Sunday, July 31, 2016

സസ്യാഹാരികളെ സംബന്ധിച്ചുള്ള 5 തെറ്റിദ്ധാരണകള്‍


സസ്യാഹാരം മാത്രം കഴിക്കുന്നവര്‍ക്ക് ആവശ്യത്തിന് പോഷണം ലഭിക്കുന്നില്ല.

 പലരും, എന്തിന് ന്യൂട്രീഷ്യനിസ്റ്റുകള്‍വരെ ഇത് ശരിയാണെന്നായിരുന്നു ധരിച്ചിരുന്നത്. എന്നാല്‍ ഇത് തീര്‍ത്തും തെറ്റാണെന്നു മാത്രമല്ല, പച്ചക്കറി മാത്രം ഭക്ഷിക്കുന്നവര്‍ക്ക് ധാരാളമായി പോഷണം ലഭിക്കുന്നുമുണ്ട്. പഴങ്ങള്‍, പച്ചക്കറികള്‍,ധാന്യങ്ങള്‍,പഴവര്‍ഗ്ഗങ്ങള്‍ എന്നിവ പോഷകസമൃദ്ധമാണ്. മോഡേണ്‍ ഡയറ്റില്‍ നിന്നും ലഭിക്കുന്ന അമിതമായ പോഷകങ്ങള്‍ മാത്രമാണ സസ്യാഹാരം കഴിക്കുന്നവര്‍ക്ക് ലഭിക്കാതിരിക്കുന്നത്. 

സസ്യാഹാരികള്‍ക്ക് വേണ്ടത്ര കാല്‍ഷ്യം ലഭിക്കുന്നില്ല 

പാല്‍ കഴിക്കാത്ത സസ്യാഹാരികളെയാണ് കാല്‍ഷ്യം ലഭിക്കാത്തവരായി പൊതുവെ കണക്കാക്കിയിരുന്നത്. ഇതിനുകാരണം പാല്‍,വെണ്ണ എന്നിവയില്‍ നിന്നുമാത്രമാണ് കാല്‍ഷ്യം ലഭിക്കുന്നത് എന്ന ചിന്തയായിരുന്നു. എന്നാല്‍ പാലിനേക്കാള്‍ കാല്‍ഷ്യം അടങ്ങിയിരിക്കുന്ന പച്ചക്കറികളുണ്ടെന്നാണ് ഇപ്പോള്‍ ലോകം തിരിച്ചറിഞ്ഞിരിക്കുന്നത്. ഇലക്കറികളിലാണ് കാല്‍ഷ്യം കൂടുതലായി അടങ്ങിയിരിക്കുന്നത്. മാത്രമല്ല കാല്‍ഷ്യത്തിന്റെ കുറവുമൂലമുണ്ടാകുന്ന ‘ഓസ്റ്റിയോപോറോസിസ്’ അഥവാ എല്ലുകളുടെ ബലക്ഷയം സസ്യാഹാരം മാത്രം കഴിക്കുന്നവരെ ബാധിക്കാനുള്ള സാധ്യതയും കുറവാണത്രെ. ഇവര്‍ കഴിക്കുന്ന ഇലക്കറികളും മറ്റും ദഹിക്കാന്‍ എളുപ്പമായതും, അവയില്‍ നിന്നും ധാരാളം കാല്‍ഷ്യം ശരീരം വലിച്ചെടുക്കുന്നതുമാണ് കാരണം. 

സസ്യാഹാരം മാത്രമുള്ള ഡയറ്റ് സന്തുലിതമല്ല, 

അത് ആരോഗ്യത്തെ ഇല്ലാതാക്കുന്നു ഈ ധാരണയും തെറ്റാണ്. അന്നജം, പോഷകങ്ങള്‍, കൊഴുപ്പ് എന്നീ മാക്രോ ന്യൂട്രിയന്റ്‌സാണ് ഏതൊരു ഡയറ്റിന്റെയും അടിസ്ഥാനം. ഇവ മൂന്നും സസ്യാഹാരം മാത്രം കഴിക്കുന്നതിലൂടെയും ലഭിക്കും. മാത്രമല്ല മൈക്രോ ന്യൂട്രിയന്റ്‌സുകളും സസ്യാഹാരത്തിലൂടെ മാത്രം ലഭിക്കും. ഒരു മാംസാഹാരിക്ക് ഇറച്ചി, ഉരുളക്കിഴങ്ങ് എന്നിവയിലൂടെ ലഭിക്കുന്ന പോഷകത്തിനു തുല്യമാണ് സസ്യാഹാരിക്ക് പച്ചക്കറിയോടൊപ്പം പഴങ്ങള്‍ കഴിക്കുമ്പോള്‍ ലഭിക്കുന്നത്. 

മുതിര്‍ന്നവര്‍ക്ക് സസ്യാഹാരത്തിലൂടെ പോഷണം ലഭിച്ചേക്കാം, എന്നാല്‍ കുഞ്ഞുങ്ങള്‍ക്ക് ശരിയായ പോഷണം ലഭിക്കാന്‍ മാംസം ഭക്ഷിക്കണം.

ഈ ധാരണ ഉടലെടുക്കുന്നത് മാംസാഹാരത്തില്‍ നിന്നു ലഭിക്കുന്ന പോഷകങ്ങള്‍ സസ്യാഹാരത്തില്‍ നിന്നു ലഭിക്കുന്നതിനേക്കാള്‍ നല്ലതാണ് എന്ന ചിന്തയില്‍ നിന്നാണ്. എന്നാല്‍ പ്രോട്ടീന്‍ ഏതു ഭക്ഷണത്തില്‍നിന്നു ലഭിച്ചാലും ഒരുപോലെയാണ്; അവയില്‍ നല്ലതും ചീത്തയും ഇല്ല എന്നര്‍ത്ഥം. എല്ലാം പ്രോട്ടീനുകളും അമിനോ ആസിഡുകളില്‍ നിന്നാണ് ഉണ്ടായി വരുന്നത്. കുട്ടികള്‍ക്ക് വളരാനാവശ്യമായ 10 അടിസ്ഥാന അമിനോ ആസിഡുകളും മാംസാഹാരത്തില്‍ നിന്നെന്നപോലെ സസ്യാഹാരത്തില്‍ നിന്നും ലഭിക്കും. 

മനുഷ്യര്‍ സസ്യഭുക്കുകളല്ല, മാംസഭുക്കുകളാണ്. 

മനുഷ്യര്‍ക്ക് മാംസാഹാരം കഴിക്കാമെങ്കിലും നമ്മുടെ ആന്തരികാവയവങ്ങള്‍ സസ്യഭക്ഷണം കഴിക്കാനായാണ് രൂപപ്പെടുത്തിയിരിക്കുന്നത്. സസ്യഭുക്കുകളായ മൃഗങ്ങളുടെ അതേ ദഹനവ്യവസ്ഥയാണ് മനുഷ്യര്‍ക്കുമുള്ളത്, മാംസഭുക്കുകളുടേതു പോലെയല്ല. മനുഷ്യരില്‍ കാണപ്പെടുന്ന കോമ്പല്ലുകളാണ് നാം മാംസഭുക്കുകളാണെന്നു സ്ഥാപിച്ചെടുക്കാനായി ചിലര്‍ ഉപയോഗിക്കുന്നത്. എന്നാല്‍ മറ്റു പല സസ്യഭുക്കുകള്‍ക്കും കോമ്പല്ലുകളുണ്ടെന്നതാണ് സത്യം. മാത്രമല്ല സസ്യഭുക്കുകളില്‍ മാത്രം കാണപ്പെടുന്ന അണപ്പല്ലുകള്‍ മനുഷ്യര്‍ക്കുണ്ട് താനും. അവസാനമായി, മനുഷ്യരെ മാംസഭുക്കുകളായാണ് സൃഷ്ടിച്ചിരുന്നതെങ്കില്‍ ഹൃദ്രോഗങ്ങള്‍, കാന്‍സര്‍, പ്രമേഹം, ഓസ്റ്റിയോപോറോസിസ് എന്നീ അസുഖങ്ങള്‍ ബാധിക്കുകയേ ഇല്ലായിരുന്നു. 
- doolnews

No comments:

Post a Comment