Wednesday, February 3, 2016

ബീഫ് നിരോധനത്തെ കുറിച്ച്‌ ആലോചിച്ച്‌ ബ്രിട്ടനും

ലണ്ടന്‍: ബീഫ് നിരോധനം എന്ന ആവശ്യത്തിന്റെ പേരില്‍ ഇന്ത്യയിലും കേരളത്തിലും ഉയര്‍ന്ന വിവാദം മറക്കാന്‍ സമയമായിട്ടില്ല. മതവും രാഷ്ട്രീയവും ചേരി തിരിഞ്ഞു തര്‍ക്കങ്ങള്‍ ഉയര്‍ന്നപ്പോള്‍ സസ്യാഹാര പ്രോത്സാഹനം ലോക നന്മയ്ക്കു വേണ്ടിയുള്ളതാണെന്ന വശം പാടെ വിസ്മരിക്കപ്പെടുക ആയിരുന്നു. എന്നാല്‍ വേള്‍ഡ് വീക്ക് ഫോര്‍ അബോളിഷന്‍ ഓഫ് മീറ്റ് വാരാചരണത്തിന്റെ ഭാഗമായി മാംസ ഭക്ഷണം പൂര്‍ണ്ണമായും ഉപേക്ഷിക്കേണ്ടതിന്റെ ആവശ്യമാണ് ബ്രിട്ടണ്‍ ഉള്‍പ്പെടെയുള്ള വികസിത രാജ്യങ്ങള്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്.
ഈ ചര്‍ച്ചയില്‍ സ്വാഭാവികമായും ഇന്ത്യയില്‍ അടുത്തിടെ ഉയര്‍ന്ന വിവാദങ്ങളും കടന്നു വരുന്നുണ്ട്.
എന്നാല്‍ ലോക ജനതയുടെ ഭാവി സസ്യാഹാരത്തിലാണ് എന്ന വാദത്തിനു മുന്‍തൂക്കം നല്‍കിയാണ് വാരാചരണം സമാപിക്കുന്നത്. പടിഞ്ഞാറന്‍ നാടുകള്‍ക്ക് ഇങ്ങനെ ഒരു തീരുമാനം അത്ര എളുപ്പമല്ലെങ്കിലും അതുവഴി ലോക ജനതയുടെ നന്മയാണ് സംരക്ഷിക്കപ്പെടുന്നതെന്ന് ലോക പ്രശസ്ത മൃഗ സംരക്ഷണ ചാരിറ്റി സംഘടന പെറ്റ (ുലമേ) യുടെ ഡയറക്ടര്‍ മിമി ബെകേച്ചി ചൂണ്ടിക്കാട്ടുന്നു. ഇന്നലെ സമാപിച്ച വാരാചരണത്തിന്റെ ഭാഗമായി പ്രധാനമായും 5 നേട്ടങ്ങളാണ് സംഘടന ഉയര്‍ത്തുന്നത്.
1. വിശപ്പിന്റെ കാഠിന്യം കുറയും - ലോകത്ത് ഉത്പ്പാദിപ്പിക്കുന്ന സസ്യാഹാരത്തില്‍ നല്ല പങ്കും മനുഷ്യര്‍ അല്ല ഭക്ഷിക്കുന്നത്, മറിച്ചു മാംസത്തിനു വേണ്ടി വളര്‍ത്തുന്ന മൃഗങ്ങളാണ് അകത്താക്കുന്നതെന്നു പെറ്റ പറയുന്നു. ധാന്യങ്ങളും സോയാബീന്‍ ഉത്പ്പന്നങ്ങളും ഒക്കെ നല്ല പങ്കും കാലിത്തീറ്റയായും മറ്റു മൃഗ ഭക്ഷണ നിര്‍മ്മാണത്തിനായും വേണ്ടിയാണ് ഉപയോഗിക്കുന്നത്. ലോകത്ത് ഉത്പ്പാദിപ്പിക്കുന്ന സോയബീന്‍ ഉത്പ്പന്നത്തില്‍ 97% കാലിത്തീറ്റ ഉള്‍പ്പെടെയുള്ളവ നിര്‍മ്മിക്കാന്‍ വേണ്ടി പ്രയോജനപ്പെടുത്തുകയാണ്. ഇതുപയോഗിച്ച്‌ 40 മില്ല്യണ്‍ ടണ്‍ ഭക്ഷണം ഉണ്ടാക്കാം എന്നാണ് കണ്ടെത്തല്‍. അതായതു ലോക ജനതയുടെ ദാരിദ്ര്യം അകറ്റാന്‍ ആവശ്യമായ ഭക്ഷണം. ലോക ജനതയില്‍ 850 മില്ല്യന്‍ പേരെങ്കിലും ആവശ്യത്തിനു ഭക്ഷണം ഇല്ലാതെ വിഷമിക്കുമ്ബോള്‍ ബര്‍ഗറും മറ്റും ഉണ്ടാക്കാനായി ഈ ധാന്യങ്ങള്‍ നല്‍കി കാലികളെ സംരക്ഷിക്കുന്നത് അവസാനിപ്പിക്കണം എന്നാണ് പെറ്റയുടെ ഡിമാന്റ്. മത്രമല്ല തികച്ചും ഭക്ഷ്യ യോഗ്യമായ ധാന്യങ്ങള്‍ ആണ് കന്നുകാലികള്‍ക്ക് വേണ്ടി മാറ്റി വയ്ക്കുന്നതെന്നും ആഗോള സംഘടനകള്‍ കുറ്റപ്പെടുത്തുന്നു. ഏകദേശം അര കിലോ ബീഫ്, പോര്‍ക്ക് മാംസം ഉത്പ്പാദിപ്പിക്കാന്‍ 3 കിലോഗ്രാമോളം ധാന്യം അവയ്ക്ക് നല്‍കേണ്ടി വരുന്നു എന്നാണ് സംഘടന കണ്ടെത്തുന്ന കണക്ക്.
2 കൂടുതല്‍ സ്ഥലം മനുഷ്യവാസത്തിന് ഭക്ഷണത്തിനായി കന്നുകാലികളെ വളര്‍ത്തുന്നത് അവസാനിപ്പിച്ചാല്‍ ആ സ്ഥലം കൂടി മനുഷ്യര്‍ക്ക് പ്രയോജനപ്പെടുത്താം എന്ന വാദവും പെറ്റ ഉയര്‍ത്തുന്നു. ലോക വ്യാപകമായി മനുഷ്യ വാസത്തിനു സ്ഥലം തികയുന്നില്ല എന്ന പരാതി ഉയരുന്നതോടെ ഈ വാദത്തിനു പ്രസക്തി ഏറുകയാണ്. ലോകം എങ്ങും കന്നുകാലികള്‍ക്കും പോള്‍ട്രി ഫാമുകള്‍ക്കും ആയി ഏറെ സ്ഥലം ഇപ്പോള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. ഇതുഭാവിയില്‍ കൂടുതലാകുന്ന പ്രവണതയും ദൃശ്യമാണ്. ഇതോടൊപ്പം കാലികള്‍ക്കും മറ്റും മേയാനായും ധാരാളം സ്ഥലം കണ്ടെത്തേണ്ടി വരുന്നു. 10 ഏക്കര്‍ സ്ഥലത്തെ സോയാബീന്‍ കൃഷി വഴി 60 പേരുടെയും ഗോതമ്ബ് കൃഷിയിലൂടെ 24 പേരുടെയും മെയ്സ് കൃഷിയിലൂടെ 10 പേരുടെയും വിശപ്പകറ്റാം എന്ന് വെജ്ഫാം എന്ന സംഘടന ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഈ സ്ഥലം ഉപയോഗിച്ച്‌ വിരലില്‍ എണ്ണാവുന്ന മൃഗങ്ങളെയേ വളര്‍ത്താന്‍ കഴിയൂ. ലോകത്ത് ഒട്ടാകെ ആയി 2. 7 ബില്ല്യന്‍ ഹെക്ടര്‍ സ്ഥലം കന്നുകാലികള്‍ക്ക് മേയാന്‍ വിട്ടു നല്‍കിയിരിക്കുകയാണെന്ന് ഡച്ച്‌ ശാസ്ത്രജ്ഞര്‍ പറയുന്നു. ഇതോടൊപ്പം 100 മില്ല്യന്‍ ഹെക്ടര്‍ സ്ഥലം കന്നുകാലികള്‍ക്കുള്ള ഭക്ഷണം ഉണ്ടാക്കാന്‍ വേണ്ടിയും കൃഷി ചെയ്യുന്നു. ഈ സ്ഥലം മുഴുവന്‍ മനുഷ്യര്‍ക്ക് വേണ്ടി കൃഷി ചെയ്യാന്‍ പ്രയോജനപ്പെടുത്തണം എന്നാണ് സസ്യാഹാര പ്രേമികളുടെ ആവശ്യം. 2030 ല്‍ ബ്രിട്ടീഷ് ജനസംഖ്യ 70 മില്ല്യന്‍ പിന്നിടുമ്ബോള്‍ സ്ഥല ദൗര്‍ലഭ്യം വന്‍ കുരുക്കായി മാറും എന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
3 കോടിക്കണക്കിനു മൃഗങ്ങള്‍ക്ക് മോചനം-  ലോകം എങ്ങും കോടിക്കണക്കിനു മൃഗങ്ങളെ വേദനയുടെ ലോകത്ത് നിന്നും മോചിപ്പിക്കാം. കൂടെ അന്തമില്ലാത്ത ക്രൂരതയില്‍ നിന്നും. ശരിയായ അളവില്‍ ഭക്ഷണമോ വെള്ളമോ സൂര്യപ്രകാശം പോലും കാണിക്കാതെ അറവു ശാലകളില്‍ എത്തുകയാണ് ഇവയില്‍ ഭൂരിഭാഗവും. ഇവയെ ഈ കൊടും ക്രൂരതയില്‍ നിന്ന് രക്ഷിക്കാന്‍ മാംസാഹാര വര്‍ജ്ജനം അല്ലാതെ മറ്റു വഴിയില്ലെന്ന് ആഗോള സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.
4 പുതിയ രോഗങ്ങള്‍- മരുന്നു പോലും ഫലപ്രദമല്ല ലോകമെങ്ങും പൊട്ടി പുറപ്പെടുന്ന കേട്ടു കേള്‍വി ഇല്ലാത്ത രോഗങ്ങള്‍ പലതും മാംസാഹാരം വഴിയാണ് പടരുന്നത്. ഇവയില്‍ പലതും മ്യൂടെഷന്‍ സംഭവിച്ച വൈറസുകളും ബാക്ടീരിയകളും ആയതിനാല്‍ ഫലപ്രദമായ ആന്റി ബയോട്ടിക് പോലും ലഭ്യമല്ല. മരുന്നുകളെ ചെറുക്കന്‍ ഉള്ള ശക്തി ആര്‍ജ്ജിച്ചാണ് ഇത്തരം രോഗാണുക്കള്‍ പടരുന്നത്. പന്നികള്‍ക്കും കോഴികള്‍ക്കും നല്‍കുന്ന ആഹാരങ്ങളില്‍ പോലും കൃത്രിമമായ സ്റ്റീരിയോയിഡുകള്‍ ഉള്ളതിനാല്‍ ഇവ സ്ഥിര ഉപയോഗത്തിലൂടെ മനുഷ്യര്‍ക്ക് ഹാനികരം ആയി മാറുകയാണ്. മൃഗങ്ങളില്‍ കൂടിയ അളവില്‍ ആന്റി ബയോട്ടിക്കുകള്‍ പ്രയോഗിക്കുന്നതിലൂടെ മനുഷ്യര്‍ കൂടുതല്‍ സുരക്ഷിതര്‍ അല്ലതായി മാറുകയാണ് എന്ന് യുഎസ് സെന്റേര്‍സ് ഫോര്‍ ഡിസീസസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രീവെന്‍ഷന്‍ ഇയ്യിടെ സൂചന നല്‍കിയിരുന്നു.
5 എന്‍എച്ച്‌എസ് കൂടുതല്‍ ഫലപ്രദം ബ്രിട്ടീഷ് ആരോഗ്യ സംവിധാനം ഏറ്റവും അധികം ഭീക്ഷണി നേരിടുന്ന അമിത വണ്ണം മൂലം ഉള്ള പ്രശ്നം കൂടുതലും ഉണ്ടാകുന്നത് മാംസാഹാര പ്രിയരുടെ വര്‍ദ്ധന മൂലാമാണ്. അമിതവണ്ണം മൂലം എന്‍എച്ച്‌എസ് കടക്കെണിയില്‍ ആകുന്ന സാഹചര്യമാണ് നിലവില്‍ ഉള്ളതെന്ന മുന്നറിയിപ്പ് പലവട്ടം വന്നു കഴിഞ്ഞു. മാംസം, പാല്‍ ഉത്പ്പന്നങ്ങള്‍, മുട്ട എന്നിവ വഴി അമിതമായി ശരീരത്തില്‍ അടിഞ്ഞു കൂടുന്ന കൊളസ്ട്രോള്‍, കൊഴുപ്പ് എന്നിവയാണ് അമിത വണ്ണത്തില്‍ പ്രധാനമായും കാരണം ആകുന്നതെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഇതുവഴി ഹാര്‍ട്ട് അറ്റാക്ക്, വിവിധ തരം ക്യാന്‍സര്‍, സ്ട്രോക്ക്, പ്രമേഹം എന്നിവ അധികരിക്കുകയാണ്. യുകെയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ മരിക്കുന്ന നാല് പ്രധാന കാരണങ്ങള്‍ ഈ രോഗങ്ങള്‍ മൂലമാണ് താനും. അമിത വണ്ണം ഉള്ളവരുടെ കണക്കെടുത്താല്‍ അതില്‍ പത്തില്‍ ഒരാള്‍ മാത്രമേ സസ്യാഹാരം ശീലം ആക്കിയവര്‍ ഉണ്ടാകൂ എന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.
കെ ആര്‍ ഷൈജുമോന്‍, ലണ്ടന്‍ 
http://www.marunadanmalayali.com/

No comments:

Post a Comment