുഖവും സ്വാസ്ഥ്യവും തോന്നുന്നത്‌ എന്ന്‍. ഏതെങ്കിലുമൊരാഹാരം കഴിച്ചതിനു ശേഷം ശരീരത്തിന്‌ ഉണര്‍വ്വും, ഉന്മേഷവും, ആകപ്പാടെ ഒരു സുഖവും സന്തോഷവും തോന്നുന്നു എങ്കില്‍, അതുതന്നെയാണ്‌ നിങ്ങളുടെ ശരീരത്തിന്‌ പത്ഥ്യമായ ഭക്ഷണം. മറിച്ച്‌, ആഹാരത്തിനുശേഷവും മയക്കവും ആലസ്യവുമൊക്കെയാണ്‌ തോന്നുന്നത്‌, ഉറങ്ങിപ്പോകാതിരിക്കാന്‍ കാപ്പിയും സിഗററ്റുമൊന്നും കൂടാതെ വയ്യ എന്നാണ്‌ സ്ഥിതിയെങ്കില്‍, അതിനര്‍ത്ഥം നിങ്ങള്‍ കഴിച്ച ഭക്ഷണം കൊണ്ട്‌ ശരീരത്തിന്‌ വിശേഷിച്ച്‌ പ്രയോജനമൊന്നും ഉണ്ടായിട്ടില്ല എന്നല്ലേ? അങ്ങനെയാണെങ്കില്‍ ആ തരത്തിലുള്ള ആഹാരം തീര്‍ത്തും ഒഴിവാക്കുകയല്ലേ ബുദ്ധി?

സ്വന്തം ശരീരത്തിനു നേരെ കാതോര്‍ക്കൂ. അതു പറഞ്ഞു തരും ഏതു തരം ഭക്ഷണ പദാര്‍ത്ഥങ്ങളാണ്‌ അതിന്‌ പത്ഥ്യം എന്ന്‍. എന്നാല്‍ ഇപ്പോള്‍ നിങ്ങളുടെ ശ്രദ്ധ കൂടുതലായും പതിഞ്ഞിരിക്കുന്നത്‌ മനസ്സ്‌ പറയുന്നതിലാണ്‌. മനസ്സിനൊരു ദോഷമുണ്ട്‌, അതറിയാമൊ? അത്‌ പറയുന്നത്‌ പലപ്പോഴും കളവായിരിക്കും. ഇതിനു മുമ്പും അങ്ങനെ സംഭവിച്ചിട്ടുണ്ടല്ലോ. ഇന്നു പറയുന്നതല്ല നാളെ. ഇന്നലത്തെ ഇഷ്‌ടമല്ല മറ്റന്നാള്‍. അതിന്റെ മാറി മാറി വരുന്ന അഭിപ്രായ പ്രകടനങ്ങള്‍ നമ്മളെ പലപ്പോഴും വെറും വിഡ്‌ഢിവേഷം കെട്ടിക്കും. അതു കൊണ്ട്‌, മനസ്സു പറയുന്നത്‌ അത്ര കണ്ടു ശ്രദ്ധിക്കേണ്ട. പ്രത്യേകിച്ചും ഭക്ഷണ കാര്യത്തില്‍, ശരീരം പറയുന്നത്‌ തന്നെയാണ്‌ കേള്‍ക്കേണ്ടത്‌.

മനുഷ്യനൊഴിച്ച്‌ മറ്റു സകല ജീവജാലങ്ങള്‍ക്കുമറിയാം എന്തെല്ലാമാണ്‌ അവ കഴിക്കേണ്ടത്‌, എന്തെല്ലാമാണ്‌ ഒഴിവാക്കേണ്ടത്‌ എന്ന്‍. ഭൂമുഖത്ത്‌ ഏറ്റവുമധികം ബുദ്ധിയുള്ളത്‌ മനുഷ്യനാണ്‌ എന്നും പറയാറുണ്ട്‌. എത്ര അബദ്ധം! അവനവന്‍ എന്താണ്‌ കഴിക്കേണ്ടത്‌ എന്ന്‍ സ്വയം തീരുമാനിക്കാന്‍ പോലും അറിയാത്ത പമ്പരവിഡ്ഢികള്‍!

എങ്ങനെയായിരിക്കണം തന്റെ ജീവിതമെന്നുപോലും മനുഷ്യനു സ്വയം നിര്‍ണയിക്കാനാവുന്നില്ല. അതുകൊണ്ടു മനസ്സിന് ചെവി കൊടുക്കേണ്ട, സ്വന്തം ശരീരം പറയുന്നത്‌ ശ്രദ്ധയോടെ കേള്‍ക്കൂ. അതിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച്‌ ഭക്ഷണം ക്രമീകരിക്കൂ.

ശരീരത്തിനകത്തു ചെല്ലുന്ന ആഹാരം, ഗുണനിലവാരം വെച്ചു നോക്കുമ്പോള്‍ സസ്യാഹാരത്തിനു തന്നെയാണ്‌ മുന്‍തൂക്കം. നമ്മുടെ ശരീരഘടനയ്ക്കും കൂടുതല്‍ യോജിച്ചത്‌ അതാണ്‌. മാംസാഹാരം കഴിക്കുന്നത്‌ അധര്‍മ്മമാണ്‌ എന്നല്ല പറഞ്ഞു വരുന്നത്‌. നമ്മുടെ ശരീരസ്വഭാവത്തിന്‌ ഏതു തരം ആഹാരമാണ്‌ അനുകൂലം എന്നതാണ്‌ ഇവിടെ വിഷയം. ശരീരത്തിനകത്തു ചെന്നു കഴിഞ്ഞാല്‍, യാതൊരുവിധത്തിലും ഉള്ള പ്രയാസവും അനുഭവപ്പെടാത്ത തരത്തിലുള്ള ആഹാരമാണ്‌ നമ്മള്‍ കഴിക്കേണ്ടത്‌. നിങ്ങളൊരു ബിസിനസ്സുകാരനാകാം, വിദ്യാര്‍ത്ഥിയാകാം, തൊഴിലാളിയാകാം. അവനവന്റെ ജോലികള്‍ സുഖമായും സുഗമമായും നിര്‍വ്വഹിക്കാനുള്ള ഊര്‍ജ്ജവും ഉന്മേഷവും നിശ്ചയമായും ശരീരത്തിനുണ്ടായിരിക്കണം. അതുകൊണ്ട്, ഭക്ഷണശേഷം ശരീരത്തിന്‌ അസ്വസ്ഥത തോന്നാത്തതും, അതേ സമയം വേണ്ടത്ര പ്രവര്‍ത്തന ശേഷി നല്‍കുന്നതുമായ ഭക്ഷണമായിരിക്കണം നമ്മള്‍ തെരഞ്ഞെടുക്കേണ്ടത്‌.

പച്ചക്കറികള്‍ പച്ചയായി കഴിക്കുന്നത്‌ ആരോഗ്യത്തിന്‌ വളരെ നല്ലതാണ്‌. ഒന്നു പരീക്ഷിച്ചു നോക്കു – പച്ചക്കറികള്‍ പാകം ചെയ്യാതെ, പച്ചയോടെ തന്നെ കഴിച്ചു നോക്കൂ. അത്‌ ശരീരത്തിന്‌ പുതിയൊരു ഉണര്‍വ്വും ഉന്മേഷവും പ്രദാനം ചെയ്യുന്നതായി അനുഭവപ്പെടും. 
NB :- ജൈവ വളങ്ങള്‍, ജൈവ കീടനാശിനി, ഇവ ഉപയോഗിച്ച് കൃഷി ചെയ്യുന്നു പച്ചക്കറികള്‍.

കഴിയുന്നതും ആ തരം പദാര്‍ത്ഥങ്ങള്‍ അഹാരത്തില്‍ ഉള്‍പ്പെടുത്താന്‍ നിത്യവും ഓര്‍മവെയ്ക്കണം. ജീവകോശങ്ങള്‍ പോഷിപ്പിക്കാന്‍ അവയ്ക്ക്‌ പ്രത്യേകമായൊരു കഴിവുണ്ട്‌. പാകം ചെയ്യാത്ത പച്ചക്കറികള്‍ പതിവായി കഴിക്കുന്നവരുടെ ദേഹത്തിന്‌ വിശേഷിച്ചൊരു ഓജസ്സ്‌ പ്രകടമായി കാണാന്‍ സാധിക്കും. അവ പാകം ചെയ്യുമ്പോള്‍ നമ്മള്‍ വാസ്‌തവത്തില്‍ ചെയ്യുന്നത്‌ അവയുടെ ജീവനെ നശിപ്പിക്കുകയാണ്‌. പച്ചക്കറികളിലെ ജീവനെ നശിപ്പിച്ചതിനു ശേഷം അത്‌ തിന്നുന്നതുകൊണ്ട്‌ കാര്യമായ പ്രയോജനമൊന്നും ഉണ്ടാവില്ലെന്ന്‍ ആലോചിച്ചാല്‍ മനസ്സിലാകുമല്ലോ. മുളപ്പിച്ച ധാന്യങ്ങളും, പഴങ്ങളും, വേവിക്കാതെ കഴിക്കാന്‍ പറ്റുന്ന പച്ചക്കറികളും ആഹാരത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തുക. നിത്യാഹാരത്തില്‍ മുപ്പതു നാല്‍പതു ശതമാനമെങ്കിലും ഇങ്ങനെയുള്ള പദാര്‍ത്ഥങ്ങളുണ്ടായിരിക്കണം. അങ്ങനെ ചെയ്യുകയാണെങ്കില്‍, നിങ്ങളുടെ ശരീരം വളരെ വളരെ ഊര്‍ജ്വസലമാകും.

ഒരു കാര്യം ഓര്‍മ്മ വേണം, ഭക്ഷണമാണ്‌ ജീവനെ നിലനിര്‍ത്തുന്നത്‌. നമ്മള്‍ കഴിക്കുന്ന ഓരോ ഭക്ഷണത്തിനും അതിന്റേതായ ജീവനുണ്ട്‌. നമ്മുടെ ജീവന്‍ പരിപോഷിപ്പിക്കാന്‍ വേണ്ടി, ആ ജീവന്‍ അവ ത്യജിക്കുകയാണ്‌. ആ ഒരു നന്ദിയോടും കടപ്പാടോടും കൂടി വേണം നമ്മള്‍ ഓരോ നുറുങ്ങ് ഭക്ഷണവും വായിലേക്കിടാന്‍. ആ സ്‌മരണ നമ്മുടെ മനസ്സിലുണ്ടെങ്കില്‍, നമ്മള്‍ കഴിക്കുന്ന ഭക്ഷണം തീര്‍ച്ചയായും നമുക്കൊരനുഗ്രഹമായിത്തീരും.

സസ്യാഹാരം കഴിക്കുന്നതിനേക്കാള്‍ നല്ലത് മാംസാഹാരമാണെന്നും, മനുഷ്യര്‍ മാംസഭുക്കുകളാണെന്നുമെല്ലാം ഒരു ധാരണ നമ്മളില്‍ പലര്‍ക്കുമുണ്ട്. അതിനാല്‍ത്തന്നെ നാം ഭക്ഷണത്തില്‍ കൂടുതലായും മാംസമുള്‍പ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുന്നു. എന്നാല്‍ സസ്യാഹാരം കഴിക്കുന്നതിനെപ്പറ്റി പലര്‍ക്കുമുള്ള ഒട്ടുമിക്ക ധാരണകളും തെറ്റാണ്.

1. സസ്യാഹാരം മാത്രം കഴിക്കുന്നവര്‍ക്ക് ആവശ്യത്തിന് പോഷണം ലഭിക്കുന്നില്ല...?

പലരും, എന്തിന് ന്യൂട്രീഷ്യനിസ്റ്റുകള്‍വരെ ഇത് ശരിയാണെന്നായിരുന്നു ധരിച്ചിരുന്നത്. എന്നാല്‍ ഇത് തീര്‍ത്തും തെറ്റാണെന്നു മാത്രമല്ല, പച്ചക്കറി മാത്രം ഭക്ഷിക്കുന്നവര്‍ക്ക് ധാരാളമായി പോഷണം ലഭിക്കുന്നുമുണ്ട്. പഴങ്ങള്‍, പച്ചക്കറികള്‍,ധാന്യങ്ങള്‍,പഴവര്‍ഗ്ഗങ്ങള്‍ എന്നിവ പോഷകസമൃദ്ധമാണ്. മോഡേണ്‍ ഡയറ്റില്‍ നിന്നും ലഭിക്കുന്ന അമിതമായ പോഷകങ്ങള്‍ മാത്രമാണ സസ്യാഹാരം കഴിക്കുന്നവര്‍ക്ക് ലഭിക്കാതിരിക്കുന്നത്.

2. സസ്യാഹാരികള്‍ക്ക് വേണ്ടത്ര കാല്‍ഷ്യം ലഭിക്കുന്നില്ല....?

പാല്‍, മത്സ്യം കഴിക്കാത്ത സസ്യാഹാരികളെയാണ് കാല്‍ഷ്യം ലഭിക്കാത്തവരായി പൊതുവെ കണക്കാക്കിയിരുന്നത്. ഇതിനുകാരണം മത്സ്യം, പാല്‍, വെണ്ണ എന്നിവയില്‍ നിന്നുമാത്രമാണ് കാല്‍ഷ്യം ലഭിക്കുന്നത് എന്ന ചിന്തയായിരുന്നു. എന്നാല്‍ പാലിനേക്കാള്‍ കാല്‍ഷ്യം അടങ്ങിയിരിക്കുന്ന പച്ചക്കറികളുണ്ടെന്നാണ് ഇപ്പോള്‍ ലോകം തിരിച്ചറിഞ്ഞിരിക്കുന്നത്.

ഇലക്കറികളിലാണ് കാല്‍ഷ്യം കൂടുതലായി അടങ്ങിയിരിക്കുന്നത്. മാത്രമല്ല കാല്‍ഷ്യത്തിന്റെ കുറവുമൂലമുണ്ടാകുന്ന ‘ഓസ്റ്റിയോപോറോസിസ്’ അഥവാ എല്ലുകളുടെ ബലക്ഷയം സസ്യാഹാരം മാത്രം കഴിക്കുന്നവരെ ബാധിക്കാനുള്ള സാധ്യതയും കുറവാണത്രെ. ഇവര്‍ കഴിക്കുന്ന ഇലക്കറികളും മറ്റും ദഹിക്കാന്‍ എളുപ്പമായതും, അവയില്‍ നിന്നും ധാരാളം കാല്‍ഷ്യം ശരീരം വലിച്ചെടുക്കുന്നതുമാണ് കാരണം.

3. സസ്യാഹാരം മാത്രമുള്ള ഡയറ്റ് സന്തുലിതമല്ല, അത് ആരോഗ്യത്തെ ഇല്ലാതാക്കുന്നു?

ഈ ധാരണയും തെറ്റാണ്. അന്നജം, പോഷകങ്ങള്‍, കൊഴുപ്പ് എന്നീ മാക്രോ ന്യൂട്രിയന്റ്‌സാണ് ഏതൊരു ഡയറ്റിന്റെയും അടിസ്ഥാനം. ഇവ മൂന്നും സസ്യാഹാരം മാത്രം കഴിക്കുന്നതിലൂടെയും ലഭിക്കും. മാത്രമല്ല മൈക്രോ ന്യൂട്രിയന്റ്‌സുകളും സസ്യാഹാരത്തിലൂടെ മാത്രം ലഭിക്കും. ഒരു മാംസാഹാരിക്ക് ഇറച്ചി, ഉരുളക്കിഴങ്ങ് എന്നിവയിലൂടെ ലഭിക്കുന്ന പോഷകത്തിനു തുല്യമാണ് സസ്യാഹാരിക്ക് പച്ചക്കറിയോടൊപ്പം പഴങ്ങള്‍ കഴിക്കുമ്പോള്‍ ലഭിക്കുന്നത്.

4. മുതിര്‍ന്നവര്‍ക്ക് സസ്യാഹാരത്തിലൂടെ പോഷണം ലഭിച്ചേക്കാം, എന്നാല്‍ കുഞ്ഞുങ്ങള്‍ക്ക് ശരിയായ പോഷണം ലഭിക്കാന്‍ മാംസം ഭക്ഷിക്കണം?

ഈ ധാരണ ഉടലെടുക്കുന്നത് മാംസാഹാരത്തില്‍ നിന്നു ലഭിക്കുന്ന പോഷകങ്ങള്‍ സസ്യാഹാരത്തില്‍ നിന്നു ലഭിക്കുന്നതിനേക്കാള്‍ നല്ലതാണ് എന്ന ചിന്തയില്‍ നിന്നാണ്. എന്നാല്‍ പ്രോട്ടീന്‍ ഏതു ഭക്ഷണത്തില്‍നിന്നു ലഭിച്ചാലും ഒരുപോലെയാണ്; അവയില്‍ നല്ലതും ചീത്തയും ഇല്ല എന്നര്‍ത്ഥം.

എല്ലാം പ്രോട്ടീനുകളും അമിനോ ആസിഡുകളില്‍ നിന്നാണ് ഉണ്ടായി വരുന്നത്. കുട്ടികള്‍ക്ക് വളരാനാവശ്യമായ 10 അടിസ്ഥാന അമിനോ ആസിഡുകളും മാംസാഹാരത്തില്‍ നിന്നെന്നപോലെ സസ്യാഹാരത്തില്‍ നിന്നും ലഭിക്കും.

5. മനുഷ്യര്‍ സസ്യഭുക്കുകളല്ല, മാംസഭുക്കുകളാണ്

മനുഷ്യര്‍ക്ക് മാംസാഹാരം കഴിക്കാമെങ്കിലും നമ്മുടെ ആന്തരികാവയവങ്ങള്‍ സസ്യഭക്ഷണം കഴിക്കാനായാണ് രൂപപ്പെടുത്തിയിരിക്കുന്നത്. സസ്യഭുക്കുകളായ മൃഗങ്ങളുടെ അതേ ദഹനവ്യവസ്ഥയാണ് മനുഷ്യര്‍ക്കുമുള്ളത്, മാംസഭുക്കുകളുടേതു പോലെയല്ല.

മനുഷ്യരില്‍ കാണപ്പെടുന്ന കോമ്പല്ലുകളാണ് നാം മാംസഭുക്കുകളാണെന്നു സ്ഥാപിച്ചെടുക്കാനായി ചിലര്‍ ഉപയോഗിക്കുന്നത്. എന്നാല്‍ മറ്റു പല സസ്യഭുക്കുകള്‍ക്കും കോമ്പല്ലുകളുണ്ടെന്നതാണ് സത്യം. മാത്രമല്ല സസ്യഭുക്കുകളില്‍ മാത്രം കാണപ്പെടുന്ന അണപ്പല്ലുകള്‍ മനുഷ്യര്‍ക്കുണ്ട് താനും.

അവസാനമായി, മനുഷ്യരെ മാംസഭുക്കുകളായാണ് സൃഷ്ടിച്ചിരുന്നതെങ്കില്‍ ഹൃദ്രോഗങ്ങള്‍, കാന്‍സര്‍, പ്രമേഹം, ഓസ്റ്റിയോപോറോസിസ് എന്നീ അസുഖങ്ങള്‍ ബാധിക്കുകയേ ഇല്ലായിരുന്നു.

No comments:

Post a Comment